Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
പപ്പായക്കുമുണ്ടൊരു കഥപറയാൻ...!
രാധാകൃഷ്ണപിള്ളയുടെ ഭാര്യ പതിവുപോലെ അന്നും പപ്പായ തോണ്ടിയിട്ടു, പ്രതീക്ഷക്ക് വിപരീതമല്ലാതെ ഒരെണ്ണം തോണ്ടിയപ്പോൾ ആറേഴെണ്ണം അന്നും നേരേ തലകുത്തിത്തന്നെ, നിലത്തുവീണു.
![]() |
മനുഷ്യബന്ധങ്ങളെ ഇല്ലാതെയാക്കുന്ന ആധുനികലോകം.! |
പഴയകാലമായിരുന്നേൽ, അയൽപക്കക്കാർക്കെല്ലാം കുറച്ച് കൊടുത്ത് അൽപസമയം സൊറപറഞ്ഞെല്ലാം പോരാമായിരുന്നു. ഇതിപ്പോ എന്തുചെയ്യാൻ...., ? പെട്ടെന്നല്ലേ എല്ലാവരും കിട്ടിയതുംകൊണ്ട് ആരോടും, മിണ്ടാതേം, പറയാതേം രക്ഷപെട്ടുകളഞ്ഞത്. !
ആധുനിക വികാസമാണത്രേ... ! രാധാകൃഷ്ണപിള്ളയുടെ ഭാര്യക്ക് ആദ്യം അതുകേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. പിന്നീടാണ് നാട്ടിലെ പഴയ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകളൊക്കെ, നാലുവരിയും, ആറുവരിയുമൊക്കെയായി മാറ്റി വിശാലമാക്കാൻ പോകുന്നതെന്ന കഥയറിഞ്ഞത്.
എന്നിട്ടെന്തായി...? റോഡിൻറെ, പുതുക്കൽജോലി, തുടങ്ങാറായപ്പോൾ, അതുവരെ പാതയോരങ്ങളിലെ സൗകര്യം അനുഭവിച്ചു കഴിഞ്ഞവരെല്ലാം പടിക്കുപുറത്ത്.! പിന്നീട്, കേരളമങ്ങുനിന്നു കത്തുന്ന കാഴ്ചകളായിരുന്നു... പത്രങ്ങളിലും, ചാനലുകളിലുമെല്ലാം...! അല്ലാതെപിന്നെ, ജീവിതത്തിൻറെ പടിക്കുപുറത്തായ ഈ പാവം മനുഷ്യരെല്ലാം വേറെ, എന്തുചെയ്യാൻ...?!
- പാവപ്പെട്ട മനുഷ്യരെ അന്തിയുറങ്ങാൻ പോലും അനുവദിക്കാത്ത കാട്ടുനീതിയെന്നെല്ലാമാണ് - അക്കാലത്ത്, കേരളത്തിൻ്റെ ബുദ്ധി ശരിയാംവണ്ണം നിലനിർത്തിപോരുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിരുന്ന പ്രമുഖ ബുദ്ധിജീവി മേധാവികളെല്ലാം അതിനെ വിശേഷിപ്പിച്ചത്.. !
അത് ശരിയായിരുന്നുതാനും.! അല്ലാതെ, പിന്നെ ഈ പാവം പിടിച്ച മനുഷ്യരെല്ലാം കൂടി ഇനി, ഈ ഭൂമിഗോളത്തിൽ വേറെ, എങ്ങോട്ടുപോകാൻ.?! അല്ലങ്കിൽത്തന്നെ സാധാരണമനുഷ്യർമാത്രം അധിവസിച്ചുപോരുന്ന ഈ ചെറിയ കേരളത്തെ ഇനി അമേരിക്കയും, സിംഗപ്പൂരുമെല്ലാം ആക്കിക്കളയാമെന്നൊക്കെ വെറുതേ വാശിപിടിക്കുന്നതിൻറെ സാംഗത്യമെന്ത്...?!
ഇങ്ങിനെ പലദിനങ്ങളിലും, മുറുക്കിത്തുപ്പിയും, കപ്പലണ്ടികൊറിച്ചും, കൊച്ചു സീരിയൽ കഥകളെല്ലാം കണ്ട് കസേരയിൽ ചാരിക്കിടന്ന് ജീവിതം പോക്കിയിരുന്ന, പഴയ റിട്ടയേർഡ് അദ്ധ്യാപകനായ രാധാകൃഷ്ണപിള്ളയും, ഭാര്യയുടെ ഇത്തരം ചിന്തകളിൽ ഒന്നുചേർന്നു.!
- പക്ഷെ , ദിനങ്ങൾ വളരെ പെട്ടെന്ന് മാഞ്ഞുപോകവേ, പിന്നീട് അത്തരം വാർത്തകളും ചിത്രങ്ങളും.... പത്രങ്ങളും ചാനലുകളും ബുദ്ധിജീവികളുമെല്ലാം യാതൊരു മുന്നറിയിപ്പുമില്ലാതെ വളരെ പെട്ടെന്ന് എന്തുകൊണ്ടോ, നിർത്തിവെക്കുകയും,. പ്രമുഖ പരിസ്ഥിതിവാദികളെല്ലാം കൂട്ടത്തോടെ അവധിക്കാലം ആഘോഷിക്കുവാൻ, മക്കളും, മക്കളുടെ മക്കളും താമസിക്കുന്ന വിദേശ രാജ്യങ്ങളിലേയ്ക്കെല്ലാം, പറക്കുകയും ചെയ്തു.!
പിന്നീട് ചുറ്റുപാടും തിരിഞ്ഞു നോക്കുമ്പോൾ, കാണുന്നത്, വലിച്ചുകീറിയ ബർമുഡയും, ക്ലീൻ ഷേവ് ചെയ്ത് മിനുക്കി, തീരെച്ചേർച്ചയില്ലാത്തതെന്ന്, തോന്നിപ്പിക്കുംവിധമുള്ള മുഖഭാവങ്ങളുമായി കുറേ പ്രത്യേകതരം മനുഷ്യർ ഗ്രാമജീവിതം കൈയ്യടക്കുന്നതാണ്. !
അതിൽ പലരും അന്തിയുറക്കംപോലും സാദ്ധ്യമല്ലാതെ വികസനത്തിൻ്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും, പുതിയ നഗരവികസനത്തിൻ്റെ ഭാഗമായി മുൻകൂർ സാദ്ധ്യതകൾ ഗണിച്ച് ഏക്കറുകൾ സ്ഥലം വാങ്ങി വിൽക്കുന്ന, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരുമായിരുന്നു...!
എന്നാൽ പിന്നീടാണ് കഥയറിയുന്നത്...! നഗരവികസനത്തിൻറെ ഭാഗമായി ഒഴിഞ്ഞുപോകപ്പെട്ടവർക്ക്, അന്ന് വിലഗണിച്ചു നൽകിയത്, ഭൂമിക്കും, വസ്തുവകകൾക്കും, താത്ക്കാലികമായി താമസിക്കുവാനുള്ള വാടകവീട് അലവൻസുകളും മാത്രമായിരുന്നില്ല.!
തെങ്ങിനും, കവുങ്ങിനും...., എന്തിന് അതിർത്തികളിൽ മുളച്ചുപൊന്തിയ ആഞ്ഞിലിക്കും, പ്ലാവിനും, ജാതിമരങ്ങൾക്കും വരെ വിലയിട്ട് പണം കൈപ്പറ്റിയ മനുഷ്യരാണ് ഇപ്പോൾ ദേശീയപാത പുത്തൻ പണക്കാരായി, രാധാകൃഷ്ണ പിള്ളയുടെ ഭാര്യയുടെ വീടിന് ചുറ്റും ഉയർത്തിയ കൂറ്റൻ മതിലിൽ കെട്ടു കൾക്കുള്ളിൽ ആരോടും സഹവാസമില്ലാതെ അന്തിയുറങ്ങുന്നത്.!
എന്നാൽ ആധുനികവികാസവും, ഇൻറർനെറ്റും, ആധുനിക സാങ്കേതിക വിദ്യയും, ഒന്നുചേർന്ന ആഗോളവികസനമാകട്ടെ... മൊത്തം ലോക കാഴ്ച്ചയിൽ, ഒരുമൺതരിയുടെ ഒരംശത്തിലും താഴെ മാത്രം മുകളിൽ നിന്നും, ദൃശ്യമായേക്കാവുന്ന, രാധാകൃഷ്ണപിള്ളയുടെ ഭാര്യകൂടി, ഉൾപ്പെടുന്ന ആ ഗ്രാമപ്രദേശത്തിൻറെ സ്ഥിതി ഏറെ, അതിദയനീയമായിരുന്നു.!
അവിടെ വർഷങ്ങളായി, ജീവിച്ചുപോന്നിരുന്ന പതിനായിരക്കണക്കിന് അഭ്യസ്തവിദ്യരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവാക്കളെ, ആധുനിക ഇൻറർനെറ്റ് യുഗം കൂലിവേലക്കാരാക്കി, മാറ്റിത്തീർത്ത് ജീവിതം വഴിമുട്ടിച്ചത്, വളരെ പെട്ടെന്നായിരുന്നു.!
തുടർന്നുള്ള, ആധുനികവികാസം, ഒരു ഗ്രാമജീവിതത്തെ മുഴുവൻ മറ്റ്, പരാശ്രയ മാർഗ്ഗങ്ങളില്ലാതെ, പുത്തൻ ടെക്നോളജിയുടെ വികാസപരിണാമങ്ങളാൽ ഗതിമുട്ടിച്ച്, പലിശയുടെയും വായ്പ്പാകണക്കുകളുടെയും വാൾമുനയിൽ സ്വയം ഒടുങ്ങിത്തീരാൻ പ്രേരണ നൽകി നിൽക്കുമ്പോഴായിരുന്നു പുത്തൻ ദേശീയപാതാ സമ്പന്നരുടെ ധൃതഗതിയിലുള്ള ആഗമനം.!
അതുകൊണ്ടുമാത്രം, ' ഒന്നുചീയുമ്പോൾ മറ്റൊന്നിന് വളമെന്ന് പറഞ്ഞവണ്ണം ' ഗ്രാമീണവികസന പലിശകമ്പനികളിൽ നിന്ന് വായ്പ വാങ്ങി ജീവിതം കൂട്ടിമുട്ടിക്കുവാൻ പണിപ്പെട്ട, പ്രദേശവാസികളെല്ലാവരും, തങ്ങളുടെ കിടപ്പാടം വിറ്റു കിട്ടിയതിൽ മുക്കാൽപ്പങ്കും വളരെപ്പെട്ടെന്ന് വികസനബാങ്കുകൾ തന്നെ തിരികെ നൽകി, എങ്ങോട്ടെന്നില്ലാതെ രക്ഷപെടുകയും ചെയ്തു.!
പക്ഷേ ഇപ്പോൾ രാധാകൃഷണപിള്ളയുടെ ഭാര്യയുടെ വീടിനുചുറ്റും ഉയർത്തിക്കെട്ടിയ വലിയ, മതിലുകൾക്കപ്പുറം വീശിയടിക്കുന്ന, പൊരിച്ച കോഴി മസാലയുടെ, ഗന്ധവും, ചിലപ്പോഴെല്ലാം ഞെട്ടിയുണരാൻ പ്രാപ്തമാക്കുന്ന ചില ഇംഗ്ലീഷ് ഗാനങ്ങളുടെ ശബ്ദകോലാഹലങ്ങളുമൊഴിഞ്ഞാൽ ഒരു മനുഷ്യജീവിയെ കണ്ടിട്ടുതന്നെ, മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.!
പപ്പായകൾ തെല്ലുവ്യസനത്തോടെ രാധാകൃഷ്ണപിള്ളയുടെ ഭാര്യയുടെ മുഖത്തേക്കുനോക്കി....! അവർ ജ്വലിച്ചുയർന്ന കോപം സഹിക്കുവാനാകാതെ, എല്ലാത്തിനേയും പെറുക്കിക്കൂട്ടി വാശിയോടെ, ചക്കിലാക്കി വീടിൻ്റെ മൂലയ്ക്കലേക്കിട്ടു.!
ഇനി പ്രത്യേകിച്ച് ഭാവിയെന്നും ഇല്ലന്നുറപ്പിച്ച പപ്പായകളാകട്ടെ, അൽപ്പം വാശിയോടെ കൂട്ടത്തോടെ തന്നെ, പഴുക്കുവാനും, തീരുമാനിച്ചു.!
ഒരുമിച്ചു പഴുത്ത പപ്പായകൾ ചെറിയൊരു വെല്ലുവിളിയോടെ രാധാകൃഷ്ണപിള്ളയുടെ ഭാര്യയെ ദിവസങ്ങളോളം തുറിച്ചുനോക്കി.!!
എന്തുചെയ്യും...? അവർക്ക് പപ്പായകളെ പുറത്തേയ്‌ക്ക് വലിച്ചെറിയാൻ മനസ്സുവന്നില്ല !!
പിന്നീടെപ്പോഴോ, അവരുടെ മനസ്സ് ആരുമറിയാതെ പഴയകാല ബാല്യത്തിലെ സ്കൂൾ ജീവിതത്തേയും, നാട്ടിടവഴികളേയുമെല്ലാം ഓർമ്മിപ്പിച്ചു....! ചെങ്കല്ലുകൾപാകി കെട്ടുയുയർത്തിയപഴയവീടിൻറെ മാറാല തിങ്ങിയ ഭിത്തികളും, ആ വീടിൻ്റെ വിറകടുപ്പിൽ നിന്നുയരുന്ന പുകയ്‌ക്കൊപ്പം, ഉപ്പും, മുളകും ചേർത്ത് വേവിച്ച പപ്പായയുടെ ഗന്ധവും, മുറ്റത്ത് കാക്കക്കൊത്തിയ ഭാഗം മുറിച്ചുമാറ്റി വിശപ്പടക്കാൻ ആർത്തിയോടെ വലിച്ചുവാരിതിന്നിരുന്ന, പപ്പായയുടെ മധുരവുമെല്ലാം ഓർത്ത് അവർ വല്ലാതെ സങ്കടപ്പെട്ടു. !
പിന്നീട് , ആരും കാണാതെ , പപ്പായകളെ അവർ ധൃതിയിൽ പൊതിഞ്ഞുകെട്ടി റോഡിന് എതിർവശം, പച്ചക്കറിക്കച്ചവടം നടത്തുന്ന അബൂക്കയുടെ കടയിലേയ്ക്ക് കൊണ്ടുപോയി. ഒരുപക്ഷേ ഏതെങ്കിലും അന്തിപ്പട്ടിണിക്കാർക്കെങ്കിലും ഉപകാരപ്പെട്ടാലോ..!?
പക്ഷെ...പപ്പായ കണ്ടയുടൻ ,മറ്റെന്തെങ്കിലും അവർ ഉരിയാടാൻ തുടങ്ങും മുൻപേതന്നെ അബൂക്ക അവരുടെ രണ്ടുകൈയും കൂട്ടിപ്പിടിച്ച്, രണ്ട് പിടയ്ക്കുന്ന അഞ്ഞൂറിൻറെ നോട്ടുകൾ അവരുടെ കൈകളിൽ കൂട്ടിയേൽപ്പിച്ചു ,! അതിനുശേഷം പതിയേ പുറത്തേക്കിറങ്ങി കടയുടെ മുൻവശത്തായി ചാർത്തിക്കെട്ടിയ മരപ്പലകയിൽ പപ്പായ നിരത്തിവെയ്ക്കുന്നതിനിടെ അബൂക്ക അവരോടായി പറഞ്ഞു....
"മടിക്കണ്ട, എത്രയുണ്ടങ്കിലും കൊണ്ടുപോർ... നല്ലവിലതരാം...! ങ്ങക്ക് അറിയോ...! ഇപ്പോഴത്തെ ചെക്കന്മാരും, പണ്ണുങ്ങളുമൊക്കെ ഈവക സാധനങ്ങൾ തപ്പി പലയിടത്തും കറങ്ങി നടപ്പാണ്.."
" ശരീരത്തിൽ എന്തിൻറെയൊക്കെയോ കുറവുനികത്താൻ ഈ സാധനം നല്ലതാണന്ന് ഏതൊക്കെയോ ഡോക്ടർമാർ ഫോണിൽക്കൂടിയൊക്കെ പറയുന്നുണ്ടത്രേ.." പിന്നെ ചെല പെണ്ണുങ്ങൾക്കാണങ്കിൽ ഇത് കൊറേ,... മുഖത്തും വാരിപ്പൂശണം !.. ഇപ്പോഴത്തെ.പിള്ളാരുടെ ഓരോ കാര്യങ്ങൾ.. ." !- അബൂക്ക വായിൽ അവശേഷിച്ച ഏതാനും പല്ലുകൾ കൂടി താഴെ വീണുപോകാത്തവിധം അമർത്തിപിടിച്ച് പൊട്ടിച്ചിരിച്ചു.
- അവർ അത്ഭുതത്തോടെ മിഴിച്ചുനിന്നു -
" ങ്ങള്,.... ഞെട്ടണ്ട... ഇതിനൊക്കെ ഇപ്പൊ സ്വർണ്ണത്തിൻറെ വിലയാണ്...! നാട്ടിലാണങ്കിൽ ഇതൊന്നും ഇപ്പോ കിട്ടാനുമില്ല!... അതുകാരണം പുള്ളാരൊക്കെ ഇതെല്ലാം കൊള്ളവിലയ്ക്കാണത്രേ, ഫോൺ വഴി വാങ്ങി വാരി മുഖത്ത് തേക്കണത്... ....!"
- അവർ ഒന്നും മിണ്ടാതെ തിരിച്ചുനടന്നു.
" എന്തായാലും, പഴയ കാച്ചിങ്ങയും, ചേമ്പും, പിണ്ടിയും, കൊടപ്പനുമെല്ലാം, മുറ്റത്ത് നിൽപ്പുണ്ടങ്കിൽ, കൊണ്ടരാൻ മടിക്കണ്ടാട്ടോ..." - അബൂക്ക പിന്നിൽ നിന്നും വീണ്ടും ഉറക്കെ വിളിച്ചുപറഞ്ഞു.
ചാരുകശാലയിൽ കാൽകയറ്റിവെച്ച് വിദൂരതയിലേക്ക് നോക്കി, ഭാര്യ പറഞ്ഞ പപ്പായ വിശേഷങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ട രാധാകൃഷ്ണപിള്ള, ഒന്നുകൂടി നീട്ടി മുറുക്കിത്തുപ്പി,
ശേഷം എന്തല്ലാമോ കാര്യമായി ചിന്തിച്ച് പലവട്ടം വീടിൻറെ കോലായിലൂടെ ഉലാത്തിയശേഷം തീരെ തൃപ്തിയില്ലാതെ, പണ്ട് മകൻ വാങ്ങികൊടുത്ത പഴയ ഫോണിൽ വിരലുകളമർത്തി അത് സൂക്ഷിച്ചുനോക്കി....
രാധാകൃഷ്ണപിള്ളക്ക്, വളരെപ്പെട്ടെന്ന് തന്നോട് തന്നെ പുച്ഛവും, ദേഷ്യവുമാണ് തോന്നിയത്.!
പിന്നീട് ദേഷ്യം അടക്കിവെയ്ക്കാൻ കഴിയാതെ അയാൾ, ഭാര്യയോടായി പറഞ്ഞു.
"ഈ കുന്ത്രാണ്ടമിനി കൈയ്യിൽ വെച്ചോണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല.!! മാത്രമല്ല, ഇതുകൊണ്ടൊന്നും ഇനി ജീവിതം മുന്നോട്ടുപോകുമെന്നും തോന്നുന്നില്ല...! കൊറച്ച് കാശ് വായ്പ്പയെടുത്താലും പുതിയൊരു ഫോൺതന്നെ വാങ്ങണം. ഇപ്പോ ഫൈവ് ജി എന്നൊക്കെപ്പറയുന്ന എന്തെക്കെയോ ആണത്രേ ഫാഷൻ...!
പക്ഷേ അയാളുടെ ഭാര്യ അപ്പോൾ അയാൾ പറഞ്ഞ യാതൊന്നും തന്നെ കേട്ടില്ല...! അവരുടെ കണ്ണുകൾ അപ്പോഴും, വീടിന്, പുറത്ത് ഉയർത്തിക്കെട്ടിയ ചുറ്റുമതിൽകെട്ടിനകത്ത് ഏതെങ്കിലും മനുഷ്യജന്മങ്ങളുടെ ആളനക്കമുണ്ടോയെന്ന സൂക്ഷമ വീക്ഷണത്തിൽ തന്നെയായിരുന്നു.!
- Get link
- X
- Other Apps
Comments