ശംഖു വൈറലാണ്.
പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ ആസ്വദിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിന് യോജിച്ച തരത്തിൽ ' ശംഖു വൈറലെന്ന,' ഒരു തലക്കെട്ടും അറിയാതെ കയറിവന്നു..
സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ അതുകൊണ്ടു കൂടിയാകണം, മറ്റൊരുപേരുണ്ടായിട്ടും, അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..
എങ്കിലും അവൻറെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻറെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ട്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും.
" അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....! "
-പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നിരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും.
അവൻറെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്കുകളിലേക്ക് നിരന്തരം പാഞ്ഞുപോകുന്ന ടെക്കിയായ ശംഖുവിനെ വീട്ടുകാർ അത്ഭുതത്തോടെയും, അമ്പരപ്പോടും കൂടിത്തന്നെ നോക്കി.
" ഭക്ഷണം കഴിക്കാൻ പോലും സമയമില്ലവന്." അമ്മൂമ്മ കസേരയിൽ കാൽ നീട്ടിയിരുന്ന് ആരോടൊന്നില്ലാതെ പിറുപിറുത്തു.
പലപ്പോഴും രാവിലെ വീട്ടിൽ നിന്ന് ബൈക്കിൽ പാഞ്ഞുപോകുന്ന ശംഖു, തിരിച്ച് തറവാട്ടിലേക്കെത്തുന്നത് രാത്രി വളരെ വൈകിയാണ്. അനേകം പെൺ സുഹൃത്തുക്കളുള്ള അവൻ, അവരോടൊന്നിച്ച് അടുത്തുള്ള ടൗണിലെ തട്ടുകടയിൽ പോയി ഇഷ്ട ഭക്ഷണവും കഴിച്ച്, ബൈക്കിൽ അവരേയും പുറകിലിരുത്തി വീട്ടിലെത്തിച്ചശേഷമേ, തറവാട്ടു വീട്ടിൽ തിരിച്ചെത്തുക പതിവുണ്ടായൊള്ളൂ. മാത്രമല്ല ശംഖുവുമായി ഏതു സമയത്തുമുള്ള യാത്ര പെൺകുട്ടികൾക്കും ഹരമായിരുന്നു. കാരണം അത്രയേറെ സുരക്ഷിതത്വം അവനോടൊത്തുള്ള യാത്രയിൽ അവർക്കും തോന്നിയിരുന്നു.
എന്തായാലും ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന നാട്ടുകാരിൽ ചിലർ ശംഖുവിൻറെ രീതി അത്ര പന്തിയല്ലന്ന് കാരണവൻമാരെ അറിയിച്ചു. എന്നാൽ ഇതിൻറെ കാര്യകാരണങ്ങളെല്ലാം തിരക്കിയ തറവാട്ട് കാരണവൻമാരോട്..
" അതെല്ലാം തൻറെ സുഹൃത്തുക്കളല്ലെ,... അതിനെന്താണ് പ്രശ്നമെന്നായിരുന്നു " ശംഖുവിൻറെ തിരിച്ചുള്ള മറുപടി
അന്തം വിട്ടുനിന്ന തറവാട്ടുകാർ അന്ന് ശംഖുവറിയാതെ ഒരു രഹസ്യയോഗം കൂടി. " ഇളയ കുഞ്ഞാണന്നുകരുതി എല്ലാത്തിനും വളംവെച്ചുകൊടുക്കാൻ പറ്റോ? " മൂത്ത കാരണവർ അത്ഭുതം കൂറി.
"തെക്കിനേടത്തെ പണിക്കരശ്ശനെ കണ്ട് നല്ലൊരു ഏലസ്സ് ജപിച്ച് അരയിൽ കെട്ടിക്കണം. എങ്ങിനെ വളർന്ന ചെറുക്കനാ...? ഏതോ പെൺപിള്ളാരുടെ വീട്ടുകാര് കൂടോത്രം വെച്ചേക്കണ്യാ..! " അമ്മായിപറഞ്ഞു.
അടുത്ത ദിവസം ശംഖുവിനെ കാത്തിരുന്നത് ഒരു വിവാഹാലോചനയാണ്. ഒരു പെണ്ണുകെട്ടിച്ചാൽ കാര്യങ്ങൾ നേരെയാകുമെന്ന ജ്യോത്സ്യൻ പണിക്കരച്ചൻറെ അഭിപ്രായം മാനിച്ചായിരുന്നു തറവാട്ടുകാർ ഒന്നടങ്കംആ തീരുമാനമെടുത്തത്.
എന്തായാലും വീട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനമല്ലെ പോയികണ്ടുകളയാമെന്ന് ശംഖുവും തീരുമാനിച്ചു.
പെൺകുട്ടി കാണാൻ അതിസുന്ദരിയൊന്നുമല്ലങ്കിലും, വിദ്യാഭ്യാസവും ലോകവിവരവുമുണ്ടന്ന് ശംഖുവിനും തോന്നി. എന്തായാലും പെണ്ണുകാണലിന് ശേഷം ശംഖുവും, ആ പെൺകുട്ടിയും തമ്മിലുള്ള ചാറ്റിംഗിൽ അനേകം വസന്തവും, സ്വപ്നവും,ജീവിത വീക്ഷണങ്ങളുമെല്ലാം ദിനംതോറും പങ്കുവെയ്ക്കപ്പെട്ടു.
"എന്നാൽപ്പിന്നെ കാര്യങ്ങളെല്ലാം ഒരു തീരുമാനമായ സ്ഥിതിക്ക് വീടുകാണൽ ചടങ്ങിലേയ്ക് പെൺവീട്ടുകാരെ അടുത്തദിവസം തറവാട്ടിലേക്ക് ക്ഷണിക്കാം.." തീരുമാനം തറവാട്ടിലെ മൂത്തകാരണവരുടേതാണ്.
പക്ഷേ ശംഖുവിന് അതത്ര പന്തിയായി തോന്നിയില്ല. പിറ്റേന്നുരാവിലെ പറമ്പിലെ ജാതിമരത്തോട്ടത്തിൽ വിളവെടുപ്പിന് പാകമായ കായ് കൾ തപ്പി നടന്ന തറവാട്ടിലെ മൂത്തകാരണവർ കണ്ടകാഴ്ച്ച അദ്ദേഹത്തെ അടിമുടി ഞെട്ടിച്ചു.
വീട്ടുമുറ്റം, ബൈക്കിൻറെ 'കടകട' ശബ്ദത്തിൽ വിറപ്പിച്ച് ശംഖു അതാ വിവാഹനിശ്ചയം നടത്താനിരിക്കുന്ന പെൺകുട്ടിയേയും ബൈക്കിലിരുത്തി തറവാട്ടിലേയ്ക്കുകയറിവരുന്നു. ഒരു നിമിഷം കണ്ണിലേയ്ക്ക് ഇരുട്ട് കയറിയ കാരണവർ തൻറെ കണ്ണട ഒന്നുകൂടി ഊരിത്തുടച്ച് ഉമ്മറപ്പടിയിലെത്തുമ്പോഴേയ്ക്കും അവൻ അവളെ തറവാട്ടുവീടിൻറെ അകത്തളങ്ങൾമുഴുവൻ ഓരോന്നോരോന്നായി തുറന്നുകാണിച്ചകൊടുത്തു. ശേഷം കുലദൈവങ്ങളെ മുഴുവൻ പ്രാർഥിച്ച് അന്തംവിട്ടുനിന്ന തറവാട്ടിലെ സ്ത്രീജനങ്ങളോടായി പറഞ്ഞു,
" നാളെ ഇവളല്ലെ ഇവിടെ എന്നോടൊപ്പം താമസിക്കേണ്ടത്. അതുകൊണ്ട് ഇവളെ ഈ വീടുമുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി കാണിക്കാമെന്നുകരുതി. മറ്റുള്ളവർവെറുതെ വന്ന് വീടുകണ്ട്പോയിട്ടെന്തിനാ"
ശംഖുവിൻറെ മറുപടിയ്ക്കുമുന്നിൽ പകച്ച് അന്തം വിട്ടുനിന്ന കാരണവർ ഈർഷ്യോടെ തോളിൽ കിടന്ന തോർത്തെടുത്ത് ആഞ്ഞുവീശി അകത്തേക്കുകയറിപ്പോയി.
അതുകൊണ്ടൊക്കെ തന്നെയാകണം അധികം ആർഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതവും, ആർഭാട രഹിതമായും വളരെയടുത്ത ബന്ധുക്കളേയും, സുഹൃത്തുക്കളേയുമെല്ലാം സാക്ഷിനിർത്തി ശംഖു വിവാഹിതനായി.
വിവാഹശേഷം വീട്ടിലെ കാര്യങ്ങളെല്ലാം ചിട്ടയായും, വൃത്തിയായും ചെയ്യാൻ ശ്രമിക്കുന്ന തൻറെ ഭാര്യയെ സഹായിക്കുവാൻ ശംഖുവും ഒപ്പം കൂടും, വീട് വൃത്തിയായി തുടയ്ക്കുക, ചായയുണ്ടാക്കുക, പാത്രം കഴുകുക എന്നുവേണ്ട എല്ലാകാര്യങ്ങളിലും ആഹ്ളാദം പങ്കിട്ട് ഒരുമിച്ചുനടക്കുകയും, അവർ ഒരുമിച്ച് പാർക്കിലും, ബീച്ചിലും, സിനിമാ തിയേറ്ററുകളിലുമെല്ലാം കറങ്ങി രാത്രി വളരെ വൈകി മാത്രം തിരിച്ചെത്തുകയും ചെയ്യുന്ന അവനേ നോക്കി തറവാട്ടു സ്ത്രീകളും, കാരണവൻമാരും പിറുപിറുത്തു.
' അച്ചി കോന്തൻ...
" ഞാൻ ' ഈക്വാലിറ്റിയിൽ' വിശ്വസിക്കുന്നു "
കാരണവരും, പെണ്ണുങ്ങളും പരസ്പരം കൈമലർത്തി. - അവർക്കൊന്നും മനസ്സിലായില്ല.
അധികം താമസിയാതെ ശംഖുവിനൊപ്പം, ഭാര്യയും,തറവാടുവിട്ട്, പുതിയ ജോലിയുമായി ലണ്ടനിലേയ്ക്കുപറന്നു.
മൂത്ത അമ്മായി വീണ്ടും ശംഖുവിനായി പണിക്കരച്ചനോട് പറഞ്ഞ് പുതിയ ഏലസ്സുകെട്ടിച്ചുകൊണ്ടുവന്നങ്കിലും, തത്ക്കാലം താൻ തിരിച്ചുവരുന്നതുവരെ അത് ഭദ്രമായി അലമാരയിൽതന്നെ വെച്ചേക്കാൻപറഞ്ഞാണ് ശംഖു കടന്നുപോയത്.
ഇപ്പോൾവർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ശംഖുവിന് ഒരാൺകുഞ്ഞും പിറന്നു. ജീവിതം തിരക്കുപിടിച്ചതും, വളരെ സുഗന്ധപൂർണ്ണവും. അർഥഗർഭവും, മനോഹരവും. ശംഖു കുറിച്ചു.
മാത്രമല്ല തൻറേതായ സംസ്ക്കാരവും, ഇവിടുത്തേതുമായി പ്രത്യേക വ്യത്യാസങ്ങളൊന്നും തോന്നാത്തതിനാൽ, ഇനിയുള്ള കാലം ഇവിടെത്തന്നെ സ്ഥിരമാക്കുവാനും തീരുമാനിച്ചു.
പഴയ തട്ടുകടയിലെ ഭക്ഷണവിഭവങ്ങളുടെ മണവും, രുചിയും, പൊട്ടിച്ചിരികളുമായി കടന്നുപോയ രാത്രികളുടെ ഓർമ്മകൾ പങ്കിട്ട ശംഖുവിൻറെ കൂട്ടുകാരികൾക്കുമുന്നിൽ അവൻറെ ആ രണ്ടുവരി സന്ദേശം, അവരെ കനത്ത നിരാശയിലാഴ്തി.
എങ്കിലും അവർ ആരോടൊന്നില്ലാതെ കൈകളുയർത്തി ആർത്തുവിളിച്ച് ഉറക്കെപ്പറഞ്ഞു.
" അവൻ സൂപ്പറാണ്. അതെ... ശംഖു സൂപ്പറാണ്....!"
.
അഭിപ്രായങ്ങള്‍