മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം !
മലയാളം, മലയാളി, കേരളം എന്നൊക്കെപ്പറയുമ്പോൾ അതിനോടൊപ്പം ചേർന്നു നിൽക്കുന്നത്, കേരളത്തിൻ്റെ തനത് ആഘോഷങ്ങളും, ഉത്സവങ്ങളും, അതിലേറെ, അതിൻ്റെ രുചി വൈവിദ്ധ്യങ്ങളുമെല്ലാമാണ് .
പ്രത്യേകിച്ച് നാടൻ, രുചിക്കൂട്ട് കലർന്ന ഭക്ഷണങ്ങൾ, കാഴ്ചകൾ !
അതിൽത്തന്നെ, കേരളത്തിൻ്റെ അനേകം രുചി വിഭവങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാമ്പഴം .
![]() |
മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! |
മാമ്പഴം പിഴിഞ്ഞ് കുടിക്കാനും, ജ്യൂസ് രൂപത്തിലാക്കിയും , അതിലുപരി മാമ്പഴക്കറി, മാമ്പഴപ്പുളിശ്ശേരിയെല്ലാം കഴിക്കാനിഷ്ടമല്ലാത്തവർ തീരെ കുറയും!
മാമ്പഴവും, മാമ്പഴക്കാലവുമൊക്കെ അൽപ്പം പ്രായം കൂടുതലുള്ള ഒരു തലമുറക്ക് ഇന്നും ഒരുപാട് ഗൃഹാതുരത്വം ഉണർത്തുന്ന അവരുടെ ഒരു ബാല്യകാലസ്മരങ്ങൾ കൂടിയാണ് .!
എങ്കിൽപ്പോലും ഇന്ന് കേരളത്തിൽ പൊതുവിൽ , മറ്റേത് ഫലങ്ങളും പോലെ തന്നെ മാങ്ങയും, ചക്കയുമെല്ലാം പഴയതുപോലെ അത്ര സുലഭമൊന്നുമല്ല താനും.!
മറ്റൊരുവിധത്തിൽ, സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുന്ന കണിക്കൊന്നയിൽ നിന്ന് പൂവെടുത്ത് വിഷുക്കണി ഒരുക്കിയ മലയാളി ഇന്ന് തമിഴ്നാട്ടിൽ നിന്ന് വരുന്ന പ്ലാസ്റ്റിക്ക് പൂവെടുത്ത് ഓണവും വിഷുവുമെല്ലാം കൊണ്ടാടുന്നു അവസ്ഥയിലേക്കെത്തിയെന്നതും മറ്റൊരു വിധി വൈപരീത്യം.!
![]() |
മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! |
എങ്കിൽപ്പോലും, അത്തരം കാര്യങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും കഴിയില്ല.!
കാരണം പണ്ട്, ഒരേക്കറും, അരയേക്കറു മെല്ലാമുണ്ടായ വീടും, കൃഷി സ്ഥലങ്ങളുമെല്ലാം ഇന്ന് ജനസാന്ദ്രത കൂടുന്നതിൻറേയും, മറ്റു വികസനങ്ങളുടേയും ഭാഗമായി വളരെയേറെ കുറഞ്ഞു പോവുകയും, കൂട്ടുകുടുംബങ്ങളിൽ നിന്ന് ജീവിതവ്യവസ്ഥ മാറി അണുകുടുംബങ്ങളാകുകയും ചെയ്തപ്പോൾ സ്വാഭാവികമായും കൃഷിയും, വൃക്ഷങ്ങളും, ഫലവൃക്ഷങ്ങളുമെല്ലാം കുറഞ്ഞു വരികയോ, ഇല്ലാതെയാവുകയോ ചെയ്യുകയെന്നത് സ്വാഭാവികം.
പക്ഷെ, എങ്കിൽപ്പോലും,എന്തെല്ലാം ആശ്വാസവചനങ്ങൾ പറഞ്ഞാൽപ്പോലും , പണ്ട്, കേരം തിങ്ങും കേരളത്തിൽ എന്നെല്ലാം അഭിമാനപുരസ്സരം വിളിച്ചു കൂവിയിരുന്ന് നമ്മളിപ്പോൾ , കേരവുമില്ല, നാളികേരവുമില്ല, വെളിച്ചെണ്ണ പോലും കിട്ടാനില്ലാത്ത അവസ്ഥയിൽ ഇപ്പോൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലാണ്.
![]() |
മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! |
അതെന്തുമാകട്ടെ , എന്തായാലും അന്യദേശങ്ങളിൽ നിന്ന് വിഷമിച്ചു, രാസ ലായിനികളിലുമെല്ലാം മുക്കി, നിറം മാറ്റിയും അനേക ദിവസം കേടുകൂടാതെയുമൊക്കെ സംരക്ഷിച്ചു കൊണ്ടുവരുന്ന മാമ്പഴങ്ങൾ വിട്ട്, നമ്മൾ വീട്ടിലും, തൊടിയിലും, സീസണിലും ഉണ്ടാകുന്ന മാമ്പഴങ്ങൾ അതിൻ്റെ പോലും നഷ്‌ടപ്പെടാതെ , ഏറ്റവും പുതിയ സീസൺവരെ എങ്ങിനെയെങ്കിലും നമുക്ക് സൂക്ഷിച്ചു വെച്ച് പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നു നോക്കാം!
അതിനായി നമുക്ക് ആദ്യം വേണ്ടത്, മാമ്പഴത്തിൻ്റെ എണ്ണത്തിനും, വലിപ്പത്തിനും ആവശ്യമായ രീതിയിലുള്ള ഒരു വലിപ്പമുള്ള പാത്രമാണ്. ( ചീനച്ചട്ടിയോ, ചെറിയ ഉരുളിയോ എന്തുമാകാം)
നന്നായി പഴുത്തു തുടങ്ങിയ മാമ്പഴം (ഏകദേശം 20 എണ്ണം ) നല്ലവണ്ണം ആദ്യം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക.
പിന്നീട് മാമ്പഴത്തിൻ്റെ നീക്കിയ തൊലി അൽപ്പം വെള്ളമൊഴിച്ചു വെച്ച മറ്റൊരു പാത്രത്തിലേയ്ക്കിട്ട് ,അത് നന്നായി പിഴിഞ്ഞ് ഒഴിച്ച ശേഷം, ചണ്ടി കളയുക.
![]() |
മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! |
അടുപ്പിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് തൊലി കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന മാമ്പഴവും, അതിൻ്റെ തൊലി പിഴിഞ്ഞു കിട്ടിയ നീരും കൂടി , പാത്രത്തിലേക്കൊഴിച്ച് അടുപ്പ് കത്തിക്കുക.
പിന്നീട് അതിലേയ്ക്ക് രണ്ട് പാൽ പഞ്ചസാര (പഞ്ചസാര ഒരു പ്രിസർവേറ്റീവായാണ് ഉപയോഗിക്കുന്നത്, ) അതല്ലെങ്കിൽ തത്തുലമായ ചെറിയ കഷണം ശർക്കരയോ ഇട്ട് നന്നായി ലയിപ്പിക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, ഒരു മുളകുപൊടി എന്നിവ കൂടി ചേർത്ത് ഇളക്കുക.
അടുപ്പിലിരിക്കുന്ന മാമ്പഴവും, പാനിയും, തിളയ്ക്കുവാനാരംഭിക്കുമ്പോൾ , മാമ്പഴത്തിൽ ഒഴിച്ചു വെച്ചിരിക്കുന്ന വെള്ളം നന്നായി വറ്റിത്തീരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.
ഏകദേശം ഇരുപത് മുതൽ നാല്പത് മിനിട്ടോളം സമയം ഇളക്കിക്കഴിയുമ്പോഴേക്കും, പാത്രത്തിലുള്ള മാമ്പഴപ്പാനി വറ്റി , അതിൻറ സത്ത് മുഴുവൻ മാമ്പഴത്തിൽ പിടിച്ച് ചെറിയ ഒരു ഓറഞ്ചു കലർന്ന ബ്രൗൺ നിറമായി മാമ്പഴം മാറിത്തീർന്നിട്ടുണ്ടാകും.
അതിന് ശേഷം അടുപ്പിൽ നിന്നും പാത്രം ഇറക്കി താഴെ വെച്ച ശേഷം ചൂടാറാൻ അനുവദിക്കുക.
നന്നായി ചൂടറിയ ശേഷം മാമ്പഴം ഏതെങ്കിലും ഒരു പ്ലാസ്റ്റിക്ക് പാത്രത്തിലാക്കി വായുകയറാത്ത വിധം അടച്ച് ഭദ്രമാക്കി ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കാം.
ഇങ്ങിനെ സൂക്ഷിക്കുന്ന മാമ്പഴം ഒരു വർഷത്തിലധികം കേടുകൂടാതെ സംരക്ഷിക്കുവാനും, ആവശ്യമുള്ള ഏതൊരു സമയത്തും ഒട്ടും വിഷമമില്ലാത്ത, സ്വാദിഷ്ടമായ നമ്മുടെ വീട്ടുമുറ്റത്തുണ്ടായ മാമ്പഴമെന്ന സന്തോഷത്തോടെ ഏതൊരു സമയത്തും എടുത്താൽ നമുക്ക് തെല്ലും രുചി ചോർന്നുപോകാതെ തന്നെ പാചകം ചെയ്യാനും സാധിക്കും!
Comments