Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ഒരു വീടു നിർമ്മാണത്തിൻറെ പൊല്ലാപ്പുകൾ.
അങ്ങിനെ എല്ലാവരേയും പോലെ തന്നെ...പുതിയ വീടുപണിയാകുമ്പോൾ, അതിനെക്കുറിച്ചുള്ള ഗാഢമായ, ചർച്ചകളും ചിന്തകളുമായി ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി...!
എന്നാൽ, എങ്ങിനെയാണന്നറിയില്ല...ഒരുപക്ഷേനാട്ടിൻപുറമായതുകൊണ്ടാകാം, പുതിയ വീടുപണിയെക്കുറിച്ചും, ശ്രദ്ധിക്കേണ്ട പ്രധാന വിഷയങ്ങളെക്കുറിച്ചും, സംസാരിക്കുന്നതിനായി. ദിവസവും ഒരുപാട് ചെറുകിട മേസ്തിരിമാരും, ചെറുകിട കോൺട്രാക്ടർമാരുമെല്ലാം എന്നെത്തേടിയെത്തി.!
അതിൽ കല്ലും, മണ്ണും എത്തിച്ചു നൽകുന്നവർ മുതൽ ഫർണീച്ചർ കമ്പനിക്കാരൻ വരെയുണ്ടായിരുന്നു...!!
ഏതായാലും അവരിൽ പലരും നാട്ടുകാരും, പരിചയക്കാരുമൊക്കെ ആയതിനാൽ ആരെയും വെറുപ്പിക്കേണ്ട എന്നുകരുതി... എല്ലാവരോടും വിളിക്കാം...അറിയിക്കാം...എന്നൊക്കെപ്പറഞ്ഞ് സന്തോഷത്തോടെ തിരിച്ചയച്ചു..!
അപ്പോഴും തത്ക്കാലം ഒരു പുതിയവീട് വേണോ, വേണ്ടയോ എന്ന് പോലും ഉറപ്പിച്ച് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു ഞാൻ എന്നുള്ളതായിരുന്നു ഏറെ തമാശ!
അതിൽ രണ്ടുനിലയാണ് കൂടുതൽ സൗകരൃമെന്നും,,,രണ്ടുപേരേ ഒള്ളുവെങ്കിലും...താഴെ നിലയിൽ മൂന്നും, മുകൾ നിലയിൽ രണ്ടും മുറികൾ പണിയുന്നതാകും കൂടുതൽ ഭംഗിയെന്നുവരെ, ഉപദേശിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.! അതല്ലെങ്കിൽ മൊത്തം നിലവിലുള്ള ഈ സ്ഥലവും വീടും കൂടി കച്ചവടമാക്കിയിട്ട് . കൂടുതൽ ലാഭത്തിലും, സൗകര്യത്തിലുമുള്ള മറ്റൊരു വീടും പറമ്പും വാങ്ങിത്തരാൻ ഉറപ്പിച്ച് മറ്റു ചിലരും . പിന്നെ ആകെ ഒരാശ്വാസമെന്നത്, വരുന്നവരെല്ലാം തന്നെ നമുക്ക് ലാഭമുണ്ടാക്കിത്തരുന്ന കച്ചവടങ്ങളെക്കുറിച്ചു മാത്രമേ സംസാരിക്കുന്നൊള്ളൂ എന്നതാണ് !
എന്തൊക്കെത്തന്നെയായാലും ഇതുവരെ സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത എന്നോട്, കാർപോർച്ച് നിർമ്മിക്കുവാനുള്ള ദിശയും...വീടുപണിക്കുശേഷം വാങ്ങേണ്ട കാറിൻറെ കമ്പനിയെക്കുറിച്ചും.. .വേണമെങ്കിൽ അതിന് ഫൈനാൻസ് ഒരുക്കാനുള്ള ആളുകളെ പരിചയപ്പെടുത്താം എന്നുപോലും പറയുന്ന ആളുകളെ കണ്ട് ഞാൻ അത്ഭുതം കൂറുക തന്നെ ചെയ്തു...!
എന്തായാലും വന്നുചേർന്ന ആളുകൾക്കിടയിൽ ഏറ്റവും വലിയ കോമഡിയായി തോന്നിയത്... നാട്ടിലെ ഒരു മരപ്പണിക്കാരനായ ചിന്നൻ ആശാരിയായിരുന്നു...!
അദ്ദേഹം, എന്നോടുള്ള സ്നേഹക്കൂടുതൽകൊണ്ടാകണം , എൻറെ , വീടു നിർമ്മാണത്തിനായി, എവിടെയോ ഒരുമരം ലാഭത്തിൽ കണ്ടുവെച്ചിട്ടുണ്ടത്രെ...!
ഇപ്പോൾ തത്കാലം ഒരു അൻപതിനായിരമോ മറ്റോ...അഡ്വാൻസായി കൊടുത്താൽ മതി... പുള്ളിക്കാരൻ എനിക്കുവേണ്ടി ആ മരം വാങ്ങി അറുത്ത് കഷണങ്ങളായി വീട്ടിൽ സൂക്ഷിക്കുകയും.. സമയമാകുമ്പോൾ ഉപയോഗിക്കാൻ പാകത്തിൽ, മരം വെള്ളം വലിഞ്ഞ് അസ്സൽ ഉരുപ്പടിയായി തീർത്ത് തരുകയും ചെയ്യും.!
അപ്പോൾ നമുക്ക് വളരെ ലാഭത്തിലും, മികച്ചതുമൊക്കെയായ വാതിലും ജനലുമെല്ലാം പണിയാനാകുമെന്നൊക്കെയാണ് ആശാരി പറഞ്ഞുകൊണ്ടിരിക്കുന്നത്...!
എന്തായാലും എൻറെ കനത്ത നിശബ്ദതക്കുമുന്നിൽ ആശാരി കുറച്ചുനേരം, തൻറെ വാക്കുകൾ പാളിപ്പോയോയെന്ന് സംശയിച്ചിട്ടാകണം.... അൽപ്പസമയം മൗനമായി നിന്നശേഷം പിന്നെ കാണാമെന്നുപറഞ്ഞ് ഇറങ്ങിപ്പോയി. !
കൂട്ടത്തിൽ, പരിസരത്ത് ചെറുതും, ഇടത്തരവുമെല്ലാമായ വീടു നിർമ്മാണം നടത്തുന്ന ചിലരേയും, ചേർത്ത് മറ്റു ചില ബ്രോക്കർമാരും ഇതിനിടയിൽ വന്നുകൊണ്ടിരുന്നു. അതിൽ, ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്. അഞ്ചുപൈസപോലും കൈവശമില്ലെങ്കിലും കുഴപ്പമില്ല, ആധാരം ഉൾപ്പെടുന്ന ഡോക്യുമെൻ്റും, ചില പേപ്പറുകളും മാത്രം ഒപ്പിട്ടു നൽകിയാൽ മാത്രം മതി മനോഹരമായ ഒരു വീട് നിർമ്മിച്ച് കൈയ്യിൽത്തരാം എന്നു വരെ പറഞ്ഞ അതിബുദ്ധിമാൻമാർ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.!
എൻറെ മനസ്സിൽ അപ്പോഴും ഉയർന്നുവന്ന ഒരുചിന്ത ലോണെടുത്ത് ബാദ്ധ്യത കൂട്ടാതെ എങ്ങിനെ ഒരു ചെറിയ വീടുപണിയാം എന്നതുമാത്രമാണ്.
പലവിധ കണക്കുകളും മനസ്സിൽ തെളിഞ്ഞുവന്നെങ്കിലും,
കൈയിൽ പണമായി ആകെ ശേഷിച്ചത്, വെറും, അഞ്ചുലക്ഷം രൂപയും! . അതുവെച്ച് ഇന്നത്തെകാലത്ത്... വീടുപോയിട്ട് ഒരുഷെഡ്ഡുപോലും സ്വപ്നം കാണാൻ കഴിയില്ല. പിന്നെ എന്താണ് ഒരു വഴി..?
ഏതായാലും ഏതെങ്കിലും, ഒരുകാര്യത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ച് തല പുണ്ണാക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല.. ! പിന്നെ എന്തൊക്കെ, എങ്ങിനെയൊക്കെ, തീരുമാനിച്ചുറപ്പിച്ചാലും, കാരൃങ്ങൾ സംഭവിക്കുന്നത് മറ്റൊരു വഴിക്കായിരിക്കും എന്നതാണ് ഇതുവരെയുള്ള അനുഭവം!
ആലോചിച്ചാൽ രണ്ടു കുട്ടികൾ മാത്രമുള്ള ഞങ്ങളെ സംബന്ധിച്ച്, ഒതുങ്ങിക്കൂടാൻ ഏറിയാൽ മൂന്ന് സാധാരണ ബെഡ്റൂം , കിച്ചൺ, ഡൈനിംഗ്, ലിവിംഗ് എന്നതിനപ്പുറം കാര്യങ്ങൾ അത്രയധികം നീണ്ടുപോകേണ്ടതില്ലായിരുന്നു.! ഒരുപക്ഷേ, എന്നെങ്കിലും ഒരിക്കലോ, അതുമല്ലങ്കിൽ ഒരിക്കലും വന്നുചേരുവാനില്ലാത്ത ഏതെങ്കിലും ഒരു അതിഥിക്ക് വേണ്ടി, കുറച്ചധികം പണം കൂടി മുടക്കി മറ്റൊരു മുറിയും, അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ട ഒരവസ്ഥ കുറഞ്ഞ ചിലവിൽ ഒരു വീടുനിർമ്മാണം ആഗ്രഹിക്കുന്ന ഒരാൾക്ക് ഉണ്ടാവേണ്ടതില്ല എന്നും തോന്നി.
"പക്ഷെ അടുക്കള നല്ല സൗകര്യമുള്ളതാകണം " കമൻ്റ് ഭാര്യയുടെ വകയായിരുന്നു.
തീർച്ചയായും... ! ഒരു വീട്ടിൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം ഏതാണോ... അത് കൂടുതൽ മനോഹരമായിരിക്കണം.! പ്രത്യേകിച്ച്, സ്ത്രീകൾ എന്ന നിലയിൽ അവർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന അടുക്കളയും അതിനോട് ചേരുന്ന സ്പെയ്സുമെല്ലാം .
- അവൾ എന്തോ അർത്ഥം വെച്ചിട്ടെന്നവണ്ണം എന്നെ ഇടം കണ്ണിട്ട് നോക്കി -
"സംശയിക്കണ്ട... പറഞ്ഞത് കാര്യമായി തന്നെ." - ഞാൻ പറഞ്ഞു -.
സത്യത്തിൽ എൻറെ വീടു സങ്കൽപ്പം തന്നെ അത്തരത്തിൽ ഉള്ളവ ആയിരുന്നു. ലോ കോസ്റ്റ് വീട് എന്നാൽ നമുക്കാവശ്യമുള്ള പരമാവധി സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയും, എന്നാൽ അതിൻ്റെ നിർമ്മാണത്തിലും, പ്ലാനിലുമെല്ലാം അനാവശ്യമായ കാര്യങ്ങളും, പണച്ചിലവും ഒഴിവാക്കുക എന്നതുതന്നെയാണ്.
ജീവിതത്തിൻറ ഭൂരിഭാഗം സമയവും നമ്മൾ കഴിച്ചുകൂട്ടേണ്ട ഒരിടമാണ് വീട്. അതു കൊണ്ട് അതിനെ നമ്മുടെ സങ്കൽപ്പങ്ങൾക്കനുസൃതമായും, ലളിതമായും, മനോഹരമാക്കിയെടുക്കുക എന്നതുതന്നെയാകണം അതിൻ്റെ മുഖ്യ പരിഗണന.
സത്യത്തിൽ നമ്മുടെ സ്വന്തം വീടെന്നു പറയുമ്പോൾ അതിനകത്ത്, മറ്റെവിടേയും കിട്ടാത്ത സ്വാസ്ഥ്യവും, ശാന്തതയും നമുക്ക് ലഭിക്കണം. അതിന് ഒരിക്കലും വീടിൻ്റെ വലിപ്പമോ, ആഡംബരങ്ങളോ ഒന്നും ഒരു അളവുകോലല്ല.
ലോകത്തിലെ തന്നെ എത്ര മനോഹരമായ സ്ഥലങ്ങളിൽ പോയാലും നമുക്ക് എത്രയും പെട്ടെന്നുതന്നെ സ്വന്തം വീട്ടിടങ്ങളിലേയ്ക്ക് തിരിച്ചെത്താൻ തോന്നണം. മനസ്സിൻ്റെ എല്ലാ ഭാരങ്ങളും, അസ്വസ്ഥതകളും നമുക്ക് നമ്മുടെ സ്വന്തം ഇടങ്ങളിൽ ഇറക്കിവെയ്ക്കുവാനും, ലഘൂകരിക്കുവാനും കഴിയുമെ ങ്കിൽ മാത്രമേ അതിനെ നമ്മൾ ഒരു വീട് എന്ന് വിളിക്കേണ്ടതൊള്ളൂ. അല്ലാത്തിടത്തോളം കുറേ സിമൻ്റും , കല്ലും , മണലും നിറച്ച വെറുമൊരു കൂടാരം മാത്രം!
അങ്ങിനെ പലതും ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് വീടിന് എതിർവശം താമസിക്കുന്ന ബ്രോക്കർ മോഹനൻ നായർ ഒരാളെയും കൂട്ടി കടന്നു വന്നത്.
"ഇതാണ് ഞാൻ അന്ന് പറഞ്ഞ ... പഴയവീടുകൾ പൊളിച്ചു വാങ്ങുന്ന കുഞ്ഞപ്പൻ."
" കയറിവരൂ..."
കുഞ്ഞപ്പൻ അൽപ്പ സമയം വീടിന് ഉൾവശവും പുറവുമെല്ലാം ചുറ്റി നടന്ന് കണ്ട ശേഷം പറഞ്ഞു...
" പൊളിച്ചാലും വലുതായൊന്നും കിട്ടാനില്ല... പിന്നെ ഒരു കച്ചവടം..." -കുഞ്ഞപ്പൻ എന്നെ നോക്കി ചിരിച്ചു -
- ഞാൻ മോഹനൻ നായരെ നോക്കി - " ഇവിടുത്തെ വലിയകച്ചവടക്കാരനാ. ..ഒള്ളത് ഉള്ളത് പോലെ പറയും " -മോഹനൻ നായർ പറഞ്ഞു.
"അതിരിക്കട്ടെ ഇത് എന്ത് വിലയാണേൽ കൊടുക്കും...?" -കുഞ്ഞപ്പൻ ഒരുചെറു ചിരിയോടെ എന്നോട് ചോദിച്ചു --
" അതൊക്കെ നിങ്ങൾ തന്നെ പറയ് ....! നിങ്ങൾക്കല്ലേ ഇതിനെക്കുറിച്ചൊക്കെ ധാരണയുള്ളത്.. " - ഞാൻ പറഞ്ഞു-
"... ന്നാലും...നിങ്ങളുടെ ധാരണ ഒന്ന് പറയിൻ..." കുഞ്ഞപ്പൻ ഒരു വിളറിയ ചിരിയോടെ വീണ്ടും... -!
" അതുവേണ്ട നിങ്ങൾ തന്നെ പറയിൻ...നമുക്ക് രണ്ടുപേർക്കും ചേരുന്ന ഒരു റേറ്റാണെങ്കിൽ... മതീല്ലോ"
- കുഞ്ഞപ്പൻ പലവട്ടം മേലേക്കും കീഴേക്കും നോക്കി...എന്നിട്ട് പെട്ടെന്നു പറഞ്ഞു- "ഒരു പന്ത്രണ്ട് രൂപയങ്ങ്...കൈയിൽ ത്തരും...എന്താ സമ്മതമാണോ..?"
-ഞാൻ അന്തം വിട്ടു... കാരണം ഈ വീടിൻ്റെ മര ഉരുപ്പടികൾ മാത്രം തൂക്കി വിറ്റാൽ തന്നെ അതിൻ്റെ മൂന്നിരട്ടിയോ, നാലിരട്ടിയോ വില ലഭിക്കും. വളരെ വർഷങ്ങൾക്കു മുൻപുള്ള അസ്സൽ മര ഉരുപ്പടികളാണ്. അതും ഏതോ ഒരു ഡാം നിർമ്മാണ വേളയിൽ മുറിച്ചു മാറ്റിയ കാട്ടുമരങ്ങൾ പണ്ട് ഫോറസ്റ്റുകാർ ലേലം ചെയ്തപ്പോൾ വിളിച്ചെടുത്തത്.!
- അതൊന്നും നടക്കുകേലാ... സാമാന്യരീതിയിൽ മാന്യമായ ഒരു വില പറഞ്ഞാൽ ആലോചിക്കാം -
- ഞാൻ പറഞ്ഞു -
- മറുപടി- കുഞ്ഞപ്പൻ്റെ വലിയൊരു ചിരിയായിരുന്നു - "
" ങ്ങൾ...ന്താ മാഷേ.. .ഈ പറേണത്...?...ഇതിൽ നിന്ന് ആകെ കിട്ടാനുള്ളത് ഇച്ചിരി മരം മാത്രമാണ് ...അതാണങ്കിലോ...കൂടുതൽ മച്ചിൻ പലകയും...! അതിൽ തന്നെ ചിതൽ എവിടെയാ...! മോശം എവിടെയാ....! ഇതൊക്കെ പൊളിക്കുമ്പോ മാത്രം അറിയാൻ പറ്റണ കാര്യങ്ങളും ! പിന്നെ പൊളിച്ചിലവ്, വണ്ടിക്കാശ്...ഇതെല്ലാം കൂടെ കൂട്ടിയാൽ ഇതീന്ന് എന്ത് കിട്ടാനാ...? കുഞ്ഞപ്പൻ തൻ്റെ ബിസിനസ്സ് നഷ്ടങ്ങൾ വിലയിരുത്തി. - അതെല്ലാം സത്യമെന്ന അർഥത്തിൽ മോഹനൻ നായരും തലയാട്ടി-
അതിന്
ശേഷം മോഹനൻ നായർ പറഞ്ഞു... അതെന്തെങ്കിലുമാകട്ട്...! അൽപ്പംകൂടി ഭേദപ്പെടുത്തി എന്തെങ്കിലും കൊട്...പുള്ളിക്കാരനും ഇതിൽ നിന്ന് വല്ലതും കിട്ടീട്ട് വേണ്ടേ ഒരു വീട് വെയ്ക്കാൻ..."!
- അത് ന്യായമെന്നമട്ടിൽ കുഞ്ഞപ്പൻ എന്നെ നോക്കി - ...അതിന് ശേഷം പറഞ്ഞു.-"
" ശരി എങ്കിൽ അങ്ങ് കേട്ടോ...ഒരു പന്ത്രണ്ടേ അഞ്ഞൂറ്...! "
- ഇപ്പോൾ തൃപ്തിയായില്ലേ, എന്ന മട്ടിൽ മോഹനൻ നായർ പതിയെ എന്നെയൊന്ന് ഒളികണ്ണിട്ട് നോക്കി......!
അതിന് ശേഷം കുഞ്ഞപ്പനോടായി പറഞ്ഞു... " എന്നാപ്പിന്നെ...വൈകിക്കണ്ട...ഒരു ആയിരമങ്ങ് ഐശ്വരമായിക്കൊട്...! കച്ചവടം നടക്കട്ടെ...!"
"ഏത് കച്ചവടം ...? - ഞാൻ ചോദിച്ചു -
-മോഹനൻ നായർ അപ്രതീക്ഷിതമായി ഒരു അടികിട്ടിയതുപോലെ മിഴിച്ചുനിന്നു -
....അല്ല മാഷേ..." -മോഹനൻ നായർ എന്തോ പറയാൻ ഭാവിച്ചു-
-ഞാൻ പറഞ്ഞു -" വേണ്ട...എനിക്ക് ഇതിൽ താത്പര്യമില്ല. .."
"ഹാ...ഇത് എന്തോന്ന് പരിപാടി....?!....ഒരു കച്ചവടമാകുമ്പോ...അങ്ങോട്ടുമിങ്ങോട്ടും....!"
-അയാൾ വീണ്ടും എന്തെക്കെയോ പറയാൻ ഭാവിച്ചു- ഞാൻ തടഞ്ഞു..-
"ഈ സംസാരം കൊണ്ട് എനിക്കോ ...നിങ്ങൾക്കോ എന്തെങ്കിലും ഗുണമുണ്ടാകാൻ പോകുന്നില്ല.അതുകൊണ്ട് നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം..." - ഞാൻ അൽപ്പം ശബ്ദം കനപ്പിച്ചു -
- എൻ്റെ സംസാരം തീരെ ഇഷ്ടപ്പെടാത്ത വണ്ണം .. അവർ തിരിഞ്ഞുനടന്നു-
അവർ ഗേറ്റ് തിരിഞ്ഞ് പോയിക്കഴിഞ്ഞപ്പോൾ...പുറകിൽ പെട്ടെന്ന് ഒരു പൊട്ടിച്ചിരികേട്ട് ഞാൻ തിരിഞ്ഞുനോക്കി -
-അടുത്ത വീട്ടിലെ അബൂക്കയായിരുന്നു
"...ഞാൻ മാഷിൻ്റെ വർത്തമാനം കേട്ട് ശ്രദ്ധിച്ച് നിക്കായിരുന്നു...നന്നായി മാഷേ...അറുത്ത കൈക്ക് ഉപ്പുതേക്കാത്ത വർഗ്ഗങ്ങളാ...!...രാവിലെ ഇറങ്ങും...ഇന്ന് ആരേയാ,എവിടെയാ, പറ്റിക്കാനുള്ളതെന്നും നോക്കി...! യവൻമാർക്ക് എല്ലാകച്ചവടവും നഷ്ടമാ.. .ഇപ്പോ മാഷിൻ്റെ തുൾപ്പടെ..! ..നമ്മൾ പോലുമറിയാതെ നമ്മളെ വിലയ്ക്കു വാങ്ങാൻ നടക്കുന്നു... മരമാക്രികൾ..."!
- അബൂക്ക മതിലനപ്പുറം നിന്ന് അത്രയും പറഞ്ഞ് പൊട്ടിച്ചിരിച്ച് അകത്തേക്കു തന്നെ കയറിപ്പോയി -
- ഞാൻ അബൂക്കയുടെ വാക്കുകളെ മനസ്സാ ....നമസ്ക്കരിച്ചു..!
ശരിയാണ് മനുഷൃൻമാർക്കിപ്പോൾ ,കണ്ണുകൾ രണ്ടല്ല, മൂന്നു തന്നെ വേണം.! നമ്മൾ അൽപ്പം താണു കൊടുത്താൽ തല തന്നെ തിന്നു കൊണ്ടുപോകും. അത്തരം ജൻമങ്ങളാണ് ഇപ്പോൾ ചുറ്റിനും. നട്ടെല്ലനങ്ങാതെ എങ്ങിനെ പണമുണ്ടാക്കാം എന്ന ചിന്തയിലാണ് പലരും ഇപ്പോഴുമെ ന്നു തോന്നുന്നു. നമ്മുടെ ചെറിയ...ചെറിയ വീഴ്ചകളും, അശ്രദ്ധയും.....അറിവില്ലായ്മയും എല്ലാം തന്നെയാണ് മറ്റൊരർഥത്തിൽ, പലപ്പോഴുംമറ്റുള്ളവർ പെറുക്കിക്കൂട്ടി സമ്പാദ്യമാക്കുന്നത് ...!
നമ്മൾ ഏതെങ്കിലും ഒരു സൗഹൃദത്തിൻ്റെയോ, മഹാമനസ്ക്കതയുടേയോ പേരിൽ നൽകുന്ന ഒരു പക്ഷേ എറ്റവും ചെറിയ ഒരു ഔദാര്യമായിരിക്കാം ഒരു പക്ഷേ ഒരു ജീവിതകാലത്തോളം വരുന്ന വലിയ നഷ്ടങ്ങൾക്കോ , കയ്പ്പേറിയ ചില ദുരനുഭവങ്ങൾക്കോ ഇട വരുത്തുന്നത്.!
എന്തായാലും അതെല്ലാം, അന്ന് ആദ്യമായി, എക്കാലത്തും പാലിക്കപ്പെടേണ്ട ജീവിതത്തിൻറെ പുതിയൊരു പാഠമായിത്തന്നെ മാറുകയായിരുന്നു.!
എന്തായാലും, വീടു നിർമ്മാണമെന്നല്ല ഏതൊരു കാര്യത്തിനും നമ്മൾ ആദ്യമായി ഇറങ്ങിത്തിരിക്കുമ്പോൾ കൂടുതൽ കരുതലും ശ്രദ്ധയുമില്ലങ്കിൽ തീർച്ചയായും ഏതൊരാളും ഇന്നത്തെ സമൂഹത്തിൽ പറ്റിക്കപ്പെടുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
കഴിയുന്നതും ഇത്തരം നൂലാമാലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാമെന്നു കരുതി കൂടിയാണ് പലരും വീടുനിർമ്മാണം പോലുള്ളവ മറ്റൊരാളെ ഏൽപ്പിക്കുന്നത്. എന്നാൽ അതും വളരെ നന്നായി ശ്രദ്ധിച്ചില്ലങ്കിൽ കയ്യിലിരിക്കുന്ന പണവും , മാനവും മാത്രമല്ല പിന്നീട് വീട് നിർമ്മാണം ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്ത വിധത്തിൽ കോടതികളും കയറിയിറങ്ങേണ്ടിവരും എന്നതാണ് പലരുടേയും അനുഭവങ്ങൾ തെളിയിച്ചതും!
-
- Get link
- X
- Other Apps
Comments