ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
വിഷു ഓർമ്മകളിൽ
വിഷുവെന്ന് കേട്ടാൽ, എത്രദൂരെയായിരുന്നാലും പ്രിയപ്പെട്ടവരെക്കാണുകയും ഒരുമിച്ചുകൂടുവാനുള്ള ആഗ്രഹവും മാത്രമല്ല,
കഴിഞ്ഞുപോയ ഏതോവിഷുക്കാലങ്ങളുടെ നട്ടുച്ചകളിൽ കറങ്ങി നടന്നിരുന്ന നാട്ടിടവഴികളും, തലനീട്ടിനിൽക്കുന്ന പറങ്കിമാവിൻചില്ലകളുമൊക്കെയാകും, ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുക.!
കണിപ്പൂക്കൾ |
കാരണം,പണ്ട് മദ്ധ്യവേനലവധിക്കായി സ്‌കൂളുകൾ എല്ലാം അടച്ചാൽപ്പിന്നെ...അടുത്തുള്ള വീടുകളിലോ, ക്ഷേത്രക്കുളങ്ങളിലോ ആകും പകൽ നേരം അധികവും കഴിച്ചുകൂട്ടുക.!
നട്ടുച്ചനേരത്ത് വരാലും, ചെറുമീനുകളും തത്തിക്കളിക്കുന്ന വലിയകുളങ്ങളിൽ നീന്തി തിമിർക്കുക എന്നതാകും, മിക്കവാറും ഞങ്ങളുടെ ചെറുപ്രായത്തിലുള്ള എല്ലാകുട്ടികളുടെയും മുഖ്യവിനോദം.
അതിനുമുൻപ് വിഷുവിന് മുന്നോടിയായി, റോഡുവക്കിലും,പെട്ടിക്കടകളിലുമൊക്കെ നിരത്തിവെച്ചിരിക്കുന്ന ബഹുവർണ്ണങ്ങളിൽപൊതിഞ്ഞ കമ്പിത്തിരി, മത്താപ്പ്,തുടങ്ങി എല്ലാത്തരത്തിലുമുള്ള പടക്കങ്ങളുടേയും വിലകൾ അറിഞ്ഞുവെയ്ക്കും, അതിനുശേഷം, ആളൊഴിഞ്ഞ പറമ്പുകളും, വീടും ലക്ഷ്യമിട്ട് ഒരൊറ്റ പാച്ചിലാണ്.
ആദ്യം താഴെ ചില്ലകളിൽ മഞ്ഞയും, ചുവപ്പും, നിറത്തിൽ കൂട്ടംകൂടികിടക്കുന്ന മാങ്ങകൾ തോണ്ടിയിട്ട് അത്യാവശ്യം വേണ്ടത് അകത്താക്കും, പിന്നീട് താഴെ വീണുകിടക്കുന്നതും, കാക്കകൾ കൊത്തിയിടുന്നതുമായ മാങ്ങയിലെ കശുവണ്ടികൾ ഞെരിച്ചെടുത്ത് ട്രൗസറിലെ വലിയപോക്കറ്റുകളിൽ തിരുകിക്കയറ്റി നേരത്തേ കണ്ടുവെച്ച പടക്കക്കടയെ ലക്ഷ്യമാക്കി ഓടും.!
പടക്കക്കച്ചവടക്കാരൻ കശുവണ്ടി തൂക്കിനോക്കി ചിലപ്പോൾ അഞ്ചോ,പത്തോ, ഓലപ്പടക്കങ്ങളോ, അതല്ലങ്കിൽ പാമ്പുഗുളികകളോ, മത്താപ്പോ, കമ്പിത്തിരിയോ ഒന്നുമില്ലങ്കിൽ കല്ലുകളിൽ ഇടിച്ചുപൊട്ടിക്കാവുന്ന പൊട്ടാസുകളോതരും.! ഇതെല്ലാം കൂട്ടിവെച്ച് വിഷുത്തലേന്ന് പൊട്ടിച്ചുതീർക്കുക എന്നതാണ് ഓരോ വർഷത്തെ വിഷുവിനേയും കൂടുതൽ ആഹ്ളാദകരമാക്കുന്നത്.
ഇങ്ങിനെ ആ ദിവസങ്ങളിൽ മിക്കവാറും എല്ലാവീടുകളും വിവിധ വർണ്ണങ്ങളാൽ പ്രകാശമാനവും,ശബ്ദമുഖരിതവുമായിരിക്കും.!
അർദ്ധരാത്രിവരെ തുടരുന്ന ഈ ആഘോഷങ്ങൾ കഴിഞ്ഞാൽ വീട്ടിലെ മുതിർന്നവരുമായി ചേർന്ന് കണിയൊരുക്കുന്ന തിരക്കിലാകും. വലിയ ഒരു ഓട്ടു ഉരുളിയിൽ അരിയും, ഫലവർഗ്ഗങ്ങളും, പച്ചക്കറികളും, നാണയത്തുട്ടുകളും എല്ലാം നിറച്ച് അതിൽ കണിവെള്ളരിയും, കണിക്കൊന്നപ്പൂക്കളുമിട്ട് അതിനുപുറകിലായി മനോഹരമായ ഒരുകൃഷ്ണ വിഗ്രവും വെച്ചാണ് കണിയൊരുക്കുക.
വെളുപ്പിന് മുതിർന്നവരാരെങ്കിലും വന്ന് വിളിച്ചുണർത്തി കണ്ണുകളടച്ച് കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കൊണ്ടുചെന്ന് കണികാണിക്കും!
.ഇരുളിൽ മഞ്ഞനിറത്തിൽ നിറഞ്ഞുനിൽക്കുന്ന നിലവിളക്കിൻറെ വെളിച്ചത്തിൽ, കൃഷ്ണവിഗ്രഹം കണികണ്ട്, വീട്ടിലെ മുതിർന്നവരുടെ കൈയ്യിൽ നിന്ന് വിഷുക്കൈനീട്ടവും വാങ്ങിയാൽപ്പിന്നെ എന്തെന്നില്ലാത്ത, പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയൊരു ആഹ്ളാദമാണ്.
സാധാരണ രീതിയിൽ ഞങ്ങളുടെ സമപ്രായക്കാരായ, ആ ചുറ്റുവട്ടത്തുള്ള കുട്ടികൾ, സ്വന്തം വീട്ടിൽ കണികാണുന്നത് വളരെ അപൂർവ്വമായിരുന്നു. കാരണം , പലരും, ആ സമയങ്ങളിൽ വിഷുക്കണിയൊരുക്കി ഓരോവീടുകളും കയറിയിറങ്ങി മറ്റുള്ളവരെ കണികാണിക്കുന്നതിരക്കിലായിരിക്കും ! അങ്ങിനെ മറ്റുള്ളവരെകണി കാണിക്കുക എന്ന താത്പര്യത്തിന് പുറകിൽ മറ്റുചില ഗൂഢോദ്ദേശങ്ങളുമുണ്ടായിരുന്നു....!
അതിൽ പ്രധാനപ്പെട്ട കാര്യം, വെക്കേഷൻ സമയം പലരും വന്നു കൂടുന്നത് പല അഭിരുചികളുമായിട്ടാകും.
ചിലരുടെ കമ്പം ഫുട്ബോളിനോടാകും, മറ്റുചിലർക്ക് വോളിബോൾ ,ചിലർക്ക് കബഡി, ഇതിലൊന്നും പെടാത്ത മറ്റുചിലർക്ക് നാടകം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളോടാകും.!
അങ്ങിനെ എല്ലാവരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് നാടിൻറെ പലഭാഗങ്ങളിൽ വ്യത്യസ്തമായ നിരവധി ക്ലബുകൾ ഈ അവധിക്കാലങ്ങളിൽ ഉദയം ചെയ്യും.
ഇതിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾക്കോ, കലാപരമായ കാര്യങ്ങൾക്കോ ആവശ്യമായ പ്രവർത്തന മൂലധനം ലഭിക്കുന്നത് പ്രധാനമായും ഈ വിഷുനാളിലാണ്.
ഇങ്ങിനെ നാടുനീളെ നടന്ന് കണികാണിച്ചുകിട്ടുന്ന ചില്ലിത്തുട്ടുകളൊക്കെയായിരുന്നു അന്നത്തെ കുട്ടികളായ ഞങ്ങളുടെ സംഘടനയുടെ പ്രധാന മൂലധനം.!
അതുകൊണ്ട് കുട്ടിക്കാലത്തുള്ള വിഷു എന്തുകൊണ്ടും മധുരതരമായിരുന്നു. പതിയെ ഓരോ വർഷവും, മനുഷ്യരും, കാലവും മാഞ്ഞുപോകുമ്പോഴും, ഏതു നാട്ടിലാണങ്കിലും ഈ ഓർമ്മകളാണ് ആദ്യം ഓടിയെത്തുക.!
പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഇപ്പോൾ കാലം തെറ്റിപൂക്കുന്ന കണിക്കൊന്നകൾ കാണുമ്പോൾ ....!!
എങ്കിലും കുട്ടിക്കാലങ്ങളിൽ അനുഭവിച്ച വിഷുവിൻറെ എല്ലാ ആഹ്ളാദങ്ങളും മായാൻതുടങ്ങിയെങ്കിലും, ഇന്നും വിഷുക്കണികാണുക എന്നത് വല്ലാത്തൊരു ഗൃഹാതുരത്വം പേറുന്ന അനുഭവം തന്നെ.!
.എല്ലാമനുഷ്യരേയും ഒന്നുചേർക്കുന്ന ഇത്തരം ആഘോഷങ്ങളും, ഉത്സവങ്ങളുമൊക്കെത്തന്നയാണ് ഒരുപക്ഷേ കേരളത്തിലെ മലയാളിജീവിതത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
വിഷുആഘോഷങ്ങൾ വരുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും, കഥകളും കേട്ടിട്ടുണ്ടങ്കിലും, ഏത് ആഘോഷങ്ങളും, ആത്യന്തികമായി മനുഷ്യനെ നവീകരിക്കുവാനും, അവൻറയുള്ളിൽ സ്നേഹത്തിൻ്റെയും, നന്മയുടെയും, സാഹോദര്യത്തിൻ്റെയും, സമഭാവനയുടെയും വെള്ളിവെളിച്ചം നിറയ്ക്കാനുള്ളതുമാണ്.
കാരണം, വിഷു ആഘോഷമെന്നാൽ ഒരു കാർഷികോത്സവം എന്നതിലുപരി, തിൻമയ്ക്കു മേലുള്ള നൻമയുടെ വിജയംകൂടിയാണ് , അതുകൊണ്ടുതന്നെ നമ്മുടെ മനസ്സിലും സമൂഹത്തിലുമുള്ള എല്ലാതിൻമയുടെ മേലും, നൻമയുടെ വെള്ളിവെളിച്ചം പരക്കട്ടെ എന്ന ആശംസകളോടെ എല്ലാ വിഷുക്കാലത്തേയും നമുക്ക് ഹൃദയത്തോട് ചേർത്ത് വരവേൽക്കാം.!
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
വയനാട് ദുരന്തം പഠിപ്പിക്കുന്നത്.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്