കേരളത്തിൻറെ സർപ്പക്കാവുകൾ.
ഒരു വിശ്വാസത്തിൻറെ ഭാഗമല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഇന്ന്,കേരളത്തിലെ വിരലിലെണ്ണാവുന്നതാണങ്കിൽപ്പോലും, ഏതെങ്കിലും, കാവുകളോ , കുളങ്ങൾ പോലുമോ ഇപ്പോൾ,അവശേഷിക്കുമായിരുന്നോ എന്നത്, സംശയമാണ്.!
എന്നാൽ ചിലയിടങ്ങളിൽ, എന്തുകൊണ്ടോ തീരെ ഒഴിവാക്കാൻ കഴിയാത്തവിധം ചില കാവുകളും അതിനോടനുബന്ധമായ കുളങ്ങളും അവശേഷിക്കുന്ന തൊഴിച്ചാൽ ബാക്കിയെല്ലാം ഏതോ പഴങ്കഥയുടെ ഓർമ്മകൾ മാത്രമാണ്.
കാവുകളുടെ പ്രസക്തി
സത്യത്തിൽ എന്തായിരുന്നു കാവുകളുടെ പ്രസക്തി...?
കാവുകൾ, ഒരിക്കലും വെറും വിശ്വാസത്തിൻറെ
ഭാഗമായ സർപ്പങ്ങളേയോ , പാമ്പുകളെയെല്ലാം കുടിയിരുത്തിയിരിക്കുന്നതോ, ആരാധിക്കുന്നതോ,ആയ ഒരിടം മാത്രമായിരുന്നില്ല.
എന്താണ് കാവുകൾ?
അത് , പ്രകൃതിയും, മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വലിയൊരു പാരമ്പര്യത്തിൻ്റെ കണ്ണിയായിരുന്നു.
ഭൂമിയുടെ വിശാലതകൾക്കകത്ത്, ഏതെങ്കിലും ഒരു പ്രത്യേക കോണിൽ വിവിധയിനം പക്ഷികളും , ഇഴജന്തുക്കളും , സൂക്ഷ്മ ജീവികളുമെല്ലാം ഒത്തുകൂടിയിരുന്ന ഒരു ജൈവ സങ്കേതമെന്ന് തന്നെ വിശേഷിപ്പിക്കാം..!
കൂടാതെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും . നീരുറവകൾ സംരക്ഷിക്കുന്നതിലുമെല്ലാം, കാവുകൾ വഹിച്ചിരുന്ന പങ്കും ഒട്ടും ചെറുതായിരുന്നില്ല.
അനവധി മൂല്യമുള്ളതും, വ്യത്യസ്‌തങ്ങളുമായ, അനേകം സസ്യങ്ങളുടേയും, വൃക്ഷങ്ങളുടേയും, മനോഹരമായ ഒരുകലവറതന്നെയാണ് കാവുകൾ.
ഇരിങ്ങോൾക്കാവ് .
കേരളത്തിലെത്തന്നെ കാവുകളുടെ മനോഹാരിത തൊട്ടറിയാൻ താത്പ്പര്യമുള്ളവർക്ക് എളുപ്പം എത്തിച്ചേരാൻ പറ്റിയ ഒരിടമാണ്, പെരുമ്പാവൂരിലെ അതിപ്രശസ്തമായ ഇരിങ്ങോൾ കാവ്
ക്ഷേത്രവും, അതിനോട് ചേർന്ന് എക്കറുകളോളം പരന്നുകിടക്കുന്ന വനവും .
തീർച്ചയായും ആരെയും അത്ഭുതപ്പെടുത്തുകയും, ആ കാവ് നൽകുന്ന വശ്യതയും, അനുഭൂതിയും, സൗന്ദര്യവുമെല്ലാം വല്ലാത്തൊരനുഭവംതന്നെയാണ്.
എന്നാൽ അബദ്ധത്തിൽ, അവിടെ വന്നെത്തുന്ന പലരേയും അത്ഭുതപ്പെടുത്തുന്നത്... ഇത്രയും, പഴക്കമുള്ള ആ കാവ് ഇപ്പോഴും ഇത്രയേറെ മനോഹരവും, ഭംഗിയായും എങ്ങിനെ സംരക്ഷിക്കപ്പെടുന്നുവെന്നതാണ്.
അതുകൊണ്ടാണ്, നേരത്തെ സൂചിപ്പിച്ച ചില വിശ്വാസപ്രമാണങ്ങളുടെ മഹത്വവും. അത് മനുഷ്യരിൽ സൃഷ്ടിക്കുന്ന ഭയത്തിൻറയും, ഭക്തിയുടേയുമെല്ലാം ആഴം ചെറുതല്ലെന്നും
മനസ്സിലാക്കപ്പെടുന്നത്.
കാരണം പലപ്പോഴും മനുഷ്യൻ്റെ ദൈവസങ്കൽപ്പങ്ങൾ പലതും, നമ്മുടെ പ്രകൃതിയും, കാലാവസ്ഥയും, പുഴയും, ആകാശവും, തുടങ്ങി സകല പ്രകൃതി ശക്തികളുമായി കൂടിച്ചേരുന്നവയാണ്. അതിനാൽത്തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട കുളങ്ങളും, കാവുകളും, മരങ്ങളിലുമെല്ലാം തന്നെ ദൈവ ചൈതന്യം കൂടിയിരിക്കുന്നുവെന്ന ബോദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാകണം അതെല്ലാം ഇത്രയേറെ വർഷക്കാലമായിട്ടും വളരെ പരിപാവനമായും, മനോഹരമായും സംരക്ഷിക്കപ്പെട്ടു പോരുന്നത്.
കൂടാതെ നമ്മുടെ കേരളത്തെക്കുറിച്ചും, അതിൻ്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും, സംസ്ക്കാരത്തെക്കുറിച്ചും, പ്രകൃതി സംരക്ഷണത്തെക്കുറിച്ചുമെല്ലാം പറഞ്ഞു വരുമ്പോൾ അതിൽ ആദ്യം ഏറ്റവും പ്രാധാന്യം കൽപ്പിക്കേണ്ടതും നമ്മുടെ കാവുകൾക്കു തന്നെയാണ്.
കാവുകളും സംസ്ക്കാരവും .
നേരത്തെ പറഞ്ഞതുപോലെ കാലങ്ങളായി, സർപ്പപൂജകളും, കാവും, ക്ഷേത്രവും, ക്ഷേത്രക്കുളങ്ങളും, കാർഷികോത്സവവും, ക്ഷേത്രോത്സവങ്ങളുമെല്ലാമായി കഴിയുവാൻ താത്പ്പര്യപ്പെടുന്ന ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം. പ്രകൃതിയും, മനുഷ്യനുമായുള്ള ആദ്യ ബന്ധം പഠിക്കുന്നതുതന്നെ ഇത്തരം കാവുകളുമായുള്ള ആരാധനാ രീതികളിലൂടെയും, അതുമായി ബന്ധപ്പെട്ടുവളർന്നുവരുന്ന ഉന്നതമായ കാഴ്ച്ചപ്പാടുകളിലൂടെയുമാകും.
മാത്രമല്ല, പ്രകൃതിയെ ദൈവമായിക്കണ്ട് ആരാധിക്കുകയും, അതിനെ വിശുദ്ധിയോടെ കാത്തുസംരക്ഷിക്കുകയും ചെയ്ത ഒരു പഴയകാല തലമുറ അക്കാലങ്ങളിൽ ചെയ്തുവെച്ച പല നന്മകളുടേയും തുടർച്ചമാത്രമാണ് ഇന്നും, പുതിയ തലമുറ കുറേയേറെ ഗുണഫലങ്ങളായി അനുഭവിച്ച് പോരുന്നതെന്നതും മറ്റൊരു കാര്യം.!
എങ്കിലും, എന്തൊക്കെ പറഞ്ഞാലും, വളരെ പെട്ടന്ന് മനുഷ്യർ സ്വന്തം ജീവിതത്തിൽ നിനച്ചിരിക്കാതെ,, ചില മാറ്റങ്ങൾക്കും, തിരിച്ചടികൾക്കും വിധേയരായിക്കഴിയുമ്പോൾ മാത്രമേ, സ്വന്തം ചുറ്റുപാടുകളെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും, മനുഷ്യരെക്കുറിച്ചുമെല്ലാം ചിന്തിക്കുവാൻ തുടങ്ങുകയൊള്ളൂ എന്നതും, അതുകഴിഞ്ഞ്, അതിനേക്കാൾ വേഗത്തിൽ പലതും മറക്കുക യെന്നതുമാണ്,,, പുതിയ കാലങ്ങളിലെ മനുഷ്യരുടെ വലിയ പ്രത്യേകതകളിൽ ഒന്ന്. !
കാരണം കേരളം കണ്ടതും, കഴിഞ്ഞു പോയതുമായ പല മഹാമാരികളും നമ്മെ പഠിപ്പിച്ചതും, പ്രകൃതി ചൂഷണം അവസാനിപ്പിക്കുവാനും, പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകതകളും തന്നെയാണ്.
കാവുകളും, പരിസ്ഥിതിയും
പണ്ട് സ്വന്തം വീടുകളിലോ
അതുമല്ലങ്കിൽ മറ്റെവിടെയെങ്കിലുമുണ്ടായിരുന്ന
കാവുകളുമായുള്ള ഒരു നിരന്തര ബന്ധംതന്നെയാകണം..
ഒരു പക്ഷേ വളരെ ചെറുപ്പം മുതൽ തന്നെ അന്നത്തെ
തലമുറയെ പ്രകൃതിയോട് വളരെയേറെ അടുപ്പിച്ച് നിർത്തുവാൻ പ്രേരകമായത്. !
വലിയ തണൽ മരങ്ങളും , തുമ്പികളും , വിവിധയിനം പക്ഷികളും ,
പൂക്കളും കൊണ്ട് സമ്പന്നമായിരുന്ന, അത്തരം കാവുകൾ ബാല്യകാലങ്ങളിലെ വലിയ ആകർഷണങ്ങളായിരുന്നു.!
പിന്നീട്, വിഷുവിനോട് അടുത്ത സമയമാകുമ്പോഴാകട്ടെ, മിക്ക സർപ്പക്കാവുകളിലും വിവിധ പൂജാവിധികളോടെ 'നൂറും' 'പാലും' നൽകി സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങുകളാണ്..!
മഞ്ഞൾപ്പൊടിയും , അരിപ്പൊടിയും ചുവന്ന പൂക്കൾ കൊണ്ടുള്ള പൂജകളുമെല്ലാം കഴിയുമ്പോഴേയ്ക്കും... അതുവരെ നിത്യവും കണ്ടിരുന്ന കാവുകൾക്ക് ഒരു പ്രത്യേക ഭാവം കൈവന്ന പോലെ തോന്നും!
പിന്നീട് പാമ്പുകൾ എന്നത് ദൈവങ്ങളായും , അതിനോട് ചേർന്ന മരങ്ങളും സസ്യങ്ങളും എല്ലാം തന്നെ അത്തരം ദൈവങ്ങൾ കുടിയിരിക്കുന്ന സങ്കേതമായുമെല്ലാം മനസ്സിൽ രൂപപ്പെടും !
അതുകൊണ്ട് പിന്നീടുള്ള കാലങ്ങളിൽ ഒന്നുകിൽ പാമ്പുകളെ കാണുമ്പോൾ മാറി നടക്കുകയോ അതിനെ ഉപദവിക്കുന്നതോ , കൊല്ലുന്നതോ മാപ്പ് അർഹിക്കാത്ത വലിയ പാപമാണന്ന തോന്നലുകളും, കുഞ്ഞു മനസ്സുകളിലേ ഇടം പിടിക്കും.!
ആലോചിച്ചാൽ, ഒരു പക്ഷേ അതു തന്നെയാകണം പ്രകൃതിയെക്കുറിച്ചും, സംരക്ഷണത്തെക്കുറിച്ചും ആരും പറഞ്ഞു തരാതെ സ്വയം പഠിച്ച ജീവിതത്തിലെ ആദ്യത്തെ പാഠവും !
കാവുകളുടെ നാശം
കാലം പിന്നീട് ഒരു പാട് ദൂരം മുന്നോട്ട് സഞ്ചരിക്കുകയും,
മനുഷ്യൻറെ, സാമൂഹ്യ, രാഷ്ട്രീയ , സാംസ്കാരിക പരിസരങ്ങളെല്ലാം വളരെയേറെ മാറ്റങ്ങൾക്ക് വിധേയമാവുകയും,
കൂട്ടുകുടുംബങ്ങൾ എന്നത് അണുകുടുംബങ്ങളായി മാറുകയും ചെയ്തുതുടങ്ങിയപ്പോൾ
അതിൻറെ ഭാഗമായി തറവാട് ഓഹരികളെല്ലാം ഒന്നുകിൽ വിറ്റഴിക്കപ്പെടുകയോ, അതല്ലങ്കിൽ വീതം വെയ്ക്കുകയോ ഒക്കെ ചെയ്തുപോന്നു.!
അങ്ങിനെ പല സ്ഥലങ്ങളിലും പച്ചപിടിച്ചു നിന്നിരുന്ന അനേകം കാവുകൾ സ്വാഭാവികമായും അഞ്ചു സെൻ്റിൻ്റേയും, പത്തു സെൻറുകളുടേയും പരിമിതികളിലേക്ക് മാറി ,
പിൽക്കാലങ്ങളിൽ ഇതെല്ലാം വലിയൊരു ബാദ്ധ്യതയായിത്തീരുകയും, പലരുടെയും സ്വന്തം പറമ്പുകളിൽ നിന്ന് ഇത് ഒഴിവാക്കുവാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.!
അങ്ങിനെ വളരെ കുറഞ്ഞ സ്ഥല വിസ്തൃതിയിൽ വീട് നിർമ്മിക്കാൻ ശ്രമിച്ച പലർക്കും കാവുകൾ ഒഴിപ്പിക്കുകയോ നീക്കം ചെയ്യുകയോ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല എന്ന അവസ്ഥാവിശേഷങ്ങളാണ് സംജാതമായത്.
പക്ഷെ ഈ അവസരങ്ങളെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുവാനറിയാവുന്നവർ,
ഇത് നല്ല ഒരവസരമായി കണ്ടു കൊണ്ട്,.
തീർത്തും, റിയൽ എസ്റ്റേറ്റ് മാതൃകയിൽ ഇതെല്ലാം ചുരുങ്ങിയ വിലയിൽ വാങ്ങിക്കൂട്ടുകയും,
വൻ തോതിൽ മറിച്ചുവിൽക്കുകയോ
അതല്ലങ്കിൽ കാവുകൾ ഒഴിപ്പിച്ച് അതിലെ അമൂല്യമായ സസ്യങ്ങളടക്കം വെട്ടിവിൽക്കുകയോ ചെയ്തുകൊണ്ട് അവിടെയെല്ലാം വൻകിട നിർമ്മാണങ്ങൾക്കോ, ഫ്ലാറ്റ് നിർമ്മാണങ്ങൾക്കോ ആയി വിനിയോഗിച്ചു.
പിന്നീട് മനുഷ്യരുടെ വിശ്വാസങ്ങളെ മുതലെടുത്തുള്ള കച്ചവടങ്ങളായിരുന്നു.
മനുഷ്യ ജീവിതത്തിൻ്റെ ഉയർച്ചതാഴ്ചകൾക്കുള്ള മുഖ്യ ഹേതു ഇത്തരം സർപ്പങ്ങളും, അതിനോടനുബന്ധമായ കാവുകളുമാണന്ന വിശ്വാസം മലയാള മനസ്സുകളിൽ കുടിയിരിക്കുവാൻ തുടങ്ങിയതോടെ, ജീവിതത്തിൻ്റെ പ്രാരാബ്ദങ്ങളിൽപ്പെട്ട് ഉഴലാൻ തുടങ്ങിയ മനുഷ്യർ കേരളത്തിലെ
അവശേഷശേഷിപ്പിക്കപ്പെട്ട അവസാന കാവുകളും വിറ്റ് എങ്ങോട്ടെല്ലാമോ യാത്രയായി .
പിന്നീട് വളരെ വലിയ ഭൂമാഫിയകൾ...പതിയെ , പതിയെ നടന്നടുത്തു .
കുളങ്ങൾക്ക് പുറകേ... തോടുകൾ! നീർച്ചാലുകൾ ! പാടശേഖരങ്ങൾ ! പുഴകൾ എന്നിവയും
,കുന്നുകളും , മലകളും , പ്രകൃതിയിലുള്ള സർവ്വവസ്തുക്കളും മനുഷ്യൻ്റെ അനിയന്ത്രിതമായ സുഖഭോഗങ്ങൾക്കായി , ഇടിച്ചുനിരത്തുകയോ, . ചൂഷണത്തിനിരയാക്കുകയോ ചെയ്തു
പിന്നീട് പ്രകൃതി വാദം എന്നതുപോലും ചില നിക്ഷിപ്ത താത്പ്പര്യക്കാരുടെ കപട വാദമെന്ന പ്രചരണത്തിലേക്കെത്തി. കൊഴുത്തു വന്ന ആ പ്രചരണങ്ങൾക്കിടയിലൂടെ
ഭൂമി ഒന്നാകെ കൊള്ളയടിക്കപ്പെട്ടു.
ഇപ്പോൾ പലരും ഭയാനകമായ രീതിയിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വൃതിയാനത്തെക്കുറിച്ചും, വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചുമുള്ള നിരന്തരമായ ചർച്ചകളിലാണ്.
എങ്കിൽത്തന്നെയും, നഷ്ടപ്പെട്ടെതൊന്നും, തിരിച്ചു കിട്ടില്ലന്നും, പുതുതായി ഇനി ഒന്നും തന്നെ ഈ ഭൂമിയിൽ ഉയർന്നു വരില്ലന്നമുള്ള ബോധം ഏവരിലും നിലനിൽക്കെത്തന്നെ, അവശേഷിക്കുന്ന ചെറിയ പച്ചപ്പുകളെയെങ്കിലും അടുത്ത തലമുറക്കായി സംരക്ഷിക്കാനായാൽ ഒരു തലമുറക്കായെങ്കിലും എന്തെങ്കിലും കാത്തു വെയ്ക്കുവാനായെന്ന സമാധാനത്തോടെ പലർക്കും ഈ ഭൂമിയിൽ നിന്ന് സംതൃപ്തിയോടെ യാത്ര പറയാം.!

അഭിപ്രായങ്ങള്‍