Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ഫോർട്ട് കൊച്ചി
രാജ്യത്തിൻറേതെന്നല്ല, ലോകത്തിൻറെ തന്നെ ഏതു ഭാഗങ്ങളിൽ പോയി എന്തെല്ലാം കാഴ്ചകൾ കണ്ടാലും, കൊച്ചി അതിൻറെ പ്രൗഢഗംഭീരമായ കാഴ്ചകൾ നമ്മുടെ മനസ്സുകളിൽ ഒരു പ്രാവശ്യം ഒരു കോറിയിട്ടുകഴിഞ്ഞാൽ , ഒരു പ്രണയാതുരമായ മനസ്സുപോലെ അതിനെ, വീണ്ടും, വീണ്ടും ഹൃദയത്തോട് ചേർത്തുവെക്കുവാൻ തോന്നും.!
ഇത് ആരുടെയെങ്കിലും, ഒരാളുടെ മാത്രം അനുഭവമാകാൻ തരമില്ല. കാരണം, നിത്യേനയെന്നോണം അങ്ങോട്ട് ഒഴുകിയെത്തുന്ന അനേകായിരങ്ങൾ ഒരുപക്ഷേ സ്വയം ചോദിക്കുന്ന ഒരു ചോദ്യം തന്നെയാകണം.!
എന്തുകൊണ്ട് കൊച്ചി വ്യത്യസ്ഥമാകുന്നു. ?
എന്തുകൊണ്ടാണ് കൊച്ചി നമുക്ക് വ്യത്യസ്തമായ, കാഴ്ചകളും, അനുഭവങ്ങളുമായി, മാറുന്നതെന്നുചോദിച്ചാൽ, അതിന് ഒരുപക്ഷേ ഒരു വാക്കിൽ ഉത്തരം പറയാൻ കഴിഞ്ഞെന്നുവരില്ല.
കാരണം കൊച്ചി എന്നതുതന്നെ, വലിയൊരു അനുഭവമാണന്നു വേണം പറയാൻ!.
അതിനെ തൊട്ടറിയണമെങ്കിൽ ,അതിൻറെ ചരിത്രത്തിലൂടെയും, പാരമ്പര്യത്തിലൂടെയും ഒന്ന് കടന്നുപോകേണ്ടതുണ്ട്!
കൊച്ചിയുടെ ചരിത്രം.
ഏകദേശം 600 വർഷങ്ങൾക്കുമുൻപ് അന്നത്തെ പ്രധാന തുറമുഖമായിരുന്ന, കൊടുങ്ങല്ലൂരിലെ മുസ്‌സരിസ് ഒരു പ്രകൃതിക്ഷോഭത്താൽ ഇല്ലാതാവുകയും, പകരം കൊച്ചിയിൽ ഒരു അഴിമുഖം രൂപപ്പെടുകയും ചെയ്തു.
അങ്ങിനെ രൂപപ്പെട്ട കൊച്ചി., പിന്നീട് മുസരിസ്സിനുപകരമായി വലിയൊരു തുറമുഖമാവുകയും, കൊച്ചിയുടെ കടൽത്തീരം വഴി അനേകംവിദേശ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുകയും ചെയ്തു, പിന്നീട് കൊച്ചി എന്നത് ഇന്ത്യൻ ചരിത്രത്തിലെ തന്നെ ,വലിയൊരു നാഴികക്കല്ലായി രൂപാന്തരപ്പെടുന്ന കാഴ്ചയാണ് ലോകം കണ്ടത്. !
ആദ്യകാലങ്ങളിൽ ചൈനക്കാരും, അറബികളും, യഹൂദരുമൊക്കെയാണ് ഇവിടെ എത്തിയതെങ്കിലും, പിൽക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളകും, ഏലവും, ഗ്രാമ്പുവും, കറുകപ്പട്ടയുടേയുമൊക്കെ വ്യാപാരത്തിന് വന്ന്ചേർന്ന പോർച്ചുഗീസുകാരാണ് കൊച്ചിയുടെ ചരിത്രം മാറ്റിവരച്ചത്.
അക്കാലത്ത് വിവിധ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്ന രാജാക്കന്മാർ തമ്മിൽ നിലനിന്നിരുന്ന കുടിപ്പകകൾ കൂടിയാണ്, ഒരുവിധത്തിൽ കച്ചവടത്തിനായ് വന്ന്ചേർന്ന വിദേശീയർക്ക് പിൽക്കാലത്ത് ഇവിടെ താവളമൊരുക്കുവാനും, ഭരണം ഉറപ്പിച്ചെടുക്കുവാനും ഒരു വഴിതുറന്നത്.!
ഏകദേശം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ഇവിടെ എത്തിച്ചേർന്ന പോർച്ചുഗീസുകാർ, വൈദേശികാധിപത്യത്തിൻറെആദ്യത്തെ കൊടിക്കൂറപോലെ ഇവിടെ ഒരു കോട്ട സ്ഥാപിക്കുന്നു., അതാണ് കൊച്ചിയിലെ ഫോർട്ട് മാനുവൽ
പിന്നീട് ചരിത്രത്തിലെ വലിയ തേരോട്ടങ്ങളുടെ കുളമ്പടി ശബ്ദങ്ങളാണ് എവിടേയും, നിറഞ്ഞത്!
നേരത്തെ സൂചിപ്പിച്ച നാട്ടുരാജാക്കന്മാർ തമ്മിലുള്ള പകയും വിദ്വേഷവുമെല്ലാം മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിദേശീയരും നന്നായി മുതലാക്കുക തന്നെയുണ്ടായി!
എന്നാൽ തങ്ങൾക്കെതിരായ നാട്ടുരാജ്യങ്ങളെ വരു തിയിൽ നിർത്താനും, ആക്രമിച്ചു കീഴടക്കാനും , അന്നത്തെ കൊച്ചിരാജാവ് എല്ലാവിധ പിൻതുണയും, സഹായങ്ങളും, വിദേശികൾക്ക് നൽകുകയും, തുടർന്ന് അനവധി മോസ്‌കുകളും, ആശുപത്രികളും, കെട്ടിടങ്ങളും , കോട്ടകളുമെല്ലാം അവർ സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് 1653-ൽ വന്ന ഡച്ചുകാരുടെ ആധിപത്യമായിരുന്നു.
തത്ഫലമായി, പോർച്ചുഗീസുകാർക്ക് അതുവരെ നിലനിന്നിരുന്ന അധീശത്വം അവസാനിപ്പിക്കേണ്ടി വന്നുവെന്ന് മാത്രമല്ല, ചരിത്രത്തിലെ തന്നെ പുതിയ യുഗപ്പിറവിയുടെ സാക്ഷ്യ പത്രം പോലെ, ഡച്ചുകാർ ഫോർട്ട്മാനുവലിന് പകരം ഫോർട്ട് വിലൃംസ് എന്ന പേരിൽ ഒരു കോട്ട സ്ഥാപിച്ച് അവിടെ സാന്നിദ്ധ്യം വിളംബരം ചെയ്തു.
എന്നാൽ, 1814-ൽ ഇംഗ്ലീഷുകാർ, ഡച്ചുകാരുമായി ഉണ്ടാക്കിയ ഒരുഉടമ്പടിയുടെ ഭാഗമായി കൊച്ചി ബ്രിട്ടീഷ് ഭരണത്തിന് കീഴിലാക്കി, സ്വാതന്ത്ര്യാനന്തരം, മൂന്നു നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേർത്ത് എറണാകുളം ജില്ലയുടെ ഭാഗമായി നിലവിൽ കൊച്ചി വരികയും ചെയ്തു.
ഇത്രയും, പറഞ്ഞുവന്നത്, ഇന്ന് ലോക സഞ്ചാരഭൂപടത്തിലെ തന്നെ പ്രമുഖസ്ഥാനം വഹിക്കുന്ന അറബിക്കടലിൻറെ റാണിയെന്നറിയപ്പെടുന്ന കൊച്ചിയുടെ സൗന്ദര്യത്തെ തൊട്ടറിയണമെങ്കിൽ അതിൻറെ ചരിത്രവും സംസ്ക്കാരവും ഇഴ ചേർന്ന വൈവിധ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
എന്താണ് കൊച്ചിയുടെ വൈവിധ്യം ?
അത് അതിന്റെ ബഹുസ്വരത തന്നെ.!
മോസ്ക്കും, അമ്പലവും, പള്ളിയും, കൊട്ടാരവുമെല്ലാം ഇടചേരുന്നതോടൊപ്പം, വിവിധ ഭാഷാ ന്യൂനപക്ഷങ്ങളും, വിവിധ സംസ്ക്കാരങ്ങളുമായി ജീവിക്കുന്ന അനേകായിരം മനുഷ്യർ.!
ഫുട്ബോളിനേയും, ഗസലിനേയും, ഹൃദയത്തോട് ചേർത്ത് വെച്ച് ഭ്രാന്തമായി പ്രണയിക്കുന്നവർ. ഒരുപക്ഷേ കൊച്ചിയുടെ ചരിത്രത്താളുകളിൽ നിന്നുകൊണ്ടുതന്നെ എല്ലാവൈവിധ്യങ്ങളേയും ഒന്നായി കൂട്ടിയിണക്കിയവർ..!
ഇങ്ങിനെ പറഞ്ഞുപോയാൽ കൊച്ചിയുടെ ഹൃദയത്തുടിപ്പുകളെക്കുറിച്ച് ഒരുപാടൊരുപാട് പറയാനുണ്ടാകും. ഒരുപക്ഷേ അത്രയേറെ വിശാലത ആ നാടിന് ഉൾക്കൊള്ളുവാൻ കഴിഞ്ഞതുകൊണ്ടുകൂടിയാകണം, നഗന്ധർവ്വൻ യേശുദാസ്, മെഹബൂബ്, ഉമ്പായിയുൾപ്പടെ അനേകം പ്രതിഭകൾ കൊച്ചിയ്ക്കു സ്വന്തമായതും.!
കൊച്ചിയിലെ കാഴ്ചകൾ
എന്നാൽ കൊച്ചിയുടെ യഥാർത്ഥ സൗന്ദര്യമെന്നത് ഇതാണോ?...! അത് അറിയണമെങ്കിൽ, അതിൻറെ വിശാലമായ പാതകളിലൂടെ, തണൽമരങ്ങളുടെ ഓരം ചേർന്ന്... കടൽ കാറ്റിനോട് കിന്നാരം പറഞ്ഞ് പതിയെ.... പതിയെ, അങ്ങിനെ നടക്കണം... അങ്ങിനെ നടന്ന് ആ നടത്തത്തിന്റെ മനോഹാരിത ആവോളം ആസ്വദിക്കണം.!
വെറുതെയങ്ങിനെ...എങ്ങോട്ടെന്നില്ലാതെ കുറേദൂരം നടന്നു നോക്കൂ!... അപ്പോൾ കാണാം മുന്നിലേയ്ക്ക് കടന്നുവരുന്ന ചില, പുരാതന ശിൽപങ്ങളും, കോട്ടകളും, ചരിത്ര മ്യൂസിയങ്ങളുമെല്ലാം!. അതാകട്ടെ ഏതോ ഒരു പായ്ക്കപ്പലിൽ ലോകം ചുറ്റാനിറങ്ങിയ സഞ്ചാരിയുടെ അത്ഭുതപ്പെടുത്തുന്ന കുറേ കുറിപ്പുകൾ വായിക്കുന്ന മനോഹരമായ ചിത്രങ്ങൾ പോലെയാകും , മുന്നിലേക്ക് തെളിഞ്ഞ് വരിക.! ഒരു വിധത്തിൽ ആ കാഴ്ചകൾ തന്നെയാണ് കൊച്ചിയെ അതിൻ്റെ യഥാർഥ ആഴത്തിലും, പരപ്പിലും നമുക്ക് മനസ്സിലാക്കുവാനും കഴിയുക.!
എങ്കിലും, ഒരുപാട് ചരിത്രവും, കാഴ്ച്ചകളും നെഞ്ചേറ്റി വിശാലമായി, നിറഞ്ഞു പരക്കുന്ന ആ കായൽ സൗന്ദര്യത്തെ എങ്ങിനെയാണ് വിശദീകരിക്കേണ്ടത്?!
പലപ്പോഴും പ്രണയിതാക്കളുടെ മനോഹരമായ ഒരു സ്നേഹതീരം തീരംകൂടിയാണ്.!
ഇപ്പോൾ ഈ പൊള്ളുന്ന, ചൂടിനെപ്പോലും വകവെക്കാതെ കടലോരത്തിൻറെ വിവിധ ഭാഗങ്ങളിൽ അനേകം യുവതീ യുവാക്കളും , കവികളും , കലാകാരന്മാരുമെല്ലാം, ഒത്തുചേരുന്ന വലിയൊരു സഹൃദയ സദസ്സ് ഇവിടെ കാണാം.
ചില വേദികളിൽ അവർ ഇന്ത്യയിൽ സംഭവിക്കുന്ന വലിയ തോതിലുള്ള വർഗീയ സംഘർഷങ്ങളെക്കുറിച്ചും, പ്രതീക്ഷയറ്റ ഇന്ത്യയുടെ ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നു. മറ്റൊരു വേദിയിൽ ആട്ടവും , പാട്ടും, നാടൻ കലാരൂപങ്ങളുമെല്ലാമായി ഒരു വലിയ സാംസ്ക്കാരിക സദസ്സ് . ചില വേദികളിൽ കവിതയും, പ്രഭാഷണങ്ങളും സ്ത്രീ വിഷയങ്ങളും ചർച്ചകളും.!
എങ്കിലും, നട്ടുച്ചനേരത്തെ ഉച്ചഭക്ഷണം തേടി തെരുവിലൂടെയുള്ള വല്ലാത്ത, അലച്ചിൽ അതിന്റെ എല്ലാ സൗന്ദര്യവും കെടുത്തുകതന്നെ ചെയ്യുന്നുണ്ട്..!
കാരണം ഒന്നുകിൽ സ്റ്റാർ ഹോട്ടലുകളോ, അതുമല്ലങ്കിൽ സ്റ്റാർ ഹോട്ടലുകളുടെ വിലനിലവാരത്തോട് മാത്രം കിടപിടിക്കുന്ന സാധാരണ ഹോട്ടലുകളോ മാത്രമാണ് പലയിടത്തും കാണാൻ കഴിയുക. കാരണം അതെല്ലാം കുറച്ചു സമയം ചിലവഴിക്കാൻ വരുന്ന സഞ്ചാരികളെത്തന്നെ ലക്ഷ്യം വെച്ചുകൊണ്ടാണ്.
കൊച്ചിയിലേക്കെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഗുണവശം അതിൻറെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലുള്ള ഗതാഗത സൗകര്യങ്ങൾ ആ നഗരത്തിൽ നന്നായി പ്ളാൻ ചെയ്തിരിക്കുന്നുവെന്നതാണ്.
ട്രെയിനായാലും, വിമാനമായാലും, ബസ്, ജലഗതാഗത മാർഗ്ഗങ്ങളായാലും, എല്ലാം കൃത്യമായ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ കേരളത്തിൽ തന്നെ ഇത്രയേറെ വിപുലമായ വികസനവും, മാറ്റങ്ങളും വളരെപെട്ടെന്നു സംഭവിക്കുന്ന മറ്റൊരു നഗരവും കേരളത്തിൽ ഇല്ലന്നു തന്നെ പറയാം.
എങ്കിലും പറഞ്ഞാലും, പറഞ്ഞാലും തീരാത്തത്ര കൊച്ചിയുടെ ചരിത്രവും, പാരമ്പര്യങ്ങളും നിറഞ്ഞ കഥകളുമായി ഈ ബ്ളോഗ് , അതിൻ്റെ എഴുത്തിലൂടെ വീണ്ടും സഞ്ചാരം തുടരുന്നു.!!
- Get link
- X
- Other Apps
Comments