/ ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

Authentic Kerala Injikurry Recipe & Its 7 Amazing Health Benefits

Read in Malayalam: Click here to read this article in Malayalam Traditional Kerala Injikurry Recipe & Its Incredible Health Benefits. Injikurry (also known as Injippuli or Puliyinji) is a star attraction in Kerala's traditional cuisine. It is a lip-smacking dark brown curry that perfectly balances tangy, sweet, and spicy flavors. Let’s look at how to prepare this authentic dish and explore its amazing health benefits. Ingredients Needed Ginger: 1.5 cups (finely chopped) Tamarind: Gooseberry-sized ball (soaked in 1 cup of warm water to extract the juice) Coconut Oil: As required Shallots (Small Onions): 5–6 (finely chopped) Green Chillies: 2 (finely chopped) Curry Leaves: A handful Red Chilli Powder: 1 tsp Turmeric Powder: 0.5 tsp Fenugreek Seeds / Powder: A pinch Asafoetida (Kayam) Powder: A pinch Jaggery: 4 tbsp (grated) Salt: To taste Mustard Seeds: 1 tsp (for tempering) Boiled Water: 1 cup Step-by-step Preparation Method Fry the Ginger: Heat eno...

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ



https://www.vlcommunications.in/2026/04/blog-post.html
ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ

ഇക്കിഗായ്

ഭക്ഷണവും, വ്യായാമവും, കൊണ്ടു മാത്രം ജീവിതം ആരോഗ്യപൂർണ്ണമാകുമോ? ഇല്ല. അപ്പോൾപ്പിന്നെ മറ്റെന്താണ് വേണ്ടത്? മനസ്സ് ഉല്ലാസപ്രദമായിരിക്കണം. 

സാദ്ധ്യമാണോ? പ്രത്യേകിച്ച് ദിനം തോറും ഏറി വരുന്ന അനേകം ജീവിതപ്രശ്നങ്ങൾക്കും, ഉത്കണ്ഠകൾക്കും, സ്ട്രസ്സുകൾക്കുമിടയിൽ ?

ശരീരത്തിനും, മനസ്സിനും, ഊർജ്ജവും സന്തോഷവും പകരാൻ  അനേകം വഴികൾ പലരാൽ കേൾക്കുന്നുണ്ടെങ്കിലും ജപ്പാൻകാർ അവരുടെ  ജീവിതത്തിൻ്റെ മുഖമുദ്രയാക്കി മാറ്റിത്തീർത്ത ഇക്കിഗായ് ഫിലോസഫി,  തീർച്ചയായും എവിടേയും ആർക്കും  പരീക്ഷിക്കാവുന്നതാണ്.

എന്താണ് ഇക്കിഗായ് ?

അത് ഓരോ മനുഷ്യൻ്റേയും ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള ഉല്ലാസകരമായ ഒരു യാത്രയാണ്. അതല്ലങ്കിൽ താൻ എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നുവെന്നും, തൻ്റെ ജീവിത ലക്ഷ്യമെന്തെന്നുമുള്ള ഒരു തിരഞ്ഞെടുപ്പാണ്.

അത് ഒരു പക്ഷേ സംഗീതമാകാം, ചിത്രരചനയാകാം, പൂന്തോട്ടപരിപാലനമാകാം, കൃഷിയാകാം , പ്രകൃതിയെക്കുറിച്ചുള്ള പഠനമോ, അങ്ങിനെയെന്തുമാകാം. പക്ഷെ അതെന്താണെന്ന് കണ്ടെത്തുകയും, അതിലേക്കുള്ള യാത്രയാരംഭിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായിട്ടുള്ളത്.

ഇതിന് മുൻപ് ഇക്കിഗായ് എന്ന ഫിലോസഫിയെക്കുറിച്ചും, ജപ്പാനിലെ നൂറുവയസ്സിന് മുകളിൽ പ്രായമുള്ള മനുഷ്യർ  ഏറ്റവും കൂടുതൽ താമസിക്കുന്നതുമായ ഒക്കിനാവോ എന്ന ദ്വീപിനെക്കുറിച്ചുമെല്ലാം മറ്റൊരു ലേഖനത്തിൽ വിശദമായി പറഞ്ഞതിനാൽ അത് ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.

 ഇക്കിഗായ് എങ്ങിനെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാം?

ഇക്കിഗായ് കണ്ടെത്തുകയെന്നാൽ നാം നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിച്ച് ഒറ്റയടിക്ക് സമാധാനം തേടി യാത്രയാവുക എന്നതല്ല. മറിച്ച് തിരക്കുപിടിച്ച ഈ ജീവിതാവസ്ഥയിൽ വളരെ ബോധപൂർവ്വമായ ചെറിയ മാറ്റങ്ങളുണ്ടാക്കി ജീവിതം ഉല്ലാസഭരിതമാക്കി മുന്നേറുക എന്നതാണ്. 

സാധാരണ ജീവിതത്തിൽ എങ്ങിനെയാണത് നമുക്ക്  പ്രാവർത്തികമാക്കുവാൻ കഴിയുക?

അതിനായി നമ്മൾ നമ്മോടുതന്നെ സ്വയം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതായുണ്ട്.

അതിനാൽ നിങ്ങളുടെ ഇക്കിഗായ് എന്തെന്ന് പ്രധാനമായും ഒളിഞ്ഞിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഈ നാലു ചോദ്യങ്ങളിലാകും.

അതുകൊണ്ടു തന്നെ വളരെ ആലോചിച്ചും സ്വസ്ഥമായിരുന്നും , ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്താം .

1. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ്?  ( കൃഷി, പാചകം, എഴുത്ത്, സംഗീതം, യാത്ര ..... ) ഇങ്ങിനെ സ്വന്തം താത്പ്പര്യപ്രകാരം എന്തുമാകാം.

2.  മറ്റൊന്ന് എനിക്ക് ഏറ്റവും നന്നായി ചെയ്യുവാൻ കഴിയുന്ന കാര്യമെന്താണ് ?

3. ഈ സമൂഹത്തിനായ് നിങ്ങൾ എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടോ? അതല്ലങ്കിൽ സമൂഹം നിങ്ങളിൽ നിന്ന് എന്തെങ്കിലും ആവശ്യപ്പെടുന്നുണ്ടോ?

4. സ്വന്തം താത്പ്പര്യങ്ങൾക്കും, ഇഷ്ടങ്ങൾക്കും മാത്രമായി ചെയ്യുവാൻ തീരുമാനിക്കുന്ന കാര്യങ്ങളിൽ നിന്നും ഒരു വരുമാനം സാദ്ധ്യമാണോ?

ഒരു ഉദാഹരണത്തിന് നിങ്ങൾക്ക് ചിത്രകലയിൽ താത്പ്പര്യമുള്ള ഒരാളാണന്നിരിക്കട്ടെ. നിങ്ങൾ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലുകൾക്കു ശേഷം തുടർന്നുള്ള സമയങ്ങളിൽ ചിത്രരചനയിൽ പൂർണ്ണമായും മുഴുകി ആഹ്ളാദം കണ്ടെത്താവുന്നതോടൊപ്പം, അതിനെ ഗ്രാഫിക്ക് ഡിസൈനിംഗിൻ്റെ തലത്തിലേയ്ക്കുയർത്തിയാൽ അത് ഒരു പക്ഷേ, നമ്മുടെ മനസ്സിന് സന്തോഷം പകരുന്ന നിമിഷങ്ങൾക്കപ്പുറം ,മികച്ച ഒരു വരുമാനം കൂടി നേടിത്തരുന്ന ഒരു ശ്രോതസ്സായിക്കൂടി മാറിത്തീരും.

ഇങ്ങിനെ പലപ്പോഴും ജീവിതഗതികൾക്കിടയിൽ ഓരോ മനുഷ്യരും യഥാർഥത്തിൽ എന്തായിരുന്നുവോ ആയിത്തീരുവാൻ ആഗ്രഹിച്ചിരുന്നത് , അതിന് വിപരീതമായി പലപ്പോഴും എതിർ ദിശയിലൂടെയാകും ,  മനുഷ്യന് അവൻ്റെ ഉപജീവനം സാദ്ധ്യമാക്കാൻ ഇറങ്ങിത്തിരിക്കേണ്ടി വന്നിട്ടുണ്ടാവുക.

അതിനാൽത്തന്നെ ഇവിടെയാണ് നിങ്ങളുടെ ഇക്കിഗായുടെ പ്രസക്തി വർദ്ധിക്കുന്നത്. നിങ്ങൾ എന്തായിരുന്നുവോ ആഗ്രഹിച്ചിരുന്നത് അത് ആയിത്തീരുവാൻ അതിന് യോഗ്യമായ വഴിയിലൂടെ സഞ്ചരിക്കുകയും, ഒപ്പം മനസ്സിൽആഹ്ളാദം നിറയ്ക്കുകയും ചെയ്യുക. അത് തീർച്ചയായും നിങ്ങളെ മറ്റൊരു മനുഷ്യനാക്കിത്തീർക്കുകയും ജീവിതം ഉല്ലാസഭരിതമാവുകയും ചെയ്യുമെന്നതിൽ തർക്കമില്ല.

ചെറിയ മാറ്റങ്ങൾ

ഏതൊരു കാര്യത്തിലായാൽപ്പോലും,പലപ്പോഴും വളരെ പെട്ടെന്ന് വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടാറാണ് പതിവ്. 

എന്നാൽ നിത്യേന ചെറിയ, ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു നോക്കൂ . അത് ചിലപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു തന്നെ വഴിവെച്ചേക്കാം. 

അതിനായി നമുക്ക് ജീവിതത്തിൽ വളരെയേറെ സന്തോഷം നൽകുന്ന ഏതെങ്കിലുമൊരു കാര്യത്തിനായി ദിവസേന ഒരു അര മണിക്കൂർ മാറ്റി വെയ്ക്കാം.

എഴുന്നേറ്റയുടനെ മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷനുകൾ നോക്കുന്നതിന് പകരം, മുറ്റത്തിറങ്ങി ചെടികൾ നനയ്ക്കുകയോ, ശുദ്ധവായു ശ്വസിക്കുകയോ  ചെയ്യാം. മണ്ണിൽ തൊടുമ്പോഴും , പ്രകൃതിയുമായി സഹവസിക്കുമ്പോഴും കിട്ടുന്ന ഒരു ചെറിയ ശാന്തത തീർച്ചയായും ആ ദിവസം മുഴുവൻ നിലനിൽക്കുക തന്നെ ചെയ്യും.

സ്വന്തം മൊവായ് ( Moi ) നിർമ്മിക്കുക

ഡിജിറ്റൽ ലോകത്തെ  ഏകാന്തതയിൽ നിന്നും പുറത്തുകടക്കാൻ ജപ്പാൻകാർ ഉപയോഗിക്കുന്ന വഴിയാണ് ' മൊവായ് ' അഥവാ യഥാർഥ സുഹൃദ് വലയം. 

പുതിയ ലോകത്ത് പലപ്പോഴും  ചില സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനോ, അതല്ലെങ്കിൽ തങ്ങൾക്ക് താത്പ്പര്യമുള്ള ചില കാര്യങ്ങൾ വാട്സ്ആപ്പ് വഴിയെല്ലാം ഫോർവേർഡു ചെയ്യുവാനോ  മാത്രമായുള്ള  ചില ഉപാധികൾ മാത്രമാണ് ഇപ്പോഴുളള മിക്കവാറും സുഹൃദ് വലയങ്ങൾ. പലപ്പോഴും അതെല്ലാം രാവിലേയും, വൈകീട്ടുമുള്ള ഗുഡ് മോർണിംഗിനും , ഗുഡ് നൈറ്റിനുമപ്പുറം  നീണ്ടുപോകാറുമില്ല.

എന്നാൽ ഹൃദയ നൈർമ്മല്യമുള്ള ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് ചിന്തിച്ചുനോക്കൂ. പ്രത്യേകിച്ച് മറ്റുള്ളവരിൽ നിന്നും തനിക്ക് എന്തു കിട്ടുമെന്നോ, തനിക്ക് ഇതിൽ നിന്നും എന്താണ് ലാഭമെന്നോ ഒന്നും തന്നെ പ്രതീക്ഷിക്കാതെയും , വിവേകവും, സംസ്ക്കാരവും, മാന്യതയുമുള്ള കൂട്ടം മനുഷ്യരുമായി നിത്യേനയുള്ള സഹവാസം ഒരു പക്ഷേ  നിങ്ങളെ മറ്റൊരു  മനുഷ്യനായിത്തന്നെ മാറ്റി തീർത്തേക്കാം. 
 
https://www.vlcommunications.in/2026/04/blog-post.html
ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ



അതുകൊണ്ടു തന്നെ, വെർച്വൽ ലോകത്തെ അസംബന്ധ ജഡിലമായ കേവലം കുറേ ലൈക്കുകൾ സ്വന്തം ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാതെ, എന്തും തുറന്നു പറയുവാനും, സംസാരിക്കുവാനും കഴിയുന്ന കുറച്ചു പേരെ കൂടെ നിർത്തുകയും, ഊഷ്മളമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതുമെല്ലാം  മനസ്സിൻ്റെ ഭാരത്തെ ലഘൂകരിക്കുവാനും, പുതിയ ജീവിതവീക്ഷണങ്ങൾ രൂപപെടുത്തുന്നതിനുമെല്ലാം സഹായകരമാണ്.  

ഭക്ഷണവും, ആരോഗ്യവും

പലപ്പോഴും എന്തു ഭക്ഷണം കഴിക്കുന്നു , എന്നതു പോലെ തന്നെ പ്രധാനമാണ്. എത്രയേറെ കഴിക്കുന്നുവെന്നതും.

ജപ്പാൻകാരുടെ ' ഹര ഹച്ചി ബു ' ( Hara Hachi Bu ) എന്ന ശീലം ഇതിൽ പ്രധാനമാണ്. എപ്പോഴും വയർ നിറയെ ഭക്ഷണം കഴിക്കാതെ എൺപത് ശതമാനം നിറയുമ്പോൾ  ഭക്ഷണം നിർത്തുക എന്ന ശീലമാണിത്.

കഴിയുന്നതും ഫാസ്റ്റ് ഫുഡുകളും , കൊഴുപ്പും, മധുരവും , അധികം നിറം ചേർത്തതുമെല്ലാമായ ഭക്ഷണ പദാർഥങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് നാടൻ രുചികളേയും ഭക്ഷണത്തേയും ആശ്രയിക്കുന്നത് അനേകം ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും മികച്ച ഒരു പ്രതിരോധ ശേഷി ശരീരത്തിന് ഉണ്ടാക്കിയെടുക്കുവാനും സഹായിക്കും. കൂടാതെ കൃഷിത്തോട്ട നിർമ്മാണം, ഗാർഡനിംഗ് വൈകുന്നേരങ്ങളിൽ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ചുള്ള നടത്തവുമെല്ലാം ശീലിക്കുന്നതും ശരീരത്തിലെ സ്ട്രെസ്സ് ഹോർമോണുകളെ  ഇല്ലാതാക്കും.

 കരുതലുകൾ 

ഒരിക്കലും എവിടെയെങ്കിലും, കണ്ടതോ, കേട്ടതോ , വായിച്ചറിഞ്ഞതോ മാത്രമായ കാര്യങ്ങളെ മാതൃകയാക്കാതെ, പകരം താൻ എന്തെന്നും , തൻ്റെ സന്തോഷത്തിൻറെ ഉറവിടം എന്താണന്നും കണ്ടെത്തുകയെന്നതാണ് പ്രധാന കാര്യം. കാരണം ഓരോ മനുഷ്യരുടേയും , താത്പ്പര്യങ്ങളും സന്തോഷത്തിൻ്റെ താക്കോലുകളും വ്യത്യസ്ഥമായിരിക്കും.

സാമ്പത്തിക ഭദ്രത

ഇഷ്ടമുള്ള കാര്യങ്ങൾക്ക് പിറകേ സഞ്ചരിക്കുമ്പോൾത്തന്നെ, ഒരിക്കലും നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലോ, വരുമാന സ്രോതസ്സുകളോ ഒന്നും ഒറ്റയടിയ്ക്ക് ഇല്ലാതെയാക്കുന്ന തീരുമാനങ്ങൾ എടുക്കാതിരിക്കുക. കാരണം ജീവിതം നിലനിർത്തുവാൻ ആവശ്യമായ തൊഴിൽ ചെയ്യുന്നതിനാവശ്യമായ ശാരീരിക, മാനസികോർജ്ജം ഉണ്ടാക്കിയെടുക്കുന്നതിനും കൂടി വേണ്ടിയാണ് നാം ഇക്കിഗായിലേയ്ക്ക് പ്രവേശിക്കുന്നത്. ഒരു പരിധി വരെ തൊഴിലിടങ്ങളിലുണ്ടാവുന്ന ആവർത്തന വിരസതയും , മാനസിക സംഘർഷങ്ങളുമെല്ലാം അവസാനിപ്പിക്കുന്നതിനും ഇക്കിഗായ് സഹായകരമാണ്.


അതിനാൽ നിലവിൽ എന്തെല്ലാമാണോ ചെയ്ത് കൊണ്ടിരിക്കുന്നത് , അതോടൊപ്പം തന്നെ നിങ്ങളുടെ പാഷനും വളർത്തിയെടുക്കുക എന്നതാണ് ഇക്കിഗായ് ലൂടെ ശ്രമിക്കുന്നത്.

തിരിച്ചറിയുക

മറ്റൊന്ന് ഇതൊരു യാത്രയാണ്. ജീവിതത്തിന് അർഥമുണ്ടാകുവാനും, സ്വന്തം ലക്ഷ്യം കണ്ടെത്തുവാനും, അത് നിറവേറ്റുന്നതിലൂടെ
 ജീവിതം ആഹ്ളാദകരമായി അനുഭവിക്കുന്നതിനുമുള്ള ഒരു യാത്ര . അതിന് വേണ്ടതും ക്ഷമയാണ്. പല കാര്യങ്ങളും പലപ്പോഴും ചെയ്ത് നോക്കിയതിന് ശേഷം മാത്രമാകും ചിലപ്പോൾ നിങ്ങൾക്ക് യഥാർഥത്തിൽ സമാധാനം കണ്ടെത്തുവാൻ കഴിയുന്ന ഒരിടം കണ്ടെത്തുവാൻ കഴിയുക. അതിനാൽ അതിനാവശ്യമായ സമയം നൽകുക എന്നത് പ്രധാനമാണ്.

ഡിജിറ്റൽ അൽഗൊരിതങ്ങൾ നമുക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും, നമ്മുടെ വിലയേറിയ സമയവും , ചിന്തയുമെല്ലാം യാതൊരു തത്ത്വദീക്ഷയുമില്ലാതെ തന്നെ  അപഹരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്. സ്വന്തം ഹൃദയത്തിൻ്റെ ശബ്ദം കേൾക്കുവാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിപ്ളവം . . 

അതിനാൽ  എത്ര വലിയ തിരക്കുകൾക്കിടയിലും നിങ്ങൾക്കായി  ഒരു ചെറിയ ലോകം, സ്വയം സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന ആ ലോകത്തിലേയ്ക്കുള്ള  മടക്കയാത്ര നിങ്ങളെ എത്തിക്കുന്നത് ദീർഘായുസ്സുള്ളതും, ശാന്തമായതും, ഹരിതാഭമായതുമായ  ഒരു മാനസ്സികാവസ്ഥയിലേയ്ക്കും, ജീവിതത്തിലേക്കും തന്നെയായിരിക്കും.

ഇവിടെ വായിക്കാം. ആയുസ്സിൻ്റെ രഹസ്യമായ ഇക്കിഗായ്



Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌