<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി

 എറണാകുളം ജില്ലയിലെ ചെറായിയിലുള്ള,  സഹോദരൻ അയ്യപ്പൻ മ്യൂസിയം.!                

 ആരാണ് ഈ സഹോദരൻ അയ്യപ്പൻ...? പുതിയതലമുറയ്ക്ക് ഒരുപക്ഷേ ഒരു പി. എസ്. സി. ടെസ്റ്റിനു വന്നേക്കാവുന്ന ഒരു ചോദ്യത്തിനപ്പുറത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ കഴിഞ്ഞേക്കില്ല. കാരണം ഇന്ന് നാടിൻറെ ചരിത്രമെന്നത് പലർക്കും, അത്ര താത്പര്യമുള്ള വിഷയമൊന്നുമാകാനും തരമില്ല.


https://www.vlcommunications.in/2024/04/blog-post_25.html
 സഹോദരൻ അയ്യപ്പൻ


 എങ്കിലും, നമ്മളെങ്ങിനെ നമ്മളായി എന്ന് ഓരോ കേരളീയനും സ്വയം ചോദിച്ചാൽ അതിനുത്തരം, മൺമറഞ്ഞുപോയ ഇത്തരം മഹാൻമാരായ മനുഷ്യരുടെ , പകരം വെയ്ക്കുവാനില്ലാത്ത നിസ്വാർത്ഥമായ ജീവിതം തന്നെയാണന്ന് പറയേണ്ടിവരും.

 അത്തരം ഒരു കാലത്തായിരുന്നു, രണ്ടു വർഷക്കാലം ഭാരതപര്യടനം നടത്തി കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടുത്തെ മുഴുത്ത ജാതി ഭ്രാന്തു കണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.

അത്രത്തോളം ജാതി ഭ്രാന്തിലും, അപരിഷ് കൃതത്വത്തിലും, അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കഴിഞ്ഞു പോയ ഒരു ഭൂവിഭാഗമാണ് ഇന്ന് ആർക്കും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ ലോകത്ത് അഭിമാനകരമായ നിലയിൽ തലയുയർത്തി നിൽക്കുന്നതെന്നു പറയുമ്പോൾ തീർച്ചയായും ഒന്ന് അമ്പരന്നു പോകും. !

എങ്കിലും, അതിൻ്റെയെല്ലാം ചരിത്ര വസ്തുതകളിലേക്ക് കടന്നാൽ ഒരു പക്ഷേ എത്രയോ ആയിരക്കണക്കായ അദ്ധ്യായങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ട് എഴുതേണ്ടിവരും!

 അത്രയേറെ സമരമുഖങ്ങൾ, രക്തസാക്ഷികൾ, രക്തച്ചൊരിച്ചിൽ, മനുഷ്യർ, ജയിൽ, മർദ്ദനം, മരണം, കഠിനവും മൃഗതുല്യവുമായ ജീവിതാവസ്ഥ, ഇതിനെയെല്ലാം വളരെക്കാലം ഒരു തലമുറ തങ്ങളുടെ രക്തവും, ജീവിതവും നൽകി സമർപ്പിക്കപ്പെട്ടതിന് മേലെയാണ് കേരളമെ ന്ന വളരെ മനോഹരമായ  ഒരു ഭൂപ്രദേശവും, രാഷ്ട്രം തന്നെയും, ഒരു സംസ്ക്കാരവും  രൂപപ്പെട്ടത്. 

ഒരു കൊളോണിയൽ വ്യവസ്ഥക്കു കീഴിലും, ഒപ്പം നാടുവാഴിത്ത ഭരണത്തിൻ്റെ കെടുതികളും അനുഭവിച്ച്, മൃഗതുല്യമായ മനുഷ്യരുടെ ജീവിതദുരിതങ്ങൾക്കുമേൽ ഒരു നാൾ, ഒരു മനുഷ്യൻ്റെയും സ്വാതന്ത്ര്യം പൊട്ടിവിരിയുകയായിരുന്നില്ല.

അതിനായി നൽകേണ്ടി  വന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ഇതിഹാസതുല്യമായ ജീവിതവും, വീരമൃത്യുവും തന്നെയാകണം ഇന്നും കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളേയും, അതിൻെറ നായകരേ യുമെല്ലാം കാലത്തിന് പോലും അടർത്തി മാറ്റുവാൻ കഴിയാത്ത പ്രതിരൂപങ്ങളായി ജനമനസ്സുകൾക്കുള്ളിൽ ഇന്നും കരിങ്കൽ ശിൽപ്പങ്ങൾ പോലെ കരുത്തുറ്റ ഓർമ്മകളാക്കി മാറ്റുന്നതും!

അന്നത്തെ , ജാതീയതയുടെ ഏറ്റവും വലിയ പാപഭാരങ്ങളും, തിക്തഫലങ്ങളുമെല്ലാം നേരിട്ട്, അനുഭവിക്കുകയും, അതൊന്നും  കനത്ത ഓർമ്മകളുടെ പേമാരികളിൽ ഒരിക്കൽ പോലും നഷ്ടപ്പെടുവാൻ കഴിയാത്തത്ര രീതിയിൽ ഉറച്ചു പോയതിനാലുമാകണം ഇന്നും ,  മറ്റു സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന മതത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഭ്രാന്തൻ ജാതീയതയെ, സ്വാർത്ഥലാഭങ്ങൾക്കായി ഇങ്ങോട്ട് വീണ്ടും വലിച്ചിഴക്കുവാൻ ചില ശക്തികൾ വല്ലാതെ പണിപ്പെട്ടിട്ടും അതൊന്നും ഇവിടെ നടക്കാതെ പോകുന്നത്!

അത്തരം ഒരു വളരെ പഴയ ഒരു കാലഘട്ടത്തിൽ തന്നെയായിരുന്നു സഹോദരൻ അയ്യപ്പൻറെജനനവും. ! പുരാതനമായ ഒരു കുടുംബത്തിൽ, എറണാകുളം ജില്ലയിലുള്ള ചെറായിയിൽ, 1889 ഓഗസ്റ്റ് 22 ന് പിറന്ന അയ്യപ്പൻ ഒൻപതുമക്കളിൽ ഇളയവനായിരുന്നു. നന്നേ ചെറുപ്പത്തിലെ അച്ഛൻ മരിച്ച അദ്ദേഹം ജ്യേഷ്ഠൻ്റെ ശിക്ഷണത്തിലാണ് പിന്നീട് വളർന്നത്.

 സ്കൂൾ പഠനകാലത്തുതന്നെ സവർണ്ണ ജാതിക്കാരിൽ നിന്നും അയിത്തത്തിൻ്റെയും, ജാതി മേൽക്കോയ്മയുടെയും, വിവേചനത്തിൻറേയുമെല്ലാം കയ്പ്പേറിയ അനുഭവങ്ങൾ രുചിക്കേണ്ടി വന്ന അയ്യപ്പന്, ബാല്യത്തിലുള്ള പഠനം പോലും പ്രയാസകരമായിരുന്നു. 

പിന്നീട് പറവൂരിൽഹൈസ്‌കൂൾ വിദ്യാഭ്യാസവും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസവും പൂർത്തീകരിച്ച  അദ്ദേഹം, ബിരുദ പഠനത്തിനായി മദ്രാസിൽ എത്തിയെങ്കിലും പഠനകാലത്തെ സാമ്പത്തികച്ചിലവിന് നിവൃത്തിയില്ലാത്തതുമൂലം നാട്ടിലേക്ക് തിരിച്ചു പോരേണ്ടതായി വന്നു.

വിദ്യാഭ്യാസകാലത്തു തന്നെ വലിയൊരുവായന ശീലവും, അനുഭവസമ്പത്തും നേടിയ അയ്യപ്പനെ സംബന്ധിച്ച് , മദ്രാസിൽ നിന്നുള്ള ആ തിരിച്ചുവരവ് വലിയൊരു നിമിത്തമായിരുന്നു. കാരണം ആ തിരിച്ചു വരവിലാണ്  അക്കാലത്ത് ആലുവ അദ്വൈതാശ്രമത്തിലുണ്ടായിരുന്ന ശ്രീനാരായണഗുരുദേവനെ നേരിൽ പരിചയപ്പെടുവാൻ സാധിച്ചത്. പിന്നീട് ഏറെ നാൾ തുടർന്ന ബന്ധങ്ങളിലൂടെ   നീണ്ട സംഭാഷണങ്ങളിൽ  ഏർപ്പെടുകയും അതിൻെറയെല്ലാം ഫലമായി സ്വന്തം ജീവിത കാഴ്ചപ്പാടുകളും, ചിന്തകളുമെല്ലാം ഒരുപാട് മാറി മറിയുകയും ചെയ്തു.   

 അങ്ങിനെ ഗുരുവിൻ്റെ ഉപദേശ നിർദ്ദേശാനുസരണം തിരുവനന്തപുരത്ത് പഠനത്തിനായി എത്തിച്ചേർന്ന അദ്ദേഹം, അവിടെവെച്ച് കുമാരനാശാനുമായി കണ്ടുമുട്ടി, അത് അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തിലെ കാവ്യരചനകളുടെ മണ്ഡലത്തിൽ വലിയൊരു വിപ്ലവകരമായ ചിന്തകൾക്കും, മാറ്റങ്ങൾക്കും നാന്ദി കുറിച്ചു .

 പിന്നീട്   പഠനശേഷം പലയിടങ്ങളിലും അദ്ധ്യാപകനായി കുറച്ചുകാലം ജോലിചെയ്തെങ്കിലും, സമൂഹത്തിൽ കനത്തുവന്ന ,  സാമൂഹ്യ അസമത്വങ്ങൾക്കും, ഉച്ചനീചത്വങ്ങൾക്കും, ജാത്യാചാരങ്ങൾക്കു നേരെയൊന്നും  കണ്ണടച്ചിരിക്കുവാൻ അദ്ദേഹത്തിനായില്ല.

എന്നാൽ  ഒരു നാൾ ഗുരുദേവൻ   "ജാതീയതയെക്കുറിച്ച് പറഞ്ഞ വാക്കുകൾ മറ്റു പലരേയും പോലെ അദ്ദേഹത്തിൻേറയും കണ്ണു തുറപ്പിച്ചു

" സ്വന്തം അനുയായികളിൽ പോലും അടിഞ്ഞുകൂടിയിരിക്കുന്ന ജാതീയതയുടെ കറകൾ, തുടച്ചു നീക്കാതെ നമുക്ക് എങ്ങിനെ യാണ് സമൂഹത്തെ ജാതി ചിന്തകൾക്കെതിരെ കൂടെ കൂട്ടുവാൻ കഴിയുകയെന്ന " ഗുരുവിൻ്റെ വാക്കുകളുടെ ശക്തിയിൽ,  അദ്ദേഹം അക്കാലത്തെ സകല സവർണ്ണ പ്രമാണിമാരേയും, സ്വജാതിക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ചെറായിയിൽ ,    ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം നടത്തി വിപ്ളവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു.!


https://www.vlcommunications.in/2024/04/blog-post_25.html
സഹോദരൻ അയ്യപ്പൻ ഭവനം


 സ്വാതന്ത്രാനന്തരം ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മനുഷ്യകുലം അനുഭവിക്കുന്ന കനത്ത ജാതി വിവേചനം പോലെ തന്നെ കേരളത്തിലും അക്കാലത്ത്, കീഴ് ജാതിക്കാരന് ക്ഷേത്രത്തിൽ പ്രവേശിക്കുവാനോ, വഴിനടക്കുവാനോ, മനുഷ്യരെപ്പോലെ ജീവിക്കുവാനോ കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ടാണ് സഹോദരൻ അയ്യപ്പൻ,  കീഴാളരെ ഒരുമിച്ചിരുത്തി വിപ്ലവകരമായ തൻ്റെ പന്തിഭോജനം സംഘടിപ്പിച്ചത്. 

തുടർന്ന് അത്, നാടിൻറെ പലഭാഗങ്ങളിലും, അയിത്തത്തിനും, അനാചാരങ്ങൾക്കുമെതിരെയുള്ള വളരെ ശക്തമായ ഒരു സമരരൂപമായി വളരുകയും, അതിൻ്റെ തുടർച്ചയെന്നോണം അദ്ദേഹം പിന്നീട് പല ദേശങ്ങളിലും പോയി അയിത്തചിന്തകൾക്കെതിരെ ശക്തമായി പ്രസംഗിക്കുകയും, അതിൻ്റെ ആശയ രൂപീകരണങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി  സഹോദര സംഘം, എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു കൊണ്ട് ,  ജാതീയതക്കെതിരെ, കനത്ത പോരാട്ടം സംഘടിപ്പിക്കുക വഴി, രാജ്യത്താകമാനം കനത്ത പ്രക്ഷോഭം ഉയർത്തുകയും ചെയ്തു.

അങ്ങിനെ   വളരെ വിപ്ളവകരമായ   രീതിയിൽ കേരളത്തിലെ ജാതി, സമൂഹത്തിന് കനത്ത വെല്ലുവിളിയും, പ്രതി സന്ധികളും സൃഷ്ട്ടിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിവെച്ച മിശ്രഭോജനവും, മിശ്രവിവാഹവുമെല്ലാം രാജ്യത്താകമാനം വലിയ രീതിയിലുള്ള ശ്രദ്ധ പിടിച്ചു പറ്റുകയും ക്രമേണ അതിൻ്റെ ആവേശമുൾക്കൊണ്ട് രാജ്യത്തെവിടേയും, അതിൻ്റെ അലയൊ ലികൾ   പടർന്നുപിടിക്കുവാനും തുടങ്ങിയതോടെ അയ്യപ്പൻ ക്രമേണ സഹോദരൻ അയ്യപ്പനായി ലോകമെങ്ങും അറിയപ്പെട്ടു..!

എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം   അത്ര ശുഭകരമായ രീതിയിലൊന്നുമല്ല മുന്നോട്ടുപോയത് .

 അയ്യപ്പൻറെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ, സ്വജാതിയിൽപ്പെട്ടവരും, സവർണ്ണ ജാതിക്കാരും അവരുടെ ഗുണ്ടകളും ചേർന്ന് ക്രൂരമായ അക്രമണങ്ങൾ അഴിച്ചുവിടുകയും, അദ്ദേഹത്തിനെ, നാടുകടത്തണമെന്ന ആവശ്യവുമായി   രാജാവിനു മുന്നിൽ നിവേദനങ്ങൾ സമർപ്പിക്കപ്പെടുക പോലുമുണ്ടായി.

 എന്നാൽ ശ്രീനാരായണഗുരുവിൻ്റെ പരി പൂർണ്ണ പിൻതുണ സഹോദരൻ അയ്യപ്പൻറെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടന്ന് പല ജാതി പ്രമാണിമാരും തിരിച്ചറിയുവാൻ തുടങ്ങിയതോടെ പിന്നീട് പല സവർണ്ണ മാടമ്പിമാർ മാത്രമല്ല അദ്ദേഹത്തിൻ്റെ സ്വന്തം ജാതിക്കാരും പതിയെ പിൻവലിഞ്ഞു.   സഹോദരൻ അയ്യപ്പന്റെ പ്രവർത്തന മേഖല കേരളമായിരുന്നുവെങ്കിലും, ലോകരാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ ചരിത്ര സംഭവങ്ങൾ പോലും അദ്ദേഹത്തിൻ്റെ, പ്രവർത്തനങ്ങളെ , കാര്യമായി സ്വാധീനിച്ചു. 

തികഞ്ഞ കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരനായിരുന്നെങ്കിലും, ഗാന്ധിയെന്ന വ്യക്തി അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും, അദ്ദേഹം ബഹുമാനിക്കുകയും ചെയ്തിരുന്നു.


https://www.vlcommunications.in/2024/04/blog-post_25.html
 മിശ്രഭോജനം ശിൽപ്പം


 ഗാന്ധിസം വിഭാവനം ചെയ്യുന്നതുപോലെ, വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്ന സിദ്ധാന്തമല്ല, മറിച്ച് സമൂഹത്തെ ഒന്നടങ്കം  മാറ്റങ്ങൾക്ക് വിധേയമാക്കിക്കൊണ്ടും, സമൂഹത്തെ  മാറ്റിമറിച്ചു കൊണ്ടും മാത്രമേ    ലോകത്ത് ഏതൊരു മനുഷ്യനും , മനുഷൃരാശിക്കു പോലും  മോചനമുണ്ടാകുമെന്നുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. !

പിന്നീട്, 1919ൽ അദ്ദേഹം പത്രപ്രവർത്തനരംഗത്തും കൂടുതൽ ശ്രദ്ധ പതിപ്പിച്ചു . കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്നും ഒരു പത്ര പ്രസിദ്ധീകരണം ആരംഭിക്കുകയും അതുവഴി കൂടുതൽ ലോകവിവരങ്ങളും, ആശയങ്ങളുമെല്ലാം സമൂഹത്തിലെത്തിക്കുവാനും അദ്ദേഹത്തിൻ്റെ ദീർഘനാളത്തെ പരിശ്രമങ്ങൾക്ക്  കഴിഞ്ഞു.

വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി അക്കാലത്തെ നിരവധി പേർ അക്കാലത്ത്   എഴുതി തുടങ്ങിയതുമെല്ലാം   അയ്യപ്പൻറെ പത്രത്തിലൂടെയാണ്.

അങ്ങിനെ, കവി, വാഗ്മി, വിപ്ലവകാരി, അദ്ധ്യാപകൻ, പത്രാധിപർ, സാമൂഹ്യപരിഷ്‌കർത്താവ് തുടങ്ങി വിവിധ നിലകളിൽ അറിയപ്പെട്ടിരുന്ന സഹോദരൻ അയ്യപ്പൻ പിന്നീട് 1928 ലും, 1931 ലും നടന്ന തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു, മികച്ച നിയമസഭാ സാമാജികനായും തിളങ്ങിയ അയ്യപ്പൻ പ്രായപൂർത്തി വോട്ടവകാശത്തിനായുള്ള ബില്ലുകൾ ഉൾപ്പടെ , നിരവധി ശ്രദ്ധേയമായ മാറ്റങ്ങൾ കേരളസമൂഹത്തിൽ കൊണ്ടുവരുവാൻ യത്നിച്ചു.

പിന്നീട് ദീർഘകാലം, എഴുത്തും വായനയുമായി കഴിഞ്ഞിരുന്ന ആ കർമ്മയോഗി 1968 മാർച്ച് 6 ന് ഈ ലോകത്തോട് വിടപറഞ്ഞതോടെ , ഒരു കാലത്തിൻ്റെ മഹത്തായ ചരിത്രത്തിൻ്റെ ഏടുകളിൽ നിറഞ്ഞുനിന്ന സഹോദരൻ അയ്യപ്പനെന്ന ആവിപ്ലവകാരിയുടെ ഓർമ്മകൾ ഇന്നും ചെറായിയിലുള്ള അദ്ദേഹത്തിൻ്റെ വാസസ്ഥലങ്ങളിലും, ആ മണ്ണിലും, പരിസരങ്ങളിലുമായി പുതു തലമുറകൾക്കുപോലും ആവേശമായി ഇപ്പോഴും ത്രസിച്ചു നിൽക്കുന്നു. !










Comments