ഏതൊരു മലയാളിയ്ക്കും... ഹൃദയത്തിൽ നിന്ന് മുളച്ചുപൊന്തുന്നതോ, ഒരിക്കലും അടർത്തിമാറ്റുവാനോ കഴിയാത്ത ഒരു വാക്കായി മാറുന്നതാണ്...! മഹത്തായ ഓണവും, ഓണ സങ്കൽപ്പങ്ങളും!
അത്രയേറെ ഒരു പാട് ഗൃഹാതുര സ്മരണകളും, പറഞ്ഞറിയിക്കുവാനാകാത്ത വികാരങ്ങളും കൊണ്ട് അത് സമ്മിശ്രമാണ്.
പ്രത്യേകിച്ച്, പണ്ട് കാലത്ത് ഓരോ ജീവിത മാർഗ്ഗങ്ങൾ തേടി അന്യദേശങ്ങളിലേക്ക് ചേക്കേറേണ്ടി വന്നതായ ഒരു തലമുറയ്ക്ക്. ..!!
കാരണം അന്ന്, ഇത്രയേറെ യാത്രാ സൗകര്യങ്ങളോ, വാർത്താ വിനിമയ മാർഗ്ഗങ്ങളോ, ഇല്ലാതിരുന്ന ആ,ഒരു കാലത്ത്, മലയാളി സ്വന്തം നാട്ടിലേക്കോ, വീട്ടിലേയ്‌ക്കോ, തിരിച്ചെത്തുന്നതും, എല്ലാവരുമായി കൂടിച്ചേരുന്നതും ഏതെങ്കിലും ഒരു ഓണത്തിനോ വിഷുവിനോ മാത്രമാകും.!
അതുകൊണ്ട് തന്നെ ആ കൂടിച്ചേരലും , ദിവസങ്ങളുമെല്ലാം പതിവിലേറെ, മധുരം നിറഞ്ഞതും, വളരെയേറെ സന്തോഷപ്രദമായ ഓർമ്മകളാൽ സമ്പന്നവുമാണ് !
തീർച്ചയായും, പിറകിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും, മനോഹരമായിരുന്ന ഒരു പഴയകാല ബാല്യത്തെക്കുറിച്ചും, നാടിനെക്കുറിച്ചും, നിഷ്ക്കളങ്കരായ മനുഷ്യരെക്കുറിച്ചുമെല്ലാം ഇന്ന് ആലോചിക്കുമ്പോൾ വളരെയേറെ അത്ഭുതം തന്നെ തോന്നാറുണ്ട്.
പ്രത്യേകിച്ച് ഇപ്പോൾ, മുൻപെങ്ങുമില്ലാത്തവിധം മനുഷ്യർ സ്വയം സങ്കുചിതമായ വേലിക്കെട്ടുകൾ ചമച്ച് അതിനകത്ത് അടയിരുന്ന് ജീവിതം ഹോമിച്ചുതീർക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ. കൂടാതെ, പലരും ഇപ്പോൾ ആ മഹത്തായ ഓണസങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ഇനി വാമന ജയന്തിയായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകളിലുമാണത്രേ..!!!
അതിനാൽ പ്രിയങ്കരമായിരുന്ന ആ ഓണം ഓർമ്മകളെക്കുറിച്ച് എത്ര ശ്രമിച്ചാലും എഴുതാതിരിക്കാനുമാവില്ല.
അതുകൊണ്ട് ഇന്നിൽ നിന്നും തീർത്തും വ്യത്യസ്ഥമായി, അങ്ങിനെ ഓണവും വിഷുവുമെല്ലാം ഒരു കാലത്ത് , കേരളത്തിൻറെ ഒരുമയുടേയും നിറഞ്ഞ സ്നേഹത്തിൻറേയും, കൂടിച്ചേരലുകളുടേയും, സൗഹാർദ്ദങ്ങൾ പങ്കുവെയ്ക്കപ്പെടുന്നതിൻറേയുമെല്ലാം, ദിനങ്ങളും , നിമിഷങ്ങളുമെല്ലാം തന്നെയായിരുന്നു.!
കഷ്ടപ്പാടുകളും , ബുദ്ധിമുട്ടുകളുമെല്ലാം എല്ലായ്‌പ്പോഴും മനുഷ്യർക്ക് ഒരളവുവരെ ഉണ്ടായിരുന്നെങ്കിൽ പോലും ...ചുറ്റുപാടുകൾ എപ്പോഴും സ്നേഹ സമ്പൂർണ്ണവും പരസ്പരസഹകരണത്തിൻറേതുമായിരുന്നു..!
ഒരു വീട്ടിലെ ആഘോഷം , അത് എന്തുതന്നെയായാലും മറ്റ് വീട്ടുകാരുടേത് കൂടിയാകുന്ന മനോഹര നിമിഷങ്ങൾ..!
വിവിധ രുചികളിലും, നിറങ്ങളിലുള്ള പലഹാരങ്ങളും , കറികളും എന്നു വേണ്ട ഒരു വീട്ടിൽ ഉണ്ടാക്കുന്ന എല്ലാത്തരം വിഭവങ്ങളുടെയും രുചി അയൽ വീട്ടുകാരും ആസ്വദിച്ചിരുന്ന ഒരു കാലം....!
പ്രത്യേകിച്ച് ഓണം , വിഷു , റംസാൻ , ഈസ്റ്റർ ...എന്നീ ദിനങ്ങളിൽ ..!!
അതുകൊണ്ട് കൂടിയാകണം ഒരുപക്ഷേ, അകന്നുപോയ പഴയ കാല ഓർമ്മകൾക്കും ... ഇനി ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാത്ത ബാല്യകാല സ്മരണകൾക്കും ഇപ്പോഴും ഇത്രയേറെ ചന്തവും, സൗന്ദര്യവും.!
കുട്ടിക്കാലത്തെ ഓണം
പണ്ട് കുട്ടിക്കാലങ്ങളിൽ.,
പ്രജകളുടെ ക്ഷേമം മാത്രം കാംക്ഷിക്കുന്ന മഹാബലി എന്ന പ്രജാക്ഷേമ തത്പരനായ ഒരു രാജാവിനേയും, അദ്ദേഹത്തിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനേയും കുറിച്ചുള്ള സങ്കൽപ്പകഥകൾ മാത്രമായിരുന്നു ഓണം.. !
എന്നാൽ കാലം കഴിഞ്ഞു പോകവേ,... അതിൻറെ കഥകളെല്ലാം മനോഹര വർണ്ണചിത്രങ്ങളായി മനസ്സിൽ പതിഞ്ഞുകിടക്കുമ്പോഴും,
അത് നമ്മുടെ കേരളത്തിൻറെ മഹത്തായ ഒരു കാർഷികോത്സവമായി ഇഴചേർന്നതും, കഴിഞ്ഞുപോയ ഒരു ചരിത്ര സംസ്ക്കാരവുമായി കണ്ണികൂട്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഓണം കേരളത്തിൻറെ മഹത്തായ ഉത്സവമായിത്തന്നെ മാറുന്നത്.
എങ്കിലും, മുതിർന്നവർ പറഞ്ഞു കേട്ട കഥകളിൽനിന്ന് , അന്ന് കുട്ടികളായ ഞങ്ങൾ , രാജാവായ മഹാബലി ഓരോ വർഷവും , വരികയും തൻറെ, പ്രജകളുടെ ക്ഷേമം കണ്ട്, സന്തോഷത്തോടെ തിരിച്ചു പോവുകയും ചെയ്യുന്ന ആ മനോഹരമായ ദിവസങ്ങൾ എത്തിച്ചേരുവാൻ ഏറെകൗതുകത്തോടെ ഓരോ വർഷവും അക്ഷമരായി കാത്തിരിക്കും.!
അങ്ങിനെ കാത്തിരുന്ന് വന്നുചേരുന്ന, ഓണത്തിൻറെ ആദ്യ ദിനം .അതായത് അത്തംനാളിൽ,മുറ്റത്ത് ചാണകം മെഴുകി നിലമൊരുക്കും. , അതിനുശേഷം അതിലാണ് പൂക്കളമിടുക.
അങ്ങിനെ . ആദ്യ ദിവസം ഒരു നിറത്തിലുള്ള ഒരു വരി പൂവ് എന്നരീതിയിൽ പൂക്കളമിട്ടുകൊണ്ട്...
രണ്ടാം നാൾ രണ്ട് ... മൂന്നാം നാൾ മൂന്ന് എന്നിങ്ങിനെ, ദിവസങ്ങൾ കൂടുന്നതിനനുസൃതമായി കളങ്ങൾ വിവിധ പൂക്കളാൽ വലുതാവുകയും, അത് പലവിധ വർണ്ണങ്ങളാലും, വലിപ്പം കൂടുതൽ..കൂടുതൽ വിശാലമാക്കിക്കൊണ്ടും മനോഹരവുമായിക്കൊണ്ടുമിരിക്കും !
അങ്ങിനെ ദിനംതോറും വലുതാകുന്ന കളങ്ങൾക്കനുസൃതമായി പൂക്കൾ സംഘടിപ്പിക്കുക എന്നതാണ് ഞങ്ങൾ കുട്ടികളുടെ അന്നത്തെ
പ്രധാനമായ ജോലി !
അന്ന് അയൽപക്കത്തുള്ള എല്ലാ കുട്ടികളും കൂട്ടം കൂടിയാണ് പൂ പറിയ്ക്കുവാനായി ഇറങ്ങുക.
കിട്ടുന്ന പൂവുകൾ എല്ലാവരും കൃത്യമായി പങ്കുവെയ്ക്കും ...! കൂടുതലും അന്ന് മുക്കൂറ്റി, ചാര നിറത്തിലുള്ള കാക്കപ്പൂവ്, ഒരു ഇളം മജന്ത നിറമുള്ള ഓണപ്പൂക്കൾ ... തുളസി ഇതെല്ലാമായിരുന്നു കൂടുതലും പറമ്പുകളിൽ ഉണ്ടായിരുന്നതും , ഉപയോഗിച്ചിരുന്നതും.!
അങ്ങിനെ പൂക്കൾ തേടി നാടും , നാട്ടുവഴികളും , തോടുകളും , പാതകളുമെല്ലാം താണ്ടി നടക്കും. മഴയുടെ കറുത്ത ദിനങ്ങൾ ഏകദേശം അവസാനിച്ച്, ഉദിച്ചുയരുന്ന ചിങ്ങപ്പുലരിയിൽ അയൽവീടുകളിലൂടെ ഒഴുകി പുഴകളിൽ എത്തിച്ചേർന്നിരുന്ന ചെറുതോടുകളിലെ നേർത്ത നീർച്ചാലുകളിൽ നിന്നും അവശേഷിക്കുന്ന പരൽമീനുകളെ തോർത്തുമുണ്ടുകളിലൂടെ പിടിച്ചെടുത്ത് വീണ്ടും നീർച്ചാലുകളിലേയ്ക്കുതന്നെ ഒഴുക്കിവിടും.
അന്ന് നെൽകൃഷിയും, പച്ച പിടിച്ച പാടശേഖരങ്ങളും അതിനോടുചേർന്ന തോടും, തോടുവരമ്പുകളുമെല്ലാം, ധാരാളമായതിനാൽ അതിൻറെ കരകളിലൊക്കെ വ്യത്യസ്തമായ അനേകം പൂക്കളും തുമ്പികളുമൊക്കെ ഉണ്ടാകും.!
രാവിലെയും , വൈകുന്നേരങ്ങളിലുമുള്ള ഇളവെയിലിൽ
പല വർണ്ണങ്ങളിലുള്ള തുമ്പികൾ പറക്കുന്നതു തന്നെ വലിയ കാഴ്ച്ചയാണ്.!
എങ്കിലും, തുമ്പികളെക്കൊണ്ട് കനംകൂടിയ കല്ല് എടുപ്പിക്കുകയും, അതിൻറെ നീണ്ടു നിൽക്കുന്ന പിൻഭാഗത്ത് കല്ല് കെട്ടിത്തൂക്കി അത് പറന്നുപോകുവാൻ കഴിയാതെ പിടയുന്നതും നോക്കി രസിക്കുന്ന ചില വിരുതൻമാർ അക്കാലത്തുമുണ്ടായിരുന്നു.
അത്തരക്കാരെ പ്രത്യേകം നോക്കി വെച്ച് ,അവരെ ദുഷ്ടന്മാരെന്ന് വിളിച്ച്, കൂട്ടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നരീതികളും പിൻതുടർന്നിരുന്നു..!
കാരണം അത്തരം ദുഷ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്നവർക്കുള്ള ശിക്ഷ, തുടർന്ന് , മരണശേഷം , നരകത്തിൽ ചെന്ന് അനുഭവിക്കേണ്ടിവരുമെന്ന് ഞങ്ങൾ കുട്ടികളോട് വീട്ടിലെ മുത്തശ്ശിമാർ പലപ്പോഴും, പറഞ്ഞിട്ടുണ്ട്.!...കൂടാതെ അതുനോക്കി നിൽക്കുന്നവർക്കും, അതിൻറെ പാപഫലങ്ങൾ അനുഭവിക്കേണ്ടിവരുമത്രേ... ..!
അതിൽ പരമപ്രധാനമായ സംഗതി തിളച്ച എണ്ണയിൽ അത്തരം മനുഷ്യരെ, വറുത്തെടുക്കുക എന്നതാണ്...!
പിന്നെ കാൽ നഖം പറിച്ചെടുക്കുക, കണ്ണ് കുത്തിപ്പൊട്ടിക്കുക, ഇങ്ങിനെ പലവിധ പരിപാടികൾ അവിടെ ചെന്നാൽ ഉണ്ടാകുമെന്ന് മുത്തശ്ശിമാർ പറഞ്ഞുതന്ന് പഠിപ്പിച്ചതിനാൽ
ഞങ്ങൾ കുട്ടികളെല്ലാം നല്ലപ്രവൃത്തികൾ മാത്രമാണ് ചെയ്തുശീലിച്ചു പോന്നതും!
മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതും.!
അതായിരുന്നു അന്നത്തെ വളരെ നിഷ്കളങ്കമായ ഒരു ബാല്യം.! വളരെപുറകിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അന്ന്, നഷ്ടപ്പെട്ട പലതും, എത്രയേറെ വിലപ്പെട്ടതായിരുന്നുവെന്ന് എത്രയേറെ വൈകിയാണ് ഇപ്പോൾ തിരിച്ചറിയുന്നതുപോലും..!
അന്ന് നട്ടുച്ചനേരങ്ങളിലും, രാത്രി കാലങ്ങളിലുമെല്ലാം മുത്തശ്ശിമാരുടെ അടുക്കൽ നിന്ന് കേട്ടിരുന്ന എല്ലാപഴങ്കഥകൾക്കൊടുവിലും, വലിയ കുറേ ഗുണപാഠങ്ങളുണ്ടാകും.
ഏതുകഥയിലും, ഒരു ദുഷ്ടനും നല്ലവനും, നന്മയും, തിൻമയും, ഇവർതമ്മിലുള്ള ഏറ്റുമുട്ടലുകളാകും മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ.!
ഈ വക കഥകളിലൊക്കെ ദുഷ്ടന്മാർ നശിച്ചുപോകുവാൻ അറിയാതെ ആഗ്രഹിച്ചുപോവുകയും, അത്തരം കഥകൾ കൂടെയുള്ളവരോടും പറഞ്ഞ് ഫലിപ്പിക്കുവാനും, ശ്രമിക്കുന്ന പിഞ്ചു മനസ്സുകൾക്ക് കിട്ടിയിരുന്ന ശക്തിയൊന്നും അത്ര നിസ്സാരമായിരുന്നില്ല. കാരണം അതെല്ലാം പിൽക്കാലത്ത് പലർക്കും
സ്വന്തം, ജീവിതത്തെ മനോഹരമായി സൃഷ്ടിച്ചെടുക്കുവാൻ സാധിച്ച വലിയൊരു രുചിക്കൂട്ടുതന്നെ പഴയ മുത്തശ്ശിക്കഥകളിലും, ജീവിത സാഹചര്യങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്നു. ഇന്ന് മനസ്സിൽ പതിഞ്ഞുകിടക്കുന്ന മുഖ്യ നായക കഥാപാത്രങ്ങളെല്ലാം, വില്ലൻമാരും, താന്തോന്നികളും, ആഭാസത്തരങ്ങൾകാട്ടിക്കൂട്ടി കൈയ്യടികൾ വാങ്ങുന്നവരുമാണന്നതും, കാലത്തിൻറെ മറ്റൊരു വിരോധാഭാസം.
എന്തായാലും, അങ്ങിനെ കാടും, തോടും താണ്ടി പൂക്കൾ പറിച്ചും, പൂക്കളമിട്ടും ദിവസങ്ങൾ നീങ്ങിത്തുടങ്ങിയാൽപിന്നെ ഉത്രാടവും, തിരുവോണദിനങ്ങളും ആഘോഷിക്കുവാനുള്ള ആവേശത്തിമിർപ്പുകളിലാകും.
ഒരു പക്ഷേ ... , അന്ന് പ്രകൃതിയുമായും , കൃഷിയുമായും , മനുഷ്യരായും ചേർന്നു നിന്ന ആ കാലങ്ങളിലെ ഇത്തരം ആഘോഷങ്ങളാകും
, ഒരു പക്ഷേ പിൽക്കാലത്ത് ഒരു പാട് മനുഷ്യരെ, പ്രകൃതിയേയും, സഹജീവി സ്നേഹത്തേയും കുറിച്ച് പഠിക്കാനും, പഠിപ്പിക്കുവാനും, ഇടവന്നത്.!
അന്നും ഓണത്തിൻറെ മുഖ്യ ആകർഷണമായി മാറിത്തീരുന്നത്, ഓണക്കോടിയും , ഓണ സദ്യയും തന്നെ...!
കാരണം അന്ന് പുതു വസ്ത്രങ്ങൾ വാങ്ങുകയും, അത് ധരിക്കുകയും ചെയ്യുകയെന്നത് ആണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.
അതുകൊണ്ട് തന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പിനും വലിയ ഉത്സാഹമാണ്.!
അതു പോലെ തന്നെയാണ് ഓണസദ്യയും ..
ഒരു പക്ഷേ അധിക വിഭവ സമൃദ്ധമായ സദ്യയൊന്നുമല്ലങ്കിൽ പോലും
പപ്പടവും , പായസവും , ഉപ്പേരിയും പ്രധാനമായും ഉണ്ടാകും.! കാരണം അന്ന് ആണ്ടിൽ ഒന്നോ, രണ്ടോ പ്രാവശ്യം മാത്രമാകും അത്രയേറെ പ്രിയങ്കരമായിരുന്ന ഈ ഭക്ഷണ വിഭവങ്ങളെല്ലാം ഒന്ന് രുചിച്ചുനോക്കുവാൻ പോലും അവസരമുണ്ടാവുക.
നേരത്തെ ഓണക്കോടിയുടെ കാര്യം പറഞ്ഞതുപോലെതന്നെ,
ഇനി
ഉപ്പേരിയും , പപ്പടവും പായസവും കൂട്ടിയുള്ള ഒരുസദ്യക്ക് അടുത്ത ഓണം വരേയോ, അതല്ലങ്കിൽ വിഷുവരേയോ പിന്നെയും കാത്തിരിക്കേണ്ടിവരും!
പലപ്പോഴും, പല ഓണക്കാലങ്ങളിലും, അൽപ്പം സാമ്പത്തിക പരാധീനതയുള്ള വീടുകളിൽ, അടുത്തടുത്ത് താമസിക്കുന്ന ബന്ധുക്കളാണങ്കിൽ , ഓരോ വീട്ടിലും വ്യത്യസ്തമായ ഇനം പായസങ്ങളും കറികളുമെല്ലാമുണ്ടാക്കി പരസ്പരം കൈമാറി ഓണം വിഭവ സമൃദ്ധമായിത്തന്നെ ആഘോഷിക്കും.
അതുകൊണ്ട് ഉത്രാട ദിവസംമുതൽ മിക്കവാറും എല്ലാ വീടുകളിലും വലിയ തിരക്കുകളിലാകും. !
മുതിർന്ന കാരണവൻമാരുള്ള വീടുകളിൽ, അടുത്ത ദിവസത്തെ സദ്യക്ക് വേണ്ട പച്ചക്കറികൾ വാങ്ങുവാനുള്ള ചുമതലയെല്ലാം അവർക്കാണ്.
കാരണം അന്ന് സ്ത്രീകൾ, മാർക്കറ്റുകളിലും, കടകളിലുമെല്ലാം കയറിയിറങ്ങി സാധനങ്ങൾ വാങ്ങുന്ന പതിവുതന്നെ ഇല്ലന്നു പറയാം.
തിരുവോണ തലേന്ന്, പ്രശസ്ഥമായ ഉത്രാട ചന്തയിൽ നിന്ന്, നാട്ടിൻപുറത്തുള്ള കടകളിൽ, അന്ന് ഉച്ചയോടെ പൂക്കളങ്ങളേക്കാൾ മനോഹരമായ വിവിധയിനം നിറഭേദങ്ങളോടെ പച്ചക്കറികൾ നിരക്കും. എങ്കിലും പ്രധാനയിനം അച്ചാറിനുള്ള വലിയ കറി നാരങ്ങകളാണ്!
അക്കാലത്ത് കറി നാരങ്ങകൾ, കാണുന്നത് തന്നെ ഒരു പ്രത്യേക ആകർഷണമാണ്.
കാരണം കറി നാരങ്ങകളെല്ലാം കടകളിൽ അന്ന് പ്രത്യക്ഷപ്പെടുന്നത് വിശേഷ ദിവസങ്ങളിൽ മാത്രമാണ്!
പിന്നെ പല തരം ഏത്തക്കുലകൾ .!
ഏത്തവാഴയും, ഏത്തക്കുലകളുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാവുമെങ്കിലും, വിശേഷ ദിവസമായതുകൊണ്ട് കായ് ഉപ്പേരിക്കു വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത കായകളാകും ഉപയോഗിക്കുക.!
ഉത്രാട തലേന്ന്, പിന്നീട് പല വിധ തിരക്കുകളാണ്.... !
അതിൽ പ്രധാന ഇനം തൃക്കാക്കരയപ്പനെ ഉണ്ടാക്കുക എന്നത് തന്നെ.!
അതിനാവശ്യമായ പശയുള്ള മണ്ണ് കണ്ടെത്തുക, തൃക്കാക്കരയപ്പനെ ഇരുത്താനുള്ള തറ കെട്ടുക
. ഇതിനൊക്കെ പുറമേ
തറയിൽ നിന്നും നീണ്ടു പോകുന്ന വീട്ടു വഴിയിലൂടെ. പടി വരെ ചേരും വിധത്തിൽ തുമ്പയും , കുരുത്തോലയുമുപയോഗിച്ച് 'പൂവൊഴുക്കുവാൻ' ആവശ്യമായ തുമ്പച്ചെടി പറിച്ചെടുക്കുക,
പിന്നെ
ആവശ്യമായ കുരുത്തോലകൾ കഷണങ്ങളാക്കി മുറിച്ച് കുട്ടകളിൽ നിറച്ചു വെയ്ക്കുക
ഇങ്ങിനെ നീണ്ടു പോകുന്ന ഉത്രാട ദിനത്തിൽ
വൈകുന്നേരമാകുമ്പോഴേക്കും അടുക്കളയിൽ നിന്നും ...ഉപ്പേരിയുടെയും, ശർക്കരപുരട്ടിയുടേയുമെല്ലാം മണമെല്ലാം പതിയെ വന്നുതുടങ്ങിയിരിയ്ക്കും..!!
പിന്നീട്, കട്ടിത്തുണികളിൽ തുന്നിയ വലിയ ട്രൗസറുകളുടെ പോക്കറ്റിൽ കായ ഉപ്പേരികൾ തിരുകി അതും കൊറിച്ചാകും ആ ദിവസം മുഴുവൻ കൂട്ടുകാരുമൊന്നിച്ച് ചുറ്റിക്കറങ്ങുക. .!
അങ്ങിനെ മനോഹരമായ ആ ഉത്രാടരാത്രിക്കൊടുവിൽ മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.
തിരുവോണപ്പുലരിയിൽ വീട്ടിലെ മുതിർന്നവരിൽ ആരെങ്കിലും കുളിച്ച് ശുദ്ധമായി, ഓണക്കോടിയണിഞ്ഞ് മുറ്റത്തെ പൂക്കളത്തിന് മുന്നിലിരുന്ന് തൃക്കാക്കരയപ്പനെ ഓണത്തപ്പനായി പ്രതിഷ്ഠിച്ച്, പൂക്കുല നിരത്തി , കുറുക്കിയ അരിമാവ് തളിച്ച ശേഷം തൂശനിലയിൽ പൂജകൾ നടത്തി പൂവട നിവേദിക്കും.!
തിരുവോണ നാളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങും ഓണത്തപ്പന് തൂശനിലയിൽ പൂവട നിവേദിക്കുക എന്നത് തന്നെ ! എങ്കിലും പലസ്ഥലങ്ങളിലും ഇതെല്ലാം, വ്യത്യസ്ഥമായരീതികളിലും കൊണ്ടാടാറുണ്ട്.
അതിനു ശേഷം നിവേദിച്ച പൂവട വീട്ടുപടിക്കൽ കൊണ്ടുപോയി വെയ്ക്കുകയും,
ഓണത്തപ്പനെ, അട നിവേദ്യം കഴിക്കുന്നതിനു വേണ്ടി
"ഓണത്തപ്പോ... ഇറേ,... ഇറേ.." എന്ന് പലവട്ടം വിളിച്ചു കൂവുകയും ചെയ്യും .?
ശേഷം ഓണമാഘോഷിക്കുന്ന ഓരോ വീടുകളിലും മഹാബലിത്തമ്പുരാനെത്തി നേദിച്ചു വെച്ചിരിക്കുന്ന അട ഭക്ഷിച്ചു പോകും എന്നാണ് ഞങ്ങൾ കുട്ടികളുടെ ബലമായ വിശ്വാസം.!!
മാവേലി തമ്പുരാൻ അട ഭക്ഷിക്കുന്ന കഥ എത്രത്തോളം വിശ്വസിനീയമാണ് എന്നറിയുന്നതിനുവേണ്ടി, ഇടയ്ക്കിടെ നിവേദിച്ച് വീട്ടുപടിയ്ക്കൽ വെച്ചിരിക്കുന്ന അട എത്തിനോക്കും.
പിന്നീട് അൽപ്പ സമയത്തിനുശേഷം കാണാതെയാകുമ്പോൾ വലിയ സന്തോഷത്തോടെ മാവേലിത്തമ്പുരാൻ അത് ഭക്ഷിച്ചുവെന്ന വിശ്വാസത്തോടെ തിരിച്ചു പോരുകയും ചെയ്യും !
വർഷങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോവുകയും,
തിരുവോണ നാളുകളിൽ നിവേദിച്ച അട മാവേലിതമ്പുരാന് വീട്ടുകാർ സമർപ്പിക്കുന്നതും നോക്കി, കുറച്ചു കുട്ടികുറുമ്പൻമാർ വെളുപ്പാൻ കാലത്ത് അട ഭക്ഷിക്കുവാൻ തയ്യാറായി വീട്ടുപടിയ്ക്കലിൽ,
ഒളിച്ചു നിൽക്കുന്നത് കാണുവാൻ ഇടവന്നപ്പോഴാണ് , പണ്ട് ഓരോ വീട്ടുപടിക്കലും വന്ന് അട ഭക്ഷിച്ചു പോകുന്ന മാവേലിയെക്കുറിച്ച് ഓർത്ത് പൊട്ടിച്ചിരിച്ചുപോയത് !
എന്തായാലും ഇന്ന് അതെല്ലാം ഓർക്കുമ്പോൾ , അതെല്ലാം മരണം വരെ പിൻതുടരുന്ന എത്രയോ മനോഹരമായ അനുഭവങ്ങളാണ്.
അങ്ങിനെ ഓണത്തിൻറ സന്തോഷങ്ങളിൽ പങ്കുചേർന്ന്, പലയിടത്തും ദിവസങ്ങളോളം, നീണ്ടുനിൽക്കുന്ന ഓണക്കളികളും, കലാ-കായിക മത്സരങ്ങളും പൂക്കള മത്സരങ്ങളുമെല്ലാം, അരങ്ങേറും.പിന്നീട്
കുറച്ച് ദിവസങ്ങൾ നാട് മുഴുവൻ വലിയ ഉത്സവ ലഹരിയിൽ തന്നെ. അതിൻറെയെല്ലാം അലയൊലികൾ കെട്ടടങ്ങണമെങ്കിൽ പിന്നെയും ഏറെ ദിവസങ്ങൾ തന്നെയെടുക്കും.
എന്തായാലും, ഓണ ദിവസം ഉച്ചയോടടുക്കുമ്പോൾ തന്നെ മിക്കവാറും എല്ലാ വീടുകളിലും,ബന്ധുമിത്രാദികളുടെ വരവാകും,
വളരെ ദൂരെയുള്ളവരും, വല്ലപ്പോഴും കത്തുകളിൽ മാത്രം ബന്ധപ്പെട്ടിരുന്നവരും
. ദീർഘനാളായി വരാൻ കഴിയാതിരുന്നവരും , എങ്ങിനെയെല്ലാവരും.
പിന്നെ ഒരുപാട് നേരമ്പോക്കുകൾ, പരിഭവങ്ങൾ, വിശേഷങ്ങൾ, പൊട്ടിച്ചിരികൾ, അങ്ങിനെ ആകെ ഒരു ഉത്സവാന്തരീക്ഷത്തിൽ തന്നെ ആകും, പിന്നീടുള്ള ഒന്നാം ഓണവും, രണ്ടാം ഓണവുമെല്ലാം !
എങ്ങിനെയായാലും, തിരുവോണ നാളിലെ ,ക്ലൈമാക്സ്എന്നത് തിരുവോണ സദ്യതന്നെ...!
വളരെക്കാലങ്ങൾക്ക് ശേഷം പപ്പടം, പഴം, പായസം എല്ലാം കൂട്ടിയുള്ള ആ സദ്യയുടെ രുചിയും പറഞ്ഞറിയിക്കാൻ കഴിയില്ല...!
കാരണം
അന്നത്തെ പാചക രീതികൾ തന്നെ
ഇന്നത്തേതിൽ നിന്നും എത്രയോ വിഭിന്നവും, പ്രകൃതിദത്തവുമായിരുന്നു.
കറികൾക്ക് ഉപയോഗിക്കുന്ന പൊടികളും, കൂട്ടുകളുമെല്ലാം ദിവസങ്ങൾക്ക് മുൻപേ തന്നെ സൂര്യപ്രകാശത്തിലിട്ട് ഉണക്കിപ്പൊടിക്കും..
അതു പോലെ തന്നെ, ഗ്യാസ് അടുപ്പുകൾക്ക് പകരം വിറക് അടുപ്പുകൾ ,
മൺചട്ടികൾ ഉപയോഗിച്ചുള്ള പാചകം,
ഗ്രൈൻററിനും മിക്സിക്കും പകരം അരക്കല്ലുകളിൽ ചതച്ചെടുക്കുന്ന കറിക്കൂട്ടുകൾ, ഇതിനെല്ലാത്തിനുമപ്പുറം
വിഷമയമില്ലാത്ത പച്ചക്കറികളും . പൊക്കാളി നെല്ലിൻറെ, അരിയും, അതിൻറെ ചോറുമെല്ലാം, എത്ര പറഞ്ഞാലും തീരാത്ത സ്വാദൂറുന്ന നന്മ നിറഞ്ഞ വിഭവങ്ങളുടെ ഒരു വലിയ രസക്കൂട്ടുകൾ തന്നെ!
അങ്ങിനെ സന്തോഷവും, സ്നേഹവും നിറഞ്ഞ ആ പൂക്കാലം കഴിയുന്നതോടെ, .
ജീവിതത്തിൽ പുതിയതായി കൈവരിക്കപ്പെട്ട വലിയൊരു ഊർജ്ജത്തിൻറെ, കൈമുതലോടെ കുറേയേറെ മധുരം നിറയ്ക്കുന്ന സ്മരണകളും, സന്തോഷങ്ങളുമായി വീണ്ടും എല്ലാവരും ജീവിതത്തിൻ്റെ പഴയ ലാവണങ്ങളിലേയ്ക്ക്.! എങ്കിലും ആ വളരെക്കുറഞ്ഞ ആ ദിവസങ്ങൾകൊണ്ട് നേടിയെടുത്ത ഊർജ്ജത്തിന് ജീവിതത്തിൻറെ ഏതുപ്രതിസന്ധികളേയും തകർത്തെറിയാൻ തക്ക കരുത്തുണ്ടായിരുന്നു.
അതല്ലങ്കിൽ, എത്രയോ വലിയ കഷ്ടപ്പാടുകൾക്കും,ദാരിദ്ര്യത്തിനും, സങ്കടപ്പെരുമഴകൾക്കും നടുവിൽ ഓരോരുത്തരും, മറ്റുള്ളവർക്ക് കൈത്താങ്ങായി പരസ്പരം സ്നേഹവും, കടപ്പാടും,സഹായവും നൽകി ചേർന്നുനിന്നിരുന്ന ആ ഒരു സുവർണ്ണകാലത്തിൻ്റെ മഹത്വം..! ആരും അനാഥരല്ലന്ന ഒരുതോന്നൽ, ആരെക്കെയോ എപ്പോഴും കൂടെയുണ്ടന്ന ഒരുതോന്നൽ, ഒരു ചേർത്തുപിടിക്കൽ...! ഒരു ധൈര്യം...!
മറ്റൊരു വിധത്തിൽ, ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം തന്നെയായിരുന്നു ഒരു മനുഷ്യ സമൂഹത്തെ മുഴുവൻ എക്കാലവും, ഒന്നായി ചേർത്തു നിർത്തിയിരുന്നതും, അതിൻറെ വർണ്ണ ശോഭകൾ ഒട്ടും കെടാതെതന്നെ, ,പരസ്പരമുള്ള സ്നേഹ, ബഹുമാനങ്ങൾക്കെല്ലാം സമൂഹമൊന്നാകെ പാത്രീഭവിച്ചിരുന്നതും.
എന്നാൽ ഇന്ന് പലരും എന്തിനെന്ന്, പോലുമറിയാതെ, വളരെ നീചവും, സങ്കുചിതവുമായ വ്യക്തി താത്പര്യങ്ങൾക്കും, രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി മാത്രമായി ഉറഞ്ഞുതുള്ളുന്ന ആരുടെയൊക്കെയോ,വെറും കളിപ്പാവകളായി മാറ്റപ്പെടുകയും, മനുഷ്യരിലുള്ള സകല നൻമകളെയും, ചോർത്തിക്കളഞ്ഞ്, പരസ്പരമുള്ള പോർവിളികളും, ജാതി, മത, വർണ്ണ വെറിയും കൊണ്ട് കുത്തിനിറയ്ക്കപ്പെട്ട ഒരു പ്രാചീന സമൂഹമായി തിരിഞ്ഞു നടക്കുവാനും ശ്രമിക്കുന്ന ഈ വിദ്വേഷ ജനകമായ കാലഘട്ടത്തിൽ സംസ്ക്കാരസമ്പന്നമായ ഒരു ജനതയെന്ന നിലയിൽ, കഴിഞ്ഞുപോയ ഒരു കാലം സംഭാവനചെയ്ത ഒരു പാട് നൻമകളെ തിരസ്ക്കരിക്കുവാനോ, കാണുവാതിരിക്കുവാനോ കഴിയില്ല. അതുകൊണ്ടുതന്നെ മലയാളികളുടെ ഒരു ആഘോഷങ്ങളും വെറും കുറേ മിത്തുകൾ മാത്രമായിരുന്നില്ല. അത് ഒരു ജനതയുടെ കാലവും, സംസ്ക്കാരവും, അദ്ധ്വാനവും, ജീവിതവുമെല്ലാം ഉൾച്ചേർന്നതായിരുന്നു. അതിൽ ഒരു ജനതയെ മനുഷ്യരെന്ന രീതിയിൽ ചേർത്തുനിർത്തുന്ന സമൂഹത്തെ ശക്തിപ്പെടുത്തുന്ന സ്നേഹത്തിൻറേയും, മാനവികതയുടേയും മനോഹരമായ ഭാഷകളുണ്ടായിരുന്നു. അതായിരുന്നു പലർക്കും സ്വാർഥ താത്പ്പര്യങ്ങൾക്കായി തകർത്ത് തരിപ്പണമാക്കേണ്ടിയിരുന്നതും.
എന്തായാലും, ഒടുവിൽ ആരു ജയിച്ചു,... ആരു തോറ്റു എന്ന വാദപ്രതിവാദങ്ങൾക്കപ്പുറത്തേയ്ക്ക്, നമ്മൾ എന്തുനേടി, നമ്മുടെ ജീവിതം നമുക്ക് നൽകിയത് സമാധാനത്തിൻറേയും, സന്തോഷത്തിൻറേയും ദിനങ്ങളായിരുന്നോ,എന്ന സ്വയം ചിന്തകൾക്കകത്ത്നിന്നുകൊണ്ട് മനസ്സിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുവാൻ നമുക്കോരുത്തർക്കും കഴിയുമെങ്കിൽ വരാനിരിക്കുന്ന ഓരോ ഓണവും നമ്മുടെ ഹൃദയത്തിൽതന്നെയാണ് .. കൊണ്ടാടപ്പെടുന്നത്.
അതുകൊണ്ട് ഓരോ ഓണത്തേയും ഹൃദയത്തിൻറെ വിശാലമായവാതായനങ്ങൾ തുറന്നിട്ട് അതിനെ സ്വീകരിക്കുവാനും, സുഗന്ധവും വർണ്ണവും നിറഞ്ഞ പൂക്കൾകൊണ്ട് അതിനെ അലങ്കരിക്കുവാനും തയ്യാറായാൽ എന്നും എല്ലാമനുഷ്യ ഹൃദയങ്ങളിലും ഓണത്തിൻറെ സമ്പത് സമൃദ്ധിയും, ഐശ്വര്യവും, നിറയുക തന്നെ ചെയ്യും.!
Comments