തിരിച്ചറിയണം ടോക്സിക് ബന്ധങ്ങളെ.


 ഏതുതരം ബന്ധങ്ങളിലായാലും, അതൊരുടോക്സിക് റിലേഷൻ ഷിപ്പായി ബോദ്ധ്യപ്പെടുവാൻ തുടങ്ങിയെങ്കിൽ അതിൽ നിന്നും വിടുതൽ നേടുകയോ, അതല്ല,.... അതിനു കഴിയില്ലെങ്കിൽ ,ക്രമേണ ഒരു അകലം, പാലിച്ച് മാറിനിൽക്കുവാൻ ശ്രമിക്കുകയോ ഒക്കെയാകും ഉചിതം.
അല്ലാത്തപക്ഷം അത് വലിയൊരു ദുരന്തത്തിലോ അതുമല്ലങ്കിൽ തീർത്തും അസഹനീയമായ രീതിയിൽ  ഒരു ജീവിതകാലമത്രയോ, യാതൊരു സ്വസ്ഥതയും ഇല്ലാത്ത വിധം അലട്ടിക്കൊണ്ടിരിക്കും.!


https://www.vlcommunications.in/2024/01/blog-post_13.html

ടോക്സിക് റിലേഷൻഷിപ്പ്



എന്താണ്  ടോക്സിക് റിലേഷൻ ഷിപ്പ്...?

 ടോക്സിക് റിലേഷൻഷിപ്പിന്  ഒറ്റവാക്കിൽ ഉത്തരം പറയുക എന്നത് അസാദ്ധ്യമാണ്. കാരണം അതിൻറെ ഉറവിടം ഒന്നിലേറെ കാര്യങ്ങൾകൊണ്ട് നിറഞ്ഞുനിൽക്കുന്നതാണ്. 

എങ്കിലും, സ്വതന്ത്രമല്ലാത്തതും, തീർത്തും അനാരോഗ്യകരമായി അനുഭവപ്പെടുന്നതുമായ ഏതൊരു ബന്ധത്തേയും ടോക്സിക് റിലേഷൻ ഷിപ്പായി കണക്കാക്കാം.

വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം.

 പ്രധാനമായും,  ഒരു ടോക്സിക് റിലേഷൻ ഷിപ്പിൽ പൊതുവായി കാണുന്നതെന്ന് വിചാരിക്കപ്പെടുന്ന പല കാര്യങ്ങളും, ചിലപ്പോൾ ചില ശക്തമായ കുടുംബ  ബന്ധങ്ങളിൽ പോലും, കണ്ടെന്നുവരാം. പക്ഷെ ഇവിടെ രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾക്കിടയിൽ അത് തീർത്തും അസഹനീയമായതും അനാരോഗ്യകരമായതുമായ ഒരു ഘട്ടത്തിലേക്കെത്തിച്ചേരുമ്പോഴാണ് അത് ടോക്സിക്കായി മാറിത്തീരുന്നത്..

 ഉദാഹരണത്തിന്. ഒരു പെൺകുട്ടിയുമായുള്ള ബന്ധത്തിൽ അവൾ   തൻറേതുമാത്രമെന്ന ഒരാളുടെ ഉറച്ച ചിന്ത. അതല്ലങ്കിൽ, അവൻ അല്ലങ്കിൽ അവൾ, മറ്റൊരാളുമായി കൂട്ടുകൂടുന്നതും, സംസാരിക്കുന്നതും, സന്തോഷിക്കുന്നതും ഇഷ്ടമല്ലാതിരിക്കുക,  അവരോടൊപ്പമുള്ള വ്യക്തികളെ അനാവശ്യമായി സംശയിക്കുകയും, അവരെ പിന്തുടരുകയും ചെയ്യുക, കൂടെയുള്ള ആൾ എന്തുചെയ്യണം, അതല്ലങ്കിൽ എന്തു ചെയ്യരുത് എന്നെല്ലാം സ്വയം തീരുമാനിക്കുക. കൂടാതെ , ആരുമായാണോ ബന്ധം സ്ഥാപിച്ചിരിക്കുന്നത്, അവരുടെ എല്ലാപ്രശ്നങ്ങളിലും, ആ വ്യക്തിയുടെ പോലും അനുവാദമില്ലാതെ തന്നെ  അമിതമായി കൈകടത്തുകയും, അവരുടെ വ്യക്തി സ്വാതന്ത്ര്യം പൂർണ്ണമായും ഇല്ലാതാക്കി ആ ബന്ധം പൂർണ്ണമായും വേദനാജനകമായ ഒരു അനുഭവമാക്കി മാറ്റിത്തീർക്കുകയും ചെ യ്യുന്ന ബന്ധങ്ങളെയെല്ലാം തീർച്ചയായും ഒരു ടോക്സിക് റിലേഷൻ ഷിപ്പായി കണക്കാക്കാവുന്നതാണ്.!

ചില ഘട്ടങ്ങളിൽ അത് കൂടെയുള്ളവർ ആരാണോ അവരെ ഇകഴ്ത്തി സംസാരിച്ച് സുഖം കണ്ടെത്തുന്നതിലൂടെയാകാം, അതല്ലെങ്കിൽ അവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അത് മാത്രം പറഞ്ഞുകൊണ്ട് കൂടെയുള്ള വ്യക്തിയെ വേദനിപ്പിച്ചു സുഖംകണ്ടെത്തിക്കൊണ്ടാകാം. ഇങ്ങിനെ ആരാണോ തന്നോടൊപ്പമുള്ളത് അവരുടെ  വികാരങ്ങളെയും, മാനസികാവസ്ഥകളേയും തീരെ പരിഗണിക്കാതെ, സ്വന്തം നിലക്ക് അവർ എന്തുചെയ്യണം,  എന്ത് ചെയ്യരുത് എന്നെല്ലാം സ്വയം തീരുമാനിക്കുന്നവരും ഈ ടോക്സിക് റിലേഷൻഷിപ്പിൽ പെട്ടവർ തന്നെ.

അമിതമായ വൈകാരിക പ്രകടനങ്ങൾ

 ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളുടെ വിപ്ലവകരമായ കടന്നുകയറ്റത്തോടെ, പല ബന്ധങ്ങളും വൈകാരികതകൾക്കപ്പുറം പലപ്പോഴും നിർവചനം പോലും അസാദ്ധ്യമായ ഘട്ടത്തിലാണ് . കാരണം പരസ്പരം ആകൃഷ്ടരാകുന്ന പല വ്യക്തികളെ സംബന്ധിച്ചും,  അവർ ദീർഘകാല ബന്ധങ്ങളോ, സൗഹൃദങ്ങളോ ഒന്നും ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. അതിനാൽ വളരെയേറെ ആഴത്തിലുള്ള ഗർത്തങ്ങളിലേക്ക് പതിച്ചതിന് ശേഷം മാത്രമേ അവർ നിലവിലുണ്ടായിരുന്ന ഇത്തരം ബന്ധങ്ങളെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് പോലും തയ്യാറാകൂ എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.

ടോക്സിക്കായ ഒരു വ്യക്തിയെ എങ്ങിനെ തിരിച്ചറിയാം?

 ടോക്സിക്കായി കണക്കാക്കുന്ന ഒരു വ്യക്തിയെ ശ്രദ്ധിച്ചാൽ, ബന്ധങ്ങളുടെ  ആദ്യഘട്ടത്തിൽ തന്നെ അയാൾ എവിടെയോ, വളരെ കൃത്യമായി  ഒരു ഹിഡൻ അജൻഡ മറച്ചുവെച്ചിരിക്കുന്നത് വ്യക്തമായി കാണാൻ കഴിയും. !

ചിലപ്പോൾ സംസാര മദ്ധ്യേ, സ്വയം ഒരുപാട് പുകഴ്ത്തിപ്പറയുക, യാതൊരു മുൻപരിചയവുമില്ലാതെ തന്നെ ചാടിക്കയറി സംസാരിക്കുക. കൂടെയുള്ളവരുടെ താത്പര്യം മാനിക്കാതെ ദീർഘനേരം സ്വന്തം താത്പ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് വാചാലമാവുക. പെട്ടെന്ന് മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയുന്ന വിധത്തിൽ പലകാര്യങ്ങളിലും ഇടപ്പെടുകയോ, പെരുമാറുകയോ ചെയ്യുക. ഇങ്ങിനെ തൻ്റേതു മാത്രമായതും, നിഗൂഢവുമായ ഉദ്ദേശ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി വളരെ പെട്ടെന്നുള്ള പ്രതികരണങ്ങളും, പെരുമാറ്റങ്ങളുമെല്ലാം ഇത്തരക്കാരിൽ കണ്ടെത്താവുന്നതാണ്.

 അതായത് തീർത്തും സൗഹാർദ്ദപരമോ, നിഷ്കളങ്കമോ, ആരോഗ്യകരമോ ആയ ഒരു പെരുമാറ്റത്തിന് ഉടമയായിരിക്കില്ല   ഇവരെന്ന് സാരം.

 ഇത് ചിലപ്പോൾ ശക്തമായ  ഭാര്യ ഭർത്തൃ ബന്ധങ്ങൾക്കിടയിലാക്കാം, പ്രണയബന്ധങ്ങളിലാകാം,  വ്യക്തിപരമായതും , കൂട്ടായുള്ളതും അങ്ങിനെ എവിടേയും, ഏത് ചുറ്റുപാടുകളിലും ഇത്തരം മനുഷ്യരെ   കണ്ടെത്താനാകും. 

കുടുംബ ബന്ധങ്ങളിൽ

കുടുംബ ബന്ധങ്ങളിൽ വളരെ സങ്കീർണ്ണമായ അവസ്ഥാവിശേഷങ്ങളാണ് ഇത്തരം ടോക്സിക്കായ ബന്ധങ്ങളിൽ സംഭവിക്കുന്നത്. 

ചിലർ പൊതു സമൂഹത്തിന് മുന്നിൽ മാന്യൻമാരോ, മഹതികളോ ആയി ഭാവിക്കുകയും , മാതൃകാ ഭാര്യാ ഭർത്താക്കൻമാരാണന്ന് തോന്നിപ്പിക്കും വിധം സമൂഹത്തിൽ ഇടപെടുകയും, തിരിച്ച് കുടുംബാന്തരീക്ഷത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ തീർത്തും ഭ്രാന്തമായ അവസ്ഥയിൽ കൂടെയുള്ള വ്യക്തികളെ അകാരണമായി, പീഡിപ്പിക്കുകയോ, മർദ്ദിക്കുകയോ, ശകാരിക്കുകയോ എല്ലാം ചെയ്തു കൊണ്ട് അവരെ നികൃഷ്ടമായി കീഴ്പ്പെടുത്തുകയും ചെയ്യുകയെല്ലാമാണ് ഇത്തരക്കാരുടെ രീതി.

പരാതിപ്പെടാൻ പോലും കഴിയാതെ

ഇങ്ങിനെ കുടുംബാന്തരീക്ഷത്തിലായാലും, അതിനു പുറത്തായാലും, ഇത്തരം വ്യക്തികൾക്കെതിരെ എവിടെയെങ്കിലും  പരാതിപ്പെടാൻ പോലുമുള്ള അവസ്ഥയും  പലപ്പോഴും നിഷേധിക്കപ്പെടും.

 ഒന്നുകിൽ ഇവരുടെ സ്വാധീനശക്തി കൊണ്ടോ , അതല്ലെങ്കിൽ കാര്യങ്ങളെ തന്ത്രപരമായി നീക്കുവാനുള്ള വൈശിഷ്ട്യം കൊണ്ടാേ അവർ ഒരു പരാതി പോലും നിലനിൽക്കാത്ത വിധം അത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുകയും, സമൂഹത്തിലും, കുടുംബ ബന്ധങ്ങളിലുമെല്ലാം വളരെ മാന്യൻമാരാണെന്ന് വിശ്വസിപ്പിച്ചു കൊണ്ടോ, 
തെറ്റിധരിപ്പിച്ചു കൊണ്ടോ എല്ലാം , വീണ്ടും ഇരയുടെ മേൽ ക്രൂരമായ ആക്രമണം അഴിച്ചു വിട്ട് ആനന്ദിക്കുകയും ചെയ്യും.

ഇരയും, വേട്ടക്കാരനും

മറ്റൊരർഥത്തിൽ ടോക്സിക് ബന്ധങ്ങളിൽ ഒരു വേട്ടക്കാരൻ ഇരയെ ബുദ്ധിപൂർവ്വം കെ
ണിയിൽ വീഴ്ത്തി കീഴ്പ്പെടുത്തി  അത് ആഹ്ളാദത്തോടെ ഭക്ഷിക്കുമ്പോഴുള്ള ഒരു മാനസികാവസ്ഥക്ക് തുല്യമായ ഭ്രാന്താണ് പലരിലും കണ്ടുവരുന്നത്. പക്ഷെ അത് സാധാരണ ജീവിതത്തിൽ എവിടേയും അവർ അത് പുറത്ത് പ്രകടമാക്കുകയുമില്ല. അതായത് അത്രത്തോളം ഹീനമായതും, ഗൗരവമായതുമായ ഒരു നിഗൂഢ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്നവരാണ് ഇവരിൽ പലരും .

വികാരങ്ങളെ സ്വാധീനിക്കുക.

വികാരങ്ങളെ പരമാവധി മുതലെടുക്കുകയോ, ചൂഷണം ചെയ്യുകയോ എന്നതെല്ലാമാണ് സാധാരണ പ്രണയ ബന്ധങ്ങളിൽ ഇത്തരക്കാർ ചെയ്യുന്നത്.

 ഇരയുടെ മനോഗതങ്ങൾ വ്യക്തമായും മനസ്സിലാക്കി  അവർ ആവശ്യപ്പെടാതെ തന്നെ, നിരവധി വാഗ്ദാനങ്ങൾ നൽകുക, കലവറയില്ലാത്ത സ്നേഹം പ്രകടിപ്പിക്കുക, സഹായം വാഗ്ദാനം ചെയ്യുക, അനാവശ്യമായ പിന്തുണയുമായി വരിക,  ഇങ്ങിനെ ഉപരിപ്ലവമായ വ്യത്യസ്ഥ തരം സ്നേഹ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് ചുറ്റിവരിയാൻ ശ്രമിക്കുന്നതായുമെല്ലാമാണ് സാധാരണ ടോക്സിക് ബന്ധങ്ങളിൽ ആരംഭിക്കുന്നത്.   

മറ്റു ചിലർ കൂടെയുള്ള വ്യക്തിയുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്തും, മറ്റുചിലർ വീഴ്ച്ചകളിൽ സഹായ ഹസ്തം നീട്ടിക്കൊണ്ടും,. ഇങ്ങിനെ എവിടെയാണോ ഇരയുടെ ദൗർബല്യങ്ങളെന്ന് കൃത്യമായും മനസ്സിലാക്കി ഇടപ്പെട്ടു കൊണ്ടാണ് അവർ ഇരകളെ തങ്ങളുടെ ഇംഗിതങ്ങൾക്കനുസൃതമായി വലയിലാക്കി വരുതിയിൽ നിർത്തുന്നത്.  

പ്രധാനമായും ടോക്സിക്കായ ബന്ധങ്ങളിൽ വികാരപരമായ ദൗർബല്യങ്ങളേയും, സാഹചര്യങ്ങളുമേയുമെല്ലാം ഭംഗിയായതോതിൽ ഉപയോഗപ്പെടുത്തി അവർ ഇരകൾക്കുമേൽ തങ്ങളുടെ ഇംഗിതങ്ങൾ സ്ഥാപിച്ച് കീഴ്പ്പെടുത്തി അതിൽ നിന്നുള്ള മാനസികോല്ലാസത്തെ ലഹരിയായായി കൊണ്ടുനടക്കുന്ന മനുഷ്യരാണ് തീർത്തും അപടകാരികൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്നത്. 

പലപ്പോഴും കൂടെയുള്ളവർ ഇത്, തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാന പ്രശ്നം. തിരിച്ചറിയുമ്പോഴാകട്ടെ കൂടെയുള്ള   വ്യക്തിക്ക് ശ്വാസം നേരെവിടാൻ പോലും കഴിയാത്തവിധം, അവർ ഇരയെ , തൻറെ വരുതിയിലാക്കി കഴിയുകയും ചെയ്യും.

ഇങ്ങിനെയല്ലൊമായിരിക്കുമ്പോഴും, എത്ര വലിയ തെറ്റുകളാണ്  ഇവർ ചെയ്തു കൂട്ടുന്ന തെന്ന ഉത്തമ ബോദ്ധ്യം അവർക്ക് സ്വയം ഉള്ളപ്പോൾ തന്നെയും, ഒരിക്കലും അത്തരം കാര്യങ്ങളിൽ ദുഃഖമോ , കുറ്റബോധമോ , ഒന്നും ഇവർക്ക് ഉണ്ടാകില്ലന്നു മാത്രമല്ല ,ശുദ്ധമായ നുണകൾ കൊണ്ടുപോലും അവർ അതിനെ ന്യായീകരിക്കുവാൻ ശ്രമിക്കുകയും ചെയ്യും.

ഫലത്തിൽ, താൻ ചെയ്ത തെറ്റുകളിലെ  വേദന മൂലം ഇര കിടന്ന് പിടയ്ക്കുന്നത് കണ്ട് ആസ്വദിക്കുക എന്നതാണ് ഇത്തരക്കാരുടെ മുഖ്യമായ മാനസിക സന്തോഷം എന്നു തന്നെ പറയാം.


 പലപ്പോഴും ഇത് ഒരിക്കലും ചികിത്സിച്ച്ഭേദമാക്കുവാനോ, ടോക്സിക്കായ വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുവാനോ എല്ലാം  അസാദ്ധ്യമായെന്നും വരും. കാരണം ഇവർ പലകാര്യങ്ങളും, ചിന്തിച്ചുകൂട്ടുന്നതും, ആസൂത്രണം ചെയ്യുന്നതുമെല്ലാം വളരെ നിഗൂഢമായതും , ആസൂത്രിതവുമായ ബുദ്ധി ഉപയോഗിച്ചായിരിക്കും എന്നതുതന്നെ.

മറ്റുചിലർ ചിലപ്രത്യേക സാഹചര്യങ്ങൾകൊണ്ടുമാത്രം ടോക്സിക്കായി മാറിപ്പോയവരുമുണ്ടാകാം.

അത്തരക്കാരെ കൃത്യമായ കൗൺസിലിംഗിൽക്കൂടിയോ, അതല്ലങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലോ ശരിയായ മാനസികാരോഗ്യ അവസ്ഥയിലേക്കെത്തിക്കാമെങ്കിലും, മറ്റ് ചില കേസുകളിൽ അത് സാദ്ധ്യമല്ല . 

അതിനാൽ ടോക്സിക്കായി ബോദ്ധ്യപ്പെടുന്ന ഏതു തരം ബന്ധങ്ങളിൽ നിന്നും, വളരെ തന്ത്രപരമായി, അവർക്കുപോലും തീരെ ബോദ്ധ്യപ്പെടാത്ത വിധത്തിൽ ഇതിൽ നിന്നും രക്ഷപ്പെടുക എന്നതു തന്നെയാണ് ഉചിതമായ മാർഗ്ഗമെന്നും ഈ രംഗത്തെ പ്രമുഖരായ ചില മാനസികാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഇത് കുടുംബ ബന്ധങ്ങളിലും, പ്രണയ ബന്ധങ്ങളിലും മാത്രമല്ല . 

സമൂഹത്തിലെ എല്ലാതലങ്ങളിലും സാഹിത്യം, കല, രാഷ്ട്രീയം, തൊഴിൽ  തുടങ്ങി ഉന്നതമെന്നും പവിത്രമെന്നും പൊതു സമൂഹം കൽപ്പിക്കുന്ന വ്യക്തികളിലും, സ്ഥാപനങ്ങളിലും, സംഘടനകളിലും വരെ ഇപ്പോൾ ആഴത്തിൽ പരന്നുകിടക്കുന്നതാണ് ഇത്തരം മനോവൈകൃതങ്ങളുടെ ലോകം.

അതിനാൽ ഏതു തരം ബന്ധങ്ങളേയും കൃത്യമായും , സൂക്ഷ്മമായും തിരിച്ചറിയുക എന്നതുതന്നെയാണ് ഇന്നത്തെ ആധുനികവും, തിരക്കേറിയതുമായ ഈ സാമൂഹ്യന്തരീക്ഷത്തിൽ കൂടുതലായി  ശ്രദ്ധിക്കേണ്ടതും



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌