ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Interlock bricks and Nature homes and Homes Travel and Tourism
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
വീട് നിർമ്മാണത്തിനും മുൻപ് എന്താണ് ശ്രദ്ധിക്കേണ്ടത്..?
വീട് നിർമ്മാണം എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, എന്നും കുഴയ്ക്കുന്ന ഒരുചോദ്യം തന്നെ...!
ബജറ്റ് എത്ര...? സ്ക്വയർഫീറ്റ്...? മുറികളുടെ എണ്ണം, സൗകര്യങ്ങൾ, ഉപയോഗിക്കേണ്ട വസ്തുക്കൾ,ഇതിനെല്ലാം പുറമേ നിർമ്മാണം എങ്ങിനെ...? ആരെ ഏൽപ്പിക്കണം...? പണം എങ്ങിനെ കണ്ടെത്തും...തുടങ്ങി തുടക്കത്തിൽ നൂറുകൂട്ടം ചോദ്യങ്ങളാകും ആദ്യം കടന്നുവരിക...!
എന്നാൽ ആരെങ്കിലുമായി ചർച്ചചെയ്യാമെന്നുകരുതിയാലോ, അവരുടെ എല്ലാതാത്പര്യങ്ങളും നമ്മളിൽ അടിച്ചേൽപ്പിച്ച് ഒരുതരം ആശയക്കുഴപ്പത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്യും.!
അപ്പോൾപ്പിന്നെ, സ്വന്തം നിലയ്ക്ക് കാര്യങ്ങൾ സമാധാനപരമായി ആലോചിച്ച് തീരുമാനമെടുക്കുക എന്നതുമാത്രമേ വഴിയൊള്ളൂ.
അതിൽ പ്രധാനപ്പെട്ട ഒരു സംഗതിയായി തോന്നിയിട്ടുള്ളത്, കുടുംബത്തിൻറെ ഒരു മൊത്തം സ്ഥിതിവിശേഷം ആദ്യം ഒന്ന് അവലോകനം ചെയ്യുക എന്നതാകും.
അതിൽ , പ്രായമായവർ, ആൺകുട്ടികൾ, പെൺകുട്ടികൾ... എന്നിങ്ങിനെ തരം തിരിച്ചുള്ള കണക്കുകളാകാം... !
കാരണം ആൺകുട്ടികളും അച്ഛനമ്മമാരും മാത്രമുള്ള വീടുകളാണങ്കിൽ ഭാവിയിൽ മക്കൾക്ക്, ലഭിക്കാവുന്ന ജോലിയുടേയും, വരുമാനത്തിൻറേയും എല്ലാം അടിസ്ഥാനത്തിൽ, വീടിൻറെ മൊത്തം പ്ളാനുകളും, സൗകര്യങ്ങളും മാറ്റിത്തീർക്കുവാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.
അതുകൊണ്ടുതന്നെ അധികം പണം മുടക്കാതെ അത്യാവശ്യസൗകര്യങ്ങളോടെ മാത്രം വീടു നിർമ്മിക്കുകയും, ബാക്കിയുള്ളത്, ഭാവിയിൽ ആൺമക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് വീട് നിർമ്മാണം വിപുലപ്പെടുത്തുന്നതിനായി വിട്ടുകൊടുക്കുന്നതുമാകും പ്രായോഗിക ബുദ്ധി.!
പെൺമക്കൾ മാത്രമുള്ള വീടുകളാണങ്കിൽ, സമീപകാലത്തേയ്ക്ക് അവരുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും ആവശ്യമായ ചിലവുകൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ട് വീടിൻറെ ബജറ്റ് നിശ്ചയിക്കാൻ ഒരുങ്ങുന്നതാകും ഒരുപക്ഷേ കൂടുതൽ നല്ലതെന്ന് തോന്നുന്നു.
കാരണം കൈയ്യിലിരുന്നതും, കിട്ടാവുന്നതും, കടംവാങ്ങിയതുമായ എല്ലാ തുകയും വീട് നിർമ്മാണത്തിനായി മുടക്കി, അവസാനം വളരെ പെട്ടെന്ന് നല്ല ഒരു വിവാഹാലോചനവരുമ്പോൾ എന്തുചെയ്യുമെന്ന് യാതൊരു നിശ്ചയവുമില്ലാതെ തെക്കുവടക്ക് ഓടേണ്ടിവരുന്ന ഒരുപാടു മാതാപിതാക്കളെ ഈ കാലയളവിൽ പലപ്പോഴും കാണാൻ ഇടവന്നിട്ടുണ്ട്.
പറഞ്ഞുവന്നത് ഇത്തരം കാര്യങ്ങൾ മനസ്സിരുത്തി ആലോചിച്ച ശേഷം മാത്രം വീടിൻറെ വലിപ്പത്തെക്കുറിച്ചും,സൗകര്യങ്ങളുടെ കാര്യത്തിലും ബജറ്റിൻറെ കാര്യത്തിലുമെല്ലാം ഒരു തീരുമാനമെടുക്കുകയാണങ്കിൽ, ഒരുപക്ഷേ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ വീടു നിർമ്മാണത്തിലും, അതിനുശേഷമുള്ള കാലങ്ങളിലും ഒരുപക്ഷേ ജീവിതം വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കൂടുതൽ സഹായകരമായേക്കാം..
ഇതെല്ലാം ചിന്തിച്ച് ഉറപ്പിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുക എന്നതാണ്.
ഇത് എഴുതുമ്പോൾ പുറത്തുവരുന്നവാർത്തകൾ പ്രകാരം വായ്പ്പകൾക്കുള്ള പലിശ നിരക്ക് ഇനിയും ഉയരുമെന്നുതന്നെയാണ്.
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലങ്കിൽ, ഒരു മനുഷ്യജീവിതത്തിൻറെ മുഴുവൻഅധ്വാനവും മറ്റുള്ളവർക്കായി പണയപ്പെടുത്തേണ്ടി വരികയും, അവസാനം, മുഴുവൻ വിയർപ്പും നൽകി പടുത്തുയർത്തിയ കിടപ്പാടം പിന്നീടൊരിക്കൽ മറ്റുള്ളവരുടേതായി മാറുകയും ചെയ്യുന്ന എത്രയെത്ര ഹൃദയഭേദകമായ കാഴ്ച്ചകളാണ് നാം പലപ്പോഴായി കണ്ടുകൊണ്ടിരിക്കുന്നത്...!
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട്, വലിയകടബാദ്ധ്യതകളിലേയ്ക്ക് പോകാതെ, മിച്ചം പിടിച്ച് കൈയ്യിൽ കിട്ടുന്നതും, വളരെ ചെറിയ കടങ്ങളെ ആശ്രയിച്ചും ഘട്ടം, ഘട്ടമായി വീടുനിർമ്മാണം നടത്തി ആഹ്ളാദത്തോടെ ജീവിക്കുന്ന പലരേയും നമുക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ ഒരു മികച്ച മാതൃകയാക്കാവുന്നതാണ്.
ഒരുവേള, കുറച്ചുകൂടി പഴയതലമുറകളിലേയ്ക്ക് ഓർമ്മകളെ പിന്നോട്ടുവലിച്ചാൽ, വളരെ തുച്ഛമായ വരുമാനത്തിനിടയിലും, ജീവിതം മനോഹരമായി നെയ്തു തീർത്തിരുന്ന പഴമക്കാരുടെ സന്തോഷഭരിതമായിരുന്ന ജീവിതമെന്ന ജാലവിദ്യയുടെ മഹാരഹസ്യവും ഒരിക്കലും, മറ്റൊന്നുമായിരുന്നില്ല!
.( അക്കാലത്ത് ഇത്രയേറെ വായ്പ്പാപ്രലോഭനങ്ങളോ, ആഡംബര വീടുകൾ എന്ന സങ്കൽപ്പങ്ങളോ,ഒന്നും ആരെയും മുന്നോട്ടു നയിച്ചിരുന്ന ഒരു മുഖ്യ ഘടകമായിരുന്നില്സ എന്നതും മറ്റൊരുകാര്യം.!)
പെട്ടെന്ന് ഓർമ്മയിലേയ്ക്കു വരുന്നത്, വീടു നിർമ്മാണ വായ്പ്പകളും, വിവാഹ ആവശ്യങ്ങൾക്കായി എടുക്കുന്ന വായ്പ്പകളും ഒരു ഇടത്തരം മലയാളിയുടെ ജീവിതാവസഥയെ പാടെ തകിടം മറിക്കുന്നുവെന്ന ഒരു സർവ്വേ റിപ്പോർട്ടാണ്. സർവ്വേ റിപ്പോർട്ട് ഇല്ലങ്കിൽ പോലും, നമ്മളിൽ പലരും മറ്റുള്ളവർക്കുമുന്നിൽ ,നമ്മുടെ മഹത്വം പലപ്പോഴും വിളിച്ചോതുവാൻ ശ്രമിക്കുന്നത്, കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്ത് ആർഭാടം കൊണ്ടാടാൻ ശ്രമിച്ചുകൊണ്ടാണ്. എന്നത് ഒരു സത്യംതന്നെ.!
എന്തായാലും, സാമ്പത്തിക സമാഹരണത്തിന്, കുറച്ചുകൂടി നല്ല ഒരു ഓപ്ഷനായി പലപ്പോഴും തോന്നിയിട്ടുള്ളത് ഗ്രൂപ്പ് നിക്ഷേപമെന്നപേരിൽ അറിയപ്പെടുന്നചിട്ടികളാണ്.
അതിൻറെ ഏറ്റവും വലിയ മെച്ചമായി അനുഭവപ്പെട്ടിട്ടുള്ളതും, ഒരുപക്ഷേ അടവുഗഡുക്കൾ മുടങ്ങിയാൽ തന്നെയും ,പലിശയും, കൂട്ടുപലിശയും, പിഴപ്പലിശകളുമെല്ലാം കൂടുന്ന ദുർഭൂതത്തെ ഭയക്കേണ്ട എന്നതുതന്നെയാണ്.
അങ്ങിനെ അപ്പപ്പോൾ കിട്ടുന്നതും, സ്വരൂപിച്ചതും, ചെറു ചെറു കടങ്ങളുമായി ലഭിച്ച പണമുപയോഗിച്ച് വീടുനിർമ്മാണം നടത്തുന്നവരാണങ്കിൽ, തൊഴിൽ രംഗത്ത് അടുത്ത് പരിചയമുള്ളവരോ, നാട്ടിൻ പുറത്തുകാരും, സുഹൃത്തുക്കളുമൊക്കെയാകാവുന്ന വിദഗ് ധ തോഴിലാളികളേയോ, മേസ്തിരിമാരേയോ ഒക്കെ വീടു നിർമ്മാണം ഏൽപ്പിക്കുകയാകും കുറേക്കൂടി നല്ലത് എന്ന് തോന്നുന്നു!. കാരണം നമ്മുടെ പരിമിതികളും, താത്പര്യങ്ങളുമെല്ലാം കുറച്ചുകൂടി അടുത്തറിയുവാനും, മനസ്സിലാക്കുവാനും, മറ്റാരേക്കാളും കൂടുതൽ ഒരുപക്ഷേ അവർക്കു കഴിയുകയും, നിർമ്മാണം പൂർണ്ണമായും നമ്മുടെ താത്പര്യങ്ങളിലേക്ക് മാറ്റിതീർക്കുവാനും അതുവഴി സാധിച്ചേക്കാം.!
ഇതെല്ലാം കഴിയുമ്പോൾ ഉയർന്നുവരുന്ന ഒരു പ്രധാന ചോദ്യം, എന്തുതരം വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കണം, അതല്ലങ്കിൽ ഏതുതരം നിർമ്മാണ ശൈലി അവലംബിക്കണം എന്നതാണ്.
ഒരുകാരൃം ഉറപ്പാണ്. ഏതുതരം സാധനസാമഗ്രികളോ, നിർമ്മാണ ശൈലിയോ അവലംബിച്ചാലും എല്ലാത്തിനും, ഒരുതരത്തിൽ, അല്ലങ്കിൽ മറ്റൊരു വിധത്തിൽ, അതിൻറേതായ ഗുണങ്ങളും, ദോഷങ്ങളുമുണ്ടന്നുള്ളതാണ് യാഥാർഥ്യം. നിർമ്മാണശൈലിയുടെ കാര്യത്തിൽ, വീട് നിർമ്മിക്കുന്നവരുടെ, ജീവിതശൈലികളും, വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നസ്ഥലത്തിൻറെ പ്രത്യേകതകളും തന്നെയാണ് അതിൽ മുഖൃമായും ശ്രദ്ധിക്കേണ്ടത്.
കഴിയുന്നതും, കൂടുതൽ അടുത്തും, എളുപ്പത്തിലും വിലകുറഞ്ഞതും നിലവാരമുള്ളതുമായ ഏതുവസ്തുക്കളാണോ ലഭ്യമാകുന്നത് അത് ഉപയോഗിച്ച് നിർമ്മിക്കുക എന്നതുതന്നെയാണ് അഭികാമ്യം.
ചില സ്ഥലങ്ങളിൽ, വെട്ടുകല്ലാണങ്കിൽ , ചിലയിടങ്ങളിൽ ഇഷ്ടികകളാകും. എന്തുതന്നെയായാലും അതിൻറെ ഗുണ നിലവാരവും, വിലയും, സ്ഥലത്തെത്തിക്കഴിയുമ്പോഴുള്ള കൂലിച്ചിലവും, വലിപ്പവും, എണ്ണവും, കെട്ടിപ്പൊക്കുമ്പോൾ വരാവുന്ന കൂലിച്ചിലവുകളും എല്ലാം കൃത്യമായി രൂപപ്പെടുത്തിയതിനു ശേഷം മാത്രം നിർമ്മാണം ആരംഭിച്ചാൽ, വലിയ രീതിയിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള പാഴ്ച്ചിലവുകളെ വളരെ നല്ലരീതിയിൽ ഒഴിവാക്കുവാൻ സാധിക്കും.
അടുത്തതായി, ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള ഒരു പഠനമാണ്. അതിൽ പ്രധാനമായും മനസ്സിലായിട്ടുള്ളത്, ഒരേ സാധനങ്ങൾക്കുതന്നെ പലയിടങ്ങളിലും ഉപഭോക്താവിൻറെ ഔചിത്യം നന്നായി മനസ്സിലാക്കിയ ശേഷം പല വിലകൾ ഈടാക്കുന്നു എന്നതാണ്.
അതുകൊണ്ടുതന്നെ ഏതുതരം പർച്ചേയ് സുകളും ഇടനിലക്കാരെ ഒഴിവാക്കി, വിശ്വാസവും, പരിചയമുള്ളവരിൽ നിന്നും ഡിസ്‌കൗണ്ട് ഉൾപ്പടെ ചോദിച്ചു വാങ്ങുവാൻ ശ്രമിക്കുകയും, കൂടാതെ ആവശ്യമുള്ള സാധനങ്ങളുടെ വിലനിലവാരം ഏകദേശം മനസ്സിലാക്കുവാൻ ഓൺലൈനിൽ വിശദാംശങ്ങൾ തിരയുന്നതും നന്നായിരിക്കും.
ഇപ്പോൾ കൂടുതലായി മരങ്ങൾ ഒഴിവാക്കി,കോൺക്രീറ്റ് അല്ലങ്കിൽ അലൂമിനിയം, സ്റ്റീൽ എന്നിവഉപയോഗിച്ചുള്ള വാതിൽ , ജനൽ ഫ്രയിമുകളുമൊക്കെയാണ് പലയിടങ്ങളിലും ഉപയോഗിച്ചുവരുന്നത്. ഒരുപരിധിവരെ അത് ചിലവുകൾ പരമാവധികുറക്കുവാനും, ചിതൽ ശല്യം ഇല്ലാതാക്കുവാനും, ഭാവിയിൽ വരാവുന്ന അറ്റകുറ്റപ്പണികൾ ഒഴിവാക്കുന്നതിനും അത്തരം രീതികൾ പര്യാപ്തമായാണ് തോന്നിയിട്ടുള്ളത്.
അതുപോലെ തന്നെ, പെയിൻറിംഗ്, ഇൻറീരിയർ തുടങ്ങിയവയിലും, ആഡംബരം പൂർണ്ണമായും ഒഴിവാക്കി, നമ്മുടെ വരുമാനത്തിനും, ആവശ്യങ്ങൾ കണ്ടറിഞ്ഞും മാത്രം പണം ചിലവഴിക്കുവാൻ തീരുമാനിക്കുകയാണങ്കിൽ. വലിയ ഒരുശതമാനം തുക ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ലാഭിക്കുവാനും, യാതൊരുവിധ ടെൻഷനുകളുമില്ലാതെ പണിപൂർത്തീകരിക്കുവാനും കഴിയുമെന്നതാണ് ഇത്തരം പ്ളാനിംഗുകളോടെ വീടു നിർമ്മാണത്തിന് ഇറങ്ങിയ പലരുടേയും അനുഭവം..!
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ

മികച്ച ഇൻറർലോക്ക് ഇഷ്ടിക എങ്ങിനെ തിരഞ്ഞെടുക്കാം ?
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍