Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ലോ കോസ്റ്റിൽ നിന്നും ഹൈകോസ്റ്റിലേക്ക്
അങ്ങിനെ മേൽക്കൂര വാർക്കവരെ കഴിഞ്ഞ് വീടുപണിയുടെ മുഖ്യഘട്ടം കഴിഞ്ഞെന്നാശ്വസിച്ചിരിക്കുമ്പോഴാണ്....ഭാര്യ കയറിവന്നത്...!
- ഉദ്ദേശിച്ചതിലും വളരെയേറെ ചിലവുകുറഞ്ഞതിൻറേയും വീടിൻറെ ഒരുവലിയ ഘട്ടം കഴിഞ്ഞതിൻറേയും സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു.
" അതേയ്...ഞാനൊരുകാര്യം പറയട്ടെ...!"
- ഞാൻ അത് എന്തെന്ന് അർഥത്തിൽ തലയുയർത്തി...-
" ഏതായാലും നമ്മൾ ഉദ്ദേശിച്ചതിലും ചിലവ് വളരെ കുറഞ്ഞ സ്ഥിതിക്ക്...നമുക്ക് ഈ വീടിൻറെ ഉൾഭാഗം മാത്രം മുഴുവനായങ്ങ് പ്ളാസ്റ്റർ ചെയ്താലോ...?....അല്ല ഞാൻ പറഞ്ഞെന്നേയൊള്ളൂ... അപ്പുറത്തെ പത്ഭനാഭൻ ചേട്ടനും... മീനാക്ഷി ചേച്ചിയൊക്കെ പ്പറഞ്ഞു... പ്ളാസ്റ്റർ ചെയ്താൽ നല്ലഫിനിഷിംഗും കിട്ടും...നല്ല വെളിച്ചവുമുണ്ടാകൂത്രേ....! "
" അതുശരി...ഇപ്പോൾ കാശ് ചിലവായത് കുറഞ്ഞുപോയതാണോ പ്രശ്നം...?" -ഞാൻ ചോദിച്ചു... -
" അങ്ങിനെയല്ല... വീട് ഒരുപ്രാവശ്യമല്ലേ പണിയുകയൊള്ളൂ...അപ്പോപ്പിന്നെ കുറച്ചു ഫിനിഷിംഗായിക്കോട്ടെ... --"
-ഞാൻപൊട്ടിച്ചിരിച്ചു -
" എടീപെണ്ണേ....പത്ത് ലക്ഷത്തിൻറെ ഒരു ചിട്ടി കിട്ടീതിൻറേം...നിൻറെ കുറച്ച് സ്വർണ്ണോം ...പിന്നെ ബാങ്കിൽ കിടന്ന സർവ്വ സമ്പാദ്യവുമെടുത്തുള്ള.. ഒരു കളിയാ ... ഇതുകഴിയുമ്പോ ചിട്ടീടെ മാസം ഏഴായിരത്തി അഞ്ഞൂറ് രൂപ അടവ്... സ്വർണ്ണത്തിൻറെ പലിശ, പിന്നെ മുതല്,...വീട്ടുചിലവ്... മരുന്ന്...മന്ത്രം...എല്ലാം കൂടി അടിപൊളി തമാശയായിരിക്കും..."
" പിന്നെ അതൊക്കെ നടക്കും....ഇത്രോം വരെ എത്തീത് നമ്മളാരെങ്കിലും നിശ്ചയിച്ചുറപ്പിച്ചിട്ടാണോ... " - അവൾ സ്ഥിരം ചോദ്യം പിന്നെയുമാവർത്തിച്ചു..
" എന്തായാലും..കൈയ്യിൽ കാശില്ലങ്കിൽ , സാക്ഷാൽ ദൈവം തമ്പുരാൻ പോലും... തിരിഞ്ഞു നോക്കത്തില്ലന്നേ പറഞ്ഞൊള്ളൂ... "
-" ഒന്നു പോ അവിടുന്ന്...തർക്കുത്തരം പറയാണ്ട്..."
- അവൾ മുഖം വക്രിപ്പിച്ച് എഴുന്നേറ്റ് പോയി -
-ഞാൻ ചുറ്റും കണ്ണോടിച്ചു... ഉൾഭാഗം മുഴുവൻ വേണമെങ്കിൽ പ്ളാസ്റ്റ് ചെയ്ത് പെയ്ൻറ് ചെയ്തേക്കാം... ഇനിഭാര്യയുടെ അഭിപ്രായം അവഗണിച്ചെന്നും വേണ്ട... പക്ഷെ വീടു പണിയുമ്പോഴുള്ള ലക്ഷ്യം എന്തായിരുന്നോ ...അത് പാടെ ഇല്ലാതെയാക്കപ്പെടും...എന്നുവെച്ചാൽ ചിലവുംകൂടും അതോടൊപ്പം ചൂടും കൂടും..!
എന്തുമാകട്ടെയെന്നുകരുതി മേസ്തിരിയെ വിളിച്ചു
" മാഷെ ഇത് ഇൻറർ ലോക്ക് ഇഷ്ടികയായതിനാൽ...കരാറ് ജോലി ചെ യ്താൽ ശരിയാകില്ല....കാരണം പുറം സൈഡൊക്കെ പലസ്ഥലത്തും ഷേപ്പ് ചെയ്ത് പിടിപ്പിക്കണ്ടതുണ്ട്.... അത് ഒരുപാട് സമയമെടുക്കും..അതുകൂടാതെ ഫിനിഷിംഗും വേണം... മാഷ് കുറച്ചുകൂടെ സിമൻറും മണലും അടിച്ചു വെച്ച് വയറിംഗ് കാരുടേം, പ്ളംബർമാരുടേം വെട്ടിപ്പൊളിക്കലെല്ലാം കഴിഞ്ഞ് വിളിക്ക്... "
- അത്പറഞ്ഞ് മേസ്തിരി ഫോൺ കട്ടുചെയ്തു -
- അപ്പോൾ അതിലൊരു തീരുമാനമായി...ഇനിവീണ്ടും സിമൻറ് , മണല് എന്നിവയുടെ കണക്കുകളിലേക്ക് പോകണം...വയറിംഗ് പ്ളംബിംഗ് വർക്കുകൾ തകൃതിയായി നടക്കുന്നു. ലിൻറിൽ വാർക്കക്കും മുൻപേ അത്യാവശ്യം വേണ്ടുന്ന പൈപ്പുകളൊക്കെനേരത്തേ സ്ഥാപിച്ചതിനാൽ ഭിത്തി വെട്ടിപ്പൊളിക്കലെല്ലാം വയറിംഗിന് വേണ്ടി കുറച്ചുമാത്രമേ വേണ്ടി വന്നൊള്ളു. ഇൻറർലോക്ക് ഇഷ്ടികയായതിനാൽ മുഴുവൻ പണികളും ഡ്രില്ലും,കട്ടറുകളും ഉപയോഗിച്ച് ശ്രദ്ധയോടെ തന്നെയാണവർ ചെയ്തുകൊണ്ടിരുന്നത്.
" ചേട്ടാ...ഇൻവർട്ടർ ലൈൻ ഇട്ടിട്ടുണ്ട് അത് എവിടെ വെക്കണം...? "
സത്യത്തിൽ ഇൻവെർട്ടർ എന്ന ഒരുചിന്ത പോലും അതുവരെ എൻറെ മനസ്സിൽ ഉണ്ടായില്ല...!
" എൻറെ ചേട്ടാ ഇൻവർട്ടർ വാങ്ങിയാലും, ഇല്ലങ്കിലും അതിനുള്ള ലൈനെല്ലാം നേരത്തേ ഇട്ടുവെക്കണം...കൺസീൽഡ് വയറിംഗല്ലേ.. പിന്നീട് ആലോചിച്ചാൽ ബുദ്ധിമുട്ടാകും... അല്ലങ്കിൽ തന്നെ ഒരുകാറ്റുവന്നാൽ കറണ്ടുപോകുന്ന ഈ നാട്ടിൽ അതിനു മാത്രമായി പിശുക്കുപിടിക്കുന്നതെന്തിന്..?" ഇലക്ട്രീഷ്യൻറെ ചോദ്യം ശരിയാണന്ന് എനിക്കും തോന്നി... ബജറ്റുകൾ പതിയെ പതിയെ ഞാൻ പോലുമറിയാതെ നീണ്ടുതുടങ്ങി..!
അവൻ തുടർന്നു.. " എല്ലാം കൂടി ഒരുമിച്ച് ചോദിച്ച് ബുദ്ധിമുട്ടിലാക്കണ്ടല്ലോ എന്നുകരുതിയാ.ഇന്നലെ മിണ്ടാതിരുന്നേ.. , അതേയ്..പ്ളംബിംഗിന് ബാത്ത് റൂമിലേക്കും , അടുക്കളയിലേക്കുമെല്ലാം ചൂടുവെള്ളത്തിനുവേണ്ട പൈപ്പിടേണ്ടേ...? "
അതും ന്യായമായ ചോദ്യം. - എനിക്കാണേൽ അൽപ്പം ഇസ്നോഫീലിയേടെ അസുഖമുള്ളതാ...തണുപ്പ് കൂടുതലായാൽ പ്രശ്നം തന്നെ...!
കൊള്ളാം... ആ സമയത്ത് ചൂടുവെള്ളത്തിലൊരുകുളി ... ഭേഷായിരിക്കും... പക്ഷെ ഇന്നത്തെ നിലയിൽ വെള്ളം ചൂടാക്കി കുളിച്ചു വരുമ്പോൾ കറണ്ട് ചാർജ് ഇനത്തിലും കുറേ പൈസ കണ്ടത്തണം...! തത്കാല പ്രാരാബ്ദത്തിനിടയിൽ ഏതായാലും കുറച്ചുകൂടെ കഴിഞ്ഞൊക്കെ അത്തരം ആർഭാടങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കാം എന്ന് ഓർത്ത് നിൽക്കുമ്പോൾ ഇലക്ട്രീഷ്യൻ പയ്യൻ പറഞ്ഞു. " ചേട്ടനെന്താണ് ആലോചിക്കുന്നതെന്ന് എനിക്കു മനസ്സിലായി.... കറണ്ട് ചാർജിൻറെ പ്രശ്നമല്ലേ...?
- ഇവന് വല്ല അത്ഭുത സിദ്ധിയോ... മന്ത്ര വിദൃയോ പരിചയമുണ്ടോയെന്ന് ഓർത്ത് നിൽക്കുമ്പോൾ അവൻ തുടർന്നു.
" ചേട്ടാ ഒരു പ്രശ്നവുമില്ല... നല്ല ഒരു സോളാർ വാട്ടർ ഹീറ്റർ വാങ്ങി വെച്ചാൽ മതി... അതാകുമ്പോ നല്ല ചൂടുവെള്ളം എപ്പോഴും അടുക്കളയിലും ലഭിക്കും നിരന്തരം കൂടുന്ന ഗ്യാസ് വിലയ്ക്കിടയിൽ ഉപയോഗം വളരെയേറെ കുറക്കാനുമാകും... എങ്ങിനെ നോക്കിയാലും ആദ്യം കുറച്ചു പണം മുടക്കേണ്ടി വന്നാലും... ഇത് ഒരു ലാഭം തന്നെ.."!.
- അവൻ പറയുന്നതൊക്കെ കാര്യമായ കാര്യങ്ങൾ തന്നെ പക്ഷെ...!
" ചേട്ടാ വീടുപണിയുമ്പോൾ ആദ്യം എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെ...എല്ലാ സൗകര്യങ്ങളുമുണ്ടാകണം... പക്ഷേ കാശ് ചിലവാകാൻ പാടില്ല..." - അവൻ പൊട്ടിച്ചിരിച്ചു -
- ഞാൻ. അവനോട് അത്യാവശ്യം വേണ്ട ലൈറ്റ് പോയൻറുകൾ മാത്രമാണ് ചെയ്യാൻ പറഞ്ഞിരുന്നതെങ്കിലും...ചെയ്തു വന്നപ്പോൾ...സോളാർ വാട്ടർ ഹീറ്റർ വരെയായി. അപ്പോഴാണ് എനിക്ക് വീടുനിർമ്മാണത്തിന് സ്ക്വയർ ഫീറ്റ് തുക അന്വേഷിക്കുന്നവരുടെ ഔചിത്യമില്ലായ്മ മനസ്സിലായത്...! കാരണം നമ്മുടെ താത്പര്യങ്ങളും, ഉപയോഗിക്കുന്നവസ്തുക്കളുടെ ഗുണനിലവാരവുമാണ് ഒരു വീടിൻറെ വില നിശ്ചയിക്കുന്നത്...ഇലക്ട്രിക്ക് വർക്കിന് ഉപയോഗിക്കുന്ന കേബിൾ മുതൽ വാതിലിൽ പിടിപ്പിക്കുന്ന സ്ക്രൂ വരെ അതിൻറെ പരിധിയിൽ വരും...!
ഏതായാലും വീടുപണിയുടെ വേഗത കൂടുന്നതിനനുസരിച്ച്...എൻറെ നെഞ്ചിടിപ്പിൻറെ വേഗവും..കൂടിക്കൊണ്ടേ യിരുന്നു എന്നതാകും കൂടുതൽ ശരി...!
- Get link
- X
- Other Apps
Comments