എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി?
എന്താണ് മെർക്കുറി?
പ്രകൃതിയിൽ കാണപ്പെടുന്ന ഒരു ലോഹമാണ് മെർക്കുറി . ഇത് ഖനികളിൽ നിന്നും, അഗ്നിപർവ്വത സ്ഫോടനങ്ങൾ വഴിയും അന്തരീക്ഷത്തിൽ എത്തുന്നു. കൂടാതെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ, കൽക്കരി കത്തുന്നത് വഴിയെല്ലാം ഇത് പ്രകൃതിയിൽ വ്യാപിക്കുന്നു.
എന്നാൽ ഇങ്ങിനെ വ്യാപിക്കുന്ന മെർക്കുറി യുടെ അംശമാണോ മത്സ്യങ്ങളിൽ കാണുന്നത്?
അതല്ല, ഇനി ഇത് മറ്റേതെങ്കിലും തരത്തിൽ രൂപാന്തരം പ്രാപിച്ചാണോ മത്സ്യങ്ങളിലേക്ക് എത്തുന്നത് ?
ഇത്തരം മെർക്കുറിയുടെ അംശം കൂടുതലായുള്ള മത്സ്യം ഭക്ഷിച്ചാൽ മനുഷ്യർക്ക് എന്താണ് സംഭവിക്കുക?
എങ്ങിനെയാണ് മെർക്കുറി മത്സ്യങ്ങളിൽ രൂപപ്പെടുന്നത്.?
യഥാർത്ഥത്തിൽ മത്സ്യങ്ങളിൽ രൂപപ്പെടുന്ന മേർക്കുറിയുടെ അംശം പ്രകൃതിയിൽ നിന്നും നേരിട്ട് സ്വീകരിക്കപ്പെടുന്നതല്ല. മറിച്ച് ഫാക്ടറികളിൽ നിന്നോ, അന്തരീക്ഷ മലിനീകരണത്തിൻ്റെ ഭാഗമായോ മഴ വെള്ളത്തിലൂടെയോ, മലിന ജലത്തിലൂടെയോ യെല്ലാം പുഴകളിലേക്കും , കടലുകളിലേക്കുമെത്തിച്ചേരുന്നു.
ബയോ അക്യുമിലേഷൻ
വെള്ളത്തിലെത്തുന്ന മെർക്കുറിയെ അവിടെയുള്ള ചില ബാക്ടീരിയകൾ രാസമാറ്റങ്ങൾക്ക് വിധേയമാക്കി മിഥേൽ മെർക്കുറിയെന്ന ഓർഗാനിക്ക് സംയുക്തമാക്കി മാറ്റിത്തീർക്കുന്നു. ഇതാണ് ഏറ്റവും വലിയ അപകടകാരി.
വെള്ളത്തിൽ സമൃദ്ധമായുള്ള പ്ലവകങ്ങൾ (Plankton) ഈ മെർക്കുറിയെ സ്വാംശീകരിക്കുകയും, തുടർന്ന് ചെറിയ മീനുകൾ, പ്ലവകങ്ങളെ ഭക്ഷണമാക്കുകയും, അതോടൊപ്പം വലിയ മീനുകൾ (സ്രാവ് വലിയ ചൂര ) ചെറിയ മീനുകളെ ഭക്ഷിച്ചും അവയുടെ ശരീരത്തിലും ഭീമമായ തോതിൽ മെർക്കുറി അടിഞ്ഞുകൂടുന്നു. ഇതിനെ പൊതുവിൽ ബയോ ആക്യുമിലേഷൻ (Bioaccumulation) എന്ന് വിളിക്കുന്നു. ഇങ്ങിനെയാണ് സാധാരണ രീതിയിൽ മത്സ്യങ്ങളിൽ മെർക്കുറിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം മത്സ്യങ്ങൾ ഭക്ഷിക്കുക വഴി അത് മനുഷ്യ ശരീരത്തിലേയ്ക്കും എത്തിച്ചേരുന്നു.
ഇത്തരം മത്സ്യങ്ങളെ ഭയപ്പെടേണ്ടതുണ്ടോ?
സാധാരണയായി നാട്ടിൽ പ്രദേശങ്ങളിൽ കഴിക്കുന്ന ഇത്തരം ചെറുതും , ആയുർദൈർഘ്യം കുറഞ്ഞതുമായ മത്സ്യങ്ങളിൽ (അയല, മത്തി, ) മത്സ്യങ്ങളിൽ മെർക്കുറിയുടെ അളവ് വളരെ കുറവായിരിക്കും. അതിനാൽ അത്തരം മത്സ്യങ്ങൾ കഴിക്കുന്നതിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തന്നെയില്ലെങ്കിലും, വലിയ ഇനം മത്സ്യങ്ങളായ സ്രാവ്, വാള മീൻ തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഗർഭിണികളും കുട്ടികളും . പ്രായമായവരും .
കൂടാതെ ഭക്ഷണത്തിൽ സ്ഥിരമായി ഒരേ ഇനം മത്സ്യങ്ങൾ മാത്രമായി ഉപയോഗിക്കാതെ വിവിധയിനം മത്സ്യങ്ങൾ പലപ്പോഴായി കഴിക്കുന്ന ഭക്ഷണ ശീലം അനുവർത്തിക്കുന്നതും നന്നായിരിക്കും.
എവിടെയാണ് ഈ മെർക്കുറി അടിഞ്ഞുകൂടുന്നത്?
ഏതു തരം വിഷാംശമുള്ള പദാർഥങ്ങളും, മത്സ്യങ്ങളുടെ തൊലിയിലോ, അതല്ലങ്കിൽ കൊഴുപ്പിലോ ആണ് അടിഞ്ഞുകൂടുന്നത്.
എന്നാൽ കടലിലും, മലിന ജലത്തിലും അടിഞ്ഞു കൂടുന്ന മെർക്കുറിയുടെ ജീവ സഞ്ചിത രൂപമായ മീഥൈൽ മെർക്കുറി മത്സ്യത്തിൻ്റെ പേശികളിലെ പ്രോട്ടീനുകളുമായാണ് ചേർന്നിരിക്കുന്നത്. അതിനാൽ ഈ മീഥൈൽ മെർക്കുറി മത്സ്യത്തിലെ മാംസത്തിൻറെ തന്നെ ഒരു ഭാഗമായി മാറി തീർന്നിട്ടുമുണ്ടാകും.
എന്നാൽ മത്സ്യം വൃത്തിയാക്കുന്നതിൻ്റെ ഫലമായി, കൊഴുപ്പിലും, തൊലിയിലുമെല്ലാം അടിഞ്ഞുകൂടിയിട്ടുള്ള മറ്റ് രാസമാലിന്യങ്ങൾ നീക്കം ചെയ്യാമെങ്കിലും, മെർക്കുറി മാംസഭാഗങ്ങളിൽ തന്നെയുള്ളതിനാൽ അത് നീക്കം ചെയ്യൽ അസാദ്ധ്യവുമാണ്.
ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിൽ എത്തുന്നതുവഴി ഗൗരവതരമായ അനേകം രോഗങ്ങൾക്കും കാരണമാകുന്നു. ഇതിനെ പൊതുവിൽ മിന മാറ്റ രോഗം ( Minamata disease)എന്നു പറയുന്നു. ഇത് നാഡീവ്യവസ്ഥകളെ തകരാറിലാക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്.



അഭിപ്രായങ്ങള്‍