Featured

അട്ടപ്പാടിയും, പ്രിയപ്പെട്ട അപ്പവും സ്റ്റൂ കറിയും

 അട്ടപ്പാടിയുടെ തണുപ്പുവാരിപ്പുതച്ച ഒരു പ്രഭാതം .

ദൂരേക്ക് നീണ്ടുപോകുന്ന മലനിരകൾ .... അവയ്ക്കുള്ളിൽ നിന്നും സൂര്യരശ്മികൾ എത്തി നോക്കുവാൻ തുടങ്ങുന്നതേയൊള്ളൂ ! 

ചുറ്റും കിളികളുടെയും നനുത്ത കാറ്റിൻറേയുമെല്ലാം മർമ്മരം ! ശാന്തവും നിഗൂഢവുമായ താഴ് വാരങ്ങൾ. കടും നീല വർണ്ണത്തിൽ മലകളോട് ചേർന്നു നിൽക്കുന്ന ആകാശവും മേഘക്കൂട്ടങ്ങളും, 

അട്ടപ്പാടിയുടെ ഏതോ ഒരു കുന്നിൻ ചരിവിൻ്റെ മുകളിലുള്ള ഒരുഹോം സ്റ്റെയാണ്. ചെറുതെങ്കിലും വളരെ മനോഹരമായി കല്ലും , ഇഷ്ടികയുമുപയോഗിച്ചതെല്ലാം പ്രകൃതിയോട് ചേർന്ന് നിൽക്കും വിധംതന്നെ നിർമ്മിച്ചിരിക്കുന്നു.

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


സത്യത്തിൽ ഇന്നലെ രാത്രി ഏറെ വൈകി ഇവിടെ വന്നു കയറുമ്പോൾ ഈ പ്രദേശം ഇത്രയേറെ മനോഹരമാണെന്ന് കരുതിയില്ല. താഴെ അഗാധമായ കൊക്കയാണന്ന മുന്നറിയിപ്പുണ്ടായതിനാൽ അസമയത്ത് പുറത്തിറങ്ങി നോക്കിയതുമില്ല. അട്ടപ്പാടിയിലൂടെ സന്ധ്യാസമയം കഴിഞ്ഞാലുള്ള റോഡുയാത്ര അത്ര സുരക്ഷിതമല്ലാത്തതിനാൽ ഇരുൾ മൂടിത്തുടങ്ങുമ്പോഴേക്കും ഇവിടെ എത്തിച്ചേർന്നിരുന്നു. എങ്കിൽ പോലും കനത്ത തണുപ്പിലും, ചുരവും, തിരിവും, വളവുമുള്ള പാതകളും താണ്ടിയുള്ള യാത്രക്ക് പറഞ്ഞറിയിക്കാനാകാത്തത്ര മനോഹാരിത തന്നെയായിരുന്നു.

കൂടെയുള്ള അമേരിക്കൻ സുഹൃത്ത് ഉറക്കം മതിയാക്കി പുറത്തേക്കിറങ്ങി വന്നു. കുറേക്കാലമായുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് അട്ടപ്പാടിയൊന്ന് കാണണമെന്ന് . അല്ലെങ്കിൽ തന്നെ കേരളത്തിലെ ആ പ്രദേശത്തെ ആരാണ് ഇഷ്ടപ്പെടാത്തത്.? കുന്നും, മലയും, കുളിരും, നദിയും, താഴ്വാരങ്ങളും, പച്ചപ്പും ചേർന്ന് ആ പ്രകൃതി സൗന്ദര്യത്തെ അനുഭവിച്ചറിയേണ്ടത് തന്നെ . 

  ലോകമെങ്ങും നിമിഷങ്ങൾ കൊണ്ട്  ഗ്രാമങ്ങളെ കവർന്നെടുക്കുന്ന ആധുനികത ഇന്ന്, കേരളത്തിൻ്റെ സമൃദ്ധമായ പച്ചപ്പുകളും ഇല്ലാതെയാക്കുവാൻ തുടങ്ങിയിരിക്കുന്നു. 

എങ്കിൽ പോലും ഇപ്പോഴും വളരെയേറെ പ്രദേശങ്ങൾ അതിൻ്റെ പഴയ കാല പ്രതാപങ്ങൾ ചോർന്നുപോകാതെ തന്നെ തലയുയർത്തി നിൽക്കുന്നുവെന്നതും ഒരാശ്വാസം തന്നെ..!  

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


  അട്ടപ്പാടിയിലെ മനോഹരമായ കുന്നിൻ ചരിവുകൾ മാത്രമല്ല . അവിടുത്തെ ഗോത്രവർഗ്ഗങ്ങളും, കാടും, പ്രകൃതിയും, വന്യജീവികളും, മനുഷ്യരുമായുള്ള ബന്ധവും, കാലാവസ്ഥയും, മനുഷ്യ ജീവിതവും വളരെ വ്യത്യസ്തമായ ഒരു ലോകത്തേയും, സംസ്ക്കാരത്തേയും, തന്നെയാണ് നമുക്ക്. കാട്ടിത്തരുന്നത്. 

അതിനാല് തന്നെ അട്ടപ്പാടി ഒരിക്കലും വെറുമൊരു ടൂറിസ്റ്റ് സങ്കേതമാണന്നൊന്നും ഒരിക്കലും പറയുവാൻ കഴിയില്ല. അത് തീർത്തും ഒരു അനുഭവമാണ്. അതുകൊണ്ട് അവിടെ ദിവസങ്ങളോളം ചിലവഴിച്ചാൽ മാത്രമേ യഥാർത്ഥ അട്ടപ്പാടിയുടെ ഗ്രാമസൗന്ദര്യം നമുക്ക് അനുഭവിച്ചറിയൂവാനാകൂ !

സാധാരണ രീതിയിലുള്ള ഒരു സന്ദർശനത്തിൽ അവിടുത്തെ മനോഹരമായ കാലാവസ്ഥയും, ഭൂപ്രകൃതിയുമെല്ലാം ആസ്വദിക്കാം. വനങ്ങളിൽ നിന്ന് ഒഴുകി വരുന്ന കുളിരുള്ള നീർച്ചാലുകളുടെ കൈവഴികളിൽ സുഖകരമായി മുങ്ങിക്കുളിക്കാം. കാടിൻ്റെ വശ്യത അനുഭവിക്കാം. എല്ലാത്തിനും പുറമേ അനേകം ജന്തുജാലങ്ങളും , പക്ഷികളും, മൃഗങ്ങളുമെല്ലാം അധിവസിക്കുന്ന സൈലൻ്റ് വാലി നാഷണൽ പാർക്കിലൂടെ ചുറ്റിക്കറങ്ങി കാടിൻ്റെ സൗന്ദര്യം ക്യാമറകളിൽ ഒപ്പിയെടുക്കാം. ഇങ്ങിനെ വേറെ എവിടെയും കിട്ടാത്ത കാഴ്ചാനുഭവങ്ങളുടെ അനന്തസാദ്ധ്യതകൾതന്നെ കാത്തിരിപ്പുണ്ട്. 

എങ്കിലും, മുൻപ് ചൂണ്ടിക്കാണിച്ചപോലെ ഇന്ന് കേരളത്തിൽ അവശേഷിക്കുന്നു, പച്ചനിറഞ്ഞ ഏതാനും ചില ജില്ലകളിൽ ഒന്നു മാത്രമായ അട്ടപ്പാടിയിലെ ഗ്രാമീണജനതയുടെ ജീവിതങ്ങൾ തന്നെയാണ് ആ പ്രദേശത്തെ ഏറെ മനോഹരമാക്കുന്നത്!

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


ഗ്രാമജീവിതത്തിൻറേതായ കൂട്ടായ്മകളും, സ്ത്രീകളുടെ കാര്യശേഷിയും, കാർഷിക ജീവിതത്തോടുള്ള ഇടയഴുപ്പും, എല്ലാത്തിലുമുപരി പ്രകൃതി ജീവിതത്തോട് ഇത്രയേറെ ചേർന്നുനിൽക്കുന്ന ഒരു ജനവിഭാഗം മറ്റെവിടെയെങ്കിലുമുണ്ടോ എന്നു തന്നെ തോന്നിപ്പോകും. !

ഒരു പക്ഷേ ഇതുകൊണ്ട് തന്നെയാകും, ഈയിടെയായി സഞ്ചാരികളുടെ ഒഴുക്കും, അട്ടപ്പാടിയിലേയ്ക്ക് വളരെയേറെ വർദ്ധിച്ചതായി ഹോം സ്റ്റേയുടെ ജീവനക്കാരനും പറഞ്ഞു..

താഴേക്ക് നീണ്ടുപോകുന്ന കാഴ്ചകളുടെ അടിവാരങ്ങളിലേക്ക് ശ്രദ്ധ പതിയെ തിരിഞ്ഞു പോകുന്നതിനിടെ അമേരിക്കൻ സുഹൃത്ത് പതിയെ മുരടനക്കി. അത് അദ്ദേഹത്തിൻറെ, രാവിലെയുള്ള ഭക്ഷണത്തിൻറെ സമയമായുള്ള മുന്നറിയിപ്പായിരുന്നു. അവൻ പതിയെ കണ്ണിറുക്കി എന്നെ നോക്കി ചിരിച്ചു.

മുറിയിലെ കോളിംഗ് ബെൽ അമർത്തേണ്ടതേ ഉണ്ടായിരുന്നൊള്ളൂ. അധിക സമയമായി അതിന് കാതോർത്ത് നിൽക്കുന്ന ഒരാളെപ്പോലെ അവിടുത്തെ ജീവനക്കാരൻ ആവി പറക്കുന്ന ഭക്ഷണവിഭവങ്ങൾ മേശയിൽ നിരത്തി.

നേരത്തെ പറഞ്ഞിരുന്ന പ്രകാരം സുഹൃത്തിൻ്റെ ഭക്ഷണമായ അപ്പവും, സ്റ്റൂവും . തന്നെയായിരുന്നു മേശമേൽ ആവി പരത്തി നിറഞ്ഞിരുന്നത്.

ഒന്നുകിൽ അപ്പവും, സ്റ്റൂവും, അതല്ലെങ്കിൽ നല്ല ചൂട്, കടലക്കറി, ഉച്ചസമയമാണങ്കിൽ നല്ല കേരളീയ ശൈലിയിലുള്ള വെജിറ്റേറിയൻ ഊണും, കൂടെ ഒരു കരിമീൻ കറിയും, അതല്ലെങ്കിൽ കരിമീൻ വറുത്തത്,

 അതാണ് കൂടെയുള്ള സുഹൃത്തിൻ്റെ ഇഷ്ട വിഭവം!

എന്തായാലും കാലങ്ങളായി കാത്തിരുന്ന ഒരു ഭക്ഷണ വിഭവം ആദ്യമായി കാണുന്ന ഒരു കുഞ്ഞിൻ്റെ ആവേശത്തോടെ സുഹൃത്ത് അത് ആസ്വദിച്ചു തന്നെ കഴിച്ചു.

കണ്ടിട്ടാകണം ഹോം സ്റ്റേ ജീവനക്കാരൻ മറ്റൊരു പളേയ്‌റ്റിലിരുന്ന സ്റ്റൂ കറി കുറച്ചുകൂടി പകർന്നു നൽകുമ്പോൾ സുഹൃത്ത്, അതിൻ്റെ രുചി ചേരുവയുടെ രഹസ്യം കൂടി പറഞ്ഞു തരുവാൻ ആവശ്യപ്പെട്ടു. 

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


ഉരുളക്കിഴങ്ങ് , ക്യാരറ്റ്, - കഷണങ്ങളാക്കി നുറുക്കിയത് ഒരു കപ്പ്,

ബീൻസ് , കോളിഫ്ലവർ - കാൽ കപ്പ് , തേങ്ങാപ്പാൽ ഒന്നര കപ്പ് .

ആദ്യം ഒരു പാനിൽ നാലോ - അഞ്ചോ ഗുളിക, വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് രണ്ടായി പിളർത്തിയ ഏതാനും ഏലക്കായ്. കരയാമ്പൂ, ഒരു കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ഇളക്കുക.

ശേഷം ഇഞ്ചി, പച്ചമുളക്, ഒരു വലിയ സവാള മുറിച്ചത്, വേപ്പില എന്നിവ ചേർത്ത് വഴറ്റുക. സവാള പതിയെ നിറം മാറുന്നതിനും മുൻപേ ആദ്യം മുറിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ എല്ലാം പാനിലേയ്ക്കിട്ട് ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.

അതിനുശേഷം പാകമായ പച്ചക്കറിയിലേക്ക്, അൽപ്പം കുരുമുളക് ചതച്ചതും, നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലും - അതോടൊപ്പം വെള്ളത്തിലിട്ട് അരച്ചെടുത്ത കശുവണ്ടി പേസ്റ്റു കൂടി നന്നായി ഇളക്കി ചേർത്ത ശേഷം സ്റ്റൂ കറി അടുപ്പിൽ നിന്ന് ഇറക്കി എടുത്ത് ഉപയോഗിക്കാം. 

യാതൊരു കാരണവശാലും തേങ്ങാപ്പാൽ ചേർത്ത ശേഷം തിളക്കുവാനായി അനുവദിക്കരുത്. തിളച്ചാൽ ചിലപ്പോൾ തേങ്ങാപ്പാൽ കേട്ടു വന്ന് കറി മോശമായിപ്പോകുവാനുള്ള സാദ്ധ്യത ഏറെയാണന്നതും ഹോം സ്റ്റേ ജീവനക്കാരൻ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.!

എന്തായാലും, സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളെല്ലാം ആസ്വദിച്ച് കഴിച്ചശേഷം അട്ടപ്പാടിയുടെ കാഴ്ചകളും, ഭക്ഷണ രുചികളും, തണുപ്പുമെല്ലാം ചേർത്തുപിടിച്ച് വീണ്ടും അടുത്ത വ്യൂപോയൻറ് ലക്ഷ്യമാക്കിയുള്ള യാത്രയിലേക്കുതിരിഞ്ഞു.. 






 

Comments