Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
വീടും ഒരു ദുഃസ്വപ്നമാകുമ്പോൾ
വീട് ഒരു സ്വപ്നം, അല്ലങ്കിൽ ഭാഗ്യം, എന്നൊക്കെ പറഞ്ഞുപോകുന്നതിനിടയിൽ...വീട് നിർമ്മിച്ച് നിർഭാഗ്യങ്ങളിലേക്ക് വഴുതി വീണവരുടെയും, വീട് ഒരു ദു:സ്വപ്നമായി മാത്രം മാറിയവരുടെയും ചില കഥകൾ പങ്കുവെയ്ക്കാതെ പോകുന്നത് , ഒരു പക്ഷേ മനസാക്ഷിക്കുപോലും, തീരെ നിരക്കാത്തതാണന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ ഒരു മാറിയ സാമൂഹ്യ സാഹചര്യത്തിൽ...!
ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്, വളരെയേറെ ഒരുമയോടും, സ്‌നഹസമ്പൂർണമായും, കഴിഞ്ഞുപോകുന്ന ഒരു കുടുബത്തിൽ നിന്നാകുമ്പോൾ....!തീർച്ചയായും അത് പരിശോധിക്കപ്പെടേണ്ടതുതന്നെ...!
എത്ര പെട്ടെന്നായിരുന്നു...തീർത്തും, ഹൃദയ ശൂന്യമായ ആ തീരുമാനത്തിലേയ്ക്ക് അവർ എത്തിച്ചേർന്നത്.
കേട്ടവർക്കും, അത് അത്രപെട്ടെന്ന് ഉൾക്കൊള്ളുവാൻ സാധിക്കുമായിരുന്നില്ല. കാരണം വിവേക മതികളായ അവരുടെ ജീവിതത്തിൽ ഒരു താളപ്പിഴയെന്നത്, പലർക്കും ഒരിക്കലും, സങ്കൽപ്പിക്കുവാൻ പോലും, കഴിയുമായിരുന്ന ഒന്നായിരുന്നില്ല... ഏതായാലും എല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവർ ജീവിതത്തിൽ ഇരുവഴിയിലേയ്ക്കും, പിരിയുവാൻ തന്നെ തീരുമാനിച്ചു.
സംഭവിച്ചതോ? താലോലിച്ചും, ഓമനിച്ചും വളർത്തിയിരുന്ന, ഏറ്റവും മികച്ചരീതിയിൽ പഠനത്തിലും ,മുന്നിട്ടുനിന്നിരുന്ന ഒരേയൊരു മകൾ ജീവിതത്തിൻറെതാളം തെറ്റലുകൾക്കിടയിൽ കാൽ വഴുതിവീണത് ....ഒരിക്കലും രക്ഷപെടാൻ കഴിയാത്ത ലഹരിയുടെ ഭീകരമായ മായാവലയങ്ങൾക്കിടയിലും .... !
ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന, പ്രായമേറിയ മാതാപിതാക്കളും, കുടുബക്കാരും, ഒന്നും കണ്ടില്ലന്നു നടിച്ച്, അവരുടെ സ്വാർത്ഥലോകങ്ങളിലേയ്ക്കു മടങ്ങി.
ആലോചിച്ചാൽ കാര്യങ്ങളെല്ലാം നിസ്സാരമായിരുന്നു. പ്രത്യേകിച്ച് രണ്ടു ചേട്ടാനുജൻമാരും, ഒരു സഹോദരിയും മാത്രമടങ്ങിയ ഒരു കൂട്ടുകുടുംബ വ്യവസ്ഥയിൽ.!
സഹോദരിയെ വിവാഹം കഴിപ്പിക്കുകയും, അനുജൻ വിവാഹിതനായി കുടുംബഓഹരി വാങ്ങി മറ്റൊരു വീടുവെച്ച് താമസം ആരംഭിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും കുടുംബഭാരവും, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിലെ മൂത്തയാളുടെ ചുമലിലാകും
ഇതിനിടയിൽ വളരെ അവിചാരിതമായാണ്, ഭാര്യക്ക് സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി കിട്ടുന്നതും ,പുതിയ കാലത്തിനനുസരിച്ച് പഴയതറവാട്ട് പുതുക്കിപ്പണിയുവാൻ തീരുമാനിക്കുന്നതും.
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, ബാങ്കിൽ നിന്നും ഒരുവലിയ തുക ലോണായി സംഘടിപ്പിച്ചു, അത് ഭാര്യയുടെ സാലറിയിൽ നിന്നും അടയ്ക്കാമെന്ന വ്യവസ്ഥയിൽ , ഏറ്റവും മികച്ച രീതിയിൽ തന്നെ വീട്, മനോഹരമായി പുതുക്കി നിർമ്മിക്കുകയും ചെയ്തു.
ഇതായിരുന്നു സേഹമ്പന്നരായ ആ ദമ്പതികൾ ചെയ്ത തെറ്റ്.
എന്നാൽ , വളരെ പെട്ടെന്നാണ് കാര്യങ്ങൾ തലകീഴായ് മറിയാൻ തുടങ്ങിയത് . അപ്രതീക്ഷിതമായി കേരളം അഭിമുഖീകരിച്ച രണ്ട് പ്രളയക്കെടുതിയും, കോവിഡുമെല്ലാം മറ്റാരുടെ ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ പോലെ തന്നെ അവരുടെ ജീവിതത്തേയും മാറ്റിമറിച്ചു.
.തകർന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ പട്ടികകൾക്കിടയിൽ, ഈ ഒരു മനുഷ്യനും കണ്ണി ചേർക്കപ്പെട്ടു.
തൊഴിൽ നഷ്ടവും, മാനസിക സ്വസ്ഥതയും ഇല്ലാതായ, അയാളെ നോക്കി ജീവിത പ്രാരാബ്ദങ്ങൾ ഒന്നിനുപിറകെ ഒന്നായി പല്ലിളിച്ചു
എല്ലാത്തിനേയും അതിജീവിക്കുവാനുള്ള സാമ്പത്തിക സ്രോതസ്സായി മാത്രം ഭാര്യയുടെ ജീവിതം മാറിത്തുടങ്ങി.
വളരെ പെട്ടെന്ന്, വലിയഒരു തുക ബാങ്ക് ലോണിൻറേതായി കിഴിക്കുകയും, ഭർത്താവിൻറെ കുടുംബക്കാരുടെ സംരക്ഷണവും, മകളുടെ വിദ്യാഭ്യാസവും, എല്ലാംകൂടി വളരെ പെട്ടെന്ന് സ്വന്തം ചുമലിൽ ഏറ്റുവാങ്ങുകയും ചെയ്യുക എന്നത് ആസ്ത്രീയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന ഭാരങ്ങൾക്കും അപ്പുറവുമായിരുന്നു.!
എല്ലാ ചിലവും കഴിഞ്ഞുവരുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി പണം കടം വാങ്ങേണ്ട അവസ്ഥയും, ഒരു പൈസപോലും നീക്കിയിരിപ്പില്ല എന്ന വസ്തുതയും അവരെ അസ്വസ്ഥതപ്പെടുത്തുകയും, അത് നിരന്തരം കുടുംബ കലഹങ്ങളിലേയ്ക്കും, രോഗാതുരമായ ജീവിതാവസ്ഥകളിലേയ്‌ക്കും തള്ളിവിടുകയും ചെയ്തു.
പന്നീട് ആ കുടുംബത്തിൽ സംഭവിച്ചത് കലഹങ്ങളുടെ വലിയൊരു പരമ്പര തന്നെയായിരുന്നു.
എല്ലാകലഹങ്ങൾക്കൊടുവിലും, താൻ ആ കുടുംബത്തിൽ വന്നുകയറിയ സ്ത്രീയാണന്ന കുറ്റപ്പെടുത്തലുകളും. വേണമെങ്കിൽ, തങ്ങൾക്കുമാത്രം അവകാശം സിദ്ധിച്ച ആ വീട്ടിൽ നിന്നും, താത്പര്യമില്ലങ്കിൽ ഇറങ്ങിപ്പോകാമെന്ന ഭർത്താവിൻറെ മാതാപിതാക്കളുടെ ഹൃദയശൂന്യമായ വാക്കുകളും, ആ സ്ത്രീയെ തകർത്തുകളഞ്ഞു.
ഇതെല്ലാം മാറിനിന്ന് വീക്ഷിച്ചുകൊണ്ടിരുന്ന ഇളയ സഹോദരിയും, ഭർത്താവും വെറും കാഴ്ചക്കാരായി മാറി നിൽക്കുവാനും തയ്യാറല്ലായിരുന്നു. കുടുംബത്തിനുവേണ്ടി പലപ്പോഴായി ചിലവഴിച്ച ചില്ലിത്തുട്ടുകളുടെ കണക്കും. ന്യായമായും കിട്ടേണ്ട കുടുംബ ഓഹരിയുടെ കണക്കുകളുമായി അവരും മുൻ നിരയിലേയ്ക്കുതന്നെ കടന്നുവന്നു.
കാലങ്ങളായി ആ കുടുംബത്തിൻറെ ശക്തിയും, കാവലാളുമായ അവർ ഒരു നിമിഷം കൊണ്ട് പലരുടേയും വാചക കസർത്തുകൾക്കുമുന്നിൽ ഒന്നുമല്ലാതായി.!
ചിലവാക്കിയ പണത്തിൻറെ കണക്കുകളോ, ന്യായമായും കിട്ടേണ്ട അവകാശങ്ങൾ ഒപ്പുവെച്ച സാക്ഷ്യപത്രങ്ങളോ കൈമുതലായി സൂക്ഷിക്കാൻ മറന്നുപോയ അവർ വെറും കൈയ്യോടെ, കാലം സമ്മാനിച്ച ആധികളും, രോഗങ്ങളുമായി സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുപോന്നു.
ഇപ്പോൾ മാസങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി പണിതീർത്ത ആ വീട് അതിൻറെ ഹൃദയവും, രൂപഭംഗിയും, നഷ്ടപ്പെട്ട് അകാല വാർദ്ധക്യത്തിലേയ്ക്ക് തലകുത്തി വീണിരിക്കുന്നു. ഉണങ്ങിയ മരച്ചില്ലകളും, ഇലകളും നിറഞ്ഞ ഒരു പ്രേതഭവനംപോലെ....!
- അതെ, വേണമായിരുന്നു. സ്നേഹബന്ധങ്ങളുടെ പേരിൽ, കണ്ണും, ചെവിയും പൂട്ടി പലതും ചെയ്തുതീർക്കുമ്പോൾ, ഇന്നല്ലങ്കിൽ, നാളെ പലരും പലതും മറന്നുപോകുമ്പോൾ, സ്വയം ബോദ്ധ്യപ്പെടുത്താനെങ്കിലും...വേണമായിരുന്നു, ചില എഗ്രിമെൻറുകളും , സ്വയം ബോദ്ധ്യപ്പെടാൻ കുറച്ചു കണക്കുകളും.! ഇത്തരം കയ്പേറിയ ദുരനുഭവങ്ങളാകാം ഒരു പക്ഷെ പലരേയും പല നല്ല കാര്യങ്ങളിൽ നിന്നും ബോധപൂർവ്വം പിൻ തിരിയാൻ പ്രേരിപ്പിക്കുന്നതും!
- Get link
- X
- Other Apps
Comments