Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ചരിത്ര കഥകളുടെ സഹോദരൻ അയ്യപ്പൻ മ്യൂസിയം
മുസരിസ് ഹെറിറ്റേജ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോൾ വളരെ മനോഹരമാക്കി തീർത്തിട്ടുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ചെറായിയിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം.
സഹോദരൻ അയ്യപ്പൻ മ്യൂസിയം |
തീർച്ചയായും, മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിൽ ഒന്നു തന്നെയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി പ്രകാരമുള്ള ഇവിടുത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും!
കാരണം, വെറുതെ ഒരു രസത്തിന് കായൽയാത്രയുടെ ഒരു ദിവസത്തെ രസകരമായ അനുഭവങ്ങൾക്കായി മാത്രമാണ് പലരും ഈ ഹെറിറ്റേജ് യാത്രയിൽ ആദ്യമായി പങ്കുചേരുന്നതെങ്കിലും. പിന്നീട്, ആ യാത്ര അവസാനിക്കുമ്പോൾ, എന്തായിരുന്നു നമ്മുടെ യഥാർത്ഥ കേരളമെന്നും, ഇന്ത്യയെന്നുമെല്ലാമുള്ള വലിയൊരു തിരിച്ചറിവിൻ്റെ സമഗ്രമായ ചരിത്രാവബോധത്തിലേയ്ക്കാണ് പലരും എത്തിച്ചേരുന്നത്!. മാത്രമല്ല ഈ യാത്രയ്ക്കു ശേഷം, പലർക്കും ചരിത്രം ഒരു ഇഷ്ടവിഷയമായി മാറുകയും ചെയ്യുന്നു. അത് ഒരു തുടർ പഠനം പോലെ പിന്നീട് അന്വേഷണങ്ങളും, ഗവേഷണവുമായൊക്കെ തുടർന്ന് പോവുകയും ചെയ്യുന്നു!
സഹോദരൻ അയ്യപ്പൻ ഭവനത്തിൻറെ ഉൾവശം |
ഒറ്റവാക്കിൽ മുസരിസ് പൈതൃക യാത്ര നമ്മുടെ നാടിനേയും, അത്പിന്നിട്ട വഴികളേയും കുറിച്ച് ആഴത്തിലുള്ള ഒരു അവബോധം തന്നെയാണ് സൃഷ്ട്ടിക്കുന്നതെന്നുതന്നെ പറയാം.. !
ഒരുപക്ഷേ, അനേകം പുസ്തകങ്ങൾ, വായിച്ച് ഹൃദിസ്ഥമാക്കുവാൻ എടുക്കുന്ന സമയത്തും, എത്രയോ വേഗത്തിലാണ് ഓരോ ചരിത്ര കാലഘട്ടങ്ങളും വസ്തുതകളും, ഇവിടുത്തെ ഓരോ കാഴ്ചകളിലൂടെയും, അനുനിമിഷം ഓരോരുത്തർക്കും അനുഭവവേദ്യമായിത്തീരുന്നത്.!
അതുകൊണ്ട് മറ്റേതൊരു യാത്രയേക്കാളും എന്തുകൊണ്ടും, തീർച്ചയായും, പ്രാധാന്യമർഹിക്കുന്നതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ തന്നെയാണ് ഈ യാത്രയെ വളരെ മഹത്തരമാക്കുന്നത്.!
സഹോദരൻ അയ്യപ്പൻ സ്മാരകത്തിലെത്തുമ്പോൾ അക്കാലത്തു നിലനിന്ന ഹീനമായ ജാതിവ്യവസ്ഥയേയും, ദുരാചാരങ്ങളേയും കുറിച്ചാണ് നമ്മൾ കേൾക്കുന്നതും, ചിന്തിക്കുന്നതും, ചെയ്യുന്നതെങ്കിൽ, തൊട്ടടുത്തുള്ള പള്ളിപ്പുറം കോട്ടയിലെത്തുമ്പോൾ , കഴിഞ്ഞുപോയ കോളനിവാഴ്ച്ചയേയും, രാജഭരണത്തേയും, നാടുവാഴിത്തത്തേയും കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഇങ്ങിനെകടന്നുപോകുന്ന കാഴ്ച്ചകൾക്കും ചിന്തകൾക്കുമിടയിൽ പല കോട്ടകളും, പള്ളികളും, ക്ഷേത്രങ്ങളും, സിനഗോഗുകളും, കായൽപ്പറപ്പുകളും, ബീച്ചും, മനോഹരമായ സൂര്യാസ്തമയങ്ങളും, മറ്റേത് സഞ്ചാരികളും, ഓരോ സഞ്ചാരികളുടെയും മനസ്സിൽ നമ്മുടെ സമൂഹത്തേയും, രാഷ്ട്രത്തേയുമെല്ലാം വലിയൊരു അവബോധവും, വീക്ഷണവും ഒരു വലിയ പ്രത്യേകതയായി തീർന്നിരിക്കുന്നു!
സഹോദരൻ അയ്യപ്പൻ ഭവനത്തിനോടുചേർന്ന കായലും ഉദ്യാനവും. |
കഴിഞ്ഞ ബ്ലോഗിൽ, 1889 മുതൽ, 1968 വരെയുള്ള സഹോദരൻ അയ്യപ്പൻ്റെ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിൻ്റെ കർമ്മമണ്ഡലങ്ങളെക്കുറിച്ചും വളരെ വിശദമായി പറഞ്ഞതു കൊണ്ട്, അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല.
എങ്കിലും എന്താണ് ഇവിടുത്തെ ഒരു വിനോദ സഞ്ചാരത്തിൻറെ, മുഖ്യ ആകർഷണമെന്നു ചോദിച്ചാൽ, ചരിത്രസ്മാരകം എന്നതിലുപരി, മനോഹരമായ പ്രകൃതി ഭംഗികൊണ്ട്, അനുഗ്രഹീതമായ ഭൂപ്രദേശവും, അന്തരീക്ഷവും കൂടിയാണെന്ന് പറയാം.! മാത്രമല്ല, അതിനോട് ചേർന്നുനിൽക്കുന്ന ബോട്ടുജെട്ടിയും.., ഇടക്കിടെ, വന്നുപോകുന്ന കായലിൽ നിന്നുള്ള നനുത്ത കാറ്റും, മുനമ്പം ഫിഷിംഗ് ഹാർബറിലേയ്ക്കു പോകുന്ന ചെറിയ ബോട്ടുകളും, വെള്ളങ്ങളും, സമീപ പ്രദേശങ്ങളിലെ മനുഷ്യരും, ചീനവലകളുമെല്ലാം ഏതൊരാളേയും കുറച്ചു സമയത്തേക്കെങ്കിലും അവിടെ എല്ലാം മറന്ന് അൽപ്പ സമയം , ചിലവഴിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്!
പുഴയ്ക്ക് തൊട്ടടുത്തായി പ്രസിദ്ധമായ ' 'കൊതി' കല്ലു കാണാം. അതായത് പഴയ കാലത്ത് കൊച്ചിയേയും (' കൊ') , ( ' തി') തിരുവിതാംകൂറിനേയും , അങ്ങിനെ രണ്ട് നാട്ടുരാജ്യങ്ങളെ വിഭജിച്ചിരുന്ന അതിർത്തിക്കല്ലാണത്. പിന്നീട് അത് പറഞ്ഞ് രൂപാന്തരം പ്രാപിച്ച് 'കൊതി' കല്ല് ആയിത്തീരുകയായിരുന്നു!
അതിന് തൊട്ടപ്പുറത്തായി ഓല മേഞ്ഞുകെട്ടിയ സഹോദരൻ ഭവനത്തിൻ്റെ ഉള്ളിലൂടെ സഞ്ചരിക്കുമ്പോൾ, ഓരോ മുറികളിലും അക്കാലത്തെ ചരിത്രം രേഖപ്പെടുത്തിയ ഒരു പാട് ചിത്രങ്ങളും കുറിപ്പുകളുമുണ്ട്.
കാലം ഇരുൾ പടർന്ന ആ വീടിൻ്റെ ഉൾത്തളങ്ങളിലൂടെ പതിയെ ഓരോ ചുവട് സഞ്ചരിക്കുമ്പോഴും, അക്കാലത്തെ മനുഷ്യരുടെ താളം തെറ്റിയ ജീവിതത്തിൻ്റെ രോദനങ്ങൾ പലയിടങ്ങളിൽ നിന്നായി ശ്രവിക്കാം! അനേക നൂറ്റാണ്ടുകാലം അടിമകളെപ്പോലെ, ദേശീയതയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവരുടേയും, ചവിട്ടിമെതിക്കപ്പെട്ടവരുടേയും നിഴൽചിത്രങ്ങൾ ,ആ മുറിക്കുള്ളിലെ അന്തരീക്ഷത്തിൽ നമുക്കു നേരെ നടന്നടുക്കുന്നതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാം. ! എത്രയേറെ നിർദ്ദോഷികളായ പാവപ്പെട്ട മനുഷ്യരാകും, കടുത്ത ജാതിവിദ്വേഷങ്ങളുടേയും,ദുരാചാരങ്ങളുടേയും, അതിനെതിരായപോരാട്ടങ്ങളിലുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടാവുക.? അതിൻറെയെല്ലാം നേരനുഭവങ്ങളുടെ ഗുണഫലങ്ങളല്ലെ... നമ്മളൊരുത്തരും ഇന്നും അനുഭവിക്കുന്നത്...! വീടിനുപുറത്ത് വലുതായി നിർമ്മിച്ചുവെച്ചിരിക്കുന്ന വിപ്ലവകരമായ പോരാട്ടം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന 'പന്തിഭോജനത്തിൻ്റെ' വലിയ ഒരു ശിൽപം ദൃഷ്ടിയിൽ പതിക്കുമ്പോഴും, മനുഷ്യരെന്ന് സ്വയം അഭിമാനിച്ചിരുന്ന നമ്മൾ എത്രയോ വലിയ അസമത്വങ്ങളുടേയും, അടിച്ചമർത്തലുകളുടേയും ചങ്ങലക്കെട്ടുകൾ ഭേദിച്ചാണ് ഇന്നു കാണുന്ന പുരോഗമന സമൂഹമെന്ന നിലയിലേക്ക്.!
ഇതിനെല്ലാം നേതൃത്വം നൽകിയ അനേകം നവോത്ഥാന നായകരിൽ ഒരാളായ സഹോദരൻ അയ്യപ്പൻ എന്ന ധീര വിപ്ലവകാരി, തന്നെ നടുക്കും വിധമുള്ള, തൻ്റെ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ എല്ലാ ചിന്താപദ്ധതികൾക്കും, രൂപം നൽകിയതും ഈ ഭവനത്തിൽ വെച്ചായിരുന്നു !
തൊട്ടടുത്തായി കാണുന്ന പുരാതന ആശ്രമം.സഹോദരൻ അയ്യപ്പൻ്റെ ജ്യേഷ്ഠൻ പണി കഴിപ്പിച്ചതാണ് . അവിടെ പലവട്ടം ശ്രീനാരായണഗുരുവും, കുമാരനാശാനുമെല്ലാം വരുകയും, നിരവധി തത്വചിന്താപരമായ വിഷയങ്ങൾ സംസാരിക്കുകയും, സമയം ചിലവഴിച്ചതെല്ലാമായി രേഖപ്പെടുത്തുകയും ചെയ്തതായി കാണാം.
ഒരുപാടു കാലത്തെ ചരിത്രസ്മരണകൾ അയവിറക്കി തലയാട്ടി നിൽക്കുന്ന വൻമരങ്ങൾ. അതിനെയെല്ലാം നല്ല രീതിയിൽ സംരക്ഷിക്കുവാൻ ഉതകുംവണ്ണം തറ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
ചുറ്റുമുള്ള പലവർണ്ണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂന്തോട്ടത്തിനുള്ളിൽ നിരവധി പ്രതിമകളും, ചാരു ബെഞ്ചുകളും, ടൈൽ വിരിച്ച് വൃത്തിയാക്കിയ നടപ്പാതകളും! എല്ലാത്തിനും പുറമേ എത്രയോ കാലങ്ങളുടെ ചരിത്രം തനിക്ക് ഇനിയും പറയുവാനുണ്ടന്നമട്ടിൽ സൗമ്യമായി, നനുത്ത കാറ്റിനേയും കൂട്ടുപിടിച്ച് ശാന്തമായി പരന്നൊഴുകുന്ന പെരിയാറിൻറെ കൈവഴിയായ കായലും.! അതിനോടു ചേർന്നുനിൽക്കുന്ന ചീനവലകളും! ഇതെല്ലാം എത്രയോ വലിയ ക്രമമാണ് ഓരോ സഞ്ചാരികളിലേക്കും പകരും!
- Get link
- X
- Other Apps
Comments