കൂൺ കൃഷിയിലൂടെ മികച്ച വരുമാനം
കൂണിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ചും , അത് ഉപയോഗിച്ച് നിർമ്മിക്കാവുന്ന വിവിധ വിഭവങ്ങളെക്കുറിച്ചുമെല്ലാം പറയുമ്പോഴും കൂണിൻ്റെ ഇപ്പോഴത്തെ വിലനിലവാരം വെച്ച് നോക്കുമ്പോൾ സാധാരണക്കാരൻ കൂൺ വാങ്ങി ഉപയോഗിക്കുക എന്നത് പലപ്പോഴും അപ്രാപ്യമായ ഒരു കാര്യം തന്നെയാണ് .
| കൂൺ കൃഷിയിലൂടെ മികച്ച വരുമാനം |
കൂൺ വിലയും, ഉപയോഗവും.
കാരണം സാധാരണ നാട്ടിൻപുറങ്ങളിൽ പോലും കൂണിൻറെ ഏകദേശ വില ഇപ്പോൾ ഒരു കിലോവിന് 400 - 450 രൂപ എന്ന നിരക്കാണ് . മാത്രമല്ല പലരും, ഇപ്പോൾ കൂണിന് മാത്രമായുള്ള ചില സവിശേഷ ഗുണങ്ങൾ മനസ്സിലാക്കി അത് ഒരു ഭക്ഷണ ശീലമാക്കി മാറ്റുന്നവരുടേയും എണ്ണം കൂടി വരുന്നുമുണ്ട്.
കൂടാതെ, കൂൺ വാങ്ങി അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല എന്നതും അതിൻറെ നിത്യോപയോഗം അസാദ്ധ്യമാക്കുന്നു.
എങ്കിൽപ്പോലും, കൂണിൽ അടങ്ങിയിട്ടുള്ള ഇത്രയേറെ സവിശേഷമായ വെറ്റമിനുകളും, പോഷകങ്ങളുമെല്ലാം മറ്റേതെങ്കിലും ഭക്ഷണ വസ്‌തുക്കളിൽ ലഭ്യമാണോ എന്നതും സംശയമാണ്.
വലിയ രീതിയിലുള്ള അത്യദ്ധ്വാനമോ, കഠിനമായ പരിചരണങ്ങളോ, ആവശ്യമില്ലാതെ , വളരെ കുറഞ്ഞ സ്ഥലത്തും, കുറഞ്ഞ ചിലവിലും ഇത് , ആവശ്യമെങ്കിൽ സ്വന്തം വീടുകളിൽ തന്നെ ഏതൊരാൾക്കും, വളർത്തിയെടുക്കാവുന്നതും, വളരെ മികച്ച ഒരു വരുമാനം നേടിത്തരുന്നതുമായ ഒരു കൃഷി രീതിയാണെന്നതും, ഇന്നും വളരെയേറെപ്പേർക്ക് അറിയില്ല എന്നതാണ് ഇതിൻ്റെ ഒരു യഥാർഥ വസ്തുത!
എങ്ങിനെ കൂൺകൃഷി ആരംഭിക്കാം ?
ഇതിനായി, ആവശ്യമെങ്കിൽ വീടിനുള്ളിൽത്തന്നെയുള്ള ഒരു ഒഴിഞ്ഞ മുറിയോ, അതല്ലെങ്കിൽ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ അടച്ചുറപ്പുള്ള ഒരു ഷെഡ്ഡോ എല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.
എന്തായാലും, പ്രാണികളോ, കീടങ്ങളോ, അണുബാധകളോ ഒന്നും ഏൽക്കാത്ത രീതിയിൽ, വളരെ അധികം ശുചിത്വമുള്ള ഇടങ്ങളിലാകണം. ഇതിനായുള്ള സ്ഥലമൊരുക്കാൻ .
കേരളത്തിലെ പൊതു കാലാവസ്ഥയിൽ ഇപ്പോൾ പലരും ചിപ്പിക്കൂണുകളാണ് കൂടുതലായി കൃഷി ചെയ്യുന്നത്.
ഏകദേശം ഒരു ബെഡ്ഡിന് 70 രൂപ മുതൽമുടക്കിൽ നമുക്ക് കൂൺ കൃഷി ആരംഭിക്കാവുന്നതാണ്.
കൃഷിയുടെ പ്രാരംഭ ഘട്ടത്തിൽ, അത്രയേറെ പരിജ്ഞാനമില്ലാത്തവർ വളരെ കുറഞ്ഞ മുതൽ മുടക്കി 'ബെഡ്ഡുകൾ' തയ്യാറാക്കി അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടു മാത്രം മതിയാകും കൃഷി വലിയ രീതിയിലേക്ക് വികസിപ്പിക്കാൻ .
കാരണം കൂൺ കൃഷി ഫലപ്രാപ്തിയിലെത്തണമെങ്കിൽ അതിനെക്കുറിച്ച് തക്കതായ ധാരണയും, ക്ഷമയും, പരിജ്ഞാനവും ആവശ്യമാണ്.
കൂൺകൃഷിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ആദ്യമായി മനസ്സിലാക്കേണ്ടത് കൂൺ കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും അണുവിമുക്തമാക്കുക എന്നതാണ്.
അതിനായി നന്നായി അടച്ചു കെട്ടിയ ഒരു മുറിയും, ഏകദേശം 25 ഡിഗ്രിയിൽ താഴെ ചൂട് നിലനിർത്താൻ തക്ക സംവിധാനമോ, അതല്ലങ്കിൽ അധികം ചൂട് കടക്കാത്ത വിധം ശുദ്ധജലം ഉപയോഗിച്ച് സ്പ്രേ ചെയ്ത് ഭിത്തിയിലും, തറയിലുമെല്ലാം അധികം ചൂട് ഏൽക്കാത്ത വിധമോ മുറി തയ്യാറാക്കുക.
ആവശ്യമെങ്കിൽ, കുന്തിരിക്കം പോലുള്ളവ പുകച്ചും , ഡാറ്റോൾ തളിച്ചുമെല്ലാം മുറി അണുവിമുക്തമാക്കാവുന്നതാണ്.
പിന്നീട് ബെഡ്ഡുകൾ തയ്യാറാക്കാനാവശ്യമായ പി.പി. കിറ്റുകൾ വാങ്ങി അതിനുള്ളിൽ നടീൽ മിശ്രിതം നിറക്കുക . അതിനായി ചിലർ വൈക്കോൽ, റബ്ബർ അറക്കപ്പൊടി, ചകിരിച്ചോറ് എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്.
| കൂൺ കൃഷിയിലൂടെ മികച്ച വരുമാനം |
വിത്ത് നടീൽ
ഇവിടെയിപ്പോൾ കൂടുതൽപേരും , നടീലിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടതും, അണു നശീകരണം നടത്തിയതുമായ വൈക്കോലോ , റബ്ബർ മരത്തിൻ്റെ അറക്കപ്പൊടിയോ എല്ലാമാണ് കൂടുതലായി ഉപയോഗിച്ചു പോരുന്നത്.
റബ്ബർ മരത്തിൻ്റെ അറക്കപ്പൊടി ഉപയോഗിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കുന്നതെങ്കിൽ, അത് അണുവിമുക്തമാക്കിയ വെള്ളവുമായി കൂട്ടി യോജിപ്പിച്ച് കുഴച്ചെടുത്ത് ഏകദേശം 8 മണിക്കൂറോളം വെയ്ക്കുക.
പിന്നീട് വെള്ളവുമായി കൂട്ടിക്കുഴച്ച അറക്കപ്പൊടി ആദ്യം ഓരോ ലെയറുകളായി പാക്കറ്റിൽ നിറച്ച് പിന്നീട് അതിനു മുകളിൽ വശങ്ങളിലായി കൂൺ വിത്തുകൾ പാകി കൂൺ കൃഷിക്കായുള്ള ബെഡ്ഡുകൾ തയ്യാറാക്കാം.
ഇങ്ങിനെ തയ്യാറാക്കുന്ന ബെഡ്ഡുകൾനിരവധി സുഷിരങ്ങൾ ഇട്ട ശേഷം മുകൾവശം റബ്ബർ ബാൻറോ മറ്റോ ഉപയോഗിച്ച് കെട്ടി ഏകദേശം 15 ദിവസത്തേക്ക് അധികം ഇരുട്ട് കടക്കാത്ത മുറിയിൽ സൂക്ഷിക്കുകയും പിന്നീട് വായുവും , ചെറിയ രീതിയിൽ പ്രകാശവും ലഭിക്കുന്ന മുറികളിലേക്ക് ബെഡ്ഡുകൾ മാറ്റി, ആ മുറിക്കുള്ളിൽ ചില തട്ടുകൾ സ്ഥാപിച്ചോ, അതല്ലങ്കിൽ കയറുകളിൽ തൂക്കിയിടാവുന്ന വിധത്തിൽ വിവിധ ലയറുകളായോ ബെഡ്ഡുകൾ സ്ഥാപിക്കാം..
പരിപാലനം
പിന്നീട് , നേരത്തേ സൂചിപ്പിച്ചതുപോലെ തണുത്ത അന്തരീക്ഷം നിലനിർത്തുവാൻ മുറിയുടെ ഭിത്തികളിലും, ഫ്ലോറിലും ഒരു സ്പ്രെയർ ഉപയോഗിച്ച് ഇടക്കിടെ ശുദ്ധജലം സ്പ്രേ ചെയ്തു കൊടുക്കുകയും ഏകദേശം 20 ദിവസമാകുമ്പോഴേക്കും കൂൺ വിത്തു പാകിയ കവറുകളിൽ വെളുത്ത പൂപ്പൽ പോലെ മൈസീലിയ പടർന്നു വരുവാനും തുടങ്ങുമ്പോൾ, വിത്ത് പാകിയ കവറുകൾക്ക് മേലെയും വളരെ ചെറിയ രീതിയിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
![]() |
| കൂൺ കൃഷിയിലൂടെ മികച്ച വരുമാനം |
മികച്ച വിത്തിൻ്റെയും, നടീൽ മിശ്രിതത്തിൻറേയും ഗുണങ്ങൾക്കനുസരിച്ച് കൂൺ ബെഡ്ഡുകളിൽ 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ കൂൺ വിരിയാൻ തുടങ്ങും.
വിളവെടുപ്പ്
അതിനായി നമ്മൾ വിത്ത് പാകുന്ന സമയത്ത് കവറുകളിൽ ഇട്ടു കൊടുത്ത ചെറിയ സുഷിരങ്ങളാണ് ചെടി പ്രയോജനപ്പെടുത്തുന്നത്. ആ സുഷിരങ്ങളിലൂടെ പുറത്തേക്കു വരുന്ന കൂണിൻറെ പൂക്കൾ, വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വിടർന്ന് വലിപ്പം പ്രാപിക്കുകയും, പിന്നീട് ഉപയോഗത്തിന് തയ്യാറായ കൂണുകൾ പറിച്ചെടുക്കാവുന്നതുമാണ്.
കൂണുകളെ ,കീടബാധകളിൽ നിന്ന് അകറ്റി നിർത്തുന്നതിന് കൈകൾ കൊണ്ടുതന്നെ കൂണുകൾ അടർത്തിയെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം.
പറിച്ചെടുത്ത കൂണുകൾ അധികമായി സൂക്ഷിക്കാനാവില്ലെന്നതിനാൽ മുൻകൂട്ടിത്തന്നെ, ആവശ്യമുള്ള മാർക്കറ്റുകൾ കണ്ടു വെയ്ക്കേണ്ടതും, കഴിയുന്നതും വേഗം അത് മാർക്കറ്റിൽ എത്തിക്കുവാനുള്ള ശ്രമങ്ങളുമെല്ലാം, ഈ കൃഷി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്.
സാധാരണ രീതിയിൽ നല്ല രീതിയിൽ പരിപാലിക്കുന്ന കൂൺ ബെഡ്ഡുകളിൽ നിന്നും ഒന്നിന് കുറഞ്ഞത് അരക്കിലോ ഗ്രാം വീതം കൂൺ മിനിമം കിട്ടാറുണ്ടെന്നാണ് കർഷകർ പറയുന്നത്.
ഇങ്ങിനെ വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും, നല്ല രീതിയിൽ കൃഷി മുന്നോട്ട് പോകുകയും, പല വീട്ടമ്മമാർക്കും, ഏകദേശം ഒരു കൂൺ ബെഡ്ഡുകളിൽ നിന്ന് 2 മുതൽ മൂന്ന് മാസം വരെ വിളവുകൾ എടുക്കാവുന്നതും, നല്ല ഈ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് മുതൽമുടക്കിൻ്റെ തന്നെ പതിൻമടങ്ങ് ലാഭം കിട്ടുന്നതായുമെല്ലാം പലരും സാക്ഷ്യപ്പെടുത്തുന്നു.
എങ്കിൽപ്പോലും വളരെ കൃത്യമായ പഠനവും, മികച്ച നടീൽ ലഭ്യതയുമില്ലെങ്കിൽ മറ്റ് പല സംരംഭങ്ങളും തുടങ്ങി,...അവസാനിപ്പിക്കേണ്ടി വരുന്നതുപോലെ, ഇതിൻറെ ഫലവും വ്യത്യസ്ഥമായിരിക്കില്ല.
കൂൺ കൃഷിയിൽ താത്പ്പര്യമുള്ളവർക്കും , അത് ജീവിതമാർഗ്ഗമായി സ്വീകരിക്കുവാനുമെല്ലാം, താത്പ്പര്യമുള്ളവർക്കുമായി , ഇപ്പോൾ പലയിടങ്ങളിലും അടുത്തുള്ള കൃഷിഭവനുകൾ വഴിയോ , അതല്ലങ്കിൽ കാർഷിക വിജ്ഞാന ശാലകൾ വഴിയോ എല്ലാം, കൂടുതൽ വിവരങ്ങളും, കൃഷി ചെയ്യുവാൻ ആവശ്യമായ വസ്തുക്കളുടെ ലഭ്യതയെക്കുറിച്ചും, വിലയെക്കുറിച്ചുമെല്ലാം അറിയുവാനും കഴിയുന്നതാണ്.

അഭിപ്രായങ്ങള്‍