കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.
ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...!
പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ
വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.!
മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെയ്തു !
കാരണം, ഏതെങ്കിലും തരത്തിലുള്ള ജോലിയോ വരുമാന മാർഗ്ഗമോ പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലന്നുമാത്രമല്ല ...വരും കാലങ്ങളിൽ, പ്രായാധിക്യം മൂലം ഏതെങ്കിലും തരത്തിലുള്ള വരുമാന സാദ്ധ്യതകൾ തുറന്നുകിട്ടുക എന്നതും പ്രയാസകരമായ ഒരുകാര്യം തന്നെയായിരുന്നു. !
എന്നിട്ടും..ഇത്രയേറെ. ഈ വർദ്ധിച്ച ആത്മവിശ്വാസത്തിന് കാരണമെന്തെന്ന് ഞാൻ പലവട്ടം ആലോചിച്ചു...!
എന്തായാലും അത്തരം സംശയങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവെയ്ക്കുവാൻ തന്നെ തീരുമാനിച്ചു !
പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിൻറെ ഓരോ മറുപടികളും, കാഴ്ച്ചപ്പാടുകളും..! -ആദ്ദേഹം പറഞ്ഞു-
"സത്യത്തിൽ നമ്മൾ ഈ പറയുന്ന സന്തോഷവും, സന്താപവുമൊക്കെ... യഥാർത്ഥത്തിൽ നമ്മുടെ മനസ്സിൽ മാത്രം സംഭവിക്കുന്ന ഒരു നിസ്സാരമായ കാര്യമല്ലേ ...?!
"എല്ലാം ഉണ്ടാക്കി വെയ്ക്കുന്നതും , സ്വയം അനുഭവിക്കുന്നതും , എല്ലാം മനുഷ്യൻ തന്നെ...! പിന്നെ ആര് ആരെയാണ് കുറ്റപ്പെടുത്തുന്നത്?"
"നിങ്ങൾ നോക്കൂ... നമ്മൾ മനുഷ്യർക്കെന്നല്ല, ഈച്ചയ്ക്കും, പ്രാണിക്കും , എറുമ്പിനും എന്തിന് സർവ്വ പക്ഷിമൃഗാദികൾക്കും ജീവസന്ധാരണത്തിനും , അവയുടെ നിലനിൽപ്പിനും ആവശ്യമായതെല്ലാം ഈ ഭൂമിയുടെ അത്ഭുതങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ട് !
എന്നിട്ടും മനുഷ്യൻ പ്രകൃതിയോട് എന്ത് കാരുണ്യമാണ് അല്ലങ്കിൽ, ഏതു തരം നീതിയാണ് കാട്ടിയിട്ടുള്ളത്...?"
"അനുനിമിഷം നമ്മൾ ഈ ഭൂമിയെ പിച്ചിചീന്തുക എന്ന ഒരു കൃത്യം മാത്രമല്ലേ ഇപ്പോഴും, എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്...?"
"നിങ്ങൾ ജീവിതാന്ത്യം വരെ ഈശ്വരൻ എന്ന് വിളിക്കുകയും, ചിന്തിക്കുകയും ചെയ്യുന്ന സങ്കൽപ്പം പോലും പ്രകൃതിയല്ലേ ...? പ്രകൃതിയില്ലങ്കിൽ പിന്നെ എന്ത് ജീവിതമാണ്, അല്ലങ്കിൽ എന്ത് പ്രവർത്തനമാണ്, പ്രത്യാശയാണ്... ഇവിടെ അവശേഷിക്കുന്നത്? "
"കോടാനുകോടി ജീവികളുടെ നിലനിൽപ്പിനും ജീവിതാവശ്യങ്ങൾക്കും വേണ്ടതെല്ലാം ഈ പ്രകൃതി തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്നിട്ടും, നാം ഇപ്പോഴും നിർദാക്ഷിണ്യം അതിനെ വേട്ടയാടുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു...!
അങ്ങിനെയുള്ള ഒരു മനുഷ്യ സമൂഹത്തിന്...ഈ ലോകത്തെക്കുറിച്ചും, അതിൻറെ നിലനിൽപ്പിനെക്കുറിച്ചും, ഭാവിയെക്കുറിച്ചുമെല്ലാം സംസാരിക്കാൻ എന്ത് അർഹതയാണുള്ളത്.?
" നിങ്ങൾ നോക്കൂ " - അദ്ദേഹം തുടർന്നു -
കോഴി എന്ന ജീവിയ്ക്ക് അവയുടെ ജീവ സന്ധാരണത്തിനും , ഇര തേടുന്നതിനുമായി മണ്ണിൽ തിരയാൻ പാകത്തിൽ കൂർത്ത കാൽ നഖങ്ങൾ നൽകിയപ്പോൾ , അതേ ജനുസ്സിൽപ്പെട്ടതെന്നു പറയാവുന്ന താറാവുകൾക്ക് , ജലത്തിലൂടെ തുഴയുവാനും , അതിന് ഇരപിടിക്കുവാനും കഴിയുന്ന വിധത്തിൽ കാൽ വിരലുകൾക്കിടയിൽ നേർത്ത പാടകളല്ലേ നൽകിയത്...! "
"അരണയ്ക്ക് ശത്രുക്കളിൽ നിന്ന് രക്ഷ നേടുവാൻ നിറം മാറുവാനുള്ള കഴിവും, പല്ലിക്ക്, വാൽ മുറിച്ചോടുവാനുമുളള ശേഷിയുമെല്ലാം, നാം ആരെങ്കിലും കൽപ്പിച്ചു നൽകിയതാണോ...?!
അതുകൊണ്ടുതന്നെ ഞാൻ ഇതിനെയെല്ലാം.... പ്രകൃതിയുടെ അത്ഭുതമെന്നോ, പ്രകൃതി ശക്തിയെന്നോ ഒക്കെ വിളിക്കുവാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്..!!"
"കാരണം കോടാനുകോടി ജനസഞ്ചയങ്ങളിൽ എനിക്ക് പകരം ഞാൻമാത്രമേയൊള്ളൂ എന്ന ഒരു സത്യം ഞാൻ തിരിച്ചറിയുന്നതുകൊണ്ടും, ഓരോ മനുഷ്യൻറേയും കർമ്മമണ്ഡലങ്ങളും, പ്രവൃത്തി പഥങ്ങളും സ്വന്തം താത്പര്യങ്ങൾക്കപ്പുറത്തേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ടും, പ്രകൃതി ഉള്ളിടത്തോളം കാലം ഇതിൽ നിന്ന് മാറി മനുഷ്യ ജന്മത്തെക്കുറിച്ചെന്നല്ല... മറ്റ് ഏതൊരു ജീവജാലങ്ങളെക്കുറിച്ചും , മറിച്ചെങ്കിലും ചിന്തിക്കുവാനോ, വിശ്വസിക്കുവാനോ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നുമില്ല.!"
"അതുകൊണ്ടു തന്നെ ഞാൻ ഈ പ്രകൃതിയിൽ വിശ്വസിക്കുകയും, പ്രകൃതിയെ അമ്മയായോ , അതല്ലങ്കിൽ ദേവതയായോ സങ്കൽപ്പിക്കുകയും ചെയ്യുന്നു."
നമ്മൾ ഈ പറയുന്ന മഹാവ്യാധികളും , ദുരന്തങ്ങളും , നിശ്ചലാവസ്ഥകളുമെല്ലാം നാംതന്നെ നമ്മുടെ ജീവിതം കൊണ്ട് നിർമ്മിച്ചവയാണ്. പിന്നെന്തിന് ഇതിനെക്കുറിച്ച് വ്യാകുലപ്പെടണം?!"
"മനുഷ്യ ജീവിതം ഇതേ രീതിയിൽ വെട്ടിപ്പിടിച്ച് ഇനിയും അന്ധമായി മുന്നേറുകയാണങ്കിൽ,ഒരുപക്ഷേ നമുക്ക് ആകുലപ്പെടുവാനും, വ്യാകുലപ്പെടുവാനുമൊന്നും ഇനി അധികകാലമൊന്നും വേണ്ടി വന്നേക്കില്ല !
അതുകൊണ്ട് തന്നെ ഞാൻ കഴിഞ്ഞു പോയ ഇന്നലെകളെക്കുറിച്ചോ , നാളെയെക്കുറിച്ചോ ഒന്നും ചിന്തിച്ച് വലുതായി തലപുണ്ണാക്കാനൊന്നും മിനക്കെടാറുമില്ല..
.ഒരുപക്ഷേ,അതിനുള്ള സമയം തന്നെ പാഴാക്കാനില്ല എന്നതാണ് യാഥാർത്ഥ്യം! "
"മാത്രമല്ല ജീവിതമെന്നത് വളരെ നൈമിഷികമായ ഒരു അനുഭവം മാത്രമായാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതും ...അനുഭവിച്ചിട്ടുള്ളതും...
നിനച്ചിരിക്കാത്ത പല വേർപാടുകളും ജീവിതത്തെ കാണാൻ പഠിപ്പിച്ചതും അങ്ങിനെതന്നെയാണ്. "
"അതുകൊണ്ട് , കടന്നുപോയതും , വരാനിരിക്കുന്നതുമായ ഓരോ നിമിഷങ്ങളും എനിക്ക് വളരെ വിലപ്പെട്ടതു തന്നെ...!
മാത്രമല്ല ഇപ്പോൾ അതിനെ കൂടുതൽ മനോഹരമാക്കുകയും വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു,
" ഒരു വിധത്തിൽ താൻ എന്തിന് ജീവിക്കുന്നുവെന്ന് "ഒരു മനുഷ്യൻ എപ്പോൾ സ്വയം ചോദിക്കുവാൻ തുടങ്ങുന്നുവോ, അപ്പോൾ മുതലാണ് അവൻ ശരിയായ മനുഷ്യനായിത്തീരുന്നതും , അവൻറെ ജീവിതത്തിൽ വിസ്മയങ്ങളുടെ വർണ്ണ മഴകൾ പെയ്യാൻ തുടങ്ങുന്നതും.!
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ജീവിത ലക്ഷ്യങ്ങൾ എന്താണെന്ന് സ്വയം തിരിച്ചറിയുകയും അതിനുവേണ്ടി നിലക്കൊള്ളുകയും ചെയ്യുക.എന്നതാണ് പൊതുവായ ഒരുമനുഷ്യധർമ്മമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഇടങ്ങളിൽ കൂടുതൽ ശാന്തതയും, സമാധാനവും കുമിഞ്ഞുകൂടുന്നതും ഒരുപക്ഷേ നിങ്ങൾക്ക് കാണുവാൻ കഴിഞ്ഞേക്കും.."!
.
"നിങ്ങൾ ഇതു കണ്ടോ ?" - -അൽപ്പം അകലെയായി നീണ്ടു പരന്നു കിടന്നു മനോഹരമായ ഒരു പച്ചില പന്തൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
-
നിറയെ ഫാഷൻ ഫ്രൂട്ടുകൾ വിളഞ്ഞു കിടന്നിരുന്ന ആ പച്ചനിറഞ്ഞ പന്തലിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
"ആരും അധികം മെനക്കെടുവാനോ, കൃഷി ചെയ്യുവാനോ താത്പര്യം എടുക്കാത്ത ഒരിനമാണ് ഇത്. എന്നാൽ ചുറ്റിലും വേണ്ടതിലധികം ആവശ്യക്കാരുണ്ട് താനും., എങ്കിലും, അതൊന്നും.
നട്ടുവളർത്തുവാനോ പരിപാലിക്കുവാനോ നമ്മൾ തയ്യാറാകുന്നില്ല. എന്നതാണ് വലിയ തമാശ!
ചില സീസണുകളിൽ 50 മുതൽ 150 രൂപ വരെയൊക്കെയാണ് ഇതിൻറെ വില! "
"പ്രത്യേകിച്ച് കീട ശല്യമോ, വളപ്രയോഗമോ ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഇത്തരം ചെടികൾ നമുക്ക് മികച്ച വരുമാനം സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിത്തരുമെന്നറിഞ്ഞിട്ടും, നാം ആരും അത്തരം കാര്യങ്ങളെ
ഗൗനിക്കാത്തെതെന്താണന്നുള്ളതാണ് ഏറെ അത്ഭുതം!"
"ഇവിടെ മലയാളികൾക്ക് ജോലിയെന്നാൽ ഒന്നുകിൽ സർക്കാർ ജോലി, അതല്ലങ്കിൽ കമ്പനി ജോലി, അതുമല്ലങ്കിൽ മറ്റേതെങ്കിലും പ്രൊഫഷണൽ . അതല്ലങ്കിൽ ഐ.ടി. ഇങ്ങിനെ നീളുന്നതാണ് നമ്മുടെ തൊഴിൽ സംബന്ധമായ സംസ്ക്കാരം .!"
"സത്യത്തിൽ മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ അത്തരം ധാരണകളൊക്കെ മനുഷ്യൻ എന്നേ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ."
"കാരണം നമുക്കു ചുറ്റിലും ഇപ്പോൾ അതിലേറെ സാദ്ധ്യതകളാണ് തുറന്നു വെച്ചിരിക്കുന്നത്...!" നാം നമ്മുടെ ജീവിതക്രമങ്ങളെ മാറ്റിയെഴുതുവാൻ, മറ്റുള്ളവരുടെ ദയാദാക്ഷിണ്യങ്ങൾക്കായി കാത്തുനിൽക്കുന്ന കാലം എന്നേ കഴിഞ്ഞുപോയി. ഇന്ന് വ്യക്തിയും, അവൻറെ കഴിവും തന്നെയാണ് തൊഴിലും, തൊഴിൽശാലയും."
"ഒരു പക്ഷേ ...മറ്റൊരാളുടെ കീഴിൽ കാർക്കശ്യത്തോടെ ചെയ്യുന്ന ജോലികളേക്കാൾ എത്രയേറെ സ്വാതന്ത്യ്രവും, സന്തോഷവും, മാനസികോല്ലാസവും പകരുന്ന ജോലികളാണ് നമുക്കുചുറ്റും ഇപ്പോഴുള്ളത്. അത് തിരിച്ചറിയപ്പെടണമെന്നുമാത്രം.!
വീടിനു മുകളിലേക്കുകയറിയാൽ... ടെറസ്സിൽ ഒരു പക്ഷേ ... നിങ്ങൾക്ക് ഇതിനേക്കാൾ മനോഹരവും, രസകരവുമായ മറ്റുചില കാഴ്ചകൾ കാണാം. "
ചെടിച്ചട്ടികളിൽ നിറയെ വിളഞ്ഞു നിൽക്കുന്ന പച്ചക്കറി തോട്ടത്തിനുള്ളിൽ കുറച്ചു കൂടുകളിൽ വളർത്തിയിട്ടുള്ള ബ്രോയിലർ മുയലുകൾ.!
അതിൻറെ ചുമതല അദ്ദേഹത്തിൻറെ ഭാര്യക്കും പേരക്കുട്ടികൾക്കുമാണ്.
അധികം ചിലവില്ലാതെ വളരെയധികം ലാഭം നേടിത്തരുന്ന ഒരു കൃഷിയാണ് മുയൽ വളർത്തൽ
.
രണ്ടാഴ്ച പ്രായമായ ഒരു ജോഡി മുയലുകൾക്ക് അറന്നൂറ് രൂപയും,, നാലു കിലോയോളം തൂക്കം വരുന്ന പ്രായമായ ഒരു മുയലിന് ഏകദേശം ആയിരം രൂപ നിരക്കിലുമാണ്. വിപണനം.
തീറ്റയായി പുല്ലും ഗോതമ്പും മാത്രമാണ്. നൽകുന്നത്
കുറഞ്ഞ സ്ഥലത്ത് ഏറ്റവും ചിലവുകുറഞ്ഞരീതിയിൽ പ്രായമായവർക്കു മുതൽ കൊച്ചു കുട്ടികൾ വരെ ചെയ്യാമെന്നതാണ് മുയൽ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത.
കൂടാതെ കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഇതിൻറെ മാംസത്തിനും, വലിയ ഡിമാൻറാണ്
. കൂടാതെ ഇതിൻറെ കാഷ്ഠം ബയോഗ്യാസായി പാചകത്തിനും ഉപയോഗിക്കുന്നു
. ഏകദേശം അര ബക്കറ്റ് കാഷ്ഠം ഉപയോഗിച്ച് ഒരു മണിക്കൂറോളം പാചകം ചെയ്യുവാൻ കഴിയുമെന്നാണ് ഇതിൻറെ പ്രത്യേകത.
സാമൂഹ്യ മാദ്ധ്യമ കൂട്ടായ്മകളുടെ പോസിറ്റീവായ വശങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇതിൻറെ വിപണനം എന്നതിനാൽ മുയൽ കൃഷി വളരെ നല്ല വരുമാനവും , കൂടാതെ വലിയ തോതിലുള്ള മാനസിക ഉല്ലാസവും നേടിക്കൊടുക്കുന്നു എന്നാണ് അദ്ദേഹത്തിൻറേയും, കുടുംബത്തിൻറെയും, അഭിപ്രായം .!
തൊട്ടപ്പുറത്തായി തീരെ ചെറിയ പേരക്കുട്ടികളുടെ വകയായി അക്വേറിയവും, അതിൽ വളർത്താവുന്ന വിവിധയിനം സ്വർണ്ണ മത്സ്യങ്ങളുടെ വിപണനവും ... !
താഴെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഷെഡ്ഡിൽ ഏതാനും പശുക്കളും അതിൻറെ മേൽനോട്ടക്കാരനായി ഒരു ഹിന്ദിക്കാരനേയും കാണാം!.
കൂടാതെ - അതിൻറെ മറ്റൊരു വശത്ത് ,ഒരു ടാങ്കിലായി വിവിധയിനം ജൈവ മത്സ്യ കൃഷിയും നടക്കുന്നുണ്ട്..
തൊട്ടപ്പുറത്തായി കാണുന്ന പച്ചക്കറികളിൽ ചുവന്ന ചീരയും , വെണ്ടയും, തക്കാളിയും, പച്ചമുളകും, പയറുമാണ് പ്രധാന കാഴ്ചകൾ
.ഇടയ്ക്ക് ചെറിയ ചട്ടികളിലായി കുറ്റി കുരുമുളകുകളും രസകരമായ കാഴ്ചകൾ തന്നെ. !
അകത്തെമുറിയിൽ മൂത്ത മകൻ ഓൺലൈൻ ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കിലാണ്..
യഥാർത്ഥത്തിൽ അവിടെ
ചിലവഴിച്ച കുറച്ചു സമയം മാത്രം മതിയായിരുന്നു അതുവരെയുള്ള എൻറെ സകല സങ്കൽപ്പങ്ങളേയും, പല കാഴ്ച്ചപ്പാടുകളേയും മാറ്റിത്തീർക്കുവാൻ..
.ഒരു വേള, നമ്മുടെ നാട് പ്രകൃതിയേയും, നമുക്കുചുറ്റുമുള്ള പ്രകൃതിവിഭവങ്ങളേയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തൊഴിൽ - കാർഷിക സംസ്ക്കാരം ഉയർത്തിക്കൊണ്ട് വന്നിരുന്നുവെങ്കിൽഎന്ന് ഒരു നിമിഷം ഞാൻ അറിയാതെ ആഗ്രഹിച്ചുപോയി. കാരണം അത്രയേറെ ഹൃദ്യമായിരുന്നു അവിടുത്തെ കാഴ്ച്ചകളും, ജീവിതവും.
മാത്രമല്ല ഇങ്ങിനെ ഒരു കുടുംബത്തിൻറെ കൂട്ടായ്മയും , അവരുടെ അദ്ധ്വാനവും പ്രവർത്തിയുമെല്ലാം ഇന്ന് മാറിയ ഒരു സാമൂഹിക അന്തരീക്ഷത്തിൽ എനിക്കെന്നല്ല...ഒരുപക്ഷെ ആർക്കും തന്നെ ഒരിക്കലും സങ്കൽപ്പിക്കാൻ പോലും സാദ്ധ്യവുമല്ലായിരുന്നു. .!
അവരുടെ ബന്ധുക്കളിൽ പലരും ഒഴിവു സമയങ്ങൾ ചില വഴിക്കുവാൻ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നതും, അവരെല്ലാം വളരെ ഉത്സാഹത്തോടെതന്നെ അവരുടേതായരീതികളിൽ പലതും കൃഷിചെയ്യുകയും,, കുടുംബസമേതം വിളവെടുക്കാറുണ്ടന്നതും.. എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. ...
ഒരുപക്ഷേ എൻറെ അത്ഭുതം കണ്ടിട്ടാകണം അദ്ദേഹം തുടർന്നു..."നാമെന്നതും,നമ്മൾ എന്നതുമാണ് ഇപ്പോഴത്തെ പ്രധാന മുദ്രാവാക്യമായി ഉയർത്തിക്കാണിക്കുവാൻ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു .".
." കാരണം, നാം സ്വയം പര്യാപ്തമാവുക എന്നത് തന്നെയാണ് പ്രധാനം.
വ്യക്തി നന്നായാൽ കുടുംബം നന്നായി. കുടുബം നന്നായാൽ സമൂഹവും രാഷ്ട്രവും നന്നായി. ഇതാണ് അൽപ്പംകൂടി ശരിയായി തോന്നുന്നത്. "
"കാരണം ഇപ്പോൾ സമൂഹമെന്നതുമാറി, എല്ലാം വ്യക്തികേന്ദ്രീകൃതമായിരിക്കുന്നു.സമൂഹത്തെ അപ്പാടെ മാറ്റിത്തീർക്കലോ, സമൂഹത്തെ രക്ഷിക്കലോ ഒന്നും സാദ്ധ്യമല്ലാത്ത ഇക്കാലത്ത്, അൽപ്പംകൂടി
വിപ്ലവകരവും, ഒരു സാമൂഹ്യ ബദലുമൊക്കെ ഇങ്ങിനെയൊക്കെത്തന്നെയാകാമെന്നാണ് എനിക്ക് തോന്നുന്നത്.!..."-
-ആ വാക്കുകൾക്കിടയിലൂടെ അദ്ദേഹം വല്ലാതെ പൊട്ടിച്ചിരിച്ചു - ഒരുപക്ഷേ
അത് ജീവിതത്തിൻറെ ആദ്യാവസാനവും,മറുപുറവും ദർശിച്ച ഒരു മനുഷ്യൻറെ ആത്മ വിശ്വാസത്തിൻറേയും, നിശ്ചയ ദാർഢ്യത്തിൻറേയും ചിരിയായിരുന്നിരിക്കണം .-
"ഒരേയൊരു ജീവിതം! അത് എങ്ങിനെ വേണമെന്നും... എങ്ങിനെയായിരിക്കണമെന്നും തീരുമാനിക്കാവുന്ന സർവ്വസ്വതന്ത്ര്യവും, എനിക്കും, നിങ്ങൾക്കും, നമുക്കെല്ലാവർക്കുമുണ്ട്.. വേണമെങ്കിൽ മനോഹരമാക്കാം...അതുമല്ലങ്കിൽ നമ്മുടെ താത്പര്യംപോലെ.."!
ഒരു നിമിഷം ഞാൻ ആ മനുഷ്യൻറെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി
. ഇല്ല അവിടെ ആ കണ്ണുകളിൽ അൽപ്പം പോലും, ഭയത്തിൻറേയോ, ഉത്കണ്ഠയുടേയോ, നിരാശയുടേയോ ഒരു തരിമ്പുപോലുമില്ല...!
ഒരുപക്ഷേ അദ്ദേഹം ലോകത്തിലേയ്ക്ക് ഇറങ്ങിചെല്ലുകയായിരുന്നില്ല....ലോകം അദ്ദേഹത്തിലേക്ക് ചുരുങ്ങിപ്പോവുകയായിരുന്നെന്ന് തോന്നിച്ച നിമിഷങ്ങൾ...!.
ഇങ്ങിനേയും മനുഷ്യരോ...? അത്ഭുതത്തിൻറെ വഴികളിലൂടെ,,,പുതിയൊരു ദിശാബോധം കിട്ടിയവനെപ്പോലെ ഞാൻ പതിയെ തിരിച്ചു നടന്നു.!
Comments