മത്സ്യങ്ങളിൽ ഏതാണ് മുഖ്യം?
ഏത് മത്സ്യം കഴിക്കണം?
മത്സ്യങ്ങളിൽ , ഒമേഗ -3- ഫാറ്റി ആസിഡ്, വെറ്റമിൻ ഡി , കാൽസ്യം എന്നിവയുടെ സാന്നിദ്ധ്യങ്ങളുമായി ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യമാണ് മത്തി .
എങ്കിൽപ്പോലും, ഏവരും മത്സ്യം ഏതായാലെന്ത്? അൽപ്പം എരിവും, പുളിയും രുചിയുമുണ്ടാകണമെന്ന അഭിപ്രായക്കാരാകും!
അതല്ലങ്കിൽ കൂടുതൽ മുള്ളുകളില്ലാത്ത മത്സ്യം, അതല്ലങ്കിൽ തീരെ വിലകുറഞ്ഞത്. ഇതൊന്നുമല്ലങ്കിൽ ഫ്രഷ് ആയത്. ഇങ്ങിനെയെല്ലാമാകും അന്വേഷണം .
എന്നാൽ പൊതുവിൽ ചില മത്സ്യങ്ങൾക്ക് വളരെയേറെ പോഷക ഗുണമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ, ചില മത്സ്യങ്ങൾ പരിധിയിൽ കവിഞ്ഞ് കഴിക്കുന്നതും ആരോഗ്യത്തിന് അത്രയേറെ നല്ലതല്ല.
എന്തായാലും രുചിയുടെ കാര്യത്തിലെന്നല്ല, മത്സ്യഗണത്തിൽ തന്നെ ഏറെ പോഷക സമ്പന്നമായി മുന്നിൽ നിൽക്കുന്നതും ഏവരുടേയും പ്രിയപ്പെട്ട മത്തി തന്നെ.
എന്താണ് മത്തിയുടെ പോഷക ഗുണങ്ങൾ?
ഒമേഗ -3- ഫാറ്റി ആസിഡ് -
ഇവ, തലച്ചോറിൻറെയും, ഹൃദയാരോഗ്യത്തിൻറെയും പ്രവർത്തനം മെച്ചപ്പെടുന്നു.
കാൽസ്യം , വൈറ്റമിൻ ഡി -
എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു.
കൂടാതെ, പ്രോട്ടീൻ, വൈറ്റമിൻ ബി-12, ഫോസ്‌ഫ്രസ്സ്, എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും, രക്തസമ്മർദ്ദം കുറക്കാനും, ശരീരത്തിൻ്റെ പ്രതിരോധ ശേഷിയും, ഊർജ്ജവും, വർദ്ധിപ്പിക്കുവാനും, മത്തി മത്സ്യങ്ങളിൽ ഒരു മികച്ച ഇനമാണ്.
മത്തി വറുത്തെടുത്തും, കറി വെച്ച് കഴിക്കുന്നതിനും പുറമേ , മസാല പുരട്ടി വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നതുമായ മത്തിയുടെ രുചിക്ക് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലന്നുള്ളതും മത്തിയുടെ ജനപ്രിയതക്ക് മറ്റൊരു കാരണമാണ്. അതിലുപരി കപ്പയും , മത്തിക്കറിയുടെയും മികച്ച കോമ്പിനേഷനും, രുചിയും വിദേശീയരെ വരെ ഏറെ ആകർഷിക്കുന്നവയുമാണ്.
അയല
ഉയർന്ന അളവിലുള്ള പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഒരു മത്സ്യമാണ് അയല . ഇത് പേശികളുടെ വളർച്ചയ്ക്കും, ആരോഗ്യത്തിനും വളരെ ഗുണകരമാണ്.
മെർക്കുറി
എങ്കിൽപ്പോലും ഉയർന്ന നിലവാരത്തിൽ
മെർക്കുറി സാന്നിദ്ധ്യമുള്ള മത്സ്യമാകയാൽ ഇത് പരിധിയിൽ കവിഞ്ഞ് കഴിക്കുന്നത്,
മുലയൂട്ടുന്ന അമ്മമാരേയും, ഗർഭിണികളായ സ്ത്രീകളെ സംബന്ധിച്ചും, ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നന്നായിരിക്കും.
അതുപോലെ തന്നെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാനുള്ള സാദ്ധ്യതയുള്ളതിനാൽ വറുത്ത് കഴിക്കുന്നതിലുപരി കറിയായി പാചകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.
എന്നാൽ വൈറ്റമിൻ ഡി , വൈറ്റമിൻ ബി 12, ഇരുമ്പ്, മെഗ്നീഷ്യം എന്നിവയെല്ലാം ഇതിൽ സമ്പുഷ്ടമായതിനാൽ ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, പ്രമേഹ സാദ്ധ്യത കുറയ്ക്കുന്നതിനും, തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുവാനും , കണ്ണുകളുടെ ആരോഗ്യത്തിനും, ദഹന പ്രക്രിയയെ സഹായിക്കുന്നതിനുമെല്ലാം മികച്ചതാണ്.
നത്തോലി / കൊഴുവ
നത്തോലി / കൊഴുവ / ചൂട / ആഞ്ചോവി / ആഞ്ചോവികൾ . തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ മത്സ്യത്തിന് ഇന്ത്യയിലെന്ന പോലെ വിദേശത്തും ധാരാളം മാർക്കറ്റുണ്ട്.
ഇത് നിരവധി ജീവകങ്ങളുടേയും, ധാതുക്കളുടേയും കലവറയാണ്. ഇതിൻ്റെ മുള്ളുകൾ ഭക്ഷിക്കുക വഴി ധാരാളം കാൽസ്യം ശരീരത്തിന് ലഭിക്കുന്നു.
പല മത്സ്യങ്ങളിലും ഉള്ളതുപോലെ തന്നെ ഇതിലും ഒമേഗ - 3 ഫാറ്റി ആസിഡുകൾ , കാൽസ്യം, ഇരുമ്പ്, സെലിനിയം, തുടങ്ങിയ ധാതുക്കളും, കൂടാതെ വൈറ്റമിൻ എ, ഡി, എന്നിവയുടേയുമെല്ലാം മികച്ച സ്രോതസ്സുകളാണ്.
അതിനാൽ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാനും, ഹൃദയാരോഗ്യത്തിനും, എല്ലുകളുടെ ഉറപ്പിനും, കൊളസ്ട്രോൾ നിയന്ത്രണത്തിനുമെല്ലാം ഈ മത്സ്യം മികച്ചതാണ്.
കുറഞ്ഞ വിലയിലും, ഉപ്പിട്ട് ഉണക്കി സൂക്ഷിക്കാവുന്ന മത്സ്യവുമായതിനാൽ ഇവ മാർക്കറ്റുകളിലും, നാട്ടിൽ പുറങ്ങളിലുമെല്ലാം സുലഭമാണ്. അതിനാൽ ഇത് ഒരു ജനകീയ മത്സ്യ വിഭവവും കൂടിയാണ്.
നത്തോലി വറുത്തത്, കറി വെച്ചത്, എല്ലാ
ത്തിലുമുപരി നത്തോലി തോരനും, മികച്ചതും, സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങളായതിനാൽ കേരളത്തിലെ മിക്കവാറും ഹോട്ടലുകളിലും, നാട്ടിലെ കള്ളുഷാപ്പുകളിലുമെല്ലാം നത്തോലി വിഭവങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.
ചൂര ( ട്യൂണ )
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു മത്സ്യമാണ് ചൂര . അതിനാൽ തന്നെ ഇത് നന്നായി കായികാദ്ധ്വാനം ചെയ്യുന്നവർക്കും , ജിമ്മിൽ പോകുന്നവർക്കുമെല്ലാം മികച്ച ഭക്ഷണമാണ്.
എന്നാൽ മറ്റ് എല്ലാ മത്സ്യങ്ങളേയും പോലെ തന്നെ അനേകം പോഷക ഗുണങ്ങൾ ചൂരക്ക് ഉണ്ടങ്കിൽ കൂടിയും, വലിയ ചൂര മത്സ്യങ്ങളിൽ മെർക്കുറിയുടെ അളവ് കൂടുവാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതലായുള്ള ആ മത്സ്യങ്ങളുടെ ഉപയോഗം ശ്രദ്ധിക്കേണ്ടതുമുണ്ട്.
കരിമീൻ / പേൾ സ്പോട്ട് / ഗ്രീൻ ക്രോമൈഡ്
കേരളത്തിൻ്റെ സ്വന്തമെന്ന് അവകാശപ്പെടുന്ന കരിമീൻ, രുചിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മികച്ചതാണ്. കൊഴുപ്പ് തീരെ കുറഞ്ഞതും, എന്നാൽ ധാതുക്കളുടെ അംശം കൂടുതലുള്ളതുമാണ് ഇതിനെ മറ്റ് മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ഇത് കേരളത്തിലെ ജലാശയങ്ങളിലും, കുളങ്ങളിലും, തോടുകളിലുമെല്ലാമായി ധാരാളം വളർത്തുന്നുണ്ടെങ്കിലും, ഉപ്പുവെള്ളത്തിൽ കിടന്ന് വളരുന്ന കരിമീനുകളാണ് ഏറെ രുചികരം.
കരിമീൻ കറിയും, കരിമീൻ വറുത്തതുമെല്ലാം കേരളത്തിൻെറ മുഖമുദ്രയുള്ള മികച്ച സ്വാദൂറുന്ന ഭക്ഷണവിഭവങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വലിയ ഇനം മത്സ്യങ്ങളായ നെയ്മീ
നുകൾ, സ്രാവുകൾ എന്നിവയിൽ
മെർക്കുറിയുടെ അളവ് കൂടുതലാകാൻ സാദ്ധ്യതയുള്ളതിനാൽ അത്തരം മത്സ്യങ്ങൾ മിതമായ അളവിൽ കഴിക്കുക.
മത്തി, അയല, നത്തോലി
മത്സ്യങ്ങൾ ഭക്ഷണത്തിൽ ആഴ്ച്ചയിൽ രണ്ടുതവണയെങ്കിലും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഫോർമാലിൻ , അമോണിയ
മത്സ്യങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്ന
ഫോർമാലിൻ , കൂടാതെ അമോണിയ പോലുള്ളവ കലർന്ന മത്സ്യങ്ങളെ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതാണ്.
മോർച്ചറികളിൽ മൃതശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോർമാലിൽ ഉയർന്ന തോതിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ട്. അതുമൂലം ഇത്തരം മത്സ്യങ്ങൾ ഉപയോഗിക്കുന്നതുവഴി ക്യാൻസർ ഉൾപ്പടെയുള്ള രോഗാവസ്ഥയ്ക്കും, കൂടാതെ ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥകളേയും, കരൾ, ശ്വാസകോശം, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനങ്ങളേയും തകരാറിലാക്കുവാനും കാരണമാകും.
മത്സ്യത്തിൽ ചേർത്തുവെച്ചിരിക്കുന്ന ഐസ് ദീർഘനേരം അലിഞ്ഞു പോകാതെ സംരക്ഷിക്കുന്നതിനായാണ് അമോണിയ ചേർക്കുന്നത് . ഇതും നിരവധിയായ ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തും.
നല്ല മത്സ്യങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കാം?
മത്സ്യങ്ങളുടെ കണ്ണുകൾ നീല നിറത്തിലും, കുഴിഞ്ഞു പോകാതെയും, കൂടുതൽ തിളക്കത്തിലും വൃത്താകൃതിയിലുമാണ് ഇരിക്കുന്നതെങ്കിൽ അത് ഫ്രഷ് ആയ മത്സ്യങ്ങളായിരിക്കും.
കൂടാതെ മത്സ്യത്തിൻ്റെ ചെകിളകൾക്ക് നല്ല ചുവപ്പുനിറവുമുണ്ടാകും.
അതേ പോലെ തന്നെ മത്സ്യത്തിൽ നിന്ന് അമോണിയ കലർന്ന ഗന്ധം വമിക്കുന്നുണ്ടങ്കിലും, വിരൽ കൊണ്ട് തൊട്ടു നോക്കുമ്പോൾ മാംസഭാഗങ്ങൾ കരുത്തില്ലാതെ താഴേക്ക് അമർന്ന് പോകുന്നുണ്ടെങ്കിലും മീൻ പഴകിയതണെന്നും ഉറപ്പിക്കാം.




അഭിപ്രായങ്ങള്‍