ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
കേരളം ഇന്നിൻറെ കാഴ്ച്ചകളിൽ !
അമ്മ.! അത് പലപ്പോഴും വിളികൊണ്ട് മാത്രം അർത്ഥം തേഞ്ഞു പോയ ഒരു വെറും വാക്കായി ഇക്കാലങ്ങളിൽ മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പലപ്പോഴും പിതാവിനേക്കാൾ കൂടുതൽ മക്കളെ ശകാരിച്ചും, സ്നേഹിച്ചും, ഇഷ്ടാനിഷ്ടങ്ങൾ സാധിച്ചുകൊടുത്തും, തേനും, പാലും പോലെ വളർത്തിയിരുന്ന, അനേകം അമ്മമാരുടെ ഇപ്പോഴത്തെ പൊതുസ്ഥിതിയെന്താണ്...? വിശേഷിച്ച് കേരളത്തിൽ.!
എസ്. എസ്.എൽ.സി. പഠനം വരെയോ, അതല്ലങ്കിൽ ബിരുദ പഠനം വരെയോ, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അച്ഛൻ അറിഞ്ഞോ, അറിയാതെയോ, കാര്യങ്ങൾ സാധിപ്പിച്ചെടുക്കുകയും പിന്നീട് സ്വന്തമായി ഒരു നിലനിൽപ്പും, സാമ്പത്തിക ഭദ്രതയുമെല്ലാമായി ജീവിതാവസ്ഥ മാറുകയും, ഒരുപെൺകുട്ടികൂടി ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്താൽ പിന്നെ, അമ്മയോ, അച്ഛനോ, സഹോദരങ്ങളോ, എന്തിന് അടുത്ത സുഹൃത്തുക്കൾ പോലും ആവശ്യമില്ലാത്ത പുതുതലമുറയുടെ ജീവിതം ഇന്ന് പലരേയും അത്ഭുതപ്പെടുത്തുന്നു.!
തീർച്ചയായും, ഓരോമനുഷ്യർക്കും അതിനെ ന്യായീകരിക്കുവാനും വ്യാഖ്യാനിക്കുവാനും, അനേകം ,വാക്കുകളുണ്ടാകാം. കാരണം ആധുനിക തൊഴിൽ സംസ്ക്കാരം, സാമ്പത്തിക ഭദ്രത. തുടങ്ങി ജീവിതം നിത്യേന നൂറു വിധ സങ്കീർണ്ണതകളോടെ തന്നെയാണ് കടന്നുപോകുന്നത്. എങ്കിലും സ്വന്തം രക്തത്തിൻറെ പകുതിയെന്ന് അഭിമാനിച്ചും, അഹങ്കരിച്ചും ഹൃദയത്തോട് ചേർത്ത് വളർത്തി വലുതാക്കിയ ഒരു പഴയ തലമുറയോട് പിന്തിരിഞ്ഞ് നിന്ന് വിളിച്ചുകൂകേണ്ട ദയാരഹിതമായ ഒരു തത്ത്വശാസ്ത്രം ഇതായിരുന്നോ എന്ന ഒരു ചോദ്യം തീർച്ചയായും സ്വയം ചോദിക്കേണ്ടതായും , ഉയർന്നുവരികയും ചെയ്യുന്നുണ്ട്.!
ഉപരിപഠനവും, ജോലിയും തേടി വിവിധ ജീവിതസ്വപ്നങ്ങളോടെ വിദേശത്ത് കഴിയുന്ന മക്കളെയോ ബന്ധുക്കളെയോ കുറിച്ചില്ല. അടുത്തുള്ള മെട്രോ നഗരത്തിലോ, വെറും ഒരു ദിവസത്തെ ട്രെയിൻ യാത്രാദൂരം മാത്രം അവശേഷിക്കുന്ന തൊട്ടടുത്ത സംസ്ഥാനങ്ങളിലോ ഒക്കെ കഴിയുന്നവരെക്കുറിച്ചാണ്.
"പണം എത്രവേണമെങ്കിലും തരാം, ദയവായി ഇടയ്ക്കിടെ വിളിച്ച് ശല്യപ്പെടുത്തുകയോ, കാണണമെന്നോ മാത്രം പറയരുത്... സമയമുള്ളപ്പോൾ ഞാൻ അങ്ങോട്ടുവിളിക്കാം."
ആശുപത്രിയിൽ വെച്ചുകണ്ട ഒരു വൃദ്ധ ദമ്പതികളോട് മക്കളെക്കുറിച്ചന്വേഷിച്ചപ്പോൾ പറഞ്ഞ വാക്കുകളാണ്.!
വലിയ ഒരുപൊതുമേഖലാ സ്ഥാപനത്തിൽ നിന്നും റിട്ടയർചെയ്ത്, വാർദ്ധക്യത്തിലേയ്ക്കു പ്രവേശിച്ച ഭർത്താവും, അദ്ധ്യാപികയായി വിശ്രമജീവിതം നയിക്കുന്നഭാര്യയുമായിരുന്നു ആ,വൃദ്ധ ദമ്പതികൾ. വേണമെങ്കിൽ ഇന്നത്തെ പുതുതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ എന്തുകൊണ്ടും അടിച്ചുപൊളിക്കാമായിരുന്ന മനോഹരമായ ഒരു ഭൂതകാലത്തിൻറെ ഉടമകൾ. .പക്ഷെ, എന്നിട്ടും അവർ ജീവിതത്തിൻ്റെ പൂർണ്ണഭാഗവും മാറ്റിവെച്ചത് തങ്ങളുടെ,കൈപിടിച്ച് വളർന്ന മക്കൾക്കുവേണ്ടി മാത്രം.
എന്നാലിന്ന് അവരുടെ ജീവിതം മുന്നോട്ടു നീങ്ങുന്നതോ... ശമ്പളം നൽകി വീട്ടിൽ ജോലിക്കുനിർത്തിയിരിക്കുന്ന കൂലിവേലക്കാരുടെ കൈകളിലൂടെയും.
ആലോചിക്കുമ്പോൾ സംസ്ക്കാരസമ്പന്നരെന്നൊക്കെ സ്വയം കൊട്ടിഘോഷിക്കുകയും, അഹങ്കരിക്കുകയും ചെയ്യുന്ന നമ്മളിൽ ഇപ്പോൾ, ഏതുതരം സംസ്ക്കാരമാണ് അടിഞ്ഞുകൂടുന്നത് എന്നതാണ് പ്രധാന ചോദ്യം.?. അല്ലങ്കിൽ തീർത്തും മനുഷ്യത്വ രഹിതവും, ഹൃദയശൂന്യവുമായ ഒരു ജീവിത സങ്കൽപ്പത്തെ ചേർത്തുവെച്ചുകൊണ്ട് ആർക്കുവേണ്ടിയാണ് ഈ ഒരു ജീവിതകാലം കഴിച്ചുകൂട്ടുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
ഏതൊരു മനുഷ്യനും പരാശ്രയം ആഗ്രഹിച്ചുപോകുന്ന തങ്ങളുടെ ജീവിതത്തിൻറെ അവസാനനാളുകളിൽ, സ്വന്തം മക്കളുടെ ജീവിതത്തിൽ പോലും തങ്ങൾ തീർത്തും അനാവശ്യമായ രണ്ടു വസ്തുക്കൾ മാത്രമാണന്ന് തിരിച്ചറിയുന്ന ആ ഒരു നിമിഷമുണ്ടല്ലോ....?, അത് ഏതൊരു ഹൃദയത്തെയാണ് കീറിമുറിക്കാതിരിക്കുന്നത്.?!
ഇത്, ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട കാഴ്ചകളല്ല. സാക്ഷാൽ ഗുരുവായൂരപ്പനെ നേരിൽകാണിച്ചുതരാമെന്നുപറഞ്ഞ് മുഴുവൻ സ്വത്തുവകകളും എഴുതിവാങ്ങി ഗുരുവായൂർ ക്ഷേത്രനടയിൽ അമ്മയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളുടെ നാടുകൂടിയാണ് ഇന്ന് കേരളം.
ഒരു കാലത്ത് വൃദ്ധ സദനങ്ങളെ പുച്ഛിക്കുകയും, അവഞ്ജയോടെ കാണുകയും ചെയ്തിരുന്ന ഒരു സമൂഹമാണ് ഇന്ന് നാടിൻറെ മുക്കിലും, മൂലയിലും അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ഇത്തരം സ്ഥാപനങ്ങൾ അത്യാവശ്യമാണന്ന് അലമുറയിടുന്നത്.
ഒരുപക്ഷേ ഇതെല്ലാം നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരുലോക സമൂഹത്തിൻറെ പരിച്ഛേദത്തിൻറെ, കാഴ്ച്ചകളാണെന്നെല്ലാം വ്യാഖ്യാനിക്കുന്നവരുണ്ടങ്കിലും, ജീവിതത്തിൻറെ ഒറ്റത്തുരുത്തുകളിൽ നിന്നും മാറി ഏവരും, ഒന്നെന്ന സങ്കൽപ്പങ്ങളിൽ കൂടിച്ചേരുകയും, ഇഷ്ടാനിഷ്ടങ്ങളും, സുഖവും, ദുഃഖവും, അനുഭവങ്ങളും, ചിന്തകളും, ചിരിയും, തമാശകളുമല്ലാം പങ്കുവെയ്ക്കപ്പെടുമ്പോഴുള്ള ഒരു സുഖവും, കരുത്തും, ശക്തിയും, സന്തോഷവുമെല്ലാമുണ്ടല്ലോ,.... അത് ലോകത്തിലെ എത്രയേറെ ഉന്നതമായ ജീവിതാവസ്ഥകൾക്കും, വിദ്യാഭ്യാസത്തിനും, ഔഷധങ്ങൾക്കുപോലും നൽകുവാൻ കഴിയാത്ത വളരെയേറെ ശക്തിമത്തായ ഒരു അനുഭവം തന്നെയാണ്.
എന്നാൽ ആരാണോ, യൗവനത്തിൻറെ ചോരത്തിളപ്പിൽ ലേശം പോലും കുറ്റബോധമോ, പുനർവിചിന്തനത്തിനോപോലും സാദ്ധ്യമല്ലാത്തവിധത്തിൽ പുതു ജീവിത സാദ്ധ്യതകളുടെ പച്ചത്തുരുത്തുകളിൽ ഇത്തരത്തിൽ ലയിച്ചു മയങ്ങിയിരുന്നത്. അവരുടെ വാർദ്ധക്യവും മറിച്ചാകുന്നതേയില്ലന്നുള്ളതാണ് മറ്റൊരു രസകരമായ യാഥാർഥ്യം.!!
എന്തു തന്നെയായാലും, പല മനുഷ്യരും, ജീവിതത്തെ കാണേണ്ട കണ്ണുകളോടെ തന്നെയാണോ സമീപിക്കുന്നതെന്നുള്ളതും, സ്വന്തം കാഴ്ച്ചകൾ മനോഹരമായി തെളിഞ്ഞു തുടങ്ങിയെന്ന് എപ്പോഴെങ്കിലും തിരിച്ചറിയുവാനും തുടങ്ങുമ്പോഴാകട്ടെ, ജീവിതം അതിൻറെ എല്ലാ സമയക്രമങ്ങളും പാലിച്ച് ഇനി അൽപ്പ നിമിഷങ്ങൾ പോലും ബാക്കിയില്ലാതെ, അതിൻറെ അവസാന യാത്രാപഥത്തിൽ എത്തിച്ചേർന്നിട്ടുമുണ്ടാകും . അപ്പോൾ മാത്രമാണ് പലരും, നാം എന്തായിരുന്നുവെന്നും, എന്താണു നേടിയതെന്നും, എങ്ങോട്ടാണ് ഇനി പോകാനിരിക്കുന്നതെന്നും ചിന്തിക്കുവാൻ പോ പോലും തുടങ്ങിയിട്ടുണ്ടാവുക.!
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
സംരക്ഷിക്കപ്പെടണം പ്രകൃതി സ്രോതസ്സുകൾ
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍