Skip to main content

Featured

ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ്

വീട്ടിലായാലും, അതിഥികൾക്കായാലും ഭക്ഷണം ഉണ്ടാക്കി നൽകുന്നത് വളരെ സന്തോഷം നൽകുന്ന ഒരു അനുഭവവും, അതൊരു കലയുമാണ്. വീട്ടിൽ വരുന്ന അതിഥികളുടെ അഭിരുചികൾ, അവരുടെ പ്രായം, ആരോഗ്യഘടന, വരുന്ന സമയം. ഇതെല്ലാം കണക്കിലെടുത്ത് ഉണ്ടാക്കിനൽകുന്ന ഭക്ഷണമാണ്. അതിഥികളേയും സന്തോഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ഉച്ചയൂണിൻ്റെ സമയത്ത് കയറി വരുന്ന വിരുന്നുകാരന് ഒരു ചായയും, ബിസ്ക്കറ്റും നൽകിയാലോ? അതല്ലെങ്കിൽ ഉച്ചയൂണിന് വരുന്ന വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ മുൻപിൽ മട്ടൻ ബിരിയാണിയും, ചില്ലി ചിക്കണുമൊക്കെ കൊണ്ടുവന്നു കൊടുത്താലോ? അപ്പോൾ വരുന്നവരുടെ താത്പര്യമാണ് പ്രധാനം പറഞ്ഞു വരുന്നത് ആധുനിക കാലത്ത് എല്ലാമനുഷ്യരും ഏതെങ്കിലും വിധത്തിലെല്ലാം പലവിധ അസുഖങ്ങളെ നേരിടുന്ന ഇക്കാലത്ത് കൂടുതലായും, എണ്ണയും , കൊഴുപ്പും കലർന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി കൂടുതൽ പോഷകസമ്പന്നവും, വളരെ ലളിതവുമായ പഴങ്ങളും, പച്ചക്കറികളുമെല്ലാം ഉപയോഗിച്ചുള്ള സലാഡുകളോ , ജ്യൂസുകളോ ഒക്കെ നൽകുകയാണങ്കിൽ അത് കഴിക്കുന്നവർക്കും നൽകുന്ന ആതിഥേയർക്കുമെല്ലാം വളരെ എളുപ്പവും, സന്തോഷകരവുമായിരിക്കുമെന്ന് തോന്നുന്നു. ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് അതുകൊണ്ടുതന്നെ താഴെപ്പറയുന്ന വെജി...

പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?

 75-80 കാലഘട്ടം ! ഒരു പക്ഷേ അത് ഒരു സ്കൂൾ വിദ്യാഭ്യാസ കാലവും കൂടിയായിരുന്നിരിക്കണം.! 

പൊതുവിൽ അക്കാലത്ത് ആളുകൾ ഓരോ, രീതികൾ അനുസരിച്ച്, പല മാസങ്ങളേയും, പല പേരുകളിലും വിളിച്ചിരുന്നെങ്കിലും, ജൂലായ് മാസത്തെ ഏവരും പഞ്ഞമാസമെന്ന് തന്നെയാണ്. പറഞ്ഞിരുന്നത്.!

 കാരണം അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെല്ലാം, ഒന്നുകിൽ കൂലിവേലക്കാരോ, കർഷകത്തൊഴിലാളികളോ, അതല്ലങ്കിൽ കൈവേലക്കാരോ ഒക്കെത്തന്നെയായതുകൊണ്ട്. ശക്തമായ കാലവർഷം തുടങ്ങിയാൽ അത്തരം മനുഷ്യരുടെ ജീവിതമെല്ലാം കനത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും.

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


മാത്രമല്ല, അത്തരക്കാരുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ഗ്രാമപ്രദേശങ്ങളിലെ, ചെറുകിട കച്ചവടക്കാരുടെയും, ബിസിനസ്സുകാരുടെയുമെല്ലാം, ജീവിതവും , ആ സമയങ്ങളിലെല്ലാം കനത്ത വറുതിയിൽ തന്നെ .

അങ്ങിനെയുള്ള ആ കാലത്ത് റേഷൻകട വഴി ലഭിച്ചിരുന്ന അരിയും , ഗോതമ്പും, കൂടാതെ പറമ്പുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന മരച്ചീനി, ചേമ്പ്, ചേന, പയർവർഗ്ഗങ്ങൾ, കപ്പങ്ങ ഇതെല്ലാമായിരുന്നു സാധാരണക്കാരുടെ മുഖ്യ ആശ്രയവും, ഭക്ഷണവുമെല്ലാം എന്നു തന്നെ പറയാം!

ഉച്ചക്കും, രാത്രിയിലുമെല്ലാം മിക്കവാറും കഞ്ഞി തന്നെയാകും സ്ഥിരമായ ഭക്ഷണം, ചിലപ്പോൾ അതോടൊപ്പം അടുപ്പിലെ വിറകു കനലിൽ ചുട്ടടുത്ത കപ്പ, പപ്പടം, ഉണക്കമീൻ ഇങ്ങിനെയെന്തെങ്കിലുമൊക്കെ ചിലപ്പോൾ കഞ്ഞിയോടൊപ്പമുണ്ടാകും.  

എങ്കിൽപ്പോലും, രസകരമായ വസ്തുത, ഉച്ചക്കും രാത്രിയിലും അരിഭക്ഷണം തന്നെയാണ് പ്രധാന മെനുവെങ്കിലും പിന്നീട് നേരം വെളുത്താലും ആ മെനുവിൽ നിന്നും പ്രത്യേകിച്ച് മാറ്റമുണ്ടാകില്ല .! 

പിന്നെ ആകെ ഒരു പ്രധാന വ്യത്യാസമെന്നു പറയാവുന്നത്, നേരത്തെ   രണ്ടു നേരങ്ങളിൽ വിളമ്പിയിരുന്ന ഭക്ഷണങ്ങളെല്ലാം, ചൂടാറാതെയാണ് കഴിച്ചിരുന്നതെങ്കിൽ, പ്രാതലിനായി വിളമ്പുന്ന ഭക്ഷണം നന്നായി തണുത്തതാകും.!

 കാരണം തലേന്ന് രാത്രി ബാക്കിയാകുന്ന , ചോറ് പാഴായിപ്പോകാതിരിക്കുവാൻ കുറച്ച് വെള്ളമൊഴിച്ച് ഒരു മൺപാത്രത്തിൽ അടച്ചു വെയ്ക്കും . 

പിന്നീട്അത്, വീണ്ടും ഒന്നുകിൽ അൽപ്പം കൂടി വെള്ളം ചേർത്ത് തിളപ്പിച്ച് വെള്ളമൂറ്റി ഉപയോഗിക്കുകയോ ,  അതല്ലെങ്കിൽ രാവിലെ പ്രഭാത ഭക്ഷണത്തിനായി അതിൽ രണ്ട് പച്ചമുളകും, ഉള്ളിയും അരിഞ്ഞിട്ട് ഉപ്പും ചേർത്ത് കഴിക്കുകയുമൊക്കെയാണ് പതിവ്.

ഇങ്ങിനെ, അക്കാലങ്ങളിൽ, സ്ഥിതിഗതികൾ കനത്ത ദാരിദ്ര്യത്തിൻറേതായതിനാലും, മറ്റു ഭക്ഷണ രീതികളൊന്നും ആർക്കും വലിയ പരിചയമില്ലാത്തതും,കൊണ്ടാകാം, അന്നന്ന് എന്താണോ കിട്ടുന്നത് അത് തന്നെയാണ് അന്നത്തെ ഭക്ഷണവും.!

ചിലപ്പോൾ ചക്ക, ധാരാളമായി ഉണ്ടാകാൻ തുടങ്ങുന്ന കാലമാണെങ്കിൽ , എല്ലാ വീടുകളിലും ചക്ക വിഭവങ്ങൾ തന്നെയാകും , 

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


ചക്ക അവിയൽ, ചക്കത്തോരൻ, പഴുത്ത ചക്ക, വറുത്ത ചക്ക എന്നു വേണ്ട, എന്നിട്ടും ചക്ക എത്രത്തോളം ബാക്കിയാകുന്നോ പിന്നീട് അതെല്ലാം കൊത്തിനുറുക്കി കഷണങ്ങളാക്കി ശർക്കര ചേർത്ത് വരട്ടി ഭദ്രമായി അടച്ചു. മൂടിക്കെട്ടി ഭരണികളിലാക്കും! പിന്നീട് അതെല്ലാം മിക്കവാറും അടുത്ത ഓണക്കാലത്ത് വരട്ടിയ ചക്ക പായസത്തിൻ്റെ , രൂപത്തിലെല്ലാമാകും വീണ്ടും പ്രത്യക്ഷപ്പെടുക!

ഇങ്ങിനെ ഒരു വീട്ടിൽ എന്താണോ കൂടുതലായുണ്ടാകുന്നത്, അതെല്ലാം, അടുത്ത വീടുകളിലേക്കും, കൊടുത്തയയ്ക്കും, പകരം അവിടെ ഉണ്ടാകുന്ന മാങ്ങയോ , ചേമ്പോ , മുരിങ്ങക്കായോ , താളോ , ഇടിയൻ ചക്കയോ , ചക്കക്കുരുവോ , എന്നുവേണ്ട എന്തു തന്നെയായാലും അതെല്ലാം,  തിരിച്ചും കൊടുത്തയക്കും .

 ഇങ്ങിനെ ഓരോ വീടുകളും മനോഹരമായ ഒരു കൈമാറ്റ ചന്ത പോലെ വർത്തിച്ചിരുന്ന ഒരു കാലം കൂടിയായിരുന്നു, അത് എന്നതിനാൽ, അത്ര കനത്ത ദാരിദ്ര്യമൊന്നും മനുഷ്യരെ കാര്യമായി നേരിട്ട് ബാധിക്കാതിരുന്ന ഒരു സമയം കൂടിയായിരുന്നു അത്.

പക്ഷെ ഏറ്റവും വലിയ അത്ഭുതകരമായി തോന്നിയത്,   ഡോക്ടർമാരോ, ആശുപത്രികളോ ഒന്നും തീരെ ഇല്ലാതിരുന്ന ആ കാലത്ത്, ഇക്കാലത്തേപ്പോലെ ഒരു മഴ പെയ്താൽ ആരംഭിക്കുന്ന വലിയ,മാറാവ്യാധികളോ , ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ അക്കാലത്ത് ആർക്കും ഉണ്ടായിരുന്നില്ലന്നുള്ളതാണ്.!

പറഞ്ഞു വന്നത്, ഏകദേശം നാല്പത് വർഷങ്ങൾക്ക് മുൻപേയുള്ള മനുഷ്യൻ്റെ ഭക്ഷണം, ജീവിത രീതികളെക്കുറിച്ചായിരുന്നു. അതാകട്ടെ, അന്നന്ന് എന്താണോ കിട്ടുന്നത് അത് തന്നെയാണ് അന്നത്തെ ഭക്ഷണവും . പിന്നെ ഭക്ഷണകാര്യങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം വരുന്നത് ഓണം, വിഷു, പോലുള്ള ആഘോഷങ്ങൾക്കോ ​​ഏതെങ്കിലും വിവാഹസത്ക്കാരങ്ങൾക്കോ ​​എല്ലാം ആയിരിക്കും !

എങ്കിലും, ഇത്രയേറെ വർഷത്തിന് ശേഷവും, അനുനിമിഷം ഇറങ്ങുന്ന പുതിയ ഭക്ഷണ സാധനങ്ങളും, രുചികളുമെല്ലാം സുലഭമായി ഇന്നും, എവിടേയും നിറഞ്ഞുനിന്നിട്ടും, പലരും ഇപ്പോഴും, പഴയ കാല ഭക്ഷണം റസിപ്പിയും, അതിൻ്റെ ആരോഗ്യവും ഗുണങ്ങളുമെല്ലാം ചർച്ച ചെയ്യുന്നു എന്നുള്ളതാണ് അതിലേറെ രസകരം!

 അത്തരത്തിൽ ചിലതാണ്,.... വാഴയിലയിൽ ഊണ്, നാടൻ ഭക്ഷണം, വീട്ടിലെ ഊണ്, അമ്മമ്മയുടെ കട, ഇങ്ങിനെ നീണ്ടുപോകുന്ന ചില ബോർഡുകളും, ടൈറ്റിലുകളുമെല്ലാം !

എന്തായാലും ഇപ്പോൾ , 'പഴങ്കഞ്ഞി'യാണ് പഴയമയിലെ കേമൻ എന്നു തോന്നുന്നു. കാരണം ,  എവിടെ നോക്കിയാലും പഴങ്കഞ്ഞിക്കട , കഞ്ഞിയും, കപ്പയും , അതല്ലെങ്കിൽ കഞ്ഞിയും ,മത്തിയും - ഇങ്ങിനെയെല്ലാമാണ് കാണാനാവുക.!

 ആലോചിച്ചാൽ, ഒരു കാലത്ത് ദാരിദ്ര്യത്തിൻ്റെ അടയാളമായി മാറ്റപ്പെട്ടിരുന്ന പല ഭക്ഷണവിഭവങ്ങൾക്കും, ഇപ്പോൾ ഈ ആധുനിക കാലഘട്ടത്തിലും പ്രായഭേദമെന്യേ എവിടേയും, വലിയ സ്വീകാര്യതയാണ്.!

എന്താണ് ഇതിൻ്റെ കാരണം ? ഒരു പക്ഷേ അന്ന് കൈയിൽ കിട്ടിയതെല്ലാം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ അധികം ആർഭാടങ്ങളൊന്നുമില്ലാതെ പാചകം ചെയ്തെടുത്ത പല ഭക്ഷണസാധനങ്ങളും പോഷകങ്ങളുടെ കലവറയായിരുന്നു.

 നേരത്തെ സൂചിപ്പിച്ച ചക്കക്കുപോലും ഇന്ന്, ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള ശക്തിയുണ്ടെന്ന് ആധുനിക ശാസ്ത്രം തിരിച്ചറിയുമ്പോൾ അക്കാലത്തെ മനുഷ്യരുടെ ഒരു ഭക്ഷണസംസ്കാരത്തെത്തന്നെ നമ്മൾ മനസ്സാ നമിച്ചു. പോകും!

ഇവിടെയപ്പോൾ പഴങ്കഞ്ഞിയാണ് താരമെന്നതിനാൽ പഴങ്കഞ്ഞിയുടെ പോഷക ഗുണങ്ങളിലേയ്ക്കു തന്നെ കടന്നു നോക്കാം!

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


എന്താണ് ഈ പഴയ കാല പഴങ്കഞ്ഞിയുടെ ആരോഗ്യശാസ്ത്രം ?

തലേദിവസം വെള്ളത്തിൽ ഇട്ടുവെയ്ക്കുന്ന ചോറിൽ, പിന്നീട് പിറ്റേ, ദിവസമാകുമ്പോഴേക്കും , വയറിനും ശരീരത്തിനും വളരെയേറെ ഗുണകരമായ ലാക്ടോബാസ് ലസ്സ് എന്ന ബാക്ടീരിയകൾ ഉണ്ടാകാൻ തുടങ്ങും.  തത്ഫലമായി B6, B12, വൈറ്റമിനുകൾ, അയൺ, പൊട്ടാസ്യം എന്നിവയുടെ അളവുകളും ഈ ബാക്ടീരിയകൾ മുഖേന ഉത്പാദിപ്പിക്കപ്പെടുന്നു. 

കൂടാതെ കഞ്ഞിയിൽ ചേർക്കുന്ന, തൈര്, ഉപ്പ്, എന്നിവയിലൂടെ ശരീരത്തിൻ്റെ എനർജി കൂട്ടുവാൻ ആവശ്യമായ പ്രോ ബയോട്ടിക്കുകൾ, സോഡിയം, മെഗ്നേഷ്യം. എന്നിവയും, ശരീരത്തിന് കൂടുതൽ കരുത്തും, ഉൻമേഷവുമെല്ലാം നൽകി ശരീരത്തിൻ്റെ ഊഷ്മാവ് കുറക്കുന്നതിനെല്ലാം സഹായിക്കുന്നു.

 അതുപോലെ തന്നെ സ്ത്രീകളുടെ ആർത്തവ സംബന്ധമായ പല ഹോർമോൺ പ്രശ്നങ്ങൾക്കും പരിഹാരമായി ഇതിൽ പല വൈറ്റമിനുകളും പ്രവർത്തിക്കുന്നു.

ഇങ്ങിനെ ഇതെല്ലാം ചേർന്ന് വയറിൻ്റെ ദഹനസംബന്ധമായ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനും അസിഡിറ്റി പോലുള്ളവ ഒഴിവാക്കുവാനും, ചർമ്മത്തിന് തിളക്കം നൽകുവാനുമൊക്കെ പഴങ്കഞ്ഞി സഹായകരമാണ് എന്നെല്ലാം പറയുമ്പോഴും, ഇത് ചുവന്ന അരി (അതല്ലെങ്കിൽ തവിട് കലർന്ന അരി) യിൽ നിന്നുള്ള കഞ്ഞിക്ക് മാത്രമേ ഇത്തരം ഗുണകണങ്ങൾ നൽകൂവാനാകൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതിനാൽ പഴങ്കഞ്ഞി തയ്യാറാക്കുമ്പോൾ അതിനായി തിരഞ്ഞെടുക്കുന്ന അരി ചുവന്ന അരി തന്നെയായിരിക്കുകയും, അത് തലേന്ന് ഒരു മൺകലത്തിൽ വെള്ളമൊഴിച്ച് സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് അതിൻ്റെ പൂർണരൂപത്തിലുള്ള, രുചിയും ഗുണവുമെല്ലാം നമുക്ക് ആസ്വദിക്കാനാവുക. മാത്രമല്ല , അത് ശരീരത്തിന് ആരോഗ്യപ്രദമായിത്തീരണമെങ്കിൽ അധികം മസാലക്കൂട്ടുകളും, എരിവും, പുളിയുമെല്ലാമുള്ള കറികൾ കഴിയുന്നതും ഒഴിവാക്കുകയും വേണം.

കൂടാതെ വൃത്തിഹീനമായ ഹോട്ടലുകളിൽ നിന്നും ഇത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക എന്നതും, പ്രമേഹ രോഗികളും, അമിതവണ്ണമുള്ളവരും, കൂടുതൽ അദ്ധ്വാനമില്ലാത്ത ജോലികളിൽ ഏർപ്പെടുന്നവരുമെല്ലാം , കാർബോഹൈഡ്രേറ്റിൻ്റെ അളവ് വളരെ കൂടിയ അളവിലുള്ള ഈ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.!







 



 




Comments