ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിന്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിന്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !
അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻറെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.!
തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല.
പ്രത്യേകിച്ച് ആഗോളതലത്തിൽ തന്നെ ആശങ്ക പടർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ !
ഇപ്പോൾ ഈ കുറിപ്പ് എഴുതുന്ന അവസ്ഥയിലും കേരളം മുഴുവൻ ഇപ്പോൾ ചർച്ചചെയ്യുന്നത് പ്രളയഭീഷണിയെക്കുറിച്ചു തന്നെ.
എത്ര കാലം നമുക്ക് ഈ മഴക്കാലത്തെ ഭയന്ന് അതിജീവനം തേടാനാകും എന്നതാണ് പ്രധാനം !
കാലാവസ്ഥ വ്യതിയാനമെന്ന പ്രതിഭാസത്തിനു പുറമേ,
സുഗമമായ നീരൊഴുക്ക് തടസ്സപ്പെടുന്നതും വെള്ളപ്പൊക്കത്തിൻറെ മുഖ്യ കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരുപക്ഷേ... നമ്മുടെ ചുറ്റുപാടുകളിലേക്ക് തന്നെ തിരിഞ്ഞാൽ നമുക്ക് ഒരുപക്ഷേ, കാണുവാൻ കഴിയും. എത്രയധികം തോടുകളും , കനാലുകളും , കുളങ്ങളുമെല്ലാമാണ് കഴിഞ്ഞ കുറേക്കാലങ്ങൾക്കിടെ അനാവശ്യമായി മൂടിക്കളഞ്ഞത്.
പഴയ കാലങ്ങളിൽ മിക്കവാറും എല്ലാ പ്രദേശത്തുമുള്ള വെള്ളം ഒഴുകിപ്പോയിരുന്നത് ,ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കെന്നപോലെ ചെറിയ കൈത്തോടുകൾ നിർമ്മിച്ച് പുഴകളിലേക്കോ, വലിയ നീരൊഴുക്കുള്ള ചാലുകളിലേക്കോ എല്ലാം വെള്ളം ഒഴുക്കിക്കളഞ്ഞുകൊണ്ടായിരുന്നു
അതുകൊണ്ട് ഓരോ വീട്ടിലേയും കൈത്തോടുകൾ മഴക്കാലത്തിന് മുൻപേ വെട്ടി ശുചിയാകുന്ന ജോലി ഓരോ വീട്ടുകാരും സ്വന്തം ഉത്തരവാദിത്വത്തിൽ നിർവഹിച്ചു.
വലിയ കുളങ്ങൾ എന്നത് കുളിക്കാനും , കൃഷിയാവശ്യങ്ങൾ നിറവേറ്റാനും മാത്രമായിരുന്നില്ല ,
ഭൂമിക്കടിയിലെ ജലനിരപ്പിനെ സംരക്ഷിക്കാനും , എത്ര കൊടിയ വേനലിലും നീർച്ചാലുകളെ സജീവമാക്കി നിലനിർത്താനും അതുവഴി സാധിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ ഉണ്ടായ മഹാപ്രളയത്തെ പിടിച്ചു കെട്ടുന്നതിൽ അവിടുത്തെ വലിയ ക്ഷേത്രക്കുളങ്ങൾ മുഖ്യ പങ്കുവഹിച്ചതായി പറയപ്പെടുന്നു ! ഒഴുകിപ്പോകാൻ മറ്റുമാർഗ്ഗങ്ങളില്ലാതെ കെട്ടിക്കിടന്ന പ്രളയ ജലത്തെ സ്വീകരിച്ചത് ഇത്തരം വലുതും ചെറുതുമായ ജലാശയങ്ങളായിരുന്നു.
പണ്ടൊക്കെ നമ്മുടെ വീടും അതിനോട് ചേർന്ന് പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതല ആയിരുന്നെങ്കിൽ ... ഇന്ന് അതെല്ലാം വിവിധ വികസനത്തിൻറെ ഭാഗമായി മറ്റാരെങ്കിലുമൊക്കെ ചെയ്തുതരേണ്ടതാണന്ന മിഥ്യാബോധത്തിൻറെ അടിസ്ഥാനത്തിൽ പലകാര്യങ്ങളും പരിഹാരമില്ലാതെ നീണ്ടുപോകുന്ന അവസ്ഥയാണുള്ളത്..
ഫലമോ? അതുകൊണ്ട് തന്നെ അതിൻറെ എല്ലാ തിക്തഫലങ്ങളും സ്വയം ഏറ്റെടുക്കേണ്ടതായും വരുന്നു.!
ഇപ്പോൾ , ഈ ജൂലായ്- ഓഗസ്റ്റ് മാസങ്ങളിൽ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പഠനത്തിൽ കേരളം ഇപ്പോൾ കനത്ത പ്രളയ ഭീതിയിലാണ്, അതുകൊണ്ട് ഇത് എഴുതുന്ന ഈ നിമിഷത്തിലും ,
അതിൻറെ മുൻ കരുതലുകൾ എന്നവണ്ണം, വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ സ്പെഷ്യൽ ഫോഴ്സുകളുടെ സാന്നിദ്ധ്യത്തിൽ ചെറിയ ബോട്ടുകളിലും, വഞ്ചികളിലുമായി , ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്ന തിരക്കിലാണ്.!
പല സ്ഥലങ്ങളിലും, ഗത്യന്തരമില്ലാതെ വീടുവിട്ടിറങ്ങാൻ മടിക്കുന്നവരുടേയും , വീടുവിട്ടിറങ്ങുന്നവരുടേയും. ഹൃദയം നുറുങ്ങുന്ന ചിത്രങ്ങളും , കാഴ്ച്ചകളും !.
കേരളം മുൻപെങ്ങുമില്ലാത്ത വിധം പ്രളയഭീതിയിൽ അകപ്പെടുന്നത് ഇത് രണ്ടാം തവണ. അനേകം വൃദ്ധജനങ്ങളും ,
കിടപ്പു രോഗികളും ... വളർത്തുമൃഗങ്ങളും ..!
എല്ലാത്തിനേയും വിട്ടെറിഞ്ഞ് ഈ മനുഷ്യരെല്ലാം എങ്ങോട്ടു പോകാൻ?
അഥവാ പോയാൽ തന്നെ അനേകം വ്യത്യസ്ഥ തരം ആളുകൾ കൂട്ടായി വസിക്കുന്ന ക്യാമ്പുകളിൽ ഒരു നേരം സ്വസ്ഥമായി, മന:സമാധാനത്തോടെ ഉറങ്ങുവാൻ പോലും കഴിയുന്നതെങ്ങിനെ..?
ക്യാമ്പു വിട്ടിറങ്ങിയാലും ,വിട്ടു മാറാത്ത അസ്വസ്ഥതകളും, മനോവ്യാധികളും , അസുഖങ്ങളും പിന്നെയും ബാക്കി... !
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ഇപ്പോഴും താത്ക്കാലികമായെങ്കിലും പ്രളയത്തെ അതിജീവിക്കുന്ന വീടിൻറെ മാതൃകകൾക്ക് .
ഒരു പ്രാധാന്യം നൽകുന്നില്ല..??
ലക്ഷക്കണക്കിന് തുക കടം വാങ്ങിയും , ചില വഴിച്ചും നമ്മൾ നിർമ്മിക്കുന്ന ഒരു ജീവിതത്തിൻറെ തന്നെ സമ്പാദ്യം, നമ്മുടെ ജീവനു കൽപ്പിക്കുന്ന വില പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടതില്ലേ..!
ഇത്തരം ചോദ്യങ്ങളിൽ നിന്നാണ് എറണാകുളം ജില്ലയിലെ, പെരിയാറിൻറെ കൈവഴികളിൽ ഒന്നായ പുഴയുടെ തീരത്ത് നിന്ന് പ്രളയത്തെ അതിജീവിക്കുന്ന അത്തരം ഒരുവീട് ഉയർന്നുവന്നത്.
സ്ഥിരമായി പ്രളയജലം കയറി വരുകയും, നിരന്തരം ആളുകൾ വീടുവിട്ട് ഓടിപ്പോകേണ്ടതുമായ ഒരു അവസ്ഥയിലാണ് ആയിരത്തി എണ്ണൂറ് സ്‌ക്വയർ ഫീറ്റിൽ ആ വീട് നിർമ്മിച്ചത്.
പന്ത്രണ്ട് പില്ലറുകളിൽ, ഏകദേശം പത്ത് അടിയ്ക്ക് മുകളിൽ രണ്ട് നിലകളിലായി പണിതീർത്ത ഈ വീട്. റൂം ഫോർ റിവർ മാതൃകയിൽ വെള്ളം കയറി വന്നാലും അടിയിലെ പില്ലറുകൾക്കിടയിലൂടെ ഒഴുകിപ്പോകുന്ന രീതിയിലാണ്. നിർമ്മിച്ചിരിക്കുന്നത്.
.
മുകൾ നിലയിൽ ഒരു ഓപ്പൺ കിച്ചൺ, ലിവിംഗ് - ഡൈനിംഗ്, രണ്ടു മുറികൾ.
അതിനും മുകൾ നിലയിൽ ഒരു ബെഡ് റൂമും, കോമൺ ബാത്ത്റൂമും, അതോടൊപ്പം വിവിധ ആവശ്യങ്ങൾക്കായി അൽപ്പം വിശാലമായ സ്പെയ്സും ഒഴിച്ചിട്ടിരിക്കുന്നു.
എന്തുകൊണ്ടും സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് ഇതിൻറെ നിർമ്മാണം.
ഭിത്തികളെല്ലാം ഇഷ്ടികയും, മണ്ണും ഉപയോഗിച്ച് പ്രകൃതി വീടുകളുടെ രീതിയിൽ മനോഹരമായി നിർമ്മിച്ചിരിക്കുന്നു. അതുകൊണ്ട് കഠിനമായ വേനലിലും, ചൂടിനെ പ്രതിരോധിക്കാൻ പ്രാപ്തമാണ് അതിൻറെ നിർമ്മാണ ശൈലി എന്നതും ആ വീടിൻറെ നിർമ്മാണത്തെ തീർത്തും വ്ത്യസ്ഥമാക്കുന്നു !
മറ്റൊരു പ്രധാന സവിശേഷത,
അടിവശത്ത് വീട് ഉയർത്തി നിർത്തിയിരിക്കുന്ന പില്ലറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച്. ആവശ്യമെങ്കിൽ തുറക്കാവുന്നതും, അടയ്ക്കാവുന്നതുമായ രീതിയിൽ ഗ്രില്ലുകൾ നിർമ്മിച്ച് അതിനുള്ളിൽ ചെറിയ മെറ്റലുകൾ നിറച്ച് , മനോഹരമാക്കിയിരിക്കുന്നു.
ചൂടു കൂടുന്ന സമയങ്ങളിൽ താഴെ നിലയിൽ മനോഹരങ്ങളായ ഇരിപ്പിടങ്ങളൊരുക്കി വലിയ ഒരു സ്വീകരണ മുറി പോലെയും ഇത് ഉപയോഗിക്കാം.
ഇങ്ങിനെ മനുഷ്യന്റെ ആവശ്യങ്ങളേയും, പ്രകൃതിയിൽ വരുന്ന മാറ്റങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് വളരെ മനോഹരമായ ഒരു മാതൃക തന്നെയാണ് ഇവിടെ ഈ തീരപ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്നത്!
കൂടാതെ വരുംകാലങ്ങളിൽ നമുക്കേവർക്കും സ്വീകരിക്കാവുന്ന മഹത്തായ ഒരു മാതൃകയായി തീരുകയും ചെയ്യുന്നു ഇത്തരം വീടുകൾ !
അഭിപ്രായങ്ങള്‍