ലാട്രേറ്റ് വീടുകളുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
കേരളത്തിലെ പ്രകൃതി സൗഹാർദ്ദ ഭവനങ്ങൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക, വെട്ടുകല്ലിൽ (ലാട്രേറ്റ് സ്റ്റോൺ) നിർമ്മിച്ച വീടുകളാണ്.
കല്ലുകളുടെ ലഭ്യത ഏറിയതുകൊണ്ടാകാം ഒരു പക്ഷേ കേരളത്തിൽ വടക്കൻ ജില്ലകളിലാണ് ഇത്തരം വീടുകൾ കൂടുതലായി കാണാൻ കഴിയുന്നത്. എന്തായാലും നിറയെ പച്ചപിടിച്ച ഭൂമിയിൽ അതിൻ്റെ ചരിവുകൾക്കനുസൃതമായ രൂപത്തിൽ ഒരു പ്ലാൻ രൂപപ്പെടുത്തുകയും, മനോഹരമായ പൂന്തോട്ടങ്ങൾക്കിടയിൽ ചുവന്ന കല്ലുകളിൽ നിർമ്മിച്ച ഒരു ചെറിയ വീട് ഗ്രാമാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതും കാണുമ്പോൾ ഏതൊരു സഹൃദയൻ്റെയും ഉള്ളം നിറഞ്ഞു പോകും!
![]() |
ലാട്രേറ്റ് വീടുകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ? |
എന്നാൽ എന്താണ് ഇത്തരം ലാട്രേറ്റ് കല്ലുകൾ ഉപയോഗിച്ച് വീടു നിർമ്മിക്കുമ്പോഴുള്ള ഗുണങ്ങൾ?
ഒന്നാമതായി പ്രാദേശികമായ അതിൻ്റെ ലഭ്യത, നിർമ്മാണത്തിൽ വളരെയേറെ, ചിലവുകുറക്കുവാൻ സഹായിക്കുന്നു.
കൂടാതെ പ്രകൃതി സൗഹാർദ്ദ നിർമ്മാണമാകുമ്പോൾ സിമൻ്റ് , കമ്പികൾ, എന്നിവയുടെ ഉപയോഗവും, ഭിത്തിയുടെ പ്ലാസ്റ്ററിംഗും ഒഴിവാക്കുക വഴി ബജറ്റിൽ വളരെ നല്ല രീതിയിലുള്ള ഒരു തുക ലാഭിക്കുവാനും കഴിയും .
കൂടാതെ, നിരന്തരം ഉയരുന്ന താപനിലയെ പ്രതിരോധിക്കുവാൻ ലാട്രേറ്റ് കല്ലുകൾക്ക് സാധിക്കുമെന്നതും ഇതിൻ്റെ മറ്റൊരു വലിയ സവിശേഷതയാണ്.
കല്ലിൽ എവിടെയുമുള്ള സുഷിരങ്ങൾ നിറഞ്ഞ ഘടന ചൂടിനെ എളുപ്പത്തിൽ അകത്തേക്ക് കടത്തിവിടില്ല എന്നതുപോലെ തന്നെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന തണുപ്പിനെ പുറത്തേക്ക് കടത്തിവിടാതെയും കല്ലുകൾ സംരക്ഷിക്കുന്നു.
ഒറ്റവാക്കിൽ,മനസ്സിനും, ശരീരത്തിനും, വളരെ പ്രസരിപ്പും, ഉൻമേഷവും, നൽകുന്നതോടൊപ്പം, , പ്രകൃതിദത്തമായ കുളിർമയും , അതിൻ്റെ ആസ്വാദ്യതയും അനുഭവിക്കാമെന്നതാണ്, ഇത്തരം പ്രകൃതി ഭവനങ്ങളുടെ മുഖ്യ സവിശേഷത.
അതുപോലെ തന്നെയാണ് ലാട്രേറ്റ് കല്ലുകൾ ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ, പടവുകൾ കെട്ടുന്നതിനായുള്ള സുർക്കിയുടെ ഉപയോഗം.
പ്രകൃതിദത്തമായി ലഭിക്കുന്ന വസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന സുർക്കിമിശ്രിതം സിമൻ്റിന് പകരമായി ഉപയോഗിക്കുന്നതിലൂടെ, ചൂടിനെ കൂടുതൽ പ്രതിരോധിക്കുന്നതിനും, ഭിത്തികൾക്ക് കൂടുതൽ കരുത്തും, ബലവും, നൽകുകയും ചെയ്യുന്നു .
മറ്റൊന്ന് മണ്ണ് ഉപയോഗിച്ച് വീടിൻ്റ
ഉൾഭാഗത്തെ ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്ന രീതിയാണ്.
വിവിധ നിറങ്ങളിലുള്ള മണ്ണ് ഉപയോഗിച്ചുള്ള ഈമിശ്രിതം , വീടിൻറെ ഉൾത്തളങ്ങൾക്ക് വ്യത്യസ്ത നിറവും, മനോഹാരിതയും നൽകുന്നതോടൊപ്പം കൂടുതൽ തണുപ്പ് നിലനിർത്താനും ഉപകാരപ്രദമാണ്.
അതിനാൽ തന്നെ, ചൂടുകാലത്ത് ഫാൻ, എ.സി. എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാനും കഴിയും.
എങ്കിലും വെട്ടുകല്ലിൻ്റെ തിരഞ്ഞെടുപ്പും, അതിൻ്റെ ലഭ്യതയുമെല്ലാം വീടിൻ്റെ നിർമ്മാണച്ചിലവുകളേയും, അതിൻ്റെ ഉറപ്പിനെയും, നല്ല രീതിയിൽ ബാധിക്കുമെന്നതിനാൽ ഇത്തരം വീടുകളുടെ നിർമ്മാണത്തിൽ വിദഗ്ധരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്..
ചുവന്ന ലാട്രേറ്റ് കല്ലുകൾ അന്തരീക്ഷത്തിലുള്ള വായുവുമായി സമ്പർക്കത്തിലേർപ്പെട്ട് ചില, രാസപ്രവർത്തനങ്ങൾ വഴി, കാലം ചെല്ലുന്തോറും കൂടുതൽ ദൃഢത കൈവരിക്കുന്നു. അതിനാൽ അത്തരം നിർമ്മാണങ്ങൾ വളരെക്കൂടുതൽകാലം നിലനിൽക്കുകയും ചെയ്യും .
ഒരു പക്ഷേ അതുകൊണ്ട് കൂടിയാകണം കേരളത്തിൽ ഇപ്പോഴും വളരെക്കാലം പഴക്കമുള്ള പല ബംഗ്ലാവുകളും, ചരിത്ര പ്രാധാന്യമുള്ള പഴയ കോട്ടകളുമെല്ലാം ഇന്നും, ഏവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ തന്നെ,,തലയുയർത്തി നിൽക്കുന്നത്.
മാത്രമല്ല, തീർത്തും, പ്രകൃതിദത്തമായതും, വീടിൻ്റെ പരിസരങ്ങളിൽ നിന്ന് ലഭ്യമാകുന്ന തടി, മരത്തിൻ്റെ ഉണങ്ങിയ വേരുകൾ,
മുളകൾ, തടി, കയർ എന്നിവയെല്ലാമുപയോഗിച്ച് ഇത്തരം വീടുകൾക്ക് അനുസൃതമായ മനോഹരമായ, ഇൻറീരിയറുകൾ സൃഷ്ടിക്കാമെന്നതും ഇതിൻ്റെ നിർമ്മാണത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്.
പക്ഷേ ഇങ്ങിനെയൊക്കെങ്കിലും, ഇത്തരം വീടുകളുടെ നിർമ്മാണത്തിൻ്റെ, ചില
ദൂഷ്യവശങ്ങളായി ചൂണ്ടിക്കാണിക്കുന്നത്
മഴക്കാലത്ത് ഇത്തരം കല്ലുകൾ അതിൻ്റെ സുഷിരങ്ങളിലൂടെ ജലാംശം വലിച്ചെടുക്കുമെന്നതും, അതുവഴി ഈർപ്പവും, പൂപ്പലും, പായലുമെല്ലാം പിടിച്ച് കല്ലുകൾ നശിച്ചുപോകുവാനുമുള്ള സാദ്ധ്യതകളുമാണ്.
തീർച്ചയായും അത് വസ്തുതാപരമാണങ്കിൽപോലും,. അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്നനിലയിൽ, ഇന്ന് മാർക്കറ്റുകളിൽ വിവിധയിനം വാട്ടർപ്രൂഫ് വാർണിഷുകൾ ലഭ്യമാണ്.
അത്തരം വാർണിഷുകൾ ഭിത്തികളിൽ പൂശുന്നതുകൊണ്ട് കല്ലുകൾക്ക്, സ്വാഭാവികമായ നിറം നിലനിർത്തി കൂടുതൽ തിളക്കം നൽകുവാനും, മുൻപ് പറഞ്ഞതുപോലെ, കല്ലുകൾ ഈർപ്പം വലിച്ച് നശിക്കാതിരിക്കാനും ഏറെ, സഹായകരവുമാണ്.
അതുപോലെ തന്നെ വയറിംഗ്, പ്ലംബിംഗ് ജോലികൾക്കായി ഭിത്തികൾ വെട്ടിപ്പൊളിക്കുന്നതും തുരക്കുന്നതും, അതീവശ്രദ്ധയോടെയും, വ്യക്തമായ പ്ലാനുകളോടെയും ചെയ്തില്ലങ്കിൽ അവിടെയും പലവിധ നഷ്ടങ്ങൾ സംഭവിക്കുവാനുള്ള സാദ്ധ്യതകളുമുണ്ട്.
എന്തായാലും ഇത്തരം വീടുകളുടെ നിർമ്മാണം നടത്തുമ്പോൾ എന്തുകൊണ്ടും കൂടുതൽ പരിചയസമ്പന്നരായവരുടെ നേതൃത്വത്തിൽ തന്നെ നിർമ്മാണം, പൂർത്തീകരിക്കുകയോ, അതല്ലെങ്കിൽ ഏതെങ്കിലും മികച്ച സ്ഥാപനങ്ങൾ വഴി നിർമ്മിക്കുകയോ എല്ലാമാകും എന്തുകൊണ്ടും അഭികാമ്യം!
Comments