ഈ ബ്ലോഗ് തിരയൂ
God's Own Country.Kerala. How to build eco - friendly houses at low cost. Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
എന്തുകൊണ്ട് സെൽഫ് മോട്ടിവേറ്ററായിക്കൂടാ?
എല്ലാം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട് എന്നതാണ് ശരിയായ വസ്തുത. തെറ്റും, ശരിയും, നന്മയും, തിൻമയും,ഭയവും, ധൈര്യവും... എന്നുവേണ്ട എല്ലാം.! അപ്പോൾ ഫലത്തിൽ എല്ലാത്തിനേയും ഒന്ന് തേച്ചു കൂട്ടി മിനുക്കിയെടുത്താൽ ശരിയാകാവുന്നതേയൊള്ളൂ മിക്കവാറും നമ്മുടെ ഏതൊരു മനുഷ്യരുടേയും പ്രശ്നങ്ങളും !
![]() |
സെൽഫ് മോട്ടിവേഷൻ. |
എന്താണ് സെൽഫ് മോട്ടിവേഷൻ ?
ഒറ്റവാക്കിൽ നമ്മൾ നമ്മളെ പ്രമോട്ടുചെയ്യുക എന്നത് തന്നെ. അതല്ലങ്കിൽ വളരെയേറെ തിരക്കുപിടിച്ചതും, ആർക്കും ആരേയും, ശ്രദ്ധിക്കുവാൻ പോലും കഴിയാത്ത ലോകത്ത് നമ്മെ , നമ്മളല്ലാതെ മറ്റാരാണ് പ്രമോട്ടുചെയ്യേണ്ടത് ?
എന്നാൽ നമ്മൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് പുകഴ്തിപ്പറയുക എന്നതാണോ അർഥം വെയ്ക്കുന്നത് ? എന്നാൽ കഥ തീർന്നു. അത്തരക്കാരെ സമൂഹം തങ്ങളുടെ ഏഴയലത്ത് ഒരിക്കലും അടുപ്പിക്കില്ലന്നതാണ് യാഥാർഥ്യം! പിന്നെന്താണ്?
നമ്മളിൽ അന്തർലീനമായ പോസിറ്റീവായ കാര്യങ്ങളെ നാം തന്നെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരികയും അത് സ്വന്തം വ്യക്തി ജീവിതത്തിനും, സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തിലും വിനിയോഗിക്കുക!
എന്നു പറഞ്ഞാൽ കാര്യം പെട്ടെന്ന് കഴിഞ്ഞു. പക്ഷെ അത്തരം ഒരു അവസ്ഥയിലേക്ക് മനസ്സിനെ സജ്ജമാക്കി തീർക്കണമെങ്കിൽ നാം വളരെ ബോധപൂർവ്വം ഒരു പാട് കാര്യങ്ങളിൽ ഒരു തയ്യാറെടുപ്പ് നടത്തേണ്ടതായുണ്ട്. അതിനായി ആദ്യം വേണ്ടത് താനെന്ന വ്യക്തിയെ സ്വയം അംഗീകരിക്കുക എന്നതാണ്.
പ്രത്യേകിച്ചും തനിക്കുള്ള കഴിവുകൾ മറ്റാർക്കുമില്ലന്നും, മറ്റൊരാളുടേതായ കഴിവുകൾ തനിക്കില്ലാത്തതുകൊണ്ട് മറ്റുള്ളവരേയും അംഗീകരിക്കുവാനും, ബഹുമാനിക്കുവാനും പഠിക്കുക എന്നതാണ് ആദ്യത്തെ കാര്യം!
ഇതിൽ ആദ്യം പറഞ്ഞ സ്വന്തം കഴിവിനെ എല്ലാവരും വലിയ കാര്യമായി കാണാറുണ്ടെങ്കിൽ പോലും, രണ്ടാമത് സൂചിപ്പിച്ച മറ്റുള്ളവരെ അംഗീകരിക്കുന്ന കാര്യങ്ങൾക്കൊന്നും ആരും മുതിരാറില്ലന്നുള്ളതാണ് സത്യം!
അതിനാൽ തങ്ങൾ എത്ര കഴിവുള്ളവരാണെന്ന് പലവട്ടം തെളിയിച്ചാൽ പോലും മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കുവാൻ തയ്യാറാകില്ലന്നതാണ് അതിൻ്റെ മറ്റൊരു മറുവശം!
ഒറ്റവാക്കിൽ പറഞ്ഞാൽ, നിങ്ങൾ എന്താണോ നിങ്ങളുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നൽകുവാൻ ഉദ്ദേശിക്കുന്നത്. അതു തന്നെയാകും , യാതൊരു തർക്കത്തിനും അവകാശമില്ലാത്ത വിധം അതിൻ്റെ പ്രതിഫലനവും, പ്രതിഫലവുമെ ന്നോണം നിങ്ങൾക്ക് തിരിച്ചു കിട്ടുന്നതും !
അതിനാൽ ഏതൊരു വ്യക്തിയേയും അംഗീകരിക്കുവാനും അവരോടുള്ള സ്നേഹ ബഹുമാനങ്ങൾ പ്രകടിപ്പിക്കുവാനും യാതൊരുവിധ മടിയോ , സങ്കോചമോ കാണിക്കേണ്ടതില്ല. കാരണം സമൂഹത്തിലായാലും, കുടുംബത്തിലായാലും വ്യക്തിയെന്ന നിലയിൽ നിങ്ങൾ കൂടുതൽ അംഗീകരിക്കപ്പെടുവാനും, ബഹുമാനിക്കപെ ടുവാനും, സ്നേഹിക്കപ്പെടുവാനുമുള്ള മാർഗ്ഗവുമെല്ലാം ഇതുതന്നെ!
അതുകൊണ്ട് മറ്റുള്ളവരെ സ്നേഹബഹുമാനങ്ങളോടെ അംഗീകര ക്കുവാനും,അയാളെ പരിഗണിക്കുവാനും തയ്യാറാകുന്നതോടെ ഏതൊരു വ്യക്തിയായാലും, അയാൾക്ക് സ്വയമേ തന്നെ വലിയ തോതിലുള്ള ആത്മവിശ്വാസവും, സന്തോഷവുമെല്ലാം ക്രമേണ വർദ്ധിച്ചു വരുന്നതായി കാണാം. പലപ്പോഴും അത് ആ വ്യക്തി അറിയാതെ തന്നെ മറ്റുള്ളവർ അയാളെ ഇഷ്ടപ്പെടുന്നതിനും, ശ്രദ്ധിക്കുന്നതിനും, പരിഗണിക്കുന്നതിനുമൊക്കെ കാരണമായിത്തീരാറുണ്ട്.
എന്തായാലും ജീവിത വിജയത്തിലേയ്ക്കുള്ള ആദ്യപടിയെന്നാൽ ഉള്ളിൽ സന്തോഷം നിറക്കുകയെന്നുള്ളതു തന്നെ . അതാകട്ടെ നമ്മൾ സ്വയം ബോധപൂർവ്വം കണ്ടെത്തേണ്ടതും, മനസ്സിലാക്കേണ്ടതുമാണ്!
ഇങ്ങിനെയൊക്കെയാണെങ്കിൽ പോലും,പലരുടേയും പ്രധാന പ്രശ്നം ഒരിക്കലും തങ്ങളുടെ ജീവിതം ശരിയാകില്ലന്നുള്ള തികഞ്ഞ അന്ധവിശ്വാസമാണ് . അതിനാണെങ്കിൽ നൂറിലേറെ കാരണങ്ങളുമുണ്ടാകും . പക്ഷെ ഓരോരുത്തർക്കും അവരുടതായ ഒരു സ്പെയ്സ് ഭൂമിയിലുണ്ടെന്നുള്ളതാണ് ആരും ഉറക്കെ പറയാത്ത ഒരു സത്യം! പക്ഷേ അത് നേരത്തേ സൂചിപ്പിച്ചതുപോലെ , കണ്ടെത്തുക എന്നതും പ്രധാനം തന്നെ!
ഒന്നുകൂടി ആഴത്തിലേക്കിറങ്ങി ആലോചിച്ചാൽ രസകരമായ വസ്തുത ഏതൊരാളും ഭൂമിയിൽ പിറന്നുവീഴുന്നത് ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിത്വത്തിനുടമയായാണോ?
ഭീരു, അതല്ലെങ്കിൽ ധൈര്യവാൻ, ക്രൂരൻ, ഇങ്ങിനെ ഒരാൾ പോലും ഭൂമിയിൽ പിറന്നുവീഴുന്നില്ലന്നിരിക്കേ ഇത്തരം സൃഷ്ടികൾ പിന്നെ എവിടെ വെച്ചാകും സംഭവിക്കുക.? തീർച്ചയായും സമൂഹത്തിൽ നിന്നുതന്നെ.
അപ്പോൾ സമൂഹവും അത് ഉണ്ടാക്കുന്ന സംസ്ക്കാരവും, ജീവിത രീതികളും, നാടിൻ്റെ രാഷ്ട്രീയവുമെല്ലാം കൂടിക്കലർന്ന ഒരു ജീവിതവീക്ഷണത്തിലൂടെ രൂപപ്പെടുന്നവയാണ് മിക്കവാറും ഒരാളുടെ വ്യക്തിത്വവും , സാമാന്യചിന്തകളും
ചിലപ്പോൾ ചില ജീവിത സാഹചര്യങ്ങളും, ജീനുകളുടെ സ്വാധീനവുമെല്ലാം , ഇത്തരം സ്വഭാവസവിശേഷതകളിൽ മാറ്റങ്ങളുണ്ടാക്കാമെന്നിരിക്കെ ,... അതിനെയെല്ലാം മറികടക്കുവാനാവും വിധമുള്ള കരുത്തും, ശക്തിയും, ബുദ്ധിയും, വിവേകവുമെല്ലാം എല്ലാവരിലുമുണ്ട് എന്നതാണ് വസ്തുത.
എങ്കിൽ പോലും, കനത്ത നിരാശയും, നിരന്തര ജീവിത പരാജയങ്ങളിലൂടെയുമെല്ലാം, മനുഷ്യർ സ്ഥിരമായി കടന്നുപോകുവാൻ തുടങ്ങുമ്പോൾ , പലരും ജീവിതത്തിന് അർഥമില്ലന്നും, എന്തിനിങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നെല്ലാം ചിന്തിക്കുവാൻ തുടങ്ങും.
ചിലരെല്ലാം ചിലപ്പോഴെങ്കിലും ഇതിനെയെല്ലാം അതിജീവിക്കുവാനെന്ന മട്ടിൽ ഒരുപാട് മോട്ടിവേഷൻ ലേഖനങ്ങളേയും, പ്രസംഗങ്ങളേയുമെല്ലാം ആശ്രയിക്കുന്നതായി കാണാറുണ്ട്. എന്നാൽ പലപ്പോഴും അത് വായിക്കുന്ന ഒരു സമയ പരിധിയിലോ, അതല്ലങ്കിൽ അത് നൽകുന്ന ഒരു ആശ്വാസത്തിൻ്റെ കുറച്ചു നിമിഷങ്ങളോ ഒഴിച്ചാൽ പച്ചയായ ജീവിത യാഥാർഥ്യം മുന്നിൽ വന്നു നിൽക്കുന്നിടത്തോളം അതിൽ നിന്ന് മോചനമില്ലതന്നെ.
അതുകൊണ്ട് ജീവിത യാഥാർഥ്യങ്ങൾക്ക് മേൽ വിജയം നേടണമെങ്കിൽ നാം നമ്മളിൽ തന്നെ കാര്യമായ പരിവർത്തനങ്ങൾ നടത്തിയേതീരൂ ! അതിൽ ഏവരുടേയും പ്രധാന പ്രശ്നം, തൊഴിലും, സാമ്പത്തിക പ്രശ്നങ്ങളുമെല്ലാമാണ്.
തൊഴിൽ എന്തു തന്നെയായാലും ഏത് തൊഴിലിനും എന്നും സമൂഹത്തിൽ അതിൻ്റേതായ മാന്യതയുണ്ട്. എങ്കിൽ പോലും അധിക സമ്പത്ത് മനുഷ്യന് കുന്നു കൂട്ടുവാൻ കഴിയാത്തിടത്തോളം ജീവിതത്തിൻ്റെ അനാവശ്യ ആഡംബരഭ്രമങ്ങൾ ഉപേക്ഷിക്കുകയും, കഴിയുന്നത്ര കടം വാങ്ങാതേയും മിതത്വം പാലിച്ചും ജീവിക്കുക എന്നതാകണം ജീവിതത്തിൻ്റെ അടിസ്ഥാന തത്വം!
മറ്റൊന്ന് നിരന്തര പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾ അയാളെത്തന്നെ, വിശകലനം ചെയ്യുക എന്നതാണ് ആദ്യപടി. !
ഇതുവരെ തുടർന്നു പോന്ന ജീവിത ചിട്ടകൾ, സ്വഭാവ സവിശേഷതകൾ, സ്വന്തം കഴിവുകൾ, കഴിവില്ലായ്മകൾ, മറ്റുള്ളവരോടുള്ള സമീപനങ്ങൾ, ദൗർബല്യങ്ങൾ, കഴിവുകൾ ഇതെല്ലാം പലവട്ടം മനസ്സിലൂടെ കയറ്റി വിട്ട് ഇവിടെ എവിടെയെല്ലാമായിരുന്നു നമുക്ക് സ്വയം പഴി പറ്റിയത്. അതല്ലങ്കിൽ മറ്റുള്ളവരാൽ അകറ്റി നിർത്തപ്പെട്ടുവാനോ, ഒറ്റപ്പെടുവാനോ ഉണ്ടായ സാഹചര്യങ്ങൾ അതുമല്ലങ്കിൽ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുവാനിടയാക്കിയ മനോഹര മുഹൂർത്തങ്ങൾ, ഇങ്ങിനെ അതുവരെ ജീവിതത്തിൽ ഏറ്റവും പോസിറ്റീവായി അനുഭവപ്പെട്ട കാര്യങ്ങളെ കൂടുതലായി മനസ്സിലാക്കുവാനും അത്തരം കാര്യങ്ങളിലേയ്ക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് അതുവഴി ഒരു ജീവിത വിജയം ഉണ്ടാക്കിയെടുക്കുവാനും ശ്രമിക്കുക എന്നതും ഒരു സാദ്ധ്യതയാണ് .
പിന്നീട് അനാവശ്യമായ കാര്യങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ. വിട്ടുകളയുകയോ ചെയ്യുകയെന്നത് പരമപ്രധാനമായ ഒരു കാര്യമാണ്. ഒരാൾ മറ്റൊരാളോട് തീർത്തും അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയെന്നാൽ ഒന്നുകിൽ അയാൾക്ക് ഒരു ഹിഡൻ അജണ്ടയുണ്ടാകാം, അല്ലാത്തിടത്തോളം അയാളുടെ മലീമസമായ മനസ്സിനെ മറ്റൊരാളിലേയ്ക്ക് സന്നിവേശിപ്പിക്കുവാനുള്ള ശ്രമമാകാം. എന്തായാലും അത് ഒരാളുടെ സ്വന്തം വ്യക്തി ജീവിതത്തിന് ഗുണം ചെയ്യാത്തിടത്തോളം അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുകയാകും നല്ലത്. !
മറ്റൊരു പ്രധാന കാര്യം നാം നമ്മളെക്കുറിച്ചു തന്നെ കൂടുതൽ ബോധവാനായിരിക്കുകയെ ന്നതാണ്. അതിൽ സ്വയമേയുള്ള കഴിവുകളെക്കുറിച്ച് കൂടുതൽ ബോധവാനായിരിക്കുകയും, അത്തരം കഴിവുകളെ കൂടുതൽ നന്നായി വികസിപ്പിച്ചു കൊണ്ട് അതിനെ ഒരു ഉപജീവനമാർഗ്ഗമായോ ഒരു തൊഴിൽ സംരംഭമായോ മാറ്റിയെടുക്കുവാൻ കഴിയുക എന്നത് തീർച്ചയായും ഏതൊരു മനുഷ്യനേയും ജീവിത വിജയത്തിലെത്തിയ്ക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. പ്രത്യേകിച്ച് ഇന്ന് ഏതൊരു സംരഭത്തേയും നല്ല ഒരു മാർക്കറ്റിംഗ് സംവിധാനമാക്കി മാറ്റുവാൻ പര്യാപ്തമായ ഒരു ആധുനിക ടെക്നോളജിയുടെ കാലഘട്ടത്തിൽ തീർച്ചയായും അധിക മൂലധനച്ചിലവില്ലാതെയും, വലിയ മത്സരങ്ങളില്ലാത്തതുമായ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തി മുന്നേറാവുന്നതുമാണ്.
ഇതെല്ലാം പറയുമ്പോഴും ഒരിക്കലും മറ്റൊരാളുടെ ജീവിതം പകർത്തുവാനോ, അനുകരിക്കുവാനോ, അയാളുടെ ആശ്രിതത്വത്തിലോ കഴിയുവാൻ ശ്രമിക്കാതിരിക്കുക എന്നതും ശ്രദ്ധിക്കേ. ണ്ടതായ ഒരു കാര്യം തന്നെയായി തോന്നിയിട്ടുണ്ട്.
പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ - സ്വന്തം കാലിൽ ഉറച്ചുനിൽക്കുവാൻ കഴിയുകയും ചെറുതെങ്കിലും സ്ഥിരമായി ഒരു വരുമാനം നേടിയെടുത്തുകൊണ്ട് സ്വന്തം അന്നം കണ്ടെത്തുക എന്നത് തന്നെയാണ് ഒരു വ്യക്തിവികാസത്തിൻ്റെ ശരിയായ അളവുകോലായി മാറ്റിയെടുക്കേണ്ടതും, അല്ലാത്തിടത്തോളം സ്ത്രീയായാലും , പുരുഷനായാലും പലയിടങ്ങളിലും സ്വന്തം വ്യക്തിത്വത്തെ ഉയർത്തിപ്പിടിക്കാൻ പോലും കഴിയാത്ത പല സാഹചര്യങ്ങൾ പോലും സൃഷ്ടിക്കപ്പെട്ടേക്കാം.
എങ്ങിനെയായാലും ഏതൊരാൾക്കും സ്വതന്ത്രമായ ഒരു ജീവിതവീക്ഷണം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. വളരെ നിസ്സാരമായി ആർക്കും വളരെ മോശപ്പെട്ടതും, കുത്തഴിഞ്ഞതുമായ ഒരു ജീവിതം ആരംഭിക്കാമെന്നെരിക്കേ ഒരു മനുഷ്യനായി ജീവിക്കുക എന്നത് തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി!
സ്വയം മോട്ടിവേഷൻ എങ്ങിനെ?
എങ്ങിനെയായാലും, സമൂഹത്തിലെ മനുഷ്യ ജീവിതങ്ങളുടെ പതനത്തിൻ്റെ മുഖ്യമായ കാതൽ ഒരു പരിധി വരെ ആത്മ വിശ്വാസമില്ലായ്‌മയാണന്ന് തന്നെ പറയാം.
നിരന്തരം മാറിമറിയുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ, ഇങ്ങിനെ പോയാൽ ജീവിതം നാളെ എങ്ങിനെയായിത്തീരുമെന്നചിന്ത. സഹായിക്കാൻ ആരുമില്ലന്നതോന്നൽ, തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ, സാമ്പത്തിക പ്രതിസന്ധി ഇങ്ങിനെ നൂറുകൂട്ടം വിഷയങ്ങൾ!
ഇതിൽ ആദ്യമായി നമുക്ക് സ്വയം ബോദ്ധ്യപ്പെടേണ്ടത് , ഈ ലോകത്തെ അനേകകോടികളിൽ വെറും ഒരാൾ മാത്രമായ നമുക്കു മാത്രമല്ല വിഷയങ്ങൾ ! അത് ലോകാരംഭം മുതൽ തുടങ്ങുന്നതും , ലോകാവസാനം വരെ നീണ്ടു പോകുന്നതുമായ വസ്തുതകളാണ്.. ! പ്രപഞ്ചവും, മനുഷ്യരും, മറ്റ് ഏതൊരു ജീവജാലങ്ങളും എല്ലായ്‌പ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ് . ഈ മാറ്റം എന്ന വിവക്ഷയിൽ നിന്നുകൊണ്ടുള്ള മനുഷ്യ സഹജമായ പോരാട്ടങ്ങളും സ്വാഭാവികം ! എങ്കിൽ പോലും, ഭൂമിയിലെ ഏതൊരു ജീവജാലങ്ങളേയും പോലെ തന്നെ, ഏതൊരു മനുഷ്യർക്കും സ്വന്തമായി ഒരിടവും , വെളിച്ചവും കണ്ടത്തേണ്ടതായുള്ളതിനാൽ, നമുക്ക് എന്തെല്ലാം പ്രതിസന്ധികളുണ്ടങ്കിലും അതിനെ മറികടന്ന് മുന്നോട്ടു പോയേ മതിയാകൂ !
പണ്ട് കാലത്ത്, ഓരോ മനുഷ്യരും കാടുവെട്ടിത്തെളിച്ച് അവനവന് താമസയോഗ്യമായ സ്ഥലമൊരുക്കിയിരുന്നതുപോലെ, നമ്മൾ നമ്മുടേതായ ഇടങ്ങൾ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും , എന്നാൽ കണ്ടെത്തുക എന്നതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. മറിച്ച് , അത് മനോഹരമാക്കി തീർക്കേണ്ടതായ ഉത്തരവാദിത്വവും കൂടി അതോടൊപ്പമുണ്ട്.
![]() |
സെൽഫ് മോട്ടിവേഷൻ. |
അപ്പോൾ ഉത്തരവാദിത്വം കൂടുക എന്നാൽ അതിനനുസരിച്ച് നമ്മുടെ ആത്മവിശ്വാസവും കരുത്തും വർദ്ധിപ്പിക്കുക എന്നതു കൂടിയാണ് നമുക്ക് മുന്നിലുള്ള പ്രശ്നം.
അതുകൊണ്ട് ഏതൊരുകാര്യത്തിനും ഈഭൂമിയിൽ നമ്മൾ ഒറ്റക്കാണ് എന്ന സത്യത്തെ ബോധപൂർവം അംഗീകരിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്.
അതുപോലെ തന്നെ മറ്റുള്ളവരുടെ വിജയഗാഥകൾക്കും, ഉപദേശങ്ങൾക്കുമുപരി സ്വന്തം വിശ്വാസത്തിൽ അടിയുറച്ച് വിജയമായാലും, പരാജയമായാലും സ്വന്തം കഴിവുകൾ ഉപയോഗിച്ച് സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ മാത്രം മുന്നേറുവാൻ ശ്രമിക്കുക. അവിടെ നമുക്കായി, ആരോടും കടപ്പാടോ, നന്ദിയോ ഒന്നും ആവശ്യമില്ലാത്ത നമ്മുടേതായ സ്വതന്ത്രമായ ഒരുലോകമാകും നമ്മളെ കാത്തിരിക്കുക !
അതുപോലെ ഒരിക്കലും അർഹതയില്ലാത്തത് വെട്ടിപ്പിടിക്കാമെന്നോ, മറ്റാരുടേയെങ്കിലുമൊക്കെ ജീവിതം കണ്ടോ മഞ്ഞളിക്കേണ്ടതായ ആവശ്യമൊന്നുമില്ല. കാരണം ഏതൊരു ജീവിതവും,അത്രത്തോളം നിസ്സാരവും ലളിതവും, ഹൃദ്യവുമാണ്.!
ഏതൊരു മനുഷ്യ ജീവിതത്തിലും, സ്വന്തം കഴിവിനും, അദ്ധ്വാനത്തിനുമനുസരിച്ച് അർഹതപ്പെട്ടതെന്താണോ അത് തീർച്ചയായും അൽപ്പം വൈകിയാൽപ്പോലും നമ്മളെത്തേടിവന്നിരിക്കും. എങ്കിലും അതിനായുള്ള പ്രയത്നത്തിൽ നിന്നും അൽപ്പം പോലും പിൻതിരിയുകയുമരുത്.
![]() |
സെൽഫ് മോട്ടിവേഷൻ. |
അതുകൊണ്ട് കൂടുതൽ മത്സരാധിഷ്ഠിതമായ ഈ ഒരു സാമൂഹികാന്തരീക്ഷത്തിൽ നമ്മുടെ താത്പര്യവും കഴിവും സ്വയം കണ്ടെത്തുകയും, അതിനെ കാലത്തിൻറെ മാറ്റങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയെടുക്കുവാനും , അപ്ഡേറ്റു ചെയ്യപ്പെടാനുമായാൽ. തീർച്ചയായും മാറുന്ന ഈ ലോക സാഹചര്യത്തിൽ ജീവിതം മധുരതരം തന്നെയാകും !
അതിൻ്റെ ഉന്നതമായ ചില മാതൃകകൾ പേ രെടുത്ത് പറയാതെ തന്നെ നമുക്ക് ചൂണ്ടിക്കാണിക്കുവാനാകും.
തുടക്കകാലത്ത് വളരെ ചെറിയ ആശയത്തിലും, തുകയിൽ നിന്നും . ഒന്നോരണ്ടോ ചെറുപ്പക്കാരിൽ ആരംഭിച്ച പലസംരംഭങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഒന്നാം നമ്പർ മൾട്ടിനാഷണൽ കമ്പനികളായി മാറിയ ചരിത്രം നമുക്ക് കാണാം. അൽപ്പം ആത്മ ധൈര്യവും, താത്പര്യവും മാത്രമായിരുന്നു. അക്കാലത്ത് അവരുടെ പക്കലുള്ള ആകെയുള്ള സമ്പാദ്യം. എന്നാൽ കാലം കടന്നുപോകുന്തോറും കമ്പനി വളരെയധികം ലാഭം നേടുകയും ഷെയർമാർക്കറ്റുകളിൽ അവരുടെ ഓഹരികളുടെ മൂല്യം കൂടിവരികയും ചെയ്തതിനനുസരിച്ച് കമ്പനി വിവിധ രാജ്യങ്ങളിൽ പ്രവർത്തനമാരംഭിക്കുകയും ഇന്നത് ഒരു എതിരാളി പോലുമില്ലാത്ത അവസ്ഥയിൽ കോടികളുടെ ആസ്ഥിയോടെ രാജ്യത്ത് എവിടേയും തലയുയർത്തിനിൽക്കുകയും ചെയ്യുന്നു.
ഇങ്ങിനെ ഏതൊരു കാര്യത്തിലായാലും, അത് കലയോ, സാഹിത്യമോ കച്ചവടമോ, എന്തുതന്നെയായാലും, അത് കണ്ടെത്തുകയും, പരിപോഷിപ്പിക്കുകയും, വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഓരോ വ്യക്തിക്കും അവരുടെ കാര്യത്തിൽ ചെയ്യാവുന്നത്. അതല്ലായിരുന്നുവെങ്കിൽ മലയാളികൾക്ക് ഇന്ന് ലോകം കണ്ട മികച്ച പ്രതിഭകളായ ഒരു യേശുദാസിനെയോ, രാജ്യത്തിൻ്റെ അഭിമാനമായ ഒരു സച്ചിൻതെണ്ടുൽക്കറേയോ, ജീവിതത്തിൻറെ കഠിനമായ വേദനകളിൽ നിന്ന് വിശ്വോത്തര ഹാസ്യം സൃഷ്ടിച്ചെടുത്ത ഒരു ചാർളി ചാപ്ലിനെയോ ഒന്നും ,കാണുവാൻ ഇടവരുമായിരുന്നില്ല.
അതുകൊണ്ടുതന്നെ നമ്മൾ ആദ്യം പറഞ്ഞ വരികളിലേയ്ക്ക് തന്നെ തിരിച്ചു പോകുന്നു. എല്ലാവരിലും, എല്ലാ കഴിവുകളും വ്യത്യസ്ഥമായ രീതിയിൽ തന്നെയുണ്ട്. അതിനെ കണ്ടെത്തുകയും, പരിപോഷിക്കുകയും ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യുവാനായൊള്ളൂ. അതിനായി നമ്മുടെ ഉള്ളിൽത്തന്നെ അദൃശ്യനായി കുടിയിരിക്കുന്ന ആ മോട്ടിവേറ്ററെ നാം തന്നെ സ്വയം കണ്ടെത്തണ്ടേതായുണ്ട്.!
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍