Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
മൂന്ന് ലക്ഷത്തിന് കച്ചവടം ചെയ്ത പള്ളിപ്പുറം കോട്ട.
ചരിത്ര സ്മാരകങ്ങളുടെ കാഴ്ച്ചകളിലൂടെ കടന്നുപോകുമ്പോൾ, എല്ലാ അധിനിവേശങ്ങളുടേയും ആത്യന്തികമായ ലക്ഷ്യങ്ങൾ ഏതോചില പഴയകാല സിനിമകളുടെ രസക്കൂട്ടുകൾ പോലെ ആ പ്രദേശത്തെ കീഴടക്കി കൊള്ളയടിക്കുക എന്നത് മാത്രമായിരുന്നോ എന്ന് തോന്നിപ്പോകും.
പണ്ടെല്ലാം, ഏതൊരുയുദ്ധവും, നേരിട്ടുള്ള പോർക്കളങ്ങളിലൂടെ മാത്രമായിരുന്നങ്കിൽ,, ഇന്നത്, അദൃശ്യമായ യുദ്ധത്തിലൂടെയാണ് കൊള്ളമുതലുമായി ചൂഷകർ തിരിച്ചുപോകുന്നതെന്നുമാത്രം.!. അത് ചിലപ്പോൾ രാജ്യങ്ങൾക്കത്താകും, ചിലപ്പോൾ പുറത്താകും.! അത്രമാത്രം വളരെ ചെറുതായ മാറ്റങ്ങളേ ഇപ്പോഴും ഫലത്തിൽ സംഭവിച്ചിട്ടൊള്ളൂ.
ഒന്നുകിൽ ഏതെങ്കിലും ഒരു നാട്ടുരാജാവിനെ പ്രീതിപ്പെടുത്തിക്കൊണ്ടോ, അതല്ലങ്കിൽ മറ്റൊരു നാട്ടുരാജ്യത്തെ രാജാവിനോട് ചേർന്ന് നിന്ന് ആക്രമണം നടത്തി ഭൂസമ്പത്ത് കൈക്കലാക്കുകയോ ഒക്കെ ചെയ്തുകൊണ്ടാണ്, ആദ്യകാലത്ത് വിദേശികൾ സ്വീകരിച്ച തന്ത്രപരമായ നിലപാടുകളാണെങ്കിൽ, പിൽക്കാലത്ത് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അടിമകളാക്കിവെച്ചുകൊണ്ട് രാജ്യത്തെ സമ്പത്ത് ഒറ്റയടിക്ക് കൊള്ളയടിക്കുന്ന കാഴ്ചകളാണ് ഇന്ത്യ കണ്ടത്.
അന്ന്, അത്, വിദേശീയരായിരുന്നുവെങ്കിൽ, പിൽക്കാലത്ത് അത് തദ്ദേശീയരിലേയ്ക്ക് മാറ്റപ്പെട്ടു. എന്നത് മാത്രമായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്.
കാരണം, അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്,... ഇൻഡ്യ മഹാരാജ്യത്തിൻറെ അടിസ്ഥാനപരമായ ഭരണവ്യവസ്ഥയിൽ എന്തായിരുന്നു സ്വാതന്ത്ര്യാനന്തരമുണ്ടായ കാതലായമാറ്റമെന്നുചോദിച്ചാൽ.. എന്തെങ്കിലുമൊന്ന് ചൂണ്ടിക്കാണിക്കുകയെന്നതും, പ്രയാസമാണ്. കാരണം ഇന്നും, സ്വന്തമായി ഒരുതുണ്ടു ഭൂമിയോ, കിടപ്പാടമോ, അക്ഷരാഭ്യാസമോ, നിത്യമായ ജീവിതവൃത്തിക്കോ പോലും വകയില്ലാത്ത അനേകകോടി ദരിദ്രജനങ്ങളാൽ ശ്വാസം മുട്ടുന്ന ഇൻഡ്യയെ തന്നെയാണ്, നമുക്ക് എവിടെയും കാണുവാൻ കഴിയുക.
സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ അതി ദരിദ്രനുമായി മാറുകയും ചെയ്തു എന്നതൊഴിച്ചാൽ സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ സാമൂഹ്യ ഭൂപടത്തിൽ, എന്തെങ്കിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെന്ന് ഭരണാധികാരികൾപോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
കടന്നുപോയ ഒരുപാട് നാള് വഴികളുടെ ചരിത്രവും പേറിയാണ് എറണാകുളം ജില്ലയിലെ പുരാതന ചരിത്ര സ്മാരകമായ പള്ളിപ്പുറം കോട്ട ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിനായി കൊച്ചിയിലേക്കെത്തിയ പോർച്ചുഗീസുകാരാണ് വൈപ്പിൻ ദ്വീപിന് വടക്കുവശം കായലിന് അഭിമുഖമായി ഈ വലിയകോട്ട 1503 ൽ നിർമ്മിച്ചത്.
ചരിത്രം പരിശോധിച്ചാൽ ഇവിടെയും, തകർക്കപ്പെട്ട, ഓരോ കോട്ടകളും, അധീശത്വം , സ്ഥാപിച്ചതിൻ്റെയും , ആട്ടിപ്പായിക്കപ്പെട്ടതിൻ്റെയുമെല്ലാം ഓരോ അവശേഷിപ്പുകൾ തന്നെയാണ്.
ഒരു രാജ്യം ഒന്നാകെ ആക്രമിച്ചുകീഴ് പ്പെടുത്തുന്നതിന് പകരം , കോട്ടകൾ കൈവശപ്പെടുത്തിയോ, തകർത്തുകളഞ്ഞോ ഒക്കെയാണ്,... ഓരോ പ്രബല ശക്തികളും, അതത് പ്രദേശങ്ങളിൽ അക്കാലത്ത്,അവരുടെ അധികാരം ചിഹ്നങ്ങൾ സ്ഥാപിച്ചിരുന്നത്
അങ്ങിനെ കച്ചവട സൗകര്യങ്ങൾക്കുവേണ്ടിയെന്ന രീതിയിൽ കൊച്ചിരാജാവിൻറെ താത്പര്യത്തോടെ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളിപ്പുറംകോട്ട ആയുധ സംഭരണശാലയും, പിന്നീട് പുറമേ നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തെ നേരിടാനും നിരീക്ഷിക്കുവാനുമെല്ലാമാണ് ഉപയോഗിച്ചുപോന്നത്.
![]() |
പള്ളിപ്പുറം കോട്ടയുടെ മുകൾ നിലയും, ഗ്രില്ലുകൾ ഉപയോഗിച്ച് മൂടിയ ആഴമേറിയ കിണറും |
മൂന്നു നിലകളിലായാണ്, ഇതിൻ്റെ നിർമ്മാണം. കനത്ത പീരങ്കി ആക്രമണങ്ങളെ പോലുംചെറുക്കുവാൻ കഴിയുന്ന വിധത്തിൽ, ഏഴ് അടി കനത്തിൽ കരിങ്കല്ലുകൾ ഉപയോഗിച്ചാണ് കോട്ടയുടെ പുറംഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. അക്കാലങ്ങളിൽ കുമ്മായവും, ശർക്കരയും, കുന്നിക്കുരുവുമെല്ലാം അരച്ചുചേർത്ത സുർക്കിമിശ്രിതമാണ് പ്ളാസ്റ്ററിംഗിനായി ഉപയോഗിച്ചിരുന്നത്. കോട്ടയ്ക്കുചുറ്റും വലിയ ജനാലകൾ കാണാം. ഇത് നിരീക്ഷണത്തിനും പീരങ്കി ആക്രമണങ്ങൾക്കുവേണ്ടിയും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
കൽപ്പടവുകൾ കയറി മുകൾ നിലയിലെത്തുമ്പോൾ കാണാവുന്ന ഒരിക്കലും വെള്ളം വറ്റാത്ത വലിയൊരു കിണറാണ് കോട്ടയുടെ മുഖൃ ആകർഷണം. കൂടാതെ കോട്ടക്കുള്ളിൽ പ്രവേശിച്ച് വലതുവശത്തേക്ക് നീങ്ങി കോട്ടയുടെ ഭൂഗർഭത്തിലേയ്ക്കു നീണ്ടു പോകുന്ന വലിയൊരു ഗുഹയും കാണാം. ഇത് സമുദ്രത്തിനടിയിലൂടെ തൊട്ടപ്പുറത്തുള്ള കൊടുങ്ങല്ലൂർ കോട്ടയിലേയ്ക്കുള്ള രഹസ്യമായ തുരങ്കപ്പാതയാണന്ന് പറയുന്നു, എങ്കിലും, അതിനു തക്കതായ സ്ഥിതീകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏതായാലും അക്കാലത്ത് നിരവധി കാവൽ ഭടൻമാരാലും,ശത്രു സൈന്യത്തിനെതിരെയുള്ള നിരീക്ഷണ കവാടമായും, ആയുധ സംഭരണശാലയായുമൊക്കെ, ഇത് അക്കാലത്തെ ഒരു സൈനിക കേന്ദ്രം പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന്. രേഖകൾ പറയുന്നു.
കൂടാതെ, കൊച്ചിയും തിരുവിതാംകൂറും അതിർത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമെന്ന ഒരുപ്രത്യേകത കൂടി ഈ കോട്ടയ്ക്കുണ്ട്.
![]() |
പള്ളിപ്പുറം കോട്ടയുടെ മുൻവശം |
എന്നാൽ കോട്ടകൾ സ്ഥാപിക്കുകവഴി അക്കാലത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർകൂടി കൈവശപ്പെടുത്തി, തങ്ങളുടെമേൽക്കോയ്മ വിസ്തൃതമാക്കുവാനും, ഉറപ്പിക്കുവാനും, പോർച്ചുഗീസുകാർ ശ്രമിച്ചിരുന്നെങ്കിലും, 1663-ൽ ഡച്ചുകാർ കൊച്ചി ആക്രമിച്ചു കീഴടക്കിയതോടെ, ഈ പള്ളിപ്പുറം കോട്ടയും പിടിച്ചെടുത്തു.
പിന്നീട് കുറേക്കാലം ഡച്ചുകാരുടെ അധീനതയിലായിരുന്നു കൊച്ചി രാജ്യമെങ്കിലും ,ടിപ്പുവിൻ്റെ പടയോട്ടം അക്കാലത്ത് പല നാട്ടുരാജ്യങ്ങളേയും ദുർബലപ്പെടുത്തി. 1788 ൽ ഡച്ചുകാർ നിർമ്മിച്ച ചേറ്റുവ കോട്ട ടിപ്പു പിടിച്ചെടുക്കുകയും, അടുത്ത ലക്ഷ്യം കൊടുങ്ങല്ലൂർ, പള്ളിപ്പുറം കോട്ടയാണന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ, ടിപ്പുവിനെ ഭയന്ന് 1789 ൽ തിരുവിതാം കൂറിന് മൂന്നുലക്ഷം രൂപയ്ക്ക് പള്ളിപ്പുറം കോട്ട ഡച്ചുകാർ വിൽക്കുകയാണ് ഉണ്ടായത്..
![]() |
പള്ളിപ്പുറം കോട്ടയുടെ മുകൾ നിലയും,സ്റ്റെപ്പുകളും. |
എന്നാൽ, ഇതിൽ കുപിതനായ ടിപ്പു കൊടുങ്ങല്ലൂർ കോട്ട തകർത്ത്, പള്ളിപ്പുറം, കോട്ട ലക്ഷ്യമാക്കി തിരിച്ചുവെങ്കിലും, വിധിവൈപരീത്യംകൊണ്ട് ടിപ്പുവിൻറെ സൈന്യത്തിന്, ലക്ഷ്യം കൈവരിക്കാനാകാതെ പിൻതിരിഞ്ഞുപോകേണ്ടതായ് വന്നു. ഒരുപക്ഷേ അതുകൊണ്ട് മാത്രമാകണം, പള്ളിപ്പുറം കോട്ടയെന്ന ചരിത്രസ്മാരകം,...ഇപ്പോഴും യാതൊരുവിധ കേടുപാടുകളൊന്നും തന്നെയില്ലാതെ പുരാവസ്തു വകുപ്പിൻറെ സംരക്ഷണസ്മാരകങ്ങളുടെ പട്ടികയിൽ, അതിൻറെ പ്രൗഢമായ ചരിത്രകാലത്തെ ഏവരേയും ഓർമ്മിപ്പിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്നത്.!
ഇത് ഇപ്പോൾ ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ഹെറിറ്റേജ് പദ്ധതിയായ മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതും, വടക്കൻ പറവൂരിൽ നിന്ന് മുസിരിസ് ടൂറിസം ബോട്ടുയാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ ഒരു പ്രധാന സ്ഥലമാണ്.
ഇത് കൊച്ചിയിൽ നിന്ന് വരുന്നവർക്ക് ചെറായി മുനമ്പം റൂട്ടിലൂടെയോ, അതല്ലങ്കിൽ തൃശൂരിൽ നിന്നുള്ളവർക്ക് മുനമ്പം ഫെറികടന്നോ, ഇതൊന്നുമല്ലങ്കിൽ വടക്കൻ പറവൂർ ചെറായി റൂട്ടിൽ പ്രവേശിച്ചു വലതുവശം തിരിഞ്ഞ് യാത്ര ചെയ്താലും പള്ളിപ്പുറം കോട്ടയിൽ എത്തിച്ചേരാം.
- Get link
- X
- Other Apps
Comments