സംരക്ഷിക്കപ്പെടണം പ്രകൃതി സ്രോതസ്സുകൾ
കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥ മാറുന്നതിനനുസരിച്ച്, മലയാളികളുടെ നെഞ്ചിടിപ്പിൻറെ വേഗതയും ഇപ്പോൾ താരതമ്യേന കൂടിവരുന്നുണ്ടോ എന്നൊരു സംശയം.
കാരണം കഴിഞ്ഞുപോയ രണ്ടു പ്രളയങ്ങളും കടന്നുപോയത് അത്രയേറെ ദുരന്തങ്ങൾ വിതച്ചുകൊണ്ടായിരുന്നു.
മഴയെന്നാൽ, അതി തീവ്രമഴ തന്നെ, എവിടേയും വെള്ളക്കെട്ടും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും, ചുഴലിക്കാറ്റും,!
കൂടാതെ, വീണ്ടും എപ്പോൾ വേണമെങ്കിലും ആവർത്തിച്ചേക്കാവുന്ന ഒരു പ്രളയഭീതിയും ബാക്കിവെച്ചുകൊണ്ടാണ് ഇപ്പോൾ ഒരോ മഴക്കാലങ്ങളും, കടന്നുപോകുന്നത്. തുടർന്നു വരുന്ന വേനലും നൽകുന്ന അനുഭവങ്ങളും അത്ര, സുഖകരമല്ല.
![]() |
സംരക്ഷിക്കപ്പെടണം പ്രകൃതിയും, പ്രകൃതി സ്രോതസ്സുകളും. |
കേരളത്തിൽ, ഏവരേയും അത്ഭുതപ്പെടുന്നത്ര ഉഷ്ണത്തിലായിരുന്നു കഴിഞ്ഞവേനൽക്കാലം.!
മനുഷ്യർക്ക് പുറത്തിറങ്ങുവാനോ, എയർകണ്ടീഷണറുകൾക്ക് കീഴിൽനിന്ന് മോചനം നേടുവാനോ പോലും സാദ്ധ്യമല്ലാതിരുന്ന ഒരുവർഷമെന്നുതന്നെ വിശേഷിപ്പിക്കാം.!
ചുറ്റും വരണ്ടുണങ്ങിയ ഭൂമിയും, ഉറവവറ്റിയ ജലസ്രോതസ്സുകളും, ശുദ്ധജലക്ഷാമവുമെല്ലാം അന്നേവരെ അനുഭവിച്ചറിഞ്ഞ കേരളീയജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
വരാനിരിക്കുന്ന വർഷങ്ങളിലും, ഇതിനേക്കാൾ രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങൾക്കാകും സാക്ഷ്യം വഹിക്കേണ്ടിവരികയെന്ന ഒരുപാടു മുന്നറിയിപ്പുകളും ഇതിനകം വന്നുകഴിഞ്ഞു. എന്നിട്ടും ഇവിടെ ജീവിച്ചിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമുക്ക് എന്തുചെയ്യുവാൻ കഴിഞ്ഞുവെന്ന ഒരു പ്രധാന ചോദ്യം എപ്പോഴും ബാക്കിയാകുന്നുണ്ട്.
തീർച്ചയായും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കോടിക്കണക്കായ മനുഷ്യർക്കുതന്നെയാണ് ഈ പ്രകൃതിയെ സംരക്ഷിച്ച് നിലനിർത്താനുള്ള പൂർണ ഉത്തരവാദിത്തമെന്നത് നാം പലപ്പോഴും മറന്നുപോകുന്നുവെന്നതാണ് സത്യം
.മാത്രമല്ല ഓരോരുത്തർക്കും പരമ്പരാഗതമായോ, ആവശ്യാനുസരണം വീതിച്ചുകിട്ടിയതോ ആയ ഭൂമിയിൽ എന്തും ചെയ്തുകൂട്ടാമെന്ന മനുഷ്യരുടെ വലിയ തോതിലുള്ള മിഥ്യാധാരണകൾക്കോ, അഹങ്കാരത്തിനോ ഉള്ള വലിയ മറുപടികൾ കൂടിയായി മാറിത്തീരുന്നു ഓരോ പ്രകൃതി ദുരന്തങ്ങളും.
മനുഷ്യർക്കെന്നല്ല സകല ജന്തുജാലങ്ങൾക്കും,ആർത്തുല്ലസിച്ച് ജീവിച്ചുമരിക്കുവാനാവശ്യമായ എല്ലാ സംവിധാനങ്ങളോടും കൂടിത്തന്നെയാണ് പ്രകൃതി കാലങ്ങളായി അതിൻറെ എല്ലാസ്വാഭാവികതയും നിലനിർത്തിക്കൊണ്ട് ഇവിടെ നിലനിൽക്കുന്നതെങ്കിലും. ലോകത്തെ ഒരു വലിയ മനുഷ്യരാശിയെ തന്നെ തീറ്റിപ്പോറ്റുന്ന ആ പ്രകൃതിയോട് മനുഷ്യർ ഒന്നടങ്കം ചെയ്ത് കൂട്ടുന്നതെന്താണ്...?
മനുഷ്യരുടെ എണ്ണവും, ജീവിതാവശ്യങ്ങളും നിരന്തരം കൂടിവരുന്നമുറയ്ക്ക് പ്രകൃതിചൂഷണമെന്നത് ഒരു ചെറിയ അളവോളം സംഭവിക്കാമെന്നിരിക്കിലും, ഭൂമിയുടെ നിലനിൽപ്പിനെതന്നെ അപകടപ്പെടുത്തുവിധത്തിലുള്ള ഈ നീക്കം എവിടെയാണ് അവസാനിക്കുക...? അതല്ലങ്കിൽ പ്രകൃതിയിൽനിന്ന് മോഷ്ടിച്ചെടുക്കുന്നതോ, ചൂഷണം ചെയ്യുന്നതോ ആയ വിഭവങ്ങൾ അടുത്ത ഒരു തലമുറയ്ക്കുവേണ്ടിയെങ്കിലും തിരിച്ചു നൽകാൻ നമ്മൾ ഓരോരുത്തരും ബാദ്ധ്യസ്ഥരല്ലെ.!
ഇപ്പോൾ, അന്തരീക്ഷത്തിൽ പരിധിവിട്ട് കുതിച്ചുയരുന്ന കാർബണിൻറെ അളവുതന്നെയാണ് മാനവരാശിക്ക് വലിയൊരുഭീഷണിയെന്നുപറയുമ്പോൾ, അതിനെ പ്രതിരോധിക്കുവാനാവില്ലെങ്കിലും, കുതിച്ചുയരുന്ന കാർബൺ വികിരണത്തിൻറെ അളവ് കുറയ്ക്കുവാനോ, അന്തരീക്ഷതാപം കുറയ്ക്കുവാനും, ഉതകുന്ന തരത്തിലുള്ള വനത്ക്കരണ പരിപാടികൾക്കോ, നമ്മുടെ വീട്ടിടങ്ങളിൽ പോലും ഓരോ മരമെങ്കിലും നട്ട് പ്രകൃതിയെ കരുത്തുറ്റതാക്കാൻ നമുക്ക് കഴിയണം.
സാധാരണ മനുഷ്യർ എന്ന നിലയിൽ നമുക്കോരോരുത്തർക്കും വ്യക്തിപരമായി പ്രകൃതി സംരക്ഷണത്തിനായി ചെയ്യുവാൻ കഴിയുന്ന ഏക മാർഗ്ഗവും നമ്മുടെ വീട്ടിലായാലും പരിസരങ്ങളിലായാലും,വൃക്ഷങ്ങളും, ചെടികളുമെല്ലാം നട്ടുപിടിപ്പിക്കുക എന്നതും, പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നുകൂട്ടാതിരിക്കുകയും ചെയ്യുക എന്നതാണ്.
ഇക്കാര്യത്തിൽ ഇപ്പോൾതന്നെ,പല വിദേശ രാഷ്ട്രങ്ങളും, വലിയതോതിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നത്
. അവിടെയെല്ലാം നിലനിൽപ്പിനായുള്ള പോരാട്ടത്തിൻറെ ഭാഗമെന്നോണം കുട്ടികൾതന്നെ അത്തരം പ്രചാരണങ്ങൾക്കും, കാമ്പയിനുകൾക്കും നേതൃത്വം നൽകുന്നുവെന്നത് മഹത്തായ ഒരു മാതൃകയാണ് നമ്മുടെ നാട്ടിലാകട്ടെ, പരിസ്ഥിതിപ്രവർത്തകരോടും, പരിസഥിതി വാദം പറയുന്നവരോടും അളവറ്റ വെറുപ്പും, പുച്ഛവുമാണ്.
നമ്മുടെ നാട്ടിൽ പരിസ്ഥിതി വാദം പറയുന്നവരോടുള്ള വെറുപ്പും, പുച്ഛവും കാണുമ്പോൾ ഈ മനുഷ്യരെല്ലാം ഇത്രയേറെ പാഠങ്ങൾ പഠിച്ചിട്ടും, 'ഭൂമിക്കുതന്നെ ഭാരമായി എന്തിനിങ്ങിനെ കഴിഞ്ഞുപോകുന്നുവെന്ന' പഴയകാലമനുഷ്യരുടെ ചോദ്യങ്ങൾ ആവർത്തിക്കുവാൻ മാത്രമേ സാധിക്കുകയൊള്ളൂ.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇന്നിപ്പോൾ ജീവിച്ചിരിക്കുന്ന കേരളത്തിലെ തലമുറയനുഭവിക്കുന്ന ഏതുവിധ സൗകര്യങ്ങളുടേയും അടിസ്ഥാനകാരണം മൺമറഞ്ഞ ഒരു തലമുറയുടെ അനേകം പ്രവൃത്തികളുടെ ഫലം തന്നെയാണ്.
കേരളത്തിൻറെ തനതായ ഒരു കാർഷിക സംസ്ക്കാരത്തിൻറെ തന്നെ ഫലമായി, ഭൂമിയിൽ, ആണ്ടുതോറും മാറിയും മറിഞ്ഞും വരുന്ന ഋതുക്കൾക്കനുസരിച്ച് അവർ കൃഷിസ്ഥലങ്ങളേയും, വീട്ടിടങ്ങളേയുമൊക്കെ മനോഹരമായി തന്നെ സംരക്ഷിച്ചിരുന്നു..
അതുകൊണ്ടാകണം വർഷപാതങ്ങളിൽ മഴക്കുഴികൾ സൃഷ്ടിച്ചും, തെങ്ങുകളുടെ തടംമൂടിയും, വേനലിൽ, തടമെടുത്തും, നീർച്ചാലുകളും, കുളങ്ങളുമെല്ലാം വെട്ടിത്തെളിച്ചും പ്രകൃതിയെ പരിപോഷിപ്പിച്ചിരുന്നതും.നീർത്തടങ്ങളെല്ലാം സംരക്ഷിച്ചിരുന്നതും.
ഇത്തരം, മഴക്കുഴികളും, കുളങ്ങളും, തോടുകളുമെല്ലാം ഒരിക്കലും വറ്റാത്ത നീർച്ചാലുകളായി സംരക്ഷിച്ചും, മരങ്ങളേയും അനേകായിരം കാവുകളേയുമെല്ലാം സംരക്ഷിച്ചുമെല്ലാമാണ് നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഒരുപരിധിവരെ നിലനിർത്തിയിരുന്നതും.
എന്നാലിന്ന് മരങ്ങളും, കാടുകളുമെല്ലാം വെട്ടിത്തെളിക്കുകയും, എല്ലാവിധ നീർച്ചാലുകളും, നീർത്തടങ്ങളുമെല്ലാം അടച്ചുകെട്ടി നിർമ്മിച്ച, കോൺക്രീറ്റ് സൗധങ്ങൾക്ക് മുുകളിൽക്കയറിയിരുന്ന്, എന്തിനും, ഏതിനും ഏവരേയും പഴിക്കുന്നതിരക്കിലാണ് മനുഷ്യസമൂഹം..
എങ്കിലും,, ചെറിയ വീടുകളാണങ്കിൽ പോലും, തിമിർത്തുപെയ്യുന്ന മഴക്കാലത്ത് വീടിനുമുകളിൽ മാത്രം പെയ്തൊഴുകിപ്പോകുന്ന മഴവെള്ളം ശരിയായ രീതിയിൽ ഒഴുക്കിവിട്ടോ, സംഭരിച്ചോ, കിണറുകൾ റീ ചാർജ്ജുചെയ്തോ നമ്മുടേയും ചുറ്റുപാടുമുള്ളപ്രദേശങ്ങളിലേയും നീരൊഴുക്ക് സംരക്ഷിക്കാമെന്നിരിരിക്കേ, ഇതൊന്നും നമുക്കുബാധകമാവുന്നകാര്യങ്ങളല്ലന്ന മട്ടിലിരിക്കുകയും, ഇതെല്ലാം മറ്റാരെക്കെയോ ചേർന്ന് നിവർത്തിച്ചുതരേണ്ടതുമാണന്ന മിഥ്യയായ ഒരുപൊതുബോധത്തിനുള്ളിലാണ് മിക്കവാറും എല്ലാ മനുഷ്യരും.
![]() |
പ്രകൃതിയോടുള്ള മനുഷ്യരുടെ മനോഭാവം വ്യക്തമാക്കുന്ന മനോഹരമായ ഒരു ചിത്രം.! |
കഴിഞ്ഞ ദിവസം പുറമ്പോക്കുഭൂമിയിൽ ഒരു കാനയിലെ നീ രൊഴുക്ക് സുഗമമാക്കാൻ മാൻഹോളിലേയ്ക്കിറങ്ങിയ ഒരു തൊഴിലാളിയുടെ അവസ്ഥ നമ്മളെല്ലാം ടി.വി.യിലൂടെയും, മറ്റു മാദ്ധ്യമങ്ങൾക്കൂടിയെല്ലാം ലൈവായി കണ്ടതാണ്. എന്നിട്ടെന്താണ് സംഭവിച്ചത്...? മാൻഹോളിലേക്കിറങ്ങിയ മനുഷ്യനെ പിന്നെ കാണുകയുണ്ടായില്ല. കാരണം മാലിന്യകൂമ്പാരങ്ങളാൽ നിറഞ്ഞുകിടന്ന ആ മാൻഹോളിലെ തിരച്ചിൽ സാധാരണഗതിയിൽ സാദ്ധ്യമായിരുന്നില്ല.
പിന്നീട് രണ്ട് ദിവസത്തോളം നീണ്ട സൈന്യത്തിൻ്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ആ മനുഷ്യൻ വലിയൊരു മാലിന്യകൂമ്പാരത്തിലകപ്പെട്ട് മരിച്ച് ജീർണ്ണാവസ്ഥയിലെത്തിയ നിലയിലാണ് കണ്ടെത്തിയത്.
അപ്പോഴും, ഓരോമനുഷ്യരും, അന്യരുടെ പറമ്പിലേയ്കും, പൊതുസ്ഥലങ്ങളിലേയ്ക്കും, കാനകളിലേയ്ക്കും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കുറിച്ചൊന്നുമായിരുന്നില്ല കേരള സമൂഹം ചർച്ചചെയ്തത്. മരണപ്പെട്ടവൻറെ ജാതിയേയും, മതത്തേയും കുറിച്ച് തർക്കികുന്നത്ര ഹീനവും, പരിഹാസ്യവും, നിന്ദ്യവുമായ നിലയിലേയ്ക്കാണ് കേരള സമൂഹം അധഃപ്പതിച്ചതെന്നത് സാമാന്യ ബുദ്ധിയും, വിവേകവുമുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം അറപ്പും, വെറുപ്പും, ഉളവാക്കുന്നവതന്നെയായിരുന്നു..
എന്തായാലും ലോകത്ത് എവിടേയുമുള്ള ഏതൊരുമനുഷ്യനും, സ്വന്തം മനസ്സിനോടൊപ്പം, ജീവിതപരിസരങ്ങളും, ചുറ്റുപാടുകളും, ചിന്തകളും, മനോഹരമായും, ശ്രേഷ്ഠമായും സംരക്ഷിക്കുവാൻ കഴിയുന്നതിലൂടെമാത്രമേ,... സ്വന്തം ജീവിതവും രാനിരിക്കുന്ന ഒരു തലമുറയുടെ ജീവിതവും, സുന്ദരമായും, ഐശ്വര്യവത്തായും മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന വലിയ ഗുണപാഠം തന്നെയാണ് കാലം എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നതും.
Comments