കോഴിയിറച്ചി കഴിക്കുന്നതിനും മുൻപ് .
കാലങ്ങളായി ഇറച്ചിക്കോഴികളേയും, അതിൻ്റെ പരിപാലനത്തേയും സംബന്ധിച്ച് അനേകം അഭ്യുഹങ്ങളും, ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നതിനിടയിലാണ്, ഡൽഹി ആസ്ഥാനമായുള്ള ഒരു പ്രമുഖ പരിസ്ഥിതി സംഘടന, ഡൽഹിയുടെ പരിസരങ്ങളിൽ നിന്നും ശേഖരിച്ച അനേകം കോഴിയിറച്ചി സാമ്പിളുകളിൽ 40 ശതമാനത്തിലും , ടെട്രാസൈക്ലിൻ, ഓക്സിട്രാസൈക്ലിൻ, സിപ്രോഫ്ലോക്സാസിൻ, തുടങ്ങിയവ ആൻറിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
![]() |
| കോഴിയിറച്ചി കഴിക്കുന്നതിനും മുൻപ് . |
കോഴികളുടെ ശരീരത്തിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും, തൂക്കം കൂടുന്നതിനും ഇത്തരം ആൻറിബയോട്ടിക്കുകൾ കലർന്ന ഭക്ഷണം കോഴികൾക്ക് നൽകുകയും, തുടർന്ന് അത് ഭക്ഷണ രൂപത്തിൽ ശരീരത്തിലേക്കെത്തിച്ചേരുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മനുഷ്യ ശരീരത്തിൽ ആൻറിബയോട്ടിക്ക് റസിസ്റ്റൻസിന് വിധേയമായ ബാക്ടീരിയകൾ ഉത്പാദിപ്പിക്കപ്പെടുന്നു.
അതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം . കോഴികളുടെ ശരീരഭാരം വർദ്ധിപ്പിക്കുവാൻ നൽകുന്ന ഗ്രോത്ത് പ്രമോട്ടറുകളാണ്.
ഇത് സാധാരണ രീതിയിൽ കോഴിയിറച്ചി കഴിക്കുന്ന കുട്ടികളിൽ ' എൻഡോക്രൈൻ ' വ്യവസ്ഥകളെ ബാധിക്കുന്ന വിധത്തിലേക്കെത്തിക്കുകയും, അങ്ങിനെ ഹോർമോൺ അസന്തുലിതാവസ്ഥക്കും , കൂടാതെ ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കപ്പെടുകയും, തത്ഫലമായി കുട്ടികളിൽ പലരും ചിലപ്പോൾ പത്ത് വയസ്സിനും മുൻപേ തന്നെ, പ്രായപൂർത്തി വളർച്ച പ്രാപിച്ച ശാരീരികാവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും.
കൂടാതെ മുതിർന്നവരിൽ ഇത്തരത്തിൽ സംഭവിക്കാവുന്ന ഹോർമോൺ വ്യതിയാനം വന്ധ്യതയ്ക്കും , ഹോർമോൺ സംബന്ധമായ അസുഖങ്ങൾക്കും, തൈറോഡിനുമെല്ലാം കാരണമായേക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
| കോഴിയിറച്ചി കഴിക്കുന്നതിനും മുൻപ് . |
ആൻറിബയോട്ടിക്ക് റസിസ്റ്റൻസ് .
മുഖ്യമായ ഒരു പ്രധാന പ്രശ്നം , നേരത്തെ പറഞ്ഞതുപോലെ ഇത്തരം ആൻറിബയോട്ടിക്ക് അടങ്ങിയ ഭക്ഷണങ്ങൾ ഇറച്ചിക്കോഴികൾക്ക് , നൽകുമ്പോൾ അത് ഭക്ഷണമാക്കുന്ന മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന ആൻറിബയോട്ടിക്ക് റസിസ്റ്റൻസിൻ്റെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന ബാക്ടീരിയകളുടെ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളാണ്.
സാധാരണ ഗതിയിൽ പനിയോ, അതല്ലങ്കിൽ മറ്റ് അണുബാധകൾ പോലുള്ള അസുഖങ്ങളോ എല്ലാം സംഭവിക്കുമ്പോൾ ആശുപത്രികളിൽ നിന്ന് നൽകുന്ന സാധാരണ രീതിയിലുള്ള ചികിത്സകൾ പലപ്പോഴും ഫലിക്കാതെ വരികയും, രോഗവും, ചികിത്സയുമെല്ലാം സങ്കീർണ്ണമാകുകയും ചെയ്യാറുണ്ട്.
പൊണ്ണത്തടി
മറ്റൊന്ന്, കോഴികളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനായി കോഴികളെ ഇടതിങ്ങിയ കൂട്ടിലിട്ട് വളർത്തുന്ന രീതിയാണ്.
ഇത് മൂലം ഈ കോഴികളുടെ കൂടിനകത്തുള്ള ചലനവും, സഞ്ചാരവുമെല്ലാം അസാദ്ധ്യമാവുകയും, ഈ കോഴിയുടെ ഇറച്ചിയിലുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുകയും, അതുവഴി അത് ഭക്ഷിക്കുന്നവരിൽ പൊണ്ണ ത്തടിക്ക് കാരണമാവുകയും ചെയ്യും . ഇങ്ങിനെ കോഴിയിറച്ചിയിൽ നിന്നും ശരീരത്തിലേക്ക് കടക്കുന്ന ഈ 'സാച്ചുറ്റേഡ് ഫാറ്റ്' പിന്നീട് ഹൃദയാരോഗ്യത്തേയും സാരമായി ബാധിക്കും.
| കോഴിയിറച്ചി കഴിക്കുന്നതിനും മുൻപ് . |
എന്നാൽ ഇത്തരം അവസ്ഥാവിശേഷത്തെ നേരിടാൻ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് , കോഴികളെ വിപണിയിലെത്തിക്കുന്നതിനും നിശ്ചിത ദിവസങ്ങൾക്ക് മുമ്പ്, ഇത്തരം മരുന്നുകൾ കോഴികൾക്ക് നൽകുന്നത് നിർത്തണമെന്ന് നിയമം മൂലം അനുശാസിക്കുന്നുണ്ട്.
എങ്കിൽപ്പോലും അതൊന്നും കൃത്യമായി പാലിക്കപെടുന്നില്ലന്നുള്ളതാണ് പലപ്പോഴും റെയ്ഡുകൾ വഴി പിടിച്ചെടുക്കുന്ന ഇറച്ചിക്കോഴികളുടെ പരിശോധനയിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
സൂപ്പർ ബഗ് ( Superbag. ) മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇത്തരം മരുന്നുകൾ കലർന്ന ഭക്ഷണം നൽകി വളർത്തുന്ന രീതി ഇന്ത്യയിൽ മാത്രമല്ല. ലോകത്തിലെവിടേയും , മൃഗങ്ങൾക്കും കോഴികൾക്കും ഇത്തരം ആൻറിബയോട്ടിക് കലർന്ന ഭക്ഷണം നൽകുക വഴി, അത് ഭക്ഷിച്ച് മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സൂപ്പർ ബഗ് ബാക്ടീരിയകൾ ആരോഗ്യരംഗത്ത് ഉയർത്തുന്ന വെല്ലുവിളികൾ വളരെയേറെയാണ്.
അതിനാൽ തന്നെ പലപ്പോഴും സൂപ്പർ ബഗ് എന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം മൂലം കൃത്യമായി രോഗാവസ്ഥയെ , മനസ്സിലാക്കുന്നതിനും, രോഗം കണ്ടെത്തുന്നതിനും, മരുന്നുകൾ നിശ്ചയിക്കുന്നതുമെല്ലാം പ്രയാസകരമായിത്തീരുകയും ചെയ്യുന്നു എന്നതിനാൽ, ആരോഗ്യ രംഗത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ അവബോധവും, ജാഗ്രതയും വേണമെന്നും ലോകാരോഗ്യ സംഘടന ( WHO ) യും ആവശ്യപ്പെടുന്നു .
പ്രതിരോധം
അപ്പോൾപ്പിന്നെ എങ്ങിനെയാണ് ഇത്തരം അവസ്ഥാവിശേഷങ്ങളെ പ്രതിരോധിക്കാൻ കഴിയുക?
പ്രത്യേകിച്ചും, ഭക്ഷണത്തിൽ നിന്നും കോഴിയിറച്ചി പോലുള്ളവ ഒഴിവാക്കാൻ കഴിയാത്തവരെ സംബന്ധിച്ച് ?
അതിനായി,ആദ്യം വിശ്വസിനീയമായതും, കൃത്രിമ തീറ്റകളൊന്നും നൽകുന്നില്ലെന്ന് ഉറപ്പുള്ളതുമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഭക്ഷണ ആവശ്യങ്ങൾക്കുള്ള കോഴികളെ വാങ്ങുക എന്നതാണ്.
അതല്ലങ്കിൽ സ്ഥിരമായി ഗുണനിലവാര പരിശോധനകൾ നടത്തുന്ന ഫാമുകളിൽ നിന്നോ, അതുമല്ലങ്കിൽ നാടൻ കോഴികളേയോ ഭക്ഷണാവശ്യങ്ങൾക്കായി തിരഞ്ഞെടുക്കാം.
ഇറച്ചി തയ്യാറാക്കുമ്പോൾ
ഇനി ,അഥവാ മേൽപ്പറഞ്ഞവയൊന്നും, സാദ്ധ്യമല്ലാത്തിടത്തോളം ഇറച്ചി തയ്യാറാക്കുമ്പോൾ അത്യാവശ്യം വേണ്ട ചില മുൻകരുതലുകളും ഇക്കാര്യത്തിൽ കൈക്കൊള്ളാം.
അതിനായി ആദ്യം ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളമുപയോഗിച്ച് , ഇറച്ചി നന്നായി കഴുകി വൃത്തിയാക്കുക . അതുവഴി ഇറച്ചിയുടെ ഉപരിതലത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം കുറേയേറെ, മഞ്ഞൾപ്പൊടിയുടെയും, ഉപ്പിൻ്റെയും, ഉപയോഗം കൊണ്ട് ഒഴിവാക്കാം.
മറ്റൊന്ന് കൂടുതൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുവാൻ സാദ്ധ്യതയുള്ള കോഴിയുടെ കരൾ, തൊലി എന്നിവ നീക്കം ചെയ്ത് ഇറച്ചി മാത്രം ഉപയോഗിക്കുക .
ഇങ്ങിനെ ഇറച്ചിക്കു വേണ്ടി മാത്രം അന്യദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന കോഴി ഇറച്ചിയുടെ കാര്യത്തിൽ വാങ്ങുമ്പോഴും, പാചകം ചെയ്യുമ്പോഴും ചെറിയൊരു ശ്രദ്ധ നൽകുന്നത് ഭാവിയിലേക്കുമുള്ള കുടുംബാരോഗ്യ ആരോഗ്യസംരക്ഷണ കാര്യങ്ങളിൽ വളരെയേറെ ഉപകാരപ്പെടും.
മാത്രമല്ല, ഇങ്ങിനെ, കൂടുതൽ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതും, മനുഷ്യരെ നിത്യരോഗികളാക്കി മാറ്റിത്തീർക്കുന്നതുമായ പുതിയ കാല ഭക്ഷ്യ സംസ്ക്കാരത്തേയും, നാം അങ്ങേയറ്റം കരുതലോടും, ശ്രദ്ധയോടും കൂടിത്തന്നെ നേരിടേണ്ടതുമുണ്ട്.
ആയതിനാൽ ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും, അതിലുപരി പ്രകൃതിദത്ത ഭക്ഷണങ്ങൾ കൂടുതലായി ഉണ്ടാക്കിയെടുക്കുന്നതിലും , അത്തരം ഭക്ഷണങ്ങൾ ജീവിതത്തിൻ്റെ തന്നെ ഭാഗമാക്കി തീർക്കുന്നതിലൂടെയും. മാത്രമേ നമുക്ക് മികച്ച ഒരു കുടുംബാരോഗ്യ സംസ്കാരം തന്നെ രൂപപ്പെടുത്തിയെടുക്കുവാനും കഴിയൂ.

അഭിപ്രായങ്ങള്‍