ബോച്ചേ ഷാപ്പും, പാൽക്കപ്പയും !
എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും.
ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.
അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ.
വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . !
![]() |
എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. |
കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല .
കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട് ആളുകൾക്ക് വിശ്വാസ്യത കുറഞ്ഞോ എന്തോ, പഴയ പോലെ അത്ര ജനപ്രിയമല്ലാതാവുകയും ചെയ്തു .
എന്തായാലും വണ്ടി വൈപ്പിൻകരയിലെ നായരമ്പലമെന്ന സ്ഥലത്തെ ' ബോച്ചേ ടോഡി ഷോപ്പി ' ലേയ്ക്ക് തന്നെ അടുത്തു.
വളരെ മനോഹരവും, വിശാലവുമായ കായൽക്കരയിൽ താത്ക്കാലികമെന്ന് തോന്നിപ്പിക്കും വിധം പണിതുയർത്തിയ രസകരമായ ഷോപ്പ് .
കായലിൽ നിന്നുള്ള കാറ്റും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് നാടൻ രീതിയിലുള്ള ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാം. കൂടാതെ കായലിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് ആവശ്യക്കാർക്ക് അവിടെത്തന്നെ പാകപ്പെടുത്തി കഴിക്കാം. അതല്ലെങ്കിൽ പുഴയിലൂടെ ചെറിയ ബോട്ടു സവാരി നടത്താം , ഇതൊന്നുമല്ലെങ്കിൽ സ്വകാര്യതയ്ക്ക് അൽപ്പം പോലും ഭംഗം വരാതെ അവിടെയെല്ലാം കറങ്ങിനടന്ന് വർത്തമാനം പറഞ്ഞിരിക്കാം.
എന്തായാലും ഒരു ടൂറിസ്റ്റ് സങ്കേതമെന്നൊന്നും പറയുവാൻ കഴിയില്ലെങ്കിലും അവിടെ അനേകം ആളുകൾ വരികയും പോവുകയും, ഭക്ഷണവിഭവങ്ങൾ ആസ്വദിച്ച് കഴിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.
പാൽക്കപ്പയും , ബീഫും അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണന്നു തോന്നുന്നു. പലരും ഓർഡർ ചെയ്യുന്നതും വാങ്ങിക്കഴിക്കുവാൻ താത്പര്യമെടുക്കുകയുമെല്ലാം ചെയ്യുന്നതും ആ ഭക്ഷണ വിഭവം തന്നെയാണ് .
എന്തായാലും ഞങ്ങളും അതേ ഭക്ഷണത്തിൻ്റെ രുചി തന്നെ ആസ്വദിക്കുവാൻ തീരുമാനിച്ചു. ഓർഡർ ചെയ്ത് നിമിഷങ്ങൾക്കകം വലിയ ഒരു പരന്ന പാത്രത്തിൽ പാൽ കപ്പയും , ബീഫ് റോസ്റ്റും റെഡി .! മറ്റൊരു ചെറിയ മൺകുടത്തിൽ നുരഞ്ഞ് പൊങ്ങുന്നതെങ്ങിൻ കള്ള് . !
![]() |
എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. |
ആദ്യം ഒരു കഷണം കപ്പയെടുത്ത് വെറുതെ ഒന്നു രുചിച്ചു നോക്കി. സൂപ്പർ .! അങ്ങിനെ ഒരു വിശിഷ്ട വിഭവം അന്നദ്യമായി പരിചയപ്പെടുകയായിരുന്നു. കൂടെ കുരുമുളകിൻ്റേയും , സവാളയുടേയുമെല്ലാം, രുചിക്കൂട്ടിനിടയിലൂടെ ബീഫ് റോസ്റ്റും.!
ആദ്യം കള്ളിനോട് കൃത്യമായ അകലം പാലിച്ചവർ പിന്നീട് ഒരു ഗ്ലാസ് കള്ള് രുചിക്കാമെന്നായി. പിന്നീട് പാൽക്കപ്പയും ബീഫ് റോസ്റ്റും ചേർത്ത് ഒന്നോ രണ്ടോ പ്ളേറ്റുകൾ പലരും അകത്താക്കി. കായലിൽ നിന്നു വരുന്ന നനുത്ത കാറ്റിനിടയിലൂടെ അസ്തമയ സൂര്യൻ്റെ ചുവപ്പ് കായലിൽ പടർന്നു. എങ്ങും പലവർണ്ണങ്ങളിലുള്ള ലൈറ്റുകൾ പ്രകാശിച്ചു. ചുറ്റുമുള്ള കായൽപ്പരപ്പിൽ ബഹുവർണ്ണങ്ങളുടെ പ്രകാശങ്ങൾക്കിടയിലൂടെ പലവിധ മത്സ്യങ്ങൾ ഉയർന്നു പൊങ്ങി ചാടിക്കളിച്ചു. കൂടെയുള്ളവർ മനോഹരമായ ഗാനങ്ങളുടെയും നൃത്തച്ചുവടുകളുടെയും ലഹരിയിലേക്ക് മുങ്ങി .
എങ്കിലും അപ്പോൾ കഴിച്ച പാൽക്കപ്പയുടെ റെസിപ്പി എങ്ങിനെയെന്ന് അറിയണമെന്നോരാഗ്രഹം, വെയിറ്ററെ, വിളിച്ചു കാര്യം പറഞ്ഞു. അയാൾ സന്തോഷത്തോടെ ചെറുപ്പക്കാരനായ പാചകക്കാരനെ പരിചയപ്പെടുത്തി.
- ഒരു കിലോ കപ്പ - തൊണ്ട് കളഞ്ഞത് - ചെറിയ ഉള്ളി ഏകദേശം 7 - 8, വെളുത്തുള്ളി രണ്ട്, പച്ചമുളക് 4 - ഇതെല്ലാം ചേർത്ത് മിക്സിയിൽ ചതച്ചത്.
തേങ്ങാപ്പാൽ രണ്ട് കപ്പ് .
ഇത്രയും തയ്യാറാക്കിവെച്ച ശേഷം,,, ഒരു പാനിൽ കപ്പയും ഏകദേശം ഒരു ലിറ്റർ വെള്ളവും ചേർത്ത് , നന്നായി കപ്പ വേവിച്ചെടുക്കുക .
പിന്നീട് വേവിച്ച് വെച്ചിരിക്കുന്ന കപ്പ വെള്ളം ഊറ്റിക്കളഞ്ഞ്, നേരത്തെ ചതച്ചു വെച്ചിരിക്കുന്ന, ഉള്ളി പച്ചമുളക് എന്നിവയുമായി ചേർത്തിളക്കുക .
ശേഷം കപ്പ, നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുമായി ഇളക്കി ചേർത്ത്, അടുപ്പിൽ വെച്ച ശേഷം, ആവശ്യത്തിന് തേങ്ങാപ്പാൽ വറ്റിവരുമ്പോൾ പാൻ അടുപ്പിൽ നിന്ന് ഇറക്കിവെയ്ക്കാം .
പിന്നീട് മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക. അതിലേയ്ക്ക് അൽപ്പം ചുവന്നുള്ളി അറിഞ്ഞതും , രണ്ട് വറ്റൽമുളകും, വേപ്പിലയും ചേർത്ത് വഴറ്റിയെടുത്ത ശേഷം , നേരത്തെ വാങ്ങി വെച്ചിരിക്കുന്ന പാൽ കപ്പയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.! വളരെയേറെ സ്വാദിഷ്ടവും, ലളിതവുമായ പാൽക്കപ്പ റെഡി.!
എന്തായാലും അന്നത്തെ ആ ഒരു ദിവസം വളരെ മനോഹരമായിതന്നെ ആസ്വദിച്ചുതീർത്തു. ഇനി അതിൻറെ ഒരു വൈബിലാകും അടുത്ത കുറേ ദിവസങ്ങൾ മുന്നോട്ടുപോവുക.!
Comments