ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ്
വീട്ടിലായാലും, അതിഥികൾക്കായാലും ഭക്ഷണം ഉണ്ടാക്കി നൽകുന്നത് വളരെ സന്തോഷം നൽകുന്ന ഒരു അനുഭവവും, അതൊരു കലയുമാണ്.
വീട്ടിൽ വരുന്ന അതിഥികളുടെ അഭിരുചികൾ, അവരുടെ പ്രായം, ആരോഗ്യഘടന, വരുന്ന സമയം. ഇതെല്ലാം കണക്കിലെടുത്ത് ഉണ്ടാക്കിനൽകുന്ന ഭക്ഷണമാണ്. അതിഥികളേയും സന്തോഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ഉച്ചയൂണിൻ്റെ സമയത്ത് കയറി വരുന്ന വിരുന്നുകാരന് ഒരു ചായയും, ബിസ്ക്കറ്റും നൽകിയാലോ?
അതല്ലെങ്കിൽ ഉച്ചയൂണിന് വരുന്ന വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ മുൻപിൽ മട്ടൻ ബിരിയാണിയും, ചില്ലി ചിക്കണുമൊക്കെ കൊണ്ടുവന്നു കൊടുത്താലോ? അപ്പോൾ വരുന്നവരുടെ താത്പര്യമാണ് പ്രധാനം
പറഞ്ഞു വരുന്നത് ആധുനിക കാലത്ത് എല്ലാമനുഷ്യരും ഏതെങ്കിലും വിധത്തിലെല്ലാം പലവിധ അസുഖങ്ങളെ നേരിടുന്ന ഇക്കാലത്ത് കൂടുതലായും, എണ്ണയും , കൊഴുപ്പും കലർന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി കൂടുതൽ പോഷകസമ്പന്നവും, വളരെ ലളിതവുമായ പഴങ്ങളും, പച്ചക്കറികളുമെല്ലാം ഉപയോഗിച്ചുള്ള സലാഡുകളോ , ജ്യൂസുകളോ ഒക്കെ നൽകുകയാണങ്കിൽ അത് കഴിക്കുന്നവർക്കും നൽകുന്ന ആതിഥേയർക്കുമെല്ലാം വളരെ എളുപ്പവും, സന്തോഷകരവുമായിരിക്കുമെന്ന് തോന്നുന്നു.
![]() |
ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് |
അതുകൊണ്ടുതന്നെ താഴെപ്പറയുന്ന വെജിറ്റബിൾ സലാഡിൻ്റെ റസിപ്പി പലർക്കും ഒരു പക്ഷേ അറിയാമെങ്കിൽ പോലും, അത് ശരീരത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് അധികമാരും ചിന്തിച്ചു കാണില്ല.
ആരോഗ്യസംരക്ഷണത്തിനും, രോഗപ്രതിരോധങ്ങൾക്കുമായി കുട്ടികൾക്കുപോലും എളുപ്പം തയ്യാറാക്കാവുന്നതും , വളരെ ലളിതവുമായ ഈ വെജിറ്റബിൾ സലാഡ്, വളരെ പോഷക സമ്പുഷ്ടവും, സ്വാദിഷ്ടവുമാണ്.
മറ്റൊരു വിധത്തിൽ, അപ്രതീക്ഷിതമായ ഒരു അതിഥി സത്ക്കാരത്തിനോ, വിശപ്പകറ്റാനോ, ഇടവേളകളിലോ യൊക്കെ , വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്ന ഒരു ഭക്ഷണ വിഭവം കൂടിയാണ് ഇത്.
ആയുർവേദത്തിൽ ,പറയുന്നതുപോലെ ഭക്ഷണമാണ് മരുന്ന് എന്ന നിർവചനത്തിലുൾപ്പെടുത്തിയാൽ, ഉയർന്ന പ്രമേഹ സാദ്ധ്യതയുള്ളവർക്കും , ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർക്കും , ചിലതരം അർബുദ രോഗങ്ങളെ പ്രതിരോധിക്കാനും, കൂടാതെ കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കുമെല്ലാം ഇത് ഏതെങ്കിലും ഭക്ഷണത്തിൻറെ കൂടെ ഉൾപ്പെടുത്തിയോ , അല്ലാതെയോ എല്ലാം കഴിക്കാവുന്നതാണ്.
ലളിതമായ ഈ വെജിറ്റബിൾ സലാഡ് എങ്ങിനെയുണ്ടാക്കാം...?
ഇതിനായി ആവശ്യമുള്ള പച്ചക്കറികൾ
![]() |
ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് |
ക്യാരറ്റ് - 2, ബീറ്റ്റൂട്ട് - ഒരെണ്ണത്തിൻ്റെ പകുതി , ഒരു ചെറിയ വെള്ളരിക്ക പകുതി, തക്കാളി- 2, പച്ചമുളക് -2 , വേപ്പില - 2 തണ്ട്, ചെറുനാരങ്ങ നീര് - ഒരെണ്ണത്തിൻ്റെ പകുതി പിഴിഞ്ഞത്, ശുദ്ധമായ വെളിച്ചെണ്ണ - അര ടീസ്പൂൺ. ഉപ്പ് - ആവശ്യത്തിന്.
ആദ്യം മുകളിൽ സൂചിപ്പിച്ച എല്ലാ പച്ചക്കറികളും കഴുകി വൃത്തിയാക്കി, കനം കുറച്ച് വട്ടത്തിൽ ചെറുതായി അരിഞ്ഞെടുക്കുക.
അതിനു ശേഷം ക്യാരറ്റും, ബീറ്റ്റൂട്ടും, പകുതി വേവിച്ചെടുക്കുകയും, അതിനുശേഷം എല്ലാ പച്ചക്കറികളും കൂട്ടി കലർത്തി അതിൽ നീളത്തിലരിഞ്ഞ പച്ചമുളകും, വേപ്പിലയും ചേർക്കുക.
പിന്നീട് വെളിച്ചെണ്ണയും നാരങ്ങാനീരും, ആവശ്യത്തിനുള്ള ഉപ്പും കൂട്ടിച്ചേർത്ത് ഒരു നേരത്തെ ആഹാരമായോ , അതല്ലങ്കിൽ ഉച്ചയൂണിനിടയ്ക്കുള്ള ഒരു വിഭവമായോയെല്ലാം, ഉപയോഗിക്കുന്നത് ശരീരത്തിലെ അത്യാവശ്യം വേണ്ട വൈറ്റമിനുകളുടെ കുറവ് നികത്തുവാനും, ശാരീരികാരോഗ്യം നിലനിർത്തുന്നതിനുമെല്ലാം സഹായകരമാണ്. അതോടൊപ്പം, ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന പ്രധാന ഗുണങ്ങളെന്തെന്നുകൂടി പരിശോധിക്കാം.
![]() |
ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് |
ക്യാരറ്റ് - ഒരു ആൻ്റി ഓക്സിഡൻ്റായി പ്രവർത്തിക്കുകയും, ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.,അതുപോലെ, ശരീരത്തിനാവശ്യമായ വൈറ്റമിൻ എ . നൽകുന്നതോടൊപ്പം , രോഗപ്രതിരോധത്തിനും, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കും, ചർമ്മ സംരക്ഷണത്തിനുമെല്ലാം ഏറെ മികച്ചതാണ്.
ബീറ്റ്റൂട്ട് - ഫോളേറ്റ് , വൈറ്റമിൻ സി. എന്നിവ രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നതോടൊപ്പം ചുവന്ന രക്താണുക്കളുടെ വർദ്ധനവിനും, സ്ത്രീകളുടെ ഗർഭകാല സംരക്ഷണത്തിനുമെല്ലാം സഹായകരമാണ്
വെള്ളരിക്ക - ശരീരത്തിലെ രക്തം കട്ട പിടിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന വൈറ്റമിൻ കെ. ലഭ്യമാക്കുന്നതോടൊപ്പം , രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാനും, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമാവശ്യമായ പൊട്ടാസ്യവും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
തക്കാളി - വൈറ്റമിൻ സി. യോടൊപ്പം, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, കൂടാതെ ചിലയിനം ക്യാൻസറുകളേയും, സൂര്യാഘാതത്തിൽ നിന്നും ത്വക്കിനെ സംരക്ഷിക്കുവാനും, സഹായകരമായ ലൈക്കോപീൻ എന്ന സസ്യ പോഷകമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
പഴ വർഗ്ഗങ്ങൾക്ക് ചുവപ്പു നിറം നൽകുന്ന ഒരു പിംഗ് മെൻ്റു കൂടിയാണ് ലൈക്കോപീൻ .
ഇങ്ങിനെ വ്യത്യസ്ഥ ചേരുവകകളാൽ പോഷകസമ്പന്നമായ ഒരു രുചിക്കൂട്ടുമാത്രമല്ല.
ചൂട് കാലത്ത് ശരീരത്തിലെ നിർജ്ജലീകരണം അകറ്റാനും, ശരീരത്തിലെ കൊഴുപ്പ് ഒരു പ്രശ്നമായിത്തീരുന്നവർക്കുമൊക്കെ ഈ ഒരു വെജിറ്റബിൾ സലാഡ് ഡയറ്റിംഗിൻ്റെ ഭാഗമായോ, അല്ലാതെയോ ഒക്കെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതുമാണ്.
മുകളിൽ പറഞ്ഞപോലെ ,ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും , സുഗമമായ ദഹനപ്രക്രിയകൾക്കും, കാഴ്ച, അതുപോലെ ത്വക്ക്, ചർമ്മ സംബന്ധിയായ അസുഖങ്ങൾക്കും, ചിലതരം ക്യാൻസറിനെ തടയുവാനും, എല്ലാത്തിലുമുപരി പ്രമേഹ രോഗികൾക്കുമെ ല്ലാം കഴിക്കാവുന്ന ഒരു മികച്ച വെജിറ്റബിൾ സലാഡാണ് മേൽവിവരിച്ചത്.
Comments