Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
എന്താണ് ലിവിംഗ് വിൽ ?
ലിവിംഗ് വിൽ. ?
വിദേശ രാജ്യങ്ങളിൽ നിലവിലുള്ളതും, എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ,അധികം പ്രചാരം ലഭിക്കാത്തതുമായ ഒരു രേഖ എന്നുവേണമെങ്കിൽ ഒറ്റ വാക്കിൽ ഇതിനെ വിശേഷിപ്പിക്കാം. .! എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി ലിവിംഗ് വിൽ എന്ന ഒരു രേഖയെ സംബന്ധിച്ച്, പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് കേരള സമൂഹത്തിൽ തന്നെ വലിയ തോതിലുള്ള ചർച്ചകളും,ക്യാമ്പെയ്നുകളുമൊക്കെയാണ് നടക്കുന്നത്.!
എന്താണതിന് കാരണം? അതല്ലങ്കിൽ സത്യത്തിൽ എന്താണ് ഈ ലിവിംഗ് വിൽ? എന്താണ് അതുകൊണ്ടുള്ള ഒരു പ്രയോജനം?
ലിവിംഗ് വിൽ എന്നത് അനാവശ്യമായ ആശുപത്രി ചൂഷണങ്ങൾക്കെതിരെ എഴുതി വെയ്ക്കേണ്ടുന്ന, ഒരു പ്രധാനപ്പെട്ട രേഖ തന്നെയാണന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് ഇക്കാലത്ത്, രണ്ടറ്റവും കൂട്ടിമുട്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മനുഷ്യൻ പെടാപ്പാടുപെടുന്ന ഈ ഒരു പ്രത്യേക കാലഘട്ടത്തിൽ!
പലയിടങ്ങളിലും, കഴിഞ്ഞ കുറേക്കാലങ്ങളായി, സോഷ്യൽ മീഡിയകളിലും അല്ലാതെയുമൊക്കെയായി ദിനംതോറും പ്രത്യക്ഷപ്പെടുന്ന അനേകം പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. മിക്കവാറും എല്ലാ പരസ്യങ്ങളിലും, ലക്ഷങ്ങളോ, കോടികൾ തന്നെയോ ആശുപത്രി ചിലവിനായി ആവശ്യമുണ്ട് എന്ന് പ്രഖ്യാപിക്കുന്നവയുമാണ്. .എന്നാൽ അൽപ്പം കൂടി കടന്ന് പല കേസുകളിലും രോഗിയുടെ ആരോഗ്യവിവരങ്ങളെ സംബന്ധിച്ച് അന്വേഷിച്ചാൽ തീർത്തും നിരാശാജനകവും, തൊണ്ണൂറ്റി ഒൻപതുശതമാനവും രോഗി ആരോഗ്യകരമായ അവസ്ഥയിലേയ്ക്ക് തിരിച്ചുവരാൻ സാദ്ധ്യതയില്ലന്നുമുള്ള മറുപടികളുമാകും കേൾക്കുവാൻ കഴിയുക.! അപ്പോൾ. പിന്നെയെന്തിന് ഇത്രയേറെ ലക്ഷങ്ങൾ മുടക്കി ഒരു രോഗിയെ ചികിത്സിക്കണമെന്ന ഒരു സുപ്രധാന ചോദ്യമാണ് അവിടെ ഉയർന്നുവരുന്നത്. എന്തായാലും അക്കാര്യങ്ങൾ അവിടെ നിൽക്കട്ടെ. ഇത് ഒരു സാധാരണകുടുംബത്തെ സംബന്ധിക്കുന്ന അവസ്ഥയാണങ്കിലോ?
സ്വന്തം ആരോഗ്യം തന്നെ നഷ്‌ടപ്പെട്ടുത്തി, വരും തലമുറകൾക്ക് കൂടി അനുഭവവേദ്യമാകേണ്ട ലക്ഷക്കണക്കായ രൂപയുടെ കുടുംബസ്വത്തുക്കൾ വിറ്റിട്ടാണ് ഇന്ന് പലരും, ആധുനിക ചികിത്സാ സംവിധാനങ്ങൾ തേടി പരക്കം പായുന്നത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നതോ? കടം മേടിച്ചും, കഷ്ടപ്പെട്ടും ഉണ്ടാക്കിയ പണം തീരുന്ന മുറയ്ക്ക് രോഗിയുടെ അവസ്ഥ പഴയതിലും കൂടുതൽ പരിതാപകരമാവുകയും, അവസാനം രോഗി മരണപ്പെടുകയും, മരണശേഷം ജീവിച്ചിരിക്കുന്നവരുടെ കഥ മരിച്ചവരേക്കാൾ ദാരുണമാവുകയും ചെയ്യുന്നതായാണ് പലപ്പോഴും കേൾക്കുവാൻ കഴിയുന്നതും.
എന്നാൽ ഒരിക്കൽ പോലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവരെ ഇത്തരത്തിൽ കിടപ്പാടം വിറ്റുപോലും ചികത്സിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന ചോദ്യം!
പലപ്പോഴും ഇവിടെ സംഭവിക്കുന്നത് ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകഴിഞ്ഞാൽ ആരുടേയും അഭിപ്രായങ്ങൾക്ക് പോലും കാത്തുനിൽക്കാതെ രോഗിയെ ആശുപത്രി അധികൃതരുടെ സ്വന്തം താത്പ്പര്യപ്രകാരം ചികിത്സയ്ക്ക് വിധേയമാക്കുകയാണ് പതിവ്. അവിടെ അവർ എന്തുചെയ്യുന്നുവെന്നോ, എന്തു സംഭവിക്കുന്നുവെന്നോ മറ്റുള്ളവർക്ക് അറിയുവാനുള്ള സാദ്ധ്യതപോലും തീരെയില്ല. എന്നാൽ അവസാനം രോഗിക്ക് എന്തെങ്കിലും സംഭവിക്കുകയോ, കൂടുതൽ സാമ്പത്തികം ആവശ്യമായി വരുമ്പോഴോ മാത്രമാണ് രോഗിയുടെ ബന്ധുക്കളും, വീട്ടുകാരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ പകച്ചുപോകുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു,സാധാരണ മനുഷ്യന് താങ്ങാൻ പോലും കഴിയുന്നതിനും, അപ്പുറമുള്ള അത്യന്താധുനിക പരിശോധനകളും, സംവിധാനങ്ങളുമൊക്കെ ഉപയോഗിച്ചതായൊക്കെയാകും പറയപ്പെടുക.
ഈയിടെ, മദ്ധ്യ കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ തന്നെ സംഭവിച്ച കാര്യം കേട്ടുനോക്കൂ.
ഇൻറൻസീവ് കെയറിന് പുറത്ത് പതിവില്ലാത്ത രീതിയിൽ വലിയൊരാൾക്കൂട്ടവും, ഒരു സ്ത്രീയുടെ ബഹളവും കേട്ടാണ് പലരും ഓടിച്ചെന്നത്. കാര്യമെന്തെന്ന് ആർക്കും മനസ്സിലാകാതെ നിൽക്കുമ്പോഴാണ് ആസ്ത്രീ പറയുന്നത്, "അകത്ത് ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത് തൻറെ, പ്രായമായ അമ്മയാണന്നും,. ഒരാഴ്ചയിലേറെയായി എന്താണ് അമ്മയുടെ അവസ്ഥയെന്നോ, രോഗവിവരങ്ങളോ ഒന്നും തനിക്ക് അറിയുവാൻ കഴിയുന്നില്ലന്നും, എന്നാൽ ആശുപത്രി അധികൃതരോട് ചോദിച്ചാൽ മൗനമാണ് മറുപടിയെന്നുമാണ്" അവരുടെ ആരോപണം. എന്നാൽ ശബ്ദം കേട്ട് ഓടിവന്ന ആശുപത്രി അധികൃതരാകട്ടെ, അവരുടെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണന്നും, ഇപ്പോഴൊന്നും പറയുവാൻ കഴിയില്ലന്നുമാണ് പറഞ്ഞവസാനിപ്പിച്ചത്. പക്ഷെ, ആ മറുപടിയിലൊന്നും തൃപ്തയാകാതിരുന്ന ആ സ്ത്രീ ഐ. സി.യു. വിൽ കയറി തൻറെ അമ്മയെ കാണുവാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതോടെ, അന്തരീക്ഷം കലുഷമായി. എന്നാൽ ജനാല കർട്ടൻ നീക്കി പുറത്തുനിന്നു കാണിക്കാമെന്ന ആശുപത്രി അധികൃതരുടെ വാഗ്ദാനമെല്ലാം അവർ നിരസിച്ചതോടെ രംഗം പ്രക്ഷുബ്ദമായി. എന്നാൽ ചില ജനപ്രതിനിധികളും, നാട്ടുകാരുമൊക്കെ വിഷയത്തിൽ ഇടപെടാൻ തുടങ്ങിയതോടെ അധികൃതർ മനസ്സില്ലാമനസ്സോടെ ഐ. സി.യു. വിൽ കയറി അവരെ അമ്മയെ കാണുവാൻ അനുവദിച്ചു.
എന്നാൽ അമ്മയെ ഒരു നോക്കു കാണുവാനും, ആശ്വസിപ്പിക്കുവാനും, ശ്രമിച്ച ആ സ്ത്രീ അവിടെ കണ്ടത് , ഐ.സി.യു. വിനകത്ത് മരിച്ചുകിടക്കുന്ന തൻറെ മാതാവിനെയാണ്.!
പറഞ്ഞു തുടങ്ങിയാൽ ഒരുപക്ഷേ ഇനിയും പലതും, പലർക്കായി, പറയുവാനുണ്ടങ്കിൽ തന്നെയും, ഇതെല്ലാം ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതിരുന്നിട്ടുകൂടി പൊതുസമൂഹമോ, മാദ്ധ്യമങ്ങളോ ഒന്നും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുകയോ, ചർച്ചചെയ്യുകയോ പോലും ചെയ്യാറില്ലന്നുള്ളതാണ് അത്ഭുതകരം. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യസേവനമേഖലകളിൽ രോഗിയായി ചെല്ലുന്നവരെ സംബന്ധിച്ച് ഒന്നിനും യാതൊരു ഉറപ്പില്ലന്നുമാത്രമല്ല. എന്തു സംഭവിച്ചാലും, രോഗിയും, അവരുൾപ്പെടുന്ന ബന്ധുജനങ്ങൾക്കും മാത്രമാകും എല്ലാകഷ്ടനഷ്ട്ടങ്ങളും.!
ഇത്രയും പറഞ്ഞുവന്നത്, എന്താണ് ഇത്തരം ഒരു സമൂഹത്തിൽ ലിവിംഗ് വില്ലിൻറെ പ്രസക്തി എന്ന് ബോദ്ധ്യപ്പെടുന്നതിനാണ്.
അതുകൊണ്ടുതന്നെ എന്താണ് ലിവിംഗ് വിൽ എന്ന് വിശദമാക്കിയാൽ - ജീവിതാന്ത്യത്തിൽ, തീർത്തും ഇനി ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുപോക്കില്ലന്ന് ഉറപ്പായ ഘട്ടത്തിൽ എനിക്ക് അത്യന്താധുനിക ചികിത്സകളോ, മരണം നീട്ടിവെയ്ക്കാൻ വേണ്ടി മാത്രം പ്രാപ്തമാക്കുന്ന സൗകര്യങ്ങളോ, മറ്റു സംവിധാനങ്ങളോ ആവശ്യമില്ലന്ന് രോഗി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു ജീവിത രേഖയാണ് ലിവിംഗ് വിൽ.
ഇതുപ്രകാരം, മരണാസന്നനായ ഒരു രോഗിക്ക് ആശുപത്രി അധികൃതർ നിശ്ചയിക്കുന്നതരം മരണം നീട്ടിവെയ്കാൻ മാത്രം ഉപകരിക്കുന്ന തരത്തിലുള്ള കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള വലിയ വെൻലേറ്റർ സൗകര്യങ്ങളോ , വായിലൂടെയും, മൂക്കിലൂടെയുമെല്ലാം കുഴൽ കയറ്റി ഭക്ഷണവും, വെള്ളവും, നൽകുന്ന ചികിത്സാ വിധികളോ ഒന്നും തനിക്ക് ആവശ്യമില്ലന്നും രോഗി സ്വയം പ്രഖ്യാപിക്കുന്ന ഒരു രേഖകൂടിയാണ്. ലിവിംഗ് വിൽ.
ചുരുക്കത്തിൽ തൻ്റെ ജീവിതാന്ത്യം തനിക്ക് ഏതുതരം ചികിത്സയാണ് വേണ്ടത് അല്ലങ്കിൽ, വേണ്ടാത്തത് എന്ന്, രോഗി മുൻകൂട്ടി നിശ്ചയിക്കുകയും, സ്വന്തം വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് ഒപ്പു വെയ്ക്കുകയും, രണ്ട് ഗസറ്റഡ് ഓഫീസർമാർ സാക്ഷികളാവുകയും ചെയ്തുകഴിഞ്ഞാൽ ഈരേഖ പൂർണമാകും.!
ഇപ്പോൾ എറണാകുളം, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പല പാലിയേറ്റീവ് കെയർ സംവിധാനങ്ങളും ഇത്തരം ഒരു കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നുണ്ട്.
ഇതിൽ എടുത്തുപറയേണ്ടത്, സംസ്ഥാനത്തെ പാലിയേറ്റീവ് കെയറുകളുടെ പ്രധാനചുമതലകൾ വഹിക്കുന്നു, ഡോ ബാബു ജോസിൻറെ പ്രയത്നങ്ങളെക്കുറിച്ചാണ്. അദ്ദഹത്തിൻറെ നേതൃത്വത്തിൽ ഇപ്പോൾ കേരളത്തിൻറെ പലഭാഗങ്ങളിലും, ലിവിംഗ് വില്ലിനെക്കുറിച്ചുള്ള സജീവ കാമ്പയിനുകൾ നടക്കുന്നു.
ആദ്യ ഘട്ടത്തിൽ മെജിസ്ട്രേറ്റ് ഒപ്പുവയ്ക്കുന്ന രേഖകൾക്കേ പ്രസക്തി ഉണ്ടായിരുന്നുവള്ളൂഎങ്കിലും,,പിന്നീട് അതിൻ്റെ പ്രായോഗികത കണക്കിലെടുത്ത് രണ്ട് ഗസറ്റഡ് ഓഫീസർമാർ ഒപ്പിട്ടാൽ മതിയാകുമെന്ന് കോടതി തന്നെ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ, ഇതിനെക്കുറിച്ച് പല കോണുകളിൽ നിന്നും , ഇത് മെഴ്സി കില്ലിംഗ് (ദയാവധം) അല്ലേ എന്ന ചോദ്യങ്ങൾ, ഉയർന്നു വരികയുണ്ടായി.തീർച്ചയായും അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്
എന്നാൽ ഇത് ദയാവധത്തിൻറെ നിർവചനം പോലെ ചികിത്സ നിഷേധിയ്ക്കുകയോ, മരണത്തിലേക്ക് മനപൂർവ്വം തള്ളിവിടുകയോ ചെയ്യുന്ന ഒരു പ്രക്രിയ അല്ല.മറിച്ച് മരണം ഉറപ്പായ സാഹചര്യത്തിൽ ചിലവേറിയതും, വേദനാപൂർണ്ണവുമായ (ഭക്ഷണമെല്ലാം ട്യൂബ് വഴി നൽകുന്ന) അവസ്ഥാരീതികൾ, അതല്ലങ്കിൽ വെൻ്റ് ലെറ്റർ ഉപകരണങ്ങളോടെയുള്ള ചികിത്സ തനിക്ക് ആവശ്യമില്ല, എന്ന് പ്രഖ്യാപിക്കുകയാണ് ഈ രേഖ വഴി എഴുതി വെയ്ക്കുന്നത്.
സത്യത്തിൽ ലിവിംഗ് വിൽ എന്നത്, ആശുപത്രി കിടക്കയിലെ. ഇരുളും, ദുരന്തപൂർണ്ണവുമായ, ജീവിതം വിട്ട്, സ്വവസതിയിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമിടയിൽ, ശുദ്ധവായുവും, വെളിച്ചവും കണ്ട് സമാധാനപൂർണ്ണമായും, സന്തോഷത്തോടെതന്നെയും,ഈ ഭൂമി വിട്ട് അകലുന്ന മനുഷ്യൻ്റെ വിശുദ്ധമരണത്തിനായുള്ള ഒരു വഴിയൊരുക്കൽ തന്നെയാണ് ഈരേഖ അർത്ഥം വെയ്ക്കുന്നതെന്ന് തീർച്ചയായും പറയാം.!
- Get link
- X
- Other Apps
Comments