ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സ്വർഗ്ഗം തീർക്കുന്ന വീടുകൾ !

ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.  ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ  വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെ

ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർ. എഴുതണമെന്ന് തോന്നിയത്, നേരമ്പോക്കായി തോന്നിയതുകൊണ്ടല്ല. സ്വന്തം ജീവിതം പലപ്പോഴും ഉയർന്നആശയങ്ങളാൽസമ്പന്നമാക്കി ആൾക്കൂട്ടങ്ങൾക്കിടയിൽ യാതൊരു നിറങ്ങളുമില്ലാതെ   ജീവിക്കുന്ന അനേകം മനുഷ്യരുണ്ടിവിടെ...!  ശബ്ദകോലാഹലങ്ങളുടെ മലീമസമായ ചർച്ചകളിൽ നിന്ന്  ഒഴിഞ്ഞ്,  സ്വന്തം ഇടങ്ങളിലും സ്വർഗ്ഗത്തിൻറെ വാതായനങ്ങൾ തുറന്നുവെക്കാമെന്ന്..സ്വജീവിതം കൊണ്ട് മറ്റുള്ളവർക്ക് കാട്ടിക്കൊടുത്തവർ...!  വരാനിരിക്കുന്ന നാളെകളെ ക്കുറിച്ചോർത്ത്... എന്തിനോവേണ്ടി വ്യാകുലപ്പെടുന്നവർ..!  

 ഒരുപക്ഷേ ആരാലും അറിയപ്പെടാൻ താത്പര്യമില്ലാത്തവർ.!  എങ്കിലും അറിയുന്നതും, അറിയിക്കേണ്ടതും ഇന്നിൻറെ ആവശ്യമായി  ബോദ്ധ്യപ്പെടുന്നതുകൊണ്ടും... നമ്മളിൽ പലരും ഒരുപക്ഷേ അവർതന്നെ  ആകാം എന്നതിനാലും ഇത് ഇവിടെ കുറിക്കുന്നു...!

പറഞ്ഞുവരുന്നത് തൃശൂർ മണ്ണൂത്തിക്കടുത്തുള്ള എലിസബത്ത് ടീച്ചറെ ക്കുറിച്ചാണ്., രണ്ടര ഏക്കറിലെ പച്ചപിടിച്ച ഒരു സ്വർഗ്ഗത്തിലാണ് ടീച്ചർ ഇപ്പോൾ താമസം, ഉച്ചവെയിലിൻറെ കാഠിന്യത്തിൽനിന്നും, ടീച്ചറിൻറെ വീടിൻറെ പടവുകളിറങ്ങുമ്പോൾ വളരെപെട്ടെന്ന് മറ്റേതോ ഒരുഗ്രാമത്തിലെത്തിയ പ്രതീതി. നിറയെ മരങ്ങളും, ചക്കയും,മാങ്ങയും, പശുക്കളും, മത്സ്യങ്ങളും, പറമ്പിനു നടുവിലെ വലിയ ഒരുകൽപ്പടവോടുകൂടിയ കുളവും എല്ലാം നമ്മെ വല്ലാതെ മോഹിപ്പിക്കുകയും, ചിന്തിപ്പിക്കുന്നതും തന്നെ. ഒരുപക്ഷേ പത്തോ,അൻപതോ വർഷങ്ങൾക്കുമുൻപുള്ള നമ്മുടെ പഴയ വീട്ടിലേക്കെത്തിയ പ്രതീതി.

 വലിയ ഒരുഗ്ളാസിൽ,   ഇഞ്ചിയും, പച്ചമുളകും, വേപ്പിലയും ഞെരടിയ സംഭാരവുമായാണ് ടീച്ചർ കടന്നുവന്നത്. കുറച്ചകലെ വീടിൻറപറമ്പിൽ  അവിടവിടെയായി   ഇഷ്ടികയും, മുളകളും ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന കാലിത്തൊഴുത്തുകൾ.! അതിൽ സ്വദേശിയും, വിദേശിയുമെന്നൊന്നുമുള്ള തരം തിരിവുകളൊന്നുമില്ലാതെ വളരെയേറെ പശുക്കൾ... പലതും പലമരച്ചുവട്ടിലായി കാഴ്ച്ചകൾകണ്ട് അയവിറക്കിക്കിടക്കുന്നു.  അവക്കിടയിൽ നടുവിലായി യജമാനനെപ്പോലെ ഒരു അൾസേഷൻ.! അവൻറെ കണ്ണുകൾക്കും, കാതുകൾക്കും ടീച്ചറിൻറെ അതിഥികളെ തിരിച്ചറിയുവാൻ ഒരു പ്രത്യേക കഴിവുള്ളതുപോലെ...!

പറമ്പിൽ ചുറ്റിനടന്നാൽ...അത്തി, കരിങ്ങോട്ട മുതൽ...പൂച്ചപ്പഴം വരെയുള്ള വലിയ മരങ്ങളും,  ഔഷധ സസ്യങ്ങളും,  പ്ളാവും, മാവും, പച്ചക്കറികളും,തുടങ്ങി നിരവധി വാഴകൾ കൊണ്ടും സമൃദ്ധമായ ഒരു ഹരിത സ്വർഗ്ഗം. ..! ഇടയ്ക്ക് അവിടെവിടെയായി ചാരുബഞ്ച്.! പറമ്പിൻറെ ഒരു വശത്തായി വിശാലമായ ഒരു ഹാളോടുകൂടിയ, ലാറിബേക്കർമാതൃകയിൽ പണികഴിപ്പിച്ച ചെറിയ ഒരു വീട്.! 

" ഇത് മുഖ്യമായും, പ്രകൃതിക്ളാസ്സുകൾക്കും, ചർച്ചകൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. കുട്ടികൾ മുതൽ സ്ത്രീകളും,...പ്രായമായവർ വരെ സംവാദങ്ങളിലും, പഠന ക്ളാസ്സുകളിലും, ക്യാമ്പുകളിലുമെല്ലാം സജീവമാണ്." - ടീച്ചർ പറഞ്ഞുതുടങ്ങി..

 " ഞാൻ ഈ പറമ്പുവാങ്ങുമ്പോൾ വെറും മൊട്ടക്കുന്നായിരുന്നു. ഏതോ ഒരുപഴയ യുദ്ധഭൂമിപോലെ...! ജലാംശം ഒട്ടുമില്ലാത്ത ഒരു വരണ്ട ഭൂമി. എന്നിട്ടും... അവിടവിടെയായി ഒന്നുരണ്ടു പൂവൻ വാഴ കന്നുകൾ തഴച്ചുവളരുന്നുണ്ടായിരുന്നതാണ് എല്ലാത്തിൻറേയും തുടക്കം. അതുകൊണ്ട് അധികം ജലം ആവശ്യമില്ലാത്ത ഒന്നായിരിക്കും അതെന്ന് തോന്നി. അങ്ങിനെ കുറച്ചധികം പൂവൻവാഴ കന്നുകൾ വാങ്ങി ചപ്പുചവറുകൾകൊണ്ട് അധികം വെയിലേൽക്കാത്തവിധം പുതയിട്ടു. പിന്നീട് കുറേ വൃക്ഷത്തൈകൾ വാങ്ങിപിടിപ്പിക്കുകയായിരുന്നു. അതിൽ കുറേയൊക്കെ നശിച്ചു. ബാക്കിയുള്ളവ വളർന്ന് വലുതായി...! മരങ്ങൾ വലുതാകുന്തോറും അതിൻറെ ഉണങ്ങിയ ഇലകൾ വീണ്പൊടിഞ്ഞ് അതിനുതന്നെ വളമായിത്തീരുകയും, മരങ്ങൾ വലിച്ചെടുക്കുന്ന വ്യത്യസ്ഥമൂലകങ്ങൾ പൂവായും, കായായും, തടിയായും... വീണ്ടും മണ്ണിലേക്ക് ലയിച്ചുചേർന്ന് മേൽമണ്ണ് ഫലസമ്പുഷ്ടമാവുകയുമായിരുന്നു"

എലിസബത്ത് ടീച്ചർ


"അങ്ങിനെ 97-ൽ തുടങ്ങിയ പ്രവൃത്തി ഇന്നിപ്പോൾ ഇവിടെ വരെഎത്തിനിൽക്കുന്നു. മരങ്ങൾ സമൃദ്ധമായി വളരാൻ തുടങ്ങിയതോടെ, ഭൂമിയിൽ ജലത്തിൻറെ തോത് ഉയർന്നുതുടങ്ങി. അതിൻറെ ഏറ്റവും വലിയഉദാഹരണമാണ്, വേനൽക്കാലത്തും ഉറവവറ്റാത്ത ആ വലിയ കുളം! ഇന്നിപ്പോൾ അതിനകത്ത് വിവിധതരം വലിയ മത്സ്യങ്ങൾ വളരുന്നുണ്ട്. മരങ്ങളും, ജലവും, പച്ചപ്പുമായതോടെ... ഇവിടം വിവിധ ഇനം പക്ഷികളുടേയും, മറ്റ് ജീവജാലങ്ങളുടേയും ആവാസ കേന്ദ്രമായി. അതോടെ ശരിക്കും ഇവിടെ പ്രകൃതി ഉണർന്നു എന്നു പറയുന്നതാകുംശരി. കാരണം ചുറ്റിലും കാണുന്ന ഈ ചിത്രശലഭങ്ങളും, പക്ഷിക്കൂട്ടങ്ങളുമെല്ലാം അതിൻറെ തെളിവുകളാണ്. ഇപ്പോൾ ഈ കാണുന്ന ചെറിയ വൃക്ഷങ്ങളെല്ലാം പ്രകൃതിയുടെതന്നെ വരദാനമാണ്.   പക്ഷികൾ തന്നെ അവർക്ക് ഇഷ്ടമുള്ളതെല്ലാം ഭക്ഷിച്ചശേഷം, അവർഉപേക്ഷിക്കുന്ന വിത്തുകളിൽനിന്നാണ് ഇപ്പോൾ ഈ കാണുന്ന ചെറിയ മരങ്ങളെല്ലാം ഇടതൂർന്ന് നിൽക്കുന്നത്."

" സ്വന്തമായി നിലനിൽക്കുവാൻ കഴിയുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുവാൻ കഴിയുമോ...?   എന്നതാണ് ഞാൻ എന്നോടുതന്നെ ചോദിച്ച മുഖ്യ ചോദ്യം.  അല്ലങ്കിൽ   അങ്ങിനെ ഒരു സ്വപ്നമുണ്ടായിരുന്നു എന്നതാകും കൂടുതൽ ശരി. ആവാസ വ്യവസ്ഥ എന്നതുകൊണ്ട്,.... ഇപ്പോൾ കാണുന്നതൊക്കെയും, വെള്ളം, വായു, ഭക്ഷണം, പാർപ്പിടം... എന്നുവേണ്ട പൂർണ്ണമായും പ്രകൃതിയോട് ചേരുന്ന ഒരു ജീവിതരീതി.യഥാർഥത്തിൽ ഇത്രയും കാലത്തെ എൻറെ അനുഭവങ്ങൾവെച്ച് പറയുകയാണങ്കിൽ പ്രകൃതിയും, ജീവിതവും ഒരിക്കലും രണ്ടല്ല...! അല്ലങ്കിൽ അങ്ങിനെ ചിന്തിക്കാൻ തുടങ്ങുന്നിടത്താണ് എല്ലാകുഴപ്പങ്ങൾക്കും കാരണം.! ' മനുഷ്യനില്ലങ്കിലും, പ്രകൃതിയുണ്ടാകും... പക്ഷെ പ്രകൃതിയില്ലങ്കിൽ പിന്നെ മനുഷ്യനെങ്ങിനെ നിലനിൽക്കും..?' നമ്മളിൽ പലരുടേയും ഊറ്റം കൊള്ളൽ കാണുമ്പോൾ നമ്മളാണ് ഈ പ്രകൃതിയെ സൃഷ്ടിച്ചതെന്ന് വരെ  തോന്നിപ്പോകും...!"

"അതാണ് ഞാൻ പറഞ്ഞുവന്നത്... മൊട്ടക്കുന്നായി കിടന്ന ഈ പ്രദേശം ജൈവികമായഇടപെടൽ കൊണ്ടുമാത്രം നമുക്ക് ഹരിതാഭമാക്കാൻ കഴിയുന്നു എന്നതാണ്.  വളരെ കൊച്ചുകുഞ്ഞുങ്ങൾക്കുപോലും, ഇവിടെ ആഴ്ച്ചകളോളം താമസിക്കുവാൻ വലിയ ഇഷ്ടമാണ്. അവർക്ക് ഇതെന്തോ വലിയ അത്ഭുതപ്രപഞ്ചം പോലെയും. ! പ്രത്യേകിച്ച് ഈ തണുപ്പും, പച്ചപ്പും...! ക്യാമ്പിന് വരുന്നകുട്ടികളെ സംബന്ധിച്ചാണങ്കിൽ കുളിയും, കുളവുമാണ് ആകർഷണം.  അതുപോലെ തന്നെയാണ് ഇവിടെ ഈ കാണുന്ന വീടുകളുടെ നിർമ്മാണവും, ഒന്ന് പരിസ്ഥിതി ക്യാമ്പിനുവരുന്നവർക്കുവേണ്ടിയും, മറ്റേത് സ്വന്തം ആവശ്യത്തിനും.! ലാറിബേക്കർമാതൃകയിൽ വളരെകുറഞ്ഞചിലവിലാണ് ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത്." 

- പൊതുവിൽ കാണുന്നമലയാളി ശീലങ്ങളിലേക്ക് ഇടക്കൊന്ന് കണ്ണോടിച്ച ടീച്ചറോട് പലരും ചോദിച്ചു... " ടീച്ചർക്ക് വട്ടുണ്ടോ... ജാതി, റബ്ബർ, കവുങ്ങ്.. അങ്ങിനെയെന്തെല്ലാം..."? "മറുപടി അർഹിക്കാത്ത ചോദ്യങ്ങളോട് പൊതുവിൽ മുഖം തിരിക്കാറാണ് പതിവ്.." -ടീച്ചർ പറഞ്ഞു

. " എന്തായാലും ഞാനിപ്പോൾ നൂറ് ശതമാനം സന്തുഷ്ടയാണ്. കാരണം കേരളത്തിൻറെ മണ്ണിൽ നിന്ന് വിസ്മൃതിയിലേക്കാണ്ടുപോയ നൂറുകണക്കിന് സസ്യങ്ങളും, ചെടികളും, വൃക്ഷങ്ങളുമുണ്ടിവിടെ... വരുന്നവർക്ക് മനസ്സിലാക്കാൻ ഓരോന്നിൻറേയും പ്രത്യേകതകളും, പേരും എഴുതി തൂക്കിയിരിക്കുന്നു... ഏറ്റവും സന്തോഷം കുട്ടികളെ കാണുമ്പോഴാണ്.. ചെടികൾ നടാനും, പരിപാലിക്കാനും, അതിനെക്കുറിച്ച് മനസ്സിലാക്കുവാനുമുള്ള അവരുടെ ആഗ്രഹങ്ങളും, ആവേശവുമൊക്കെ കാണുമ്പോഴാണ്, നമ്മുടെ ഇത്രകാലത്തെ കഠിനാദ്ധ്വാനമെല്ലാം വെറുതെയായില്ലന്നുള്ള തോന്നലുണ്ടാകുന്നത്....! അത്രത്തോളം കളങ്കമില്ലാത്ത ഒരു മനസ്സും, കാര്യങ്ങളെ തിരിച്ചറിയുവാനുള്ള കഴിവും, അൽപ്പം അദ്ധ്വാനിക്കുവാനുമുള്ള മനസ്സുമുണ്ടങ്കിൽ നമ്മുടെ ഓരോരുത്തരുടേതുമായ ഈ ഭൂമി എന്നേ സ്വർഗ്ഗമായിതീർന്നേനെ. ഏറ്റവും വലിയ തമാശ നമുക്കു സ്വന്തം ഭക്ഷിക്കാനുള്ള സാധനങ്ങൾ പോലും മറ്റുള്ളവൻ ഉണ്ടാക്കിത്തരേണ്ടതാണ് എന്ന അടിയുറച്ച  മലയാളികളുടെ ബോധമാണ് ഇപ്പോഴും മനസ്സിലാകാത്തത്..!  ഇവിടെ മഴവേണോ, മഞ്ഞുവേണോ, പ്രളയംവേണോ, കടുത്ത വേനൽവേണോ എന്നെല്ലാം നിശ്ചയിക്കുന്നത് നമ്മൾതന്നെയാണ്. നമ്മുടെ പ്രവൃത്തികളും, ചിന്തകളുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ നിലനിർത്തുന്നത്.!  ഇതെല്ലാം ഏത് കൊച്ചുകുഞ്ഞുങ്ങൾക്കാണ് അറിയാത്തത്.. വിദേശ രാഷ്ട്രങ്ങളിൽപോലും, കാലാവസ്ഥ വ്യതിയാനത്തിനെതിരായും, പ്രകൃതിസംരക്ഷണത്തിനായും കൊച്ചു  കുട്ടികളാണ്   തെരുവിലേക്കിറങ്ങുന്നത്... ഇവിടെ പ്രകൃതിയെ ചൂഷണം ചെയ്യാൻ അനുവദിക്കാത്തതിനാണ് സമരം..! അത്രത്തോളമായി നമ്മുടെ നാടും, നാടിൻറെ അവസ്ഥയും....! -ടീച്ചർ പറഞ്ഞുനിർത്തി -

ചുറ്റിലും നിൽക്കുന്ന  മരങ്ങളും, പറമ്പുമെല്ലാം കാണുന്നതിനിടയിൽ  എവിടെ നിന്നൊക്കെയോ ആദ്യം വളരെ കുറഞ്ഞ തോതിലും... പിന്നീട് കാതടപ്പിക്കുന്നതുമായ   ശബ്ദങ്ങൾ ആർത്തലച്ചു!.-" പാറമടയാണ്" -  ടീച്ചർ പറഞ്ഞു...

" യാതൊരു തത്വദീക്ഷയോ....ചട്ടങ്ങളോ പാലിക്കാതെ  എല്ലാ  നിയന്ത്രണങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ പ്രദേശത്തെ ഈ അലർച്ച വരിഞ്ഞുമുറുക്കുന്നത്...!  ഒട്ടനവധി കുടുംബങ്ങൾ ഇതിനിടെ പാലായനം ചെയ്തു കഴിഞ്ഞിരിക്കുന്നു... ബാക്കിയുള്ളവരും അധികം താമസിയാതെ നാടുവിടും.. കാരണം ഈ അലർച്ചകളിൽ നിരവധി വീടുകളുടെ അടിത്തറകൾ ഇതിനകം തകർന്നുകഴിഞ്ഞു... ആരോടു പറയാൻ? പറഞ്ഞിട്ടുതന്നെ എന്തുകാര്യം..? നമ്മുടെ നാട് ഇപ്പോൾ ഇങ്ങിനെയൊക്കെയാണ്... വളർന്നുവരുന്ന കൊച്ചുകുട്ടികളിൽ മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ... എങ്കിലും മരിക്കുന്നതിന് മുൻപ് നാടിനും,.... വരും തലമുറയ്ക്കും വേണ്ടി ഒരു കൈക്കുമ്പിൾ വെള്ളമെങ്കിലും പകർന്നുനൽകുവാൻ കഴിഞ്ഞെന്നരാശ്വാസം."! -ടീച്ചർ ദൂരേക്ക് നോക്കി പറഞ്ഞുനിർത്തി -

അൽപ്പസമയത്തെ മൗനത്തിനുശേഷം പടിയിറങ്ങുമ്പോൾ... മനസ്സ് സ്വയം ചോദിച്ചു... എല്ലാം ആർക്കുവേണ്ടി...? ...എന്തിനുവേണ്ടി..? മനുഷ്യന്...മൃഗമാകാൻ എളുപ്പമാണ്...! ...പക്ഷെ മൃഗങ്ങൾക്കെങ്ങിനെ മനുഷ്യനാകുവാൻ കഴിയും..?


 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌