Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയാൽ?
ആലോചിച്ചാൽ ഏറെ രസകരമാണ്, ഒറ്റപ്പെട്ടുപോയാൽ...!
സ്ഥിരമായി പലയിടങ്ങളിൽ നിന്നും കേൾക്കുന്നതും, എന്നാൽ, വേദനാജനകവുമാണ് ആ വാക്കുകൾ. എങ്കിലും ആലങ്കാരികമായ ഒരു പദപ്രയോഗത്തിനപ്പുറം ആ വാക്കുകളിൽ എന്തെങ്കിലും സത്യം ഒളിച്ചിരുപ്പുണ്ടോ? ഒന്നുമനസ്സിരുത്തി പലവട്ടം ആലോചിച്ചാൽ ഒരു പക്ഷേ ഉത്തരം ഇല്ല എന്നുതന്നെയാകും.
അതുകൊണ്ടാണ്, 'ഏറെ രസകരമാണ്' എന്ന വാക്ക് ആദ്യം സൂചിപ്പിച്ചതും !
ആരാണ് ഒറ്റപ്പെടാത്തത്?
നമ്മൾ ജീവിതത്തിൻറെ വൈകാരിക തലത്തിൽ നിന്നും അൽപ്പം മാറി ചിന്തിച്ചാൽ മനുഷ്യ ജീവിതത്തിൻ്റെ യാത്രകളിൽ നമ്മൾ എപ്പോഴും ഒറ്റക്കുതന്നെയായിരുന്നില്ലേ...! ഇനി സഞ്ചരിക്കേണ്ടതും ഒറ്റയ്ക്കു തന്നെ.! ചുരുക്കിപ്പറഞ്ഞാൽ ജനിച്ചു വീണ് ഒരു പക്ഷേ രണ്ടു കാലിൽ നടക്കാൻ പ്രാപ്തമാകുന്നതുവരെ നമ്മുടെ യാത്ര എപ്പോഴും ഒറ്റയ്ക്കുതന്നെ.!
അതിൽ ഒരു വൈരുദ്ധ്യമുണ്ടാവുക ചിലപ്പോൾ, ആൺ, പെൺ എന്ന വേർതിരിവുകളിൽ മാത്രമാകും പിന്നെയെന്തിനാണ്, ഒറ്റപ്പെട്ടു അതല്ലങ്കിൽ ഒറ്റപ്പെടുന്നു എന്ന അനാവശ്യ ചിന്തകൾ?
വിദ്യാഭ്യാസം, തൊഴിൽ , വിവാഹം, ദാമ്പത്യം, കുട്ടികൾ തുടങ്ങി ഒരു മനുഷ്യ ജീവിതത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ തീരുമാനങ്ങളും നമ്മുടേത് മാത്രമായിരിക്കുമ്പോൾ ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം ചൂണ്ടിക്കാട്ടി ഒറ്റപ്പെട്ടു പോകുന്നു എന്ന് ചിന്തിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ ?
പിന്നെ എന്തിന് എല്ലാവരിലും അത്തരം ഒരു ചിന്ത ഉയർന്നു വരുന്നു? പ്രത്യേകിച്ച് ഇന്നത്തെ തിരക്കുപിടിച്ച ഒരു സാമൂഹ്യ ജീവിതത്തിൽ ?
നിനച്ചിരിക്കാത്ത പെട്ടെന്നുള്ള ഒരു വീഴ്ചയിലാണത് സംഭവിക്കുന്നത്. അതുവരെ ജീവിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുമ്പോഴോ, കടുത്ത മാനസിക ശാരീരിക സംഘർഷങ്ങൾ അനുഭവിക്കുവാനോ തുടങ്ങുമ്പോൾ മാത്രമാണ് പലപ്പോഴും നമ്മുടെ കണ്ണുകൾ പുറം ലോകത്തേക്ക് തിരിയാൻ തുടങ്ങുക.! അവിടെ നമുക്കാവശ്യം, നമ്മളെ കേൾക്കുവാനും, സഹായിക്കാനും കഴിയുന്ന ഒരാളെയാണ്.
ഒറ്റപ്പെടൽ ഒരു തിരിച്ചറിവാണ്.
എന്നാൽ നിർഭാഗ്യകരമെന്നുപറയട്ടെ. ഇന്ന് പണംകൊടുത്താൽ പോലും ഈ തിരക്കുപിടിച്ച ജീവിതക്കാഴ്ചകൾക്കിടയിൽ, അങ്ങിനെ ഒരാളെ കിട്ടുക അസാദ്ധ്യമായിരിക്കും. അപ്പോഴാണ് നമ്മൾ ജീവിതത്തിൽ എവിടെയൊക്കെയോ ഒറ്റപ്പെട്ടിരിക്കുന്നത് എന്നയാഥാർത്ഥ്യം തിരിച്ചറിയുന്നത്.
പലപ്പോഴും കണ്ടുവരുന്നത് ജീവിതം വെട്ടിപ്പിടിക്കാനുള്ള കഠിനമായ നെട്ടോട്ടങ്ങൾക്കിടയിൽ നമ്മൾ പലപ്പോഴും പലതിനേയും കണ്ണുതുറന്ന് കാണാറില്ല. അതിൽ നമുക്ക് വളരെ അടുത്ത സുഹൃത്തുക്കളുണ്ടാകാം , ബന്ധുക്കളുണ്ടാകാം , പഴയ സഹപാഠികൾ, നാട്ടുകാർ ഇങ്ങിനെ പലരുണ്ടാകാം. പക്ഷെ ജീവിതമെന്നത് നാലു ചുവരുകൾക്കുള്ളിൽ അടച്ചു പൂട്ടപ്പെട്ടസ്വകാര്യതക്കുള്ളിൽ മറച്ചതോ, അതല്ലങ്കിൽ കേവലം ഒരു സാമ്പത്തിക ഘടനയേയോ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന ഒന്നല്ല. അതിൻറെ വേരുകൾ നീണ്ടുപോകുന്നത് പരസ്പരാശ്രിതത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിലേയ്ക്കാണ്.
എപ്പോഴോ നമ്മൾ അത് മറന്നപ്പോൾ മാത്രമാണ് , ഒറ്റപ്പെട്ടുപോയോ, എന്നചിന്ത നമ്മളിൽ വളരെ പെട്ടെന്ന് ഉണ്ടാകുന്നത് ഒരു ഉദാഹരണം അന്വേഷിച്ചാൽ നമുക്കിടയിൽതന്നെ അത്തരം നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞേക്കും. സർക്കാർ സർവ്വീസിലിരിക്കുന്ന ചില ഉന്നതോദ്യോഗസ്ഥർ അതിന് വലിയൊരു തെളിവാണ്.സർവ്വീസിലിരിക്കുന്ന കാലത്തോളം അതിൻറെ ഒരു പ്രാമാണ്യത്തിൽ ചിലപ്പോൾ ഇവർ വളരെ അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിഞ്ഞതായി ഭാവിക്കുക പോലുമുണ്ടാകില്ല. എന്നാൽ സർവ്വീസിൽ നിന്നും വിരമിച്ച് വളരെ സാധാരണമായ ഒരു അന്തരീക്ഷത്തിലേക്കെത്തിച്ചേരുമ്പോൾ മാത്രമാണ് തനിക്കുചുറ്റും ഉള്ളവരെ തിരയുന്നതും, അവിടെയെങ്ങും ഒരാൾ പോലും ഇല്ലന്ന് തിരിച്ചറിയുന്നതും.
സ്ത്രീയായാലും, പുരുഷനായാലും, ഇവിടുത്തെ മുഖ്യ പ്രശ്നം നമുക്ക് എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കുവെയ്ക്കുവാൻ കഴിയില്ല എന്നുള്ളതാണ്. ചിലപ്രത്യേക കാര്യങ്ങൾ അത്തരം ആശയങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരാളുമായി പങ്കുവെയ്ക്കാൻ കഴിയുമ്പോൾ മാത്രമേ നമുക്ക് അതിന് കൃത്യമായ ഒരു ഉത്തരമോ, വഴികളോ കാട്ടിത്തരുവാനോ, തെളിഞ്ഞുവരികയോ ചെയ്യൂ.
അതിനായി ആദ്യം വേണ്ടതും മനസ്സിനുള്ളിൽ അനാവശ്യമായി കെട്ടിഉയർത്തിയിരിക്കുന്ന സങ്കുചിതത്വങ്ങളുടേതായ മതിലുകൾ തകർത്തെറിയുക എന്നതുതന്നെ.
മനസ്സിൻറെ വിശാലമായ വാതായനങ്ങളിലൂടെ ആവശ്യത്തിന്, കാറ്റും വെളിച്ചവും കയറുമ്പോൾ മനസ്സ് വളരെ ശാന്തമാവുകയും, അതിൻറെ പച്ചപ്പുകളിൽ പല വർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുകയും ചെയ്യും. അങ്ങിനെ മാത്രമേ മനസ്സിനെ ഏറ്റവും പുതിയ കാര്യങ്ങളിലേക്ക് നമുക്ക് നയിക്കാൻ കഴിയൂ.
ഒന്നുകൂടി വ്യക്തമാക്കിയാൽ, സത്യത്തിൽ ആരും നമ്മളെ ഒരിക്കലും ഒറ്റപ്പെടുത്തുന്നതല്ല. മറിച്ച് നമ്മളാണ് അവരിൽ നിന്ന് ഒറ്റപ്പെടുവാൻ ശ്രമിച്ചതും, ഒറ്റപ്പെട്ടതും. എങ്കിൽ കൂടി ഈ പറഞ്ഞകാര്യങ്ങളെല്ലാം പുരുഷന്മാർക്കുമാത്രം ബാധകമാണ്.സ്ത്രീകളുടെ കാര്യത്തിലുള്ള ഒറ്റപ്പെടൽ എന്നത് കുറച്ചുകൂടിഗൗരവതരവും, സങ്കീർണ്ണവും, വിവിധ തലങ്ങളിൽ നിന്ന് കൂടുതൽ പരിശോധിക്കേണ്ടതുമാണ്. അതുകൊണ്ട് , അത് നമുക്ക് തുടർന്നുള്ള അദ്ധ്യായങ്ങളിൽ കൂടുതൽ ചർച്ചചെയ്യാം.
- Get link
- X
- Other Apps
Comments