ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര്‍ ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ലഹരിയിൽ മയങ്ങുന്ന കൗമാരം
മദ്ധ്യകേരളത്തിൽ കുറച്ചു നാളുകൾക്ക് മുൻപുണ്ടായ ഒരു സംഭവമാണ്. അതിരാവിലെ കോളിംഗ് ബെൽ അമർത്തുന്ന ശബ്ദംകേട്ടാണ് വീട്ടുകാരൻ വാതിൽ തുറന്നത്. അപരിചിതരായ രണ്ടുപേർ. പോലീസിൽ നിന്നാണന്ന് സ്വയം പരിചയപ്പെടുത്തി. അത്ഭുതം കൂറിനിന്ന വീട്ടുകാരുടെ നേരെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ എടുത്ത് കാണിച്ച് ഒരു പോലീസുകാരൻ ചോദിച്ചു "മകളാണോ...? "അതേ...." വീട്ടുകാരൻ അമ്പരപ്പോടെ ആ ഫോട്ടോ നോക്കുന്നതിനിടയിൽ പോലീസുകാരൻ വീണ്ടും ചോദിച്ചു.... " മകൾ ഇപ്പോൾ എവിടെയുണ്ട്...?" " മുകളിലുണ്ട്. .? " "ശരി ഒന്നു വിളിക്കൂ..." പോലീസുകാരൻ പറഞ്ഞു.
ലഹരി
അയാൾ എന്താണ് കാര്യമെന്നു മനസ്സിലാകാതെ മകൾ കിടന്നുറങ്ങിയിരുന്ന വീടിൻ്റെ മുകൾ നില ലക്ഷ്യമാക്കി ധൃതിയിൽ ഗോവണികൾ കയറി.
പക്ഷെ അയാളുടെ പ്രതീക്ഷകൾക്കുവിപരീതമായി മകളുടെ മുറി മലർക്കെ തുറന്നുകിടന്നു .അയാൾ പലവട്ടം മകളെ ഉച്ചത്തിൽ വിളിച്ചുവെങ്കിലും അവൾ അവിടെയെങ്ങുമുണ്ടായില്ല. നിരാശയോടും പരിഭ്രമത്തോടും ഗോവണിയിറങ്ങിവന്ന അയാളോട് പോലീസുകാർ ചോദിച്ചു. "എന്തുപറ്റീ...?" അയാൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. - ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുവാനായി മുകൾ നിലയിലുള്ള മുറിയിലേയ്ക്കു പോയതാണ്, പക്ഷെ... ഇപ്പോൾ..." അയാൾ പറഞ്ഞു മുഴുമിപ്പിക്കന്നതിനുമുൻപേ ഒരു പോലീസുകാരൻ പറഞ്ഞു. "ഭയപ്പെടേണ്ട... മകൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്...! "
- പോലീസുകാരൻ്റെ അപ്രതീക്ഷിതമായ പ്രതികരണം കേട്ട് അയാൾ ഞെട്ടിത്തരിച്ചു.-
പുറത്തെ ശബ്ദം കേട്ട് മുറിക്കകത്തുനിന്നും ഇറങ്ങി വന്ന അയാളുടെ ഭാര്യ, പോലീസിനേയും, അവരുടെ സംഭാഷണങ്ങളും കേട്ട് അകത്തെ സോഫയിൽ ബോധമറ്റ് വീണു.
തങ്ങൾ ലാളിച്ചുവളർത്തിയ കൗമാരത്തിലേക്കെത്തിയ ഒരേയൊരുമകൾ ഒരു മയക്കുമരുന്ന് സംഘത്തിലെ അംഗമാണന്നറിഞ്ഞ അവർ പോലീസിൻ്റെ വാക്കുകൾ വിശ്വസിക്കാനാകാതെ ആകെ തകർന്നുപോയി.!
ഇത് നിത്യേനയെന്നോണം നാം കേൾക്കുന്ന കഥകളിൽ ചിലതുമാത്രം, എന്നാൽ ഇതിലും എത്രയോ അവിശ്വസനീയമായി തോന്നിയേക്കാവുന്ന സംഭവങ്ങളാണ്, തങ്ങൾ പലപ്പോഴും,സാക്ഷ്യം വഹിക്കുകയും, കാണുകയും, കേൾക്കുകയും ചെയ്യുന്നതാണ് ഇത്തരം ലഹരി വിരുദ്ധ സ്ക്വാഡുകളിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർ പറയുന്നത്. എന്നുവെച്ചാൽ നമ്മുടെ പരിസരങ്ങളെ, ലഹരിമാഫിയ അത്രയേറെ പിടിമുറുക്കിയിരിക്കുന്നു എന്നർത്ഥം.!
കുറച്ചു നാളുകൾ മുൻപ് വരെയുള്ള പല വിശകലനങ്ങളിലും, പലപ്പോഴും കൗമാരക്കാർ ഇത്തരംലഹരിയുമായി ബന്ധപ്പെട്ട കൂട്ടങ്ങളിലേക്കെത്തിച്ചേരുന്നതിനുപിന്നിലെ പ്രധാന വില്ലനായി കണ്ടിരുന്നത് കുടുംബ സാഹചര്യങ്ങൾ, കടുത്ത മാനസിക സംഘർഷം,, അതല്ലങ്കിൽ ആത്മ വിശ്വാസമില്ലായ്മ, ഇതൊക്കെയായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ വ്യാപനവും, അത് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രത്യേക സംസ്ക്കാരവും, പുതിയതരം സൗഹൃദങ്ങളുമെല്ലാം ഇതിന്, വലിയ തോതിൽ ആക്കംകൂട്ടുന്നു.അതുകൊണ്ടുതന്നെ ഇത്തരക്കാരെ പെട്ടെന്നു കണ്ടെത്തുവാനോ, നിരീക്ഷിക്കുവാനോ ഒന്നും കഴിഞ്ഞെന്നും വരില്ല. ! .മാത്രമല്ല ഇത് ഏറ്റവും വലിയ മോശപ്പെട്ട സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ മാത്രമേ, വീട്ടുകാരും, അതല്ലങ്കിൽ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നവർ, പോലും ഇത് തിരിച്ചറിയാറുമൊള്ളൂ. . അത്രയേറെ നിഗൂഢവും, രഹസ്യവുമാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ.!
പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ പുതിയ തലമുറ ഇത്തരം കാര്യങ്ങളിലേക്ക് ഇപ്പോൾ വളരെ ബോധപൂർവ്വം തന്നെയാണ് ഇറങ്ങിച്ചെല്ലുന്നതെന്നാണ്, .പലപ്പോഴും മനസ്സിലാകുന്നത്. അതിൻറെ മുഖ്യ കാരണമായി തോന്നുന്നത്, ജീവിതത്തെക്കുറിച്ചുള്ള ശരിയായ ഉൾക്കാഴ്ച്ചയില്ലായ്മയും, വികലമായ വീക്ഷണങ്ങളും, അറിവില്ലായ്മയുമൊക്കെത്തന്നെ. അതുകൊണ്ട്,.ലഹരിയുടെ വ്യാപനത്തെക്കുറിച്ച് പല സാമൂഹ്യ നിരീക്ഷകരും ഇപ്പോൾ വിരൽ ചൂണ്ടുന്നതും ഈ ഒരു ദിശയിലേയ്ക്കുതന്നെ . പണ്ട് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളിൽ പലതിലും മൂല്യബോധം എന്ന വാക്കിന് അറിഞ്ഞോ, അറിയാതെയോ വലിയ പ്രസക്തിയുണ്ടായിരുന്നു. എന്നാൽ ഇന്നോ....? അത്തരം വാക്കുകൾ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല.. ആധുനിക സംസ്ക്കാരത്തിൻ്റെ ഭാഗമായ 'അടിച്ചുപൊളി' എന്നതാണ് ഇപ്പോൾ പരക്കെ എല്ലാവരും അംഗീകരിച്ചിരിക്കുന്ന ഒരുപ്രയോഗം തന്നെ.
എന്താണ് ഈ അടിച്ചുപൊളി...? കുറഞ്ഞ സമയം കൊണ്ട് ജീവിതം വളരെ കളർഫുള്ളായി ഘോഷിച്ചു തീർക്കുക.! അതിന് എന്തുവേണം ...? പണം വേണം! . പണമുണ്ടെങ്കിലോ ? എല്ലാ സൗകര്യങ്ങളും തൊട്ടു മുന്നിൽ എപ്പോഴും റെഡി.!!
ഇനി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണമുണ്ടാക്കുവാനാണങ്കിലോ...? അതിനും, യാതൊരു പ്രശ്നവുമില്ല...! ഒരുബൈക്കും, ഒരു മൊബൈൽ ഫോണും മാത്രംമതി. ഇനി ബൈക്ക് സ്വന്തമായി ഇല്ലെങ്കിലും, അത് ഒരു വിഷയമല്ല..! അത് മറ്റെവിടെനിന്നെങ്കിലും മോഷ്ടിച്ച് കൊണ്ടുവന്ന് തരുവാനുള്ള ' ചങ്കുകളും റെഡി ' അപ്പോൾ പിന്നെ അങ്ങ് തുടങ്ങാം...! ചില സിനിമയിലെ നായിക കഥാപാത്രം പറയുന്നതുപോലെ, കുറച്ച് ആത്മ ധൈര്യവും, ചങ്കുറപ്പും മാത്രംമതി.!
ഇതുപോലെയുള്ള ഒരുപാട് മിഥ്യാധാരണകളും, പ്രായത്തിൻറെ അപക്വമായ എടുത്തുചാട്ടങ്ങളുമായെല്ലാം നടക്കുന്ന യുവാക്കളെയാണ്, ലഹരിമാഫിയ മുഖ്യമായി ഉന്നം വെയ്ക്കുന്നതും, വലയിൽ വീഴുന്നതും.
എന്നാൽ ജീവിതത്തിൻ്റെ ഇത്തരം മോഹവലയം കെട്ടാൻ പോയ ചിലർ ആദ്യഘട്ടങ്ങളിൽ, ചിലപ്പോൾ കുറച്ചു വിജയിച്ചെന്നുമെല്ലാമിരിക്കും., എന്നാൽ ആ താത്കാലിക വിജയങ്ങൾക്കപ്പുറത്തേയ്ക്ക് അവരെ കാത്തിരിക്കുന്നതോ... ഒരിക്കലും പുറത്തുചാടാൻ കഴിയാത്തത്ര ആഴവും, പരപ്പുള്ള വലിയ ചതിക്കുഴികളും.. ! ഇതാണ് കുറച്ചു നാളുകളായി ജീവിതം അടിച്ചുപൊളിക്കാൻ തുനിഞ്ഞിറങ്ങിയ പലരുടെയും ജീവിതത്തിൽ കണ്ടുവരുന്നത്!
ജീവിതത്തിൽ, ഒന്നിനോടും യാതൊരു ബാദ്ധ്യതയോ, ആശ്രിതത്വമോ ഇല്ലാതെ സ്വന്തം സുഖത്തിൽ മാത്രം മതിമറന്ന് ജീവിതം ഘോഷിക്കുക. അങ്ങിനെ ജീവിതം താത്ക്കാലികമായ ഘോഷത്തിൻ്റേയും, അമിതാഹ്ളാദത്തിൻറേയും പെരുമ്പറ മുഴക്കങ്ങളിൽ തിമിർത്താടി, എപ്പോഴോ സ്വബോധം വീണ്ടുകിട്ടി തിരിഞ്ഞുനോക്കുമ്പോഴാകും, തനിക്ക് അത്രമേൽ പ്രിയതരമായിരുന്നവ പോലും എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടുകഴിഞ്ഞുവെന്ന് ബോദ്ധ്യത്തിലേക്കെത്തിച്ചേരുക. പക്ഷെ അപ്പോഴേയ്ക്കും ജീവിത്തിൻറെ പച്ചപ്പും, സ്വപ്നങ്ങളും എല്ലാം നഷ്ടപെട്ടിട്ടുണ്ടാകും. ഇത് മദ്യപാനം മുതലുള്ള ഏത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും, വിതരണത്തിലുമെല്ലാം കാണുന്ന കാഴ്ചകൾ തന്നെയാണ്.
ആദ്യഘട്ടങ്ങളിൽ, ജീവിതത്തിൻ്റെ കഠിനമായ അസ്വസ്ഥതകളിൽ നിന്ന് താത്കാലിക മോചനം നേടുവാൻ വേണ്ടി മാത്രം, ആഗ്രഹിച്ചവരും, ഇതിൻറെ അവസ്ഥയെക്കുറിച്ചറിയുവാൻ വേണ്ടി മാത്രം തുടങ്ങിയവരും, കൂട്ടുകാരോടൊപ്പം വെറുതെ ഒരു രസത്തിന് തുടക്കമിട്ടവരുമെല്ലാം, ഇക്കൂട്ടത്തിൽ ഒരുപാട് കാണാം, കൂടാതെ ലഹരിക്കടിമപ്പെട്ട് കൊടും ക്രിമിനലുകളായിത്തീർന്നവരുടേയും, ഗത്യന്തരമില്ലാതെയും, ചതികളിൽപ്പെട്ട് ആത്മഹത്യ ചെയ്തവരുടേയുമെല്ലാം ഒരുപാട് കഥകളും ഇതിൽ കെട്ടുപിരിഞ്ഞ് കിടക്കുന്നു.
ഇതിനെല്ലാത്തിനുമപ്പുറം ഇന്ന് ഏതുതരം ലഹരിയ്ക്കും സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം അറിഞ്ഞോ, അറിയാതെയോ ആധുനിക സംസ്ക്കാരത്തിൻ്റെ ഭാഗമായി കൽപ്പിച്ചുകൊടുക്കുവാൻ തുടങ്ങിയതും ഇന്ന് ലഹരിയുടെ വ്യാപനത്തിന് വലിയ കാരണമായിട്ടുണ്ട്.
എന്തായാലും വളരെ ബോധപൂർവ്വം ,പുതുതലമുറകളെ വളരെ ചെറു പ്രായത്തിൽ തന്നെ, ഇതിൻറെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് ശരിയായ ബോധവത്ക്കരണം നടത്തുകയും, ഇത് വ്യക്തിയേയും, സമൂഹത്തേയുമെല്ലാം എത്രയേറെ അനാരോഗ്യകരവും, ഭീദിതവുമായ തലങ്ങളിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്നുമുള്ള ശരിയായ അറിവ് പകർന്നു നൽകുകയും ചെയ്തില്ലങ്കിൽ ഇതാകും ഒരു പക്ഷേ സമൂഹത്തെ വലിയതോതിൽ അപകടപ്പെടുത്തുവാൻ കഴിഞ്ഞേക്കാവുന്ന വലിയ മൂർച്ചയേറിയ ആയുധം.!
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ശംഖു വൈറലാണ്.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍