പ്രമേഹ രോഗികൾക്ക് ഓർഗാനിക്ക് ചിരട്ട പുട്ട്

 


കൂവരക് ( റാഗി ) ചിരട്ട പുട്ട്

പ്രമേഹ രോഗം ഉള്ളവർക്കും അല്ലാത്തവർക്കുമായി വളരെയേറെ പോഷകസമ്പുഷ്ടവും അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് .

https://www.vlcommunications.in/2026/01/blog-post_25.html
പ്രമേഹ രോഗികൾക്ക് ഓർഗാനിക്ക് ചിരട്ട പുട്ട്



പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ തങ്ങൾ ഏതു തരം ഭക്ഷണങ്ങൾ  കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്


കാൽസ്യവും, ഇരുമ്പും ധാരാളമായി ഉള്ളതിനാൽ ഇത് വിളർച്ച തടയുവാനും പല്ലുകളുടെ ആരോഗ്യത്തിനും , കൂടാതെ കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്.

കുട്ടികൾക്കായി തയ്യാർ ചെയ്യുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണന്ന പക്ഷം ഇതിൽ അൽപ്പം ശർക്കരയോ , അവിലിൽ ശർക്കര ചേർത്തോ , അതല്ലങ്കിൽ  അവർക്ക് ഒറ്റയ്ക്കു കഴിക്കാൻ ബുദ്ധിമുട്ടുള്ള ഏതൊരു  ഭക്ഷണവും യുക്തിസഹമായി ഇതിനോടൊപ്പം ചേർത്ത് ഉണ്ടാക്കി നൽകാവുന്നതാണ്.

പുട്ട് ഉണ്ടാക്കുന്ന വിധം

ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത്  ആവശ്യമുള്ളത്രയും രാവിലെ വെള്ളത്തിലിട്ടുവെയ്ക്കുക.

പിന്നീട് വൈകുന്നേരമാകുമ്പോഴേക്കും വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ധാന്യമണികളെല്ലാം പെറുക്കിക്കളഞ്ഞ ശേഷം, വെള്ളം ഊറ്റിക്കളഞ്ഞ്, വൃത്തിയായ തുണിയിൽ കെട്ടി മുളയ്ക്കാൻ അനുവദിക്കുക . 
അതിന് ശേഷം നല്ല വെയിലത്തിട്ട് ഉണക്കിപ്പൊടിച്ചെടുക്കുകയാണങ്കിൽ  ഏറെ പോഷകസമ്പുഷ്ടമായ റാഗിപ്പൊടിയായിരിക്കും ലഭ്യമാവുക.

എന്നാൽ അതിന് സാധിക്കാത്തവർക്ക്, മാർക്കറ്റിൽ നിന്നും നേരിട്ടു തന്നെ കൂവരക് പൊടി വാങ്ങി ഉപയോഗിക്കാവുന്നതുമാണ്  .

ആവശ്യമായ സാധനങ്ങൾ
കൂവരക് പൊടി ഒരു ഗ്ലാസ്,  
ക്യാരറ്റ് ഗ്രേറ്റ് ചെയ്തതത് - 1 എണ്ണം
ക്യാബേജ് ചിരകിയത് അരഗ്ലാസ് .
തേങ്ങ ചിരകിയത് - ആവശ്യത്തിന്.

ഇത്രയും സാധനങ്ങൾ
സാധാരണ രീതിയിൽ പുട്ടിന് കുഴയ്ക്കുന്ന രീതിയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് , അതിൽ ചിരകിയ ക്യാരറ്റും, ക്യാബേജും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ചിരകിയിട്ടിരിക്കുന്ന പച്ചക്കറികൾ നല്ല രീതിയിൽ പുട്ടുപൊട്ടിയുമായി ചേർത്ത് കുഴച്ചതിന് ശേഷം മാത്രമേ ആവശ്യമെങ്കിൽ വെള്ളം തളിച്ച് കൊടുക്കേണ്ടതൊള്ളൂ. 
അല്ലാത്ത പക്ഷം അതിൽ ചേർത്തിരിക്കുന്ന പച്ചക്കറിയിലെ വെള്ളം പൊടിയിലേക്ക് ലയിച്ച് വെള്ളം കൂടിപ്പോകുവാനുള്ള സാദ്ധ്യതയുണ്ട്.

പിന്നീട് നല്ല വൃത്തിയുള്ള ചിരട്ട കഴുകി തുടച്ചെടുത്ത ശേഷം ആവശ്യമെങ്കിൽ അൽപ്പം നെയ്യ് ചിരട്ടക്ക് ചുറ്റും പുരട്ടിക്കൊടുക്കുന്നത് പുട്ടിന് ഒരു പ്രത്യേക രുചിയും, ഗന്ധവും നൽകുന്നതോടൊപ്പം ,ചിരട്ടയിൽ പുട്ട് പറ്റിപ്പിടിച്ചിരിക്കാതെ നല്ല കൃത്യമായ ഷേയ്പ്പിൽ ചിരട്ടയിൽ നിന്ന് അടർത്തി എടുക്കുവാനും സഹായകരമാകും.

ആദ്യം ചിരട്ടക്ക് അടിയിൽ ആവികയറാൻ പാകത്തിൽ വളരെ ചെറുതായി ഒരു ഹോൾ ഇട്ട് നൽകിയ ശേഷം , പുട്ടു കണയുടെ ഉള്ളിൽ സാധാരണയായി ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ചില്ല് ഇതിനായും ഉപയോഗിക്കാം.  പിന്നീട് ചിരട്ടയ്ക്ക് അടിയിൽ   അൽപ്പം തേങ്ങ ചിരകിയത് വിതറിയ ശേഷം മുകളിൽ പുട്ടുപൊടി നിറച്ച് , വീണ്ടുംഅതിന് മുകളിൽ  തേങ്ങ ഇട്ട ശേഷം അടച്ചു വെച്ച് ആവി കയറുവാൻ അനുവദിക്കുക.

ഏകദേശം അഞ്ചു മുതൽ പത്തുമിനിറ്റാകുമ്പോഴേക്കും ആവി കയറാൻ തുടങ്ങുന്ന ചിരട്ട പുട്ട് അൽപ്പ സമയം കൂടി വേകാൻ അനുവദിച്ച ശേഷം പുട്ട് ചിരട്ട കമിഴ്ത്തി പാത്രത്തിലേക്കിട്ടുക.

സാധാരണഗതിയിൽ ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന ഈ ഭക്ഷണം മറ്റ് കറികളൊന്നും കൂടാതെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

കൂടാതെ ആവിയിൽ നന്നായി വെന്തു കഴിഞ്ഞ പച്ചക്കറിയുടെ രുചിയും, അതിലുള്ള ജലാംശവുമെല്ലാം മറ്റ് കറികളുടെയൊന്നും ആവശ്യമിയാതെതന്നെ, കഴിക്കാൻ രുചികരവുമാണ്.

https://www.vlcommunications.in/2026/01/blog-post_25.html
പ്രമേഹ രോഗികൾക്ക് ഓർഗാനിക്ക് ചിരട്ട പുട്ട്



എന്താണ് ഈ ഓർഗാനിക്ക് പുട്ടിൻ്റെ ഗുണവശങ്ങൾ?

ആദ്യമായി, ഗോതമ്പ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും, അലർജിയുള്ളവർക്കും മികച്ച ഓപ്ഷനാണ് ഈ റാഗി പുട്ട് .
കൂടാതെ നേരത്തേ പറഞ്ഞതുപോലെ തന്നെ കാൽസ്യം, ഇരുമ്പ് എന്നിവയുടെ കലവറയാണ്.

ക്യാരറ്റ് - ക്യാരറ്റിലുള്ള വൈറ്റമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും, കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും, ചർമ്മത്തിൻ്റെ തിളക്കത്തിനും ഗുണപ്രദമാണ്.

ക്യാബേജ് - ഇത് വൈറ്റമിൻ കെ, സി , എന്നിവയാൽ സമ്പന്നമായതുകൊണ്ട് രോഗ പ്രതിരോധ ശേഷി നൽകുവാൻ പര്യാപ്തമാണ്.

കൂവരകിൽ - ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല, കൂടാതെ ഇതിൽ നാരുകളടങ്ങിയ പച്ചക്കറികളും അടങ്ങിയിട്ടുള്ളതിനാൽ ഇത് പ്രമേഹ രോഗികൾക്കും ധൈര്യപൂർവ്വം കഴിക്കാവുന്നതാണ്.

എല്ലാത്തിലുമുപരി, ദഹനപ്രക്രിയ സുഗമമാക്കുന്നു.
കൂവരകിലും , പച്ചക്കറികളിലും ധാരാളം നാരിൻ്റെ അംശമുള്ളതിനാൽ ഇത് ദഹനം എളുപ്പമാക്കാനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാനും സഹായിക്കും.

ചിരട്ടയിൽ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ അൽപ്പം പോലും എണ്ണമയമില്ലാത്തതും, കൂടാതെ പച്ചക്കറികളുടെ പോഷക ഗുണങ്ങൾ അൽപ്പം പോലും ചോർന്നുപോകാതെയും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നതും ഇതിൻറെ മറ്റൊരു സവിശേഷതയാണ്.





Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌