<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

കടബാദ്ധ്യതകൾ തീർത്ത പരിഹാരക്രിയ.

ജ്യോത്സൃനാണ്. പക്ഷേ, ഈ ശാസ്ത്രത്തിൻറെ വിശ്വസനീയത എങ്ങിനെയെന്നു ചോദിച്ചാൽ, ഒരു ചിരി മാത്രമാകും, ചെറുപ്പക്കാരനായ അദ്ദേഹത്തിൻ്റെ മറുപടി. മറ്റെല്ലാവരേയും പോലെ ഡിഗ്രി കഴിഞ്ഞ് തൊഴിലന്വേഷണം പുരോഗമിച്ചപ്പോൾ പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല അച്ഛൻ്റെ വഴിയേ പുള്ളിക്കാരനും അങ്ങുകൂടി. 

ഒരു തൊഴിലായതുകൊണ്ടുതന്നെ അതിൻറെ വിശ്വാസപ്രമാണങ്ങളൊ,...യുക്തി ഭദ്രതയോ ഒന്നും അധികം ചികഞ്ഞുനോക്കാനും, നിന്നില്ല, തന്നെതേടിയെത്തുന്നവർക്കായി അദ്ദേഹം, രാവിലെ പത്തുമുതൽ തന്നെ ഓൺലൈനിൽ സജീവമാകും.


https://www.vlcommunications.in/2024/12/blog-post.html
ധനാഗമമാർഗ്ഗങ്ങൾ മന്ത്രവാദത്തിലൂടെയും, പൂജയിലൂടെയും സാദ്ധ്യമാക്കാം എന്ന് വിശ്വസിക്കുന്ന ഒരു ജനത ഈ ആധുനിക ശാസ്ത്രയുഗത്തിലും ഇൻഡ്യയിലും ഉണ്ട് എന്നത് വിസ്മയകരംതന്നെ!


മറ്റൊരുവിധത്തിൽ, ഇത് ഒരു കച്ചവടം എന്നതിലുപരി മികച്ച സാമൂഹ്യ പ്രവർത്തനം കൂടിയാണന്നാണ് ജ്യോത്സ്യൻ്റെ പക്ഷം.

കാരണം ജീവിതം വഴിമുട്ടിയെന്നും, മറ്റുവഴികളൊന്നും തന്നെ ഇനി തൻറെ മുന്നിലില്ലന്നും, തീർത്തും ബോദ്ധ്യപ്പെടുമ്പോഴാകും, പലരും കൂടുതലായും, ഇത്തരം പ്രവചനങ്ങളിലും, ജ്യോതിശാസ്ത്രവുമായും ബന്ധപ്പെടുക. 

എങ്കിലും, അതിനു തക്ക പരിഹാരക്രിയകളൊന്നും ഈ ലോകത്ത് ലഭ്യമല്ലന്ന്, ഉറച്ച ബോദ്ധ്യമുള്ള ജ്യോത്സ്യനാകട്ടെ..., അപ്പോൾ കിട്ടുന്ന ഗ്രഹനിലകൾ പ്രകാരം , മികച്ച ഒരു ഭാവി താമസിയാതെ തെളിഞ്ഞുവരുമെന്ന ആശ്വാസവചനം നൽകി പലരേയും പറഞ്ഞുവിടുകയും ചെയ്യും.! ചിലരിൽ അത് ഫലവത്താകും. മറ്റുചിലരെ പിന്നെ കണ്ടിട്ടുമില്ല.!

 ഫലത്തിൽ കേൾക്കുന്നവനും, പറയുന്ന ജ്യോത്സ്യനും അത് രസകരമായ ഒരു പ്രവൃത്തിയാണ്... 

 കാരണം, ആ ഒരു മരപ്പലകയിലും, കരുക്കളുമാണ് ഓരോ മനുഷ്യരുടെ സകലജീവിത രഹസ്യവും ഒളിച്ചിരിക്കുന്നതെന്ന് പൊതുവേയുള്ള മനുഷ്യരുടെയെല്ലാം വിശ്വാസം.. 

എങ്കിൽപ്പോലും, ചിലപ്പോഴെങ്കിലും, ഒരു സൈക്കോളജിസ്റ്റിനേക്കാൾ വളരെ മെച്ചപ്പെട്ടരീതിയിൽ പലർക്കും ഇത്, ഒരു പുതുഊർജ്ജം നൽകുവാനും, കുറച്ചുകാലത്തേയ്ക്കെങ്കിലും തെല്ലൊരാത്മവിശ്വാസം നൽകുവാനുമൊക്കെ ഈ ശാസ്ത്രം വളരെ നന്നായി പ്രയോജനപ്പെട്ടിട്ടുണ്ടന്നുള്ള കാര്യവും നിഷേധിക്കുവാനുമാകില്ല.   

ഇങ്ങിനെയൊക്കെയാണങ്കിലും, ഒരുകൂട്ടം മനുഷ്യർ ഇത്തരം കാര്യങ്ങൾക്കായി പലപ്പോഴും വരുന്നത്, തങ്ങൾക്കുമാത്രമായി ഒരു മെച്ചപ്പെട്ട ഭാവിജീവിതം ഉറപ്പുവരുത്തുവാൻ വേണ്ടി മാത്രമാകും.! 

ഇങ്ങിനെ ജ്യോത്സ്യനും, പല കാര്യങ്ങളും , ചിന്തിച്ചും,വായിച്ചും, ,കണക്കുകൂട്ടിയുമൊക്കെ, ഇരിക്കുമ്പോഴാണ്, കുറേക്കാലങ്ങളായി ജീവിതം പ്രതിസന്ധിയിലായ ഒരു കൂലിവേലക്കാരൻ, തൻറെ ജീവിതം ലക്കും,ലഗാനുമില്ലാതെ എങ്ങോട്ടാണ് നീങ്ങുന്നതെന്നറിയാൻ യാതൊരു മാർഗ്ഗവുമില്ലാതെ, ജ്യോത്സ്യനെ വിളിച്ചത്.

രണ്ടുപെൺമക്കൾ, അതിൽ, ഒന്നിനെ കെട്ടിച്ചയച്ചു. മറ്റേത് പുരനിറഞ്ഞുനിൽക്കുന്നു. ആദ്യം നടത്തിയ കല്യാണ വായ്പ്പയുടെ ബാദ്ധ്യത മാനം മുട്ടെ ഉയരത്തിലാണ്. കൂലിപ്പണിയായതിനാൽ ആരോഗ്യപ്രശ്നങ്ങളും, തൊഴിലില്ലാത്ത അവസ്ഥയുമുണ്ട്. എങ്ങിനെമുന്നോട്ടുപോകണമെന്ന് യാതൊരു പിടിപാടുമില്ല. ജ്യോത്സ്യർ കൈവിടരുത്... ഒരു മാർഗ്ഗം പറഞ്ഞുതരണം.!

അപേക്ഷയുടെ ശബ്ദം, ശ്രദ്ധിച്ചുകേട്ട ജ്യോത്സ്യൻ ഒരു നിമിഷം സ്തബ്ദനായി. 

ഏകദേശം 60 വയസ്സിന് മേലെ പ്രായം, അദ്ധ്വാനശേഷി പാടെ നശിച്ചിരിക്കുന്നു, തൊഴിലില്ലാത്ത സാഹചര്യം...! മൂക്കുമുട്ടെ കടം.! ഇങ്ങിനെയുള്ള ഒരു മനുഷ്യനോട് ഏതുഗ്രഹനിലപ്രകാരമാണ് ശോഭനമായ ഒരുഭാവിയുണ്ടന്ന് വെറുതെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാവുക...? അങ്ങനെ, കവിടി വാരിനിരത്തിയ ജ്യോത്സ്യർക്ക് ശിഷ്ട ജീവിതം സമ്പന്നമാകുമെന്നൊ, ഗജകേസരീയോഗമുണ്ടന്നൊക്കെപ്പറഞ്ഞ് വിശ്വസിപ്പിക്കുവാനോ, കണ്ടെത്തുവാനോ,മനസ്സുവന്നതുമില്ല.

 എന്തായാലും, ജീവിതം ഇപ്പോൾ കടന്നുപോകുന്നത് വളരെ മോശമായ സമയത്തിലൂടെയാണ്, ശാന്തിക്കും, മനഃസമാധാനത്തിനും, കഷ്ടകാലം നീങ്ങിക്കിട്ടുവാനുമൊക്കെ ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമാണ്, സ്വയം ശക്തിപ്പെടാനുള്ള ഏകമാർഗ്ഗം. കൂടാതെ കിട്ടുന്ന വരുമാനത്തിനനുസൃതമായി ജീവിതം ക്രമപ്പെടുത്തുകയും.ഭാവിയെക്കുറിച്ചോർത്ത് അനാവശ്യമായ ഉത്കണ്ഠകളൊക്കെ ഒഴിവാക്കാനുമെല്ലാം ജ്യോത്സ്യർ പലവട്ടം പറഞ്ഞ് മനസ്സിലാക്കുവാനെല്ലാം ശ്രമിച്ചെങ്കിലും... അതെല്ലാം ,..വൃഥാവില....വെറും ശബ്ദം മാത്രമായി, വായുവിലലിഞ്ഞില്ലാതെയായി.

ദൈവത്തോട് പ്രാർത്ഥിക്കാനും, മോശം സമയമാണന്ന് പറയാ നുമായിരുന്നെങ്കിൽ താനെന്തിന്, ഇത്രയും ബുദ്ധിമുട്ടി ജ്യോത്സ്യരെ കാണണമെന്നായി വിളിച്ചയാൾ.!

- അപ്പോൾപിന്നെ താൻ എന്താണ് വേണ്ടതെന്ന് ജ്യോത്സ്യനും - തനിക്ക് വേണ്ടത് പ്രശ്നപരിഹാരമാണ്,,,, അല്ലാതെ ഉപദേശമല്ല...!! അതിനായി കുറച്ച് പണം ചിലവാക്കേണ്ടിവന്നാലും അതൊരു പ്രശ്നമല്ല.." കൂലിവേലക്കാരൻ്റെ ശബ്ദം അൽപ്പം രോഷാകുലമായി.! 

 അപ്രതീക്ഷിതമായി പ്രതിസന്ധിയിലാകപ്പെട്ട ജ്യോത്സ്യൻ , അൽപ്പ സമയം ആലോചിച്ചശേഷം പറഞ്ഞു. "പരിഹാരമുണ്ട് പക്ഷെ പണം ഒത്തിരി കൂടുതൽ ചിലവാക്കേണ്ടിവരും."

"അത് , ഒരു പ്രശ്നമാക്കേണ്ട, കാര്യം പറയൂ..". മറുവശത്തെ ശബ്ദത്തിന് കനവും, അഹങ്കാരവും തെല്ലുവർദ്ധിച്ചപോലെ, ജ്യോത്സനും തോന്നി .! എങ്കിൽ ശരി ഒരു പതിനഞ്ച് പൂജയ്ക്കുള്ള പണം ഉടനെ ശരിയാക്കിക്കൊള്ളൂ...!

" അതെത്ര..?"

"പൂജ ഒന്നിന്, പതിനായിരം. അപ്പോൾ പതിനഞ്ച് പൂജയ്ക്ക് ഒരുലക്ഷത്തി അൻപതിനായിരം." - ജ്യോത്സ്യൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.!

 പെട്ടെന്ന്, ഒരു കനത്തമൗനം അവിടെമാകെ പരന്നു .. എങ്കിലും അതിനെ വട്ടം മുറിക്കാൻ തീരുമാനിച്ച, ജ്യോത്സ്യൻ മറുതലയ്ക്കൽനിന്നുള്ള മറുപടിക്കായി ദീർഘനേരം കാത്തിരുന്നു...

എന്തായാലും, അൽപ്പ സമയത്തിന് ശേഷം റസീവറിൻറെ മറുതലയ്ക്കൽ നിന്നും പഴയതിനേക്കാൾ ദുർബലമായ രീതിയിൽ ഒരു ശബ്ദം വീണ്ടും പുറപ്പെട്ടു..

താഴ്ന്ന സ്ഥായിയിൽ ആ ശബ്ദം, അപേക്ഷിച്ചു "അത്രേം വലിയ പരിഹാരക്രിയവേണോ...... ഒരു അൻപതിനായിരം,...അറുപതിനായിരം....??. " "

 വേണം എന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ.. "- ജ്യോത്സ്യൻ തീർത്തുപറഞ്ഞു. "പണം ഗഡുക്കളായി തന്നാലോ...??"- ശബ്ദം തിരിച്ചു ചോദിച്ചു..   അതെങ്ങിനെ...? ഉദ്ദേശിച്ച ഫലം കിട്ടണ്ടേ...? "

"അപ്പോൾ പിന്നെ എന്തുചെയ്യും...? " - അതൊന്നും എനിക്കറിയില്ല... നിങ്ങൾ തീരുമാനിക്ക്." - ജ്യോത്സ്യൻ തീരെ താത്പ്പര്യമില്ലാത്തവണ്ണം പറഞ്ഞു." ഇതിനുമുൻപ് വേറെയും പരിഹാരക്രിയകളൊക്കെ ഏറെ ചെയ്തതാണ്.. ! "- "എന്നിട്ട്...? " ജ്യോത്സ്യൻ ആകാംക്ഷയോടെ ചോദിച്ചു...

"പ്രത്യേകിച്ചൊന്നുമുണ്ടായില്ല.." - മറുതലയ്ക്കൽ നിന്നും നിരാശാജനകമായ മറുപടി. "അപ്പോൾപ്പിന്നെ വീണ്ടും പരിഹാരം തേടി ഇങ്ങോട്ടു വന്നതെന്തിനാണ്..? " ജ്യോത്സ്യരാകുമ്പോ കാര്യം കാര്യമായിട്ട് പറയുമെന്ന് പലരും പറഞ്ഞു... "  

" ഓഹോ.... ..!... അതിരിക്കട്ടെ, കഴിഞ്ഞ പ്രാവശ്യം ചെയ്തപൂജയ്ക്ക് എത്രചിലവായി..? " ".. ഒരുലക്ഷം .!."

" അത് ശരി. അപ്പോൾ അതിനുള്ള പണമൊക്കെ സൂക്ഷിപ്പുണ്ടായിരുന്നോ...?". " ഇല്ല..... അതും കടംവായ്പ്പയായി സംഘടിപ്പിച്ചു... കഷ്ടകാലം തീരുന്ന മുറയ്ക്ക് തിരിച്ചടക്കാൻ പറ്റൂല്ലോന്ന് കരുതി.."

"ഊഹും.....!! അതുപോട്ടെ...എന്നിട്ട് ഇപ്പോൾ ഞാൻ പറഞ്ഞ പരിഹാരക്രിയകൾ ചെയ്യാൻ നിങ്ങൾ തയ്യാറല്ലേ.. ?" 

" തയ്യാറാണ്..... എന്തായാലും... കടംമേടിച്ചായാലും നടത്തും, നല്ലൊരു കാര്യത്തിനല്ലേ...!"

" അപ്പോൾ മൊത്തം കടബാദ്ധ്യത മൂന്നരലക്ഷം അല്ലെ....!? " " അതെ... " " എന്നാൽ ഞാനൊരു കാര്യം പറയട്ടെ..." " പറയൂ.... " " കല്യാണച്ചിലവിനായ് നിങ്ങളെടുത്ത വായ്പ്പത്തുക ഞാനങ്ങ് അടച്ചുതീർത്താലോ..." .... " അയ്യോ സ്വാമിക്കത് ബുദ്ധിമുട്ടില്ലേ..... "     

" അത് കാര്യമാക്കണ്ട... പക്ഷേ അതിന് മുൻപ് പണ്ട് പരിഹാരക്രിയകൾക്കായി എടുത്ത തുക നിങ്ങൾ തന്നെ അടയ്ക്കണം... അതൊരു ബുദ്ധിമുട്ടാവോ....? " .... " "അയ്യോ...അതെന്ത് ബുദ്ധിമുട്ട്...! സ്വാമി ഈ ചെയ്യുന്ന ഉപകാരം തന്നെ ദൈവമായി മുന്നിൽ കൊണ്ടെത്തിച്ചതാണ് ....!! എന്തായാലും സ്വാമി വലിയ ഒരു കടക്കെണീന്നാണ് ഞങ്ങളെ രക്ഷിച്ചെടുത്തത്.! സ്വാമിയെ ദൈവം രക്ഷിക്കും.. " അയാൾ നേർത്ത ശബ്ദത്തിൽ വിതുമ്പി.     

" എന്നാൽപ്പിന്നെ... അങ്ങിനെയായിക്കോട്ടെ.. കൈയ്യോടെ തന്നെ ലോണടച്ച് ബാദ്ധ്യത തീർത്തോളൂ..... പലിശ കൂട്ടണ്ട... " - ജ്യോത്സ്യൻ സംഭാഷണമവസാനിപ്പിക്കാൻ ധൃതികൂട്ടി... " പണം സ്വാമി ഓൺലൈനിൽത്തന്നെ... അയക്കില്ലേ... ? "   

" അതിന് ആ പണം ഞാൻ നിങ്ങൾക്ക് തന്നുകഴിഞ്ഞില്ലേ...?? " "അതെങ്ങിനെ....? " - ജ്യോത്സ്യൻ്റെ മറുപടികേട്ട് വിളിച്ചാൽ ഞെട്ടി - " "ഇതിനുള്ളിൽ ഞാൻ നിങ്ങൾക്കായുള്ള, പരിഹാരക്രിയകൾ ഞാൻ ഒരുപണവും വാങ്ങാതെതന്നെ ചെയ്തതായി സങ്കൽപ്പിച്ചോളൂ.., ...   ....! ഇപ്പോൾ കാര്യങ്ങളെല്ലാം ശരിയായില്ലേ...!" 

 - പണം കാത്തുനിന്ന ഫോണിൻ്റെ മറുതല പെട്ടെന്ന് ഒരു നിമിഷം നിശബ്ദമായി...!-പിന്നീട് അതിലേറെ ഉച്ചത്തിൽ ശബ്ദം അലറിവിളിച്തു..

 " എടോ.....പന്നസ്വാമി...........!! - അത്  സ്വാഭാവികമായ ഒരു പ്രതികരണമെന്നമട്ടിൽ ജ്യോത്സ്യൻ ഫോൺകട്ടുചെയ്തു.-

 ഫോണിൽ അന്നേദിവസം ജ്യോത്സ്യൻ്റെ കൺസൾട്ടിംഗ് ഫീസായി ഓൺലൈനിലേക്ക്, അതിരാവിലെ, ഒഴുകിവന്ന ആയിരംരൂപ ജ്യോത്സ്യനെ നോക്കി പലവട്ടം പൊട്ടിച്ചിരിച്ചു... ആ മനുഷ്യൻ ആ സംഖ്യകളെ നോക്കി കുറേനേരം തരിച്ചിരുന്നു. പിന്നീട് പണം വന്ന അതേ നമ്പറിലേക്ക് പൈസ തിരിച്ചയച്ച് ജ്യോത്സ്യൻ ഇങ്ങിനെ കുറിച്ചു.

                                   - മറ്റാരോ ചെയ്ത പാതകത്തിന് ഞാൻ  കൂടി ഉത്തരവാദിയെന്ന ബോദ്ധ്യത്തിൽ നിങ്ങൾ എനിക്ക് നൽകിയ ഈ പണം കൂടി ഞാൻ തിരിച്ചയക്കുന്നു. ഒരുപക്ഷേ.... ഈ തുക കൂടി നിങ്ങളുടെ ജീവിതം ലഘൂകരിക്കുവാൻ  ഉപയുക്തമാകുമെങ്കിൽ ഞാനും കൃതാർഥനായി..... ! . നന്മകൾ നേരുന്നു.!! -



Comments