Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
കൗമാരങ്ങളിൽ ലഹരിനിറയുമ്പോൾ.
കൗമാരങ്ങളിൽ ലഹരിനിറയുന്നതിൽ , ആരാണ് കുറ്റക്കാർ...? നാട്ടിൽ ഭരണചക്രം തിരിക്കുന്ന സർക്കാരോ...? സമൂഹമോ, അതല്ലങ്കിൽ സുഹൃത്തുക്കളോ...?
ഒരുവിഷയം വരുമ്പോൾ അതിൽ ആരെയെങ്കിലുമൊക്കെ പഴിചാരി സ്വയം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുക എന്ന ശൈലിയാണ് ഇപ്പോഴും പതിവുപോലെ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത്.
ഇക്കാര്യത്തിൽ പൊതുവിൽഗൗരവതരമായികാണേണ്ട രണ്ടു സുപ്രധാനപ്രശ്നങ്ങളിൽ ഒന്ന്..പതിവിന് വിപരീതമായി ഇത്രയേറെ ലഹരിവസ്തുക്കൾ ഈ രാജ്യത്തേക്ക് എവിടെനിന്ന് വരുന്നു....? അതല്ലങ്കിൽ ആരാണ് ഒഴുക്കിവിടുന്നതെന്നതാണ് സുപ്രധാനചോദ്യം
![]() |
കൗമാരങ്ങളിൽ ലഹരിനിറയുമ്പോൾ. |
പലപ്പോഴും മയക്കുമരുന്നുമായി ബന്ധപ്പെട്ടവാർത്തകളിൽ ഉന്നതകക്ഷി രാഷ്ട്രീയ ബന്ധമുള്ളവരുടെയും, സെലിബ്രിറ്റികളുടെയും, ഭരണതലങ്ങളിലുമെല്ലാം, വളരെയധികം സ്വാധീനം ചെലുത്തുവാൻ കഴിവുള്ളവരുടേയുമൊക്കെ പേരുകളാണ് പരാമർശവിധേയമായി കടന്നുവരുന്നത്, അതിനാൽ തന്നെ ഉദ്യോഗസ്ഥർപോലും, അത്തരം കാര്യങ്ങളിൽ വലിയരീതിയിലുള്ള താത്പ്പര്യമെടുത്ത് കേസുകൾക്ക് പുറകേപോകുവാൻ താത്പ്പര്യമെടുക്കുന്നില്ല എന്നതുമെല്ലാം, മയക്കുമരുന്ന് മാഫിയകൾക്ക് രാജ്യത്തെവിടേയും സ്വാധീനമുറപ്പിക്കുന്നതിനും, ഒരു കാരണമാണ്!
എങ്കിലും, ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും പുതിയ ആധുനിക സംസ്ക്കാരത്തിൻ്റെ തന്നെ, ഭാഗമായ , പണത്തോടും, ആഡംബരജീവിതത്തോടൊപ്പമുള്ള അത്യാസക്തിയും, ഭ്രമങ്ങളുമെല്ലാം ഒരു ന്യൂജനറേഷൻ തലമുറയെ ഇപ്പോൾ, ലഹരിമരുന്ന് വാഹകരാകുന്നതിലേക്കുള്ള പടികൾ ചവിട്ടാൻ പലപ്പോഴും പ്രേരിപ്പിക്കുന്നു..
മദ്യവും, പുകവലിയുമൊഴിച്ചുള്ള ഏതൊരു ലഹരിയുടെ ഉപയോഗവും ശാരീരികാരോഗ്യത്തിൽ കാര്യഗൗരവമുള്ളതല്ലന്ന മിഥ്യാധാരണകളും, ലഹരിയുടെ ഉപയോഗം ഒരു ആധുനിക സംസ്ക്കാരത്തിൻ്റെ തന്നെ ഭാഗമാണന്ന സങ്കൽപ്പങ്ങളുമെല്ലാം, ഇന്ന് പുതുതലമുറക്കാർക്കിടയിൽ ലഹരിഉപയോഗത്തിന്, വലിയ സ്വീകാര്യത നൽകുന്നു
കൂടാതെ ലഹരി മാഫിയ സംഘങ്ങൾക്ക് ഫലപ്രദവും, കൂടുതൽ ലാഭകരവുമായ രീതിയിൽ , അതിൻറെ ശൃംഖലയുടെ വിപുലീകരണത്തിനും, പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുമായി വിദ്യാലയങ്ങളും, കലാലയങ്ങളുമെല്ലാം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ്, അവർ ലക്ഷ്യം വെയ്ക്കുന്നത്, ഒരു പുതുതലമുറയെ ഒന്നടങ്കം വലിയരീതിയിലുള്ള ദുരന്തമായ, അത്യാപത്തുകളിലേക്കാണ് ഇതുവഴി വലിച്ചിഴക്കുന്നതും..
സാഹചര്യങ്ങൾ ഇങ്ങിനെയൊക്കെയായിരിക്കെ, പലപ്പോഴും കൗമാരക്കാർക്കിടയിൽ ലഹരിയുടെ വ്യാപനം സാദ്ധ്യമാക്കുന്നതിൽ വലിയൊരു പങ്ക് അവരുടെ ജീവിത സാഹചര്യങ്ങൾക്കുമുണ്ട്.
കനത്ത സാമ്പത്തികപ്രതിസന്ധി. കുടുംബത്തിലെ അരക്ഷിതാവസ്ഥ, കലഹങ്ങൾ, സ്വരച്ചേർച്ചയില്ലായ്‌മ, ഇതെല്ലാം ഒരുവശത്ത് വില്ലനായിത്തീരുമ്പോൾ, ചിലയിടങ്ങളിൽ കുട്ടികൾക്കുള്ള അമിതസ്വാതന്ത്ര്യവും, വാത്സല്യങ്ങളുമെല്ലാമാകും. ഗുരുതര പ്രശ്നങ്ങളായി മാറിത്തീരുക.
പൊതുവിൽ കുടുംബാന്തരീക്ഷത്തിൽ കുട്ടികളും മുതിർന്നവരുമെല്ലാം ഒന്നിച്ചിരിക്കുകയും, ,... ഏതൊരു വിഷയവും തുറന്ന ചർച്ചക്ക് വിധേയമാക്കുകയും, അതുവഴി കുട്ടികളുടെ അടുത്ത സുഹൃത്തുക്കളായി ഓരോരുത്തരും കുടുംബാംഗങ്ങൾക്കും മാറുവാനും കഴിഞ്ഞാൽ തീർച്ചയായും അവർ വളരെ മികച്ച ഒരു മാനസികാരോഗ്യ ഘടനയിലൂടെ തന്നെയാകും വളർന്നുവരിക.
ഇപ്പോൾ, പുതിയതരം ശാസ്ത്രസാങ്കേതികവിദ്യകളും, അറിവുകളുമെല്ലാം പ്രായത്തിനും ചിന്തകൾക്കും അതീതമായി പുതുതലമുറയെ സ്വാധീനിക്കുകയും, അവർ അതെല്ലാം ഗൗരവതരമായി മനസ്സിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടങ്കിൽപോലും,. പലപ്പോഴും എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാവുന്ന കനത്ത ജീവിത പ്രതിസന്ധികളെക്കുറിച്ചോ, ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചോ ഒന്നും വേണ്ടത്ര അനുഭവങ്ങളോ, ധാരണകളോഒന്നും അവർക്ക് ഇല്ലാത്തിടത്തോളം, കൗമാരഘട്ടങ്ങളിൽ കുട്ടികളെ എന്താണോ വലിയ തോതിൽ സ്വാധീനിക്കാൻ ഇടവരുന്നത്, ഒരു പക്ഷേ അതിലൂടെ മാത്രമാകും പിന്നീടുള്ള അവരുടെ സഞ്ചാരപഥങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതും
ഇവിടെ, നിരന്തരം പുതുക്കിമാറ്റപ്പെടുന്ന ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതിക്കപ്പുറം, ഈ ലോകമെന്തെന്നും , രാജ്യമെന്തെന്നും, രാജ്യത്തു സംഭവിക്കുന്ന ഓരോ മാറ്റങ്ങൾക്കുമനുസൃതമായി, മനുഷ്യജീവിതം എത്രയേറെ സങ്കീർണ്ണമായ സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതെന്നെല്ലാമുള്ള ഒരു സാമൂഹ്യ അവബോധം കൂടി കുട്ടികളിൽ വളരെനേരത്തേതന്നെ, തീർച്ചയായും, ഇന്നത്തെ മാറുന്ന ലോകസാഹചര്യങ്ങളിൽ സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ട്.പ്രത്യേകിച്ചും, ഉപരിപഠനത്തിനും,വിദ്യാഭ്യാസത്തിനും, തൊഴിലുകൾക്കുമൊക്കെയായി വലിയൊരു ശതമാനം മനുഷ്യരും ഇന്ന് ഇൻഡ്യവിട്ട് മറ്റുപല വിദേശരാജ്യങ്ങളിലേക്കും പറക്കുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തിൽ.
ഇപ്പോൾ ഇവിടെ നാട്ടിലെവിടെയും പൊതുവിൽ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു, കണക്കെടുത്താൽ, ലഹരിക്കടിമയാകുന്ന മൂന്നുതരം വിഭാഗങ്ങളെയാണ് നമുക്ക് പലയിടങ്ങളിലും കാണാൻ കഴിയുക..
അതിൽ, പ്രധാനമായും ആദ്യവിഭാഗത്തിൽ, രാവിലെ മുതൽ, വൈകുന്നേരം വരെ കൂലിവേലചെയ്ത് തളർന്നു. അവശനിലയിൽ വീട്ടിലേയ്ക്കെത്തിച്ചേരുന്ന സാധാരണക്കാരായ കുറേ മനുഷ്യരുടെ കൂട്ടങ്ങളാണ്. അവർ നാടൻ കള്ളുമുതൽ തീരെവിലകുറഞ്ഞ കഞ്ചാവ് വരെ ഉപയോഗിക്കുമ്പോൾ, മറ്റൊരു കൂട്ടർ, പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളോ, കാഴ്ചപ്പാടുകളോ ഒന്നുംതന്നെയില്ലാതെ, മണ്ണിൽ പിറന്നുപോയെന്ന ഒരേയൊരു കാരണം കൊണ്ടുമാത്രം ,കാലം കഴിക്കുവാൻ പണിപ്പെട്ട്, ക്രിമിനലുകളായും, തെരുവുഗുണ്ടകളുമായൊക്കെ സമൂഹത്തിൽ അഴിഞ്ഞാടുന്നതുകാണാം. ഇവരാണ് യഥാർത്ഥത്തിൽ വീര്യം കൂടിയ തരം ലഹരിമരുന്നുകളുടെ ഉപഭോക്താക്കൾ . അതിനാൽ തന്നെ, ഇത്തരം അഴിഞ്ഞാട്ടക്കാരെ സമൂഹം വല്ലാതെ ഭയപ്പെടുകയും, എന്തും ചെ യ്യാൻ മടിയില്ലാത്ത വിധം അക്രമങ്ങൾ അഴിച്ചുവിട്ട് നാട്ടിൽ ഭീതി പരത്തുകയുകമെല്ലാമാണ് ഇത്തരം ഗ്രൂപ്പുകളുടെ പദ്ധതി !
ഇതുപോലെ തന്നെ മറ്റൊരു വിഭാഗമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ എന്തു വിലയും നൽകി ലഹരിയായി മാറ്റുവാൻ തീരുമാനിച്ചുറപ്പിച്ചവരാണ്. അത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള മാനുഷികതയോ , ഹൃദയ ബന്ധങ്ങളോ ഒന്നും വലിയ പ്രശ്നമാകാറില്ല. അതിൽ ഏറിയപങ്കും സമൂഹത്തിലെ ഉപരിവർഗ്ഗങ്ങളും, കൗമാരങ്ങളുമെല്ലാമാകും. ഇവരേയും വളരെയേറെ സൂക്ഷിക്കേണ്ടതും, വലിയ തോതിലുള്ള മയക്കുമരുന്ന് റാക്കറ്റുകളുടെ പിൻതുണയും ഇവർക്കുണ്ടാകുമെന്നതും സ്വാഭാവികമാണ്!
അങ്ങിനെ ലഹരിയെന്ന സവിശേഷതകളിലേ ക്ക് മാത്രമായി ഒഴുകിയെത്തുന്ന ഈ മൂന്നു വിഭാഗങ്ങളേയും ആഴത്തിൽ പരിശോധിച്ചാൽ കാണുവാൻ കഴിയുന്ന ഏറ്റവും വലിയ പ്രത്യേകത, മേൽ ചൂണ്ടിക്കാണിച്ചപോലെ തന്നെയുള്ള ഏതെങ്കിലും, സാമൂഹ്യ-ജീവിത അവബോധങ്ങളോ, താൻ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചു പോലുമോ യാതൊരു ധാരണകളോ, പ്രതിബദ്ധതയോ വെച്ചുപുലർത്താത്ത പ്രത്യേകതരം വ്യക്തിത്വത്തിനടിമയായ കുറേയേറെ മനുഷ്യരാണ് ഇവരെന്ന് കാണാം.
അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലഹരി വിമോചന ക്യാമ്പുകളിൽ എത്തിക്കുകയോ, അവർക്കായി ബോധവത്ക്കരണം നടത്തുവാനോ ഉള്ള പദ്ധതികളെല്ലാം വെറും വെള്ളത്തിൽ വരച്ച പോലെ തന്നെയാകും പലർക്കും അനുഭവേദ്യമായിട്ടുള്ളതും ! മിക്കവാറും എല്ലാ മയക്കുമരുന്നു കേസുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരോ, പിടിക്കപ്പെടുന്നവരോ എല്ലാം ഏകദേശം മേ ൽ ചൂണ്ടിക്കാണിച്ച മൂന്നു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നുതന്നെയായിരിക്കും ചെയ്യും!
ലഹരിക്കടിമയാകുന്നവരെ നാടും വീടും സമൂഹവും ഒറ്റപ്പെടുത്തുന്നതാണ് ഇതിനെക്കാളേറെ മുഖ്യ പ്രശ്നം. അതിലൂടെ തങ്ങൾ തീർത്തും അപമാനിക്കപ്പെടുകയും, അപഹാസ്യരുമായി തീരുന്നുവെന്ന ചിന്ത കൂടി ഇവർക്ക് കൈവരുകയും ചെയ്യുന്നതോടെ, സ്ഥായിയായി ഉള്ളിൽ ഉറങ്ങുന്ന പകയും, വെറുപ്പും, വിദ്വേഷവുമെല്ലാം സടകുടഞ്ഞെഴുന്നേൽക്കുകയും പിന്നീട് അത് പലപ്പോഴും ഏതെങ്കിലും വലിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേക്കോ, കൊലപാതങ്ങളിലേക്കോ എല്ലാം നയിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നതും
![]() |
കൗമാരങ്ങളിൽ ലഹരിനിറയുമ്പോൾ. |
തീർച്ചയായും ഇത്രയും പറഞ്ഞു വരുമ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പതിവുകാഴ്ചകളായ വെറുപ്പിൻറേയും, വിദ്വേഷത്തിൻറേയും പ്രചാരകരെ ഒഴിച്ചു നിർത്തിക്കൊണ്ട് ഇത്തരം ഒരു ചർച്ച ഇവിടെ പൂർണ്ണമാകാൻ കഴിയില്ല.
തീർച്ചയായും സമൂഹം ഇപ്പോൾ അനുഭവിക്കുന്ന ലഹരിയേക്കാൾ ഭീകരത കൊണ്ടാടുന്ന മറ്റൊന്നാണ് മത വർഗ്ഗീയഭീകരവാദം!
അയൽക്കാരനും, സുഹൃത്തുക്കളേയുമെല്ലാം ജാതിയുടെയും, മതത്തിൻ്റേയുമെല്ലാം അടിസ്ഥാനത്തിൽ മാത്രം നോക്കിക്കാണുവാനും അവരെ വെറുപ്പോടെ മാത്രം നോക്കണമെന്നും, അകറ്റി നിർത്തേണ്ടവരാണന്നല്ലാമുള്ള ബോധം ജനിപ്പിച്ച്, ബോധപൂർവ്വമായ വിദ്വേഷത്തിലധിഷ്ഠിതമായ ഒരു മലീമസമായ സംസ്ക്കാരം നിർമ്മിക്കുവാൻ പണിപ്പെടുന്നവരേയുമെല്ലാം കാണുമ്പോൾ ഒരുപക്ഷേ അതിനെയെല്ലാം അപേക്ഷിച്ച് സമൂഹത്തിൽ എത്രയോ വീര്യം കുറഞ്ഞു അത്യാപത്തുകൾ മാത്രം സംഭവിക്കുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗമെന്നും തോന്നിപ്പോകും!
- Get link
- X
- Other Apps
Comments