ഒരു സിനിമാതാരത്തിൻറെപ്രേതാനുഭവം.!
പ്രേതാനുഭവം
പ്രേതാനുഭവത്തെക്കുറിച്ചെഴുതുമ്പോൾ - അനുഭവം, എന്ന വാക്ക് അത് , ആ സമയം തോന്നിച്ചയാളുടെ വികാരവിചാരങ്ങളുമായോ, അബോധമനസ്സിൻ്റെ പ്രക്രിയകളായോ എല്ലാം കാണുവാനാണ് താത്പര്യമെങ്കിലും, പലപ്പോഴും അത് അങ്ങിനെ തന്നെ ആകണമെന്നുമില്ല. കാരണം ഇത്തരം അനുഭവങ്ങൾക്ക് പാത്രീഭവിക്കുന്നവർ തികഞ്ഞ ഭൗതികവാദിയും, മനസ്സിന് ഏറെ കരുത്തുള്ളവരുമാണങ്കിലോ? അപ്പോൾപ്പിന്നെ ചില സാഹചര്യങ്ങളിൽ സംഭവിക്കുന്ന അബോധമനസ്സിൻ്റെ പ്രവർത്തനമെന്നും പറയുവാനും സാദ്ധ്യമല്ല.
പാരാ സൈക്കോളജി
പക്ഷെ നിർഭാഗ്യകരമെന്നുപറയാം. ലോകത്തുതന്നെ പാരസൈക്കോളജി എന്ന ഒരു വലിയ ശാസ്ത്രീയ ഗവേഷണ മേഖലയും, അതിൻറേതായ രീതികളിലുള്ള പല പഠനങ്ങളും, ഗവേഷണങ്ങളുമെല്ലാം ഇപ്പോഴും വളരെ വർഷങ്ങളായി നടന്നു വരുന്നു.
എങ്കിലും, പലതും പല നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രാപ്തമാക്കുന്നതാണെങ്കിൽ കൂടിയും, ഒരു അവസാന വാക്ക് എന്ന രീതിയിൽ അടിവരയിട്ട് ശാസ്ത്രീയമായി തെ ളിയിക്കാനാവശ്യമായ രേഖകളോ, നേർച്ചിത്രങ്ങളോ ഒന്നും ഒരു സംഭവങ്ങളിലും സാദ്ധ്യമല്ല താനും.
അതിനാൽത്തന്നെ അത് പലപ്പോഴും മേൽപ്പറഞ്ഞതുപോലെ ,കാണുന്നതോ, സംഭവിക്കുന്നതോ ആയ സ്ഥലത്തിൻ്റേയും , വ്യക്തിയുടെ മാനസിക ഘടനയേയും ആശ്രയിച്ചു മാത്രമുള്ള ഒരു അനാലിസിസ് മാത്രമായി ചുരുങ്ങിപ്പോകുന്നു എന്നതാണ് യാഥാർഥ്യം .
എന്നാൽ ഇതേക്കുറിച്ച് കൂടുതൽ അന്വഷണ കുതുകികളായവരുടെ ചോദ്യം, ഇത് എല്ലാക്കാലവും മനസ്സും, ഉപബോധമനസ്സും മാത്രമായി ചുരുക്കിക്കാണേണ്ടതു മാത്രമാണോ?
ഏതൊരു മനുഷ്യനിലും കുടികൊള്ളുന്ന ഒരു ചെെതന്യം, അതല്ലെങ്കിൽ ശക്തിവിശേഷം എന്നൊക്കെ പറയാവുന്ന അനേകം പ്രതിഭാസങ്ങളില്ലേ?
മരണസമയത്ത് ജീവൻ വെടിഞ്ഞ് ഈ പ്രപഞ്ചത്തിൽ എവിടെയോ മറയുന്ന മനുഷ്യൻ്റെ ആ ഒരു ശക്തിയെ, അതല്ലങ്കിൽ ആ ഒരു മാഗ്നറ്റിക് പവറിനെക്കുറിച്ച് ഇനിയും പഠിക്കേണ്ടതില്ലെ.?
അതല്ലങ്കിൽ മരണമെന്നത് ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളുടേയും പ്രവർത്തനം വളരെ പതിയെ ആരംഭിച്ച് പൂർണ്ണമായും നിലച്ചുപോകുന്നതു മാത്രമായ ഒരു പ്രക്രിയയാണോ ?
ഇങ്ങിനെ തുടരുന്ന കാലങ്ങളായുള്ള ഏറെ സംശയങ്ങൾക്കിടയിലൂടെ തന്നെയാണ് ഏതാനും വർഷങ്ങൾക്കുമുൻപുള്ള ഈ സംഭവവും അരങ്ങേറുന്നത്.
സംഭവം ഇങ്ങിനെ,
ഇതിലെ മുഖ്യ കഥാപാത്രം ഇപ്പോഴും മലയാളസിനിമയിൽ സജീവ സാന്നിദ്ധ്യമായ ഒരു അറിയപ്പെടുന്ന നടനാണ് .
വയനാട്ടിലുള്ള തൻ്റെ ഭാര്യവീട്ടിലേയ്ക്കുള്ള യാത്രയിലാണ്. തൻറെ സ്വന്തം ബുള്ളറ്റിനാണ് ആ യാത്ര. അതിനായി കോഴിക്കോടുള്ള വീട്ടിൽ നിന്നും അർദ്ധരാത്രി കഴിഞ്ഞുള്ള സമയമാണ് തിരഞ്ഞെടുത്തത്.
രാത്രി യാത്രയുടെ സുഖകരമായ ഇളം കാറ്റേറ്റും, പലതും ചിന്തിച്ചും വണ്ടി ഹൈവേയിലൂടെ ദീർഘദൂരം പിന്നിട്ട് ചെറിയ ഒരു ഇടറോഡിലേക്ക് കയറുമ്പോഴാണ് റോഡിനു നടുവിലായുള്ള ആ ഹബ്ബ് ശ്രദ്ധയിൽപ്പെട്ടത് .
പെട്ടെന്ന് വണ്ടിയുടെ വേഗത കുറച്ച് വാഹനം പതിയെ ഹബ്ബ് കയറിയിറങ്ങുമ്പോൾ വണ്ടിയുടെ പിറകിലായി എന്തോ ഒരു ഭാരം കയറ്റി വെച്ച പോലൊരു തോന്നൽ .
പതിയെ തിരിഞ്ഞു നോക്കാൻ ശ്രമിക്കുമ്പോഴേക്കും തൻ്റെ വാഹനത്തിൻ്റെ പിൻസീറ്റിൽ ആരോ കയറിയിരിക്കുന്നതുപോലെ വണ്ടിയൊന്ന് ആടിയുലഞ്ഞു .
എന്തായിരിക്കുമത്? എന്തെങ്കിലും ചെയ്യുന്നതിനും മുൻപേ വാഹനത്തിൽ കയറിയിരിക്കുന്നയാളുടെ ഉച്ഛ്വാസവായു കഴുത്തിന് പുറകിൽ പതിച്ചു.
ഞെട്ടിത്തരിച്ച് വണ്ടി നിർത്തി നോക്കാമെന്നുറപ്പിച്ചെങ്കിലും അൽപ്പദൂരം കൂടി മുന്നോട്ടു പോകുമ്പോഴേക്കും എഞ്ചിനീയറിംഗ് കോളേജിൻ്റെ രണ്ടാമത്തെ ഗേറ്റിനോട് ചേർന്നായി കാണാവുന്ന അടുത്ത ഹബ്ബ് . വണ്ടി വീണ്ടും വേഗത കുറച്ച് ഹബ്ബ് കയറിയിറങ്ങി. വണ്ടി നിർത്താമെന്നുറപ്പിച്ചപ്പോഴേക്കും , പിറകിലെ പിൻ സീറ്റിലെ ഭാരം ഊർന്നിഴകുന്ന പോലെ.
വണ്ടി നിർത്തി പരിസരം മുഴുവൻ നോക്കിയെങ്കിലും അസാധാരണമായ ഒന്നും തന്നെ കണ്ടെത്തിയില്ല.
തീർത്തും അവിശ്വസിനീയവും, ഭയപ്പെടുത്തിയതുമായ ആ അനുഭവം മനസ്സിലിട്ട് പലവട്ടം ഇഴ കീറി പരിശോധിച്ചു. പുലർച്ചെ ഭാര്യ വീട്ടിൽ ചെന്നു കയറിയ ഉടനേ അവരോട് ഈ സംഭവം പറഞ്ഞുവെങ്കിലും അവർ അത് വിശ്വസിക്കാനാകാതെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതത്.
ഭാര്യയേയും കയറ്റി തിരികേ വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ പഴയ എഞ്ചിനീയറിംഗ് കോളേജിന് മുൻവശത്തെത്തുമ്പോഴേക്കും അവിടെ വലിയൊരാൾക്കൂട്ടം.
വണ്ടി സൈഡൊതുക്കി സ്റ്റാൻഡിലിട്ട ശേഷം ഭാര്യയേയും കൂട്ടി ആൾക്കൂട്ടത്തിനരികിലേക്കു നടക്കുമ്പോൾ പഴയ സഹപ്രവർത്തകനായ ഒരു സിനിമാ നടൻ കൈയ്യുയർത്തി വിളിച്ചു. അവിടെ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുകയായിരുന്നു.
അൽപ്പ സമയത്തെ കുശലപ്രശ്നങ്ങൾക്കൊടുവിൽ അടുത്തുള്ള ഒരു ചായക്കടയിൽ കയറി കൂടെയുള്ള നടനോട് ഇന്നലെ രാത്രിയിലുണ്ടായ അനുഭവം വിവരിച്ചു.
" അത് അസമയത്ത് ഇതിലേ പോകുന്നവർക്കെല്ലാം സ്ഥിരമായുള്ള അനുഭവമാണ് സാറേ ! " - അയാളുടെ സംസാരം ശ്രദ്ധിച്ചു കേട്ട ചായക്കടക്കാരൻ പറഞ്ഞു.
" ഏതാനും വർഷം മുൻപ് ഇവിടെ പഠിച്ചിരുന്ന രണ്ട് കുട്ടികൾ ബൈക്ക് ലോറിയിലിടിച്ച് ചതഞ്ഞരഞ്ഞ സ്ഥലമാ ... വലിയൊരു ശബ്ദം കേട്ടതു മാത്രമേ ഓർമ്മയൊള്ളൂ ചെന്ന് നോക്കുമ്പോൾ രക്തം വാർന്ന് പലക ഷണങ്ങൾ ... "
- അയാൾ വല്ലാത്തൊരസ്വസ്ഥതയോടെ കിറി കോട്ടി മുഖം തിരിച്ചു. " അതിനു ശേഷമാണ് ദാ , അവിടെ ഇപ്പോൾ കാണുന്ന ഹബ്ബ് നിർമ്മിച്ചത്. പിന്നീട് ഇതിലെ അസമയങ്ങളിൽ പോയ പലരും സാറ് പറഞ്ഞ ഇതേ അനുഭവം തന്നെ പലരോടും പറഞ്ഞിട്ടുണ്ട് "
- അയാൾ ഒന്നും മനസ്സിലാകാതെ മിഴിച്ചിരുന്നു. -
അൽപ്പ സമയത്തിനുശേഷം ചുറ്റും കൂടിയ ജനക്കൂട്ടത്തേയും, സുഹൃത്തിനേയും അഭിവാദ്യം ചെയ്ത് അതേ വഴിയിലൂടെ തിരിച്ചു യാത്ര ചെയ്യുമ്പോഴും അയാളോർത്തു.
- താൻ കണ്ടത് സത്യമോ, മിഥ്യയോ?

അഭിപ്രായങ്ങള്‍