ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട.
കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.
 |
കോട്ടപ്പുറം കോട്ട |
കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും.
ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്. തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറി ഈ ചരിത്രസ്മാരകം സന്ദർശിക്കാം. ഫോട്ടോഗ്രാഫിപോലുള്ളവയ്ക്ക് ഒരു നിശ്ചിത സംഖ്യ വേറെയും നൽകണം. എങ്കിൽ പോലും ഈ തീരം നൽകുന്ന ഒരു പ്രത്യേക അനുഭൂതി മറ്റെങ്ങുനിന്നും ലഭിക്കാത്തതുതന്നെ.!
 |
വിനോദസഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട |
ഇവിടം കണ്ടുമടങ്ങുന്ന പല സഞ്ചാരികളും ഈ സ്ഥലത്തിന് പേരു നൽകിയതുപോലും, തൃശൂർ ജില്ലയിലെ' മറൈൻ ഡ്രൈവ് ' എന്നാണ്. കോട്ടപ്പുറം കോട്ട മാത്രമല്ല അതിൻറ അനുബന്ധ സ്ഥലങ്ങളായ കോട്ടപ്പുറം മാർക്കറ്റും, അതിമനോഹരമായ രീതിയിൽതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ചുറ്റും തലയുയർത്തി നിൽക്കുന്ന , തണൽ വൃക്ഷങ്ങളും, കായലും, ചാരുബഞ്ചുകളും, ഐസ്ക്രീം പാർലറുകളും, ഭക്ഷണശാലകളുമെല്ലാം ഏതൊരു വിനോദസഞ്ചാരിയേയും ആനന്ദിപ്പിക്കും.
തീർച്ചയായും ഈ സ്ഥലങ്ങളെല്ലാം ഒരു ദിവസത്തെ അവധിക്കാലം ഏവർക്കും മനോഹരമായി ചിലവഴിക്കുവാൻ സാധിക്കുന്ന രീതിയിലാണ് , മുസിരിസ്സ് ബോട്ടുയാത്രകൾ, അതിൻറെ പാക്കേജുകളായി അവതരിപ്പിക്കുന്നത്.!
കോട്ടയുടെ ചരിത്രം.
പള്ളിപ്പുറംകോട്ടയും, കൊച്ചിയിലെ ഇമ്മാനുവൽ കോട്ടയും നിർമ്മിച്ച പോർച്ചുഗീസുകാർ തന്നെയാണ് 1523 ൽ കൊടുങ്ങല്ലൂർ കോട്ട എന്നുപറയപ്പെട്ടിരുന്ന കോട്ടപ്പുറത്തെ, കൃഷ്ണൻകോട്ടയിൽ കോട്ടപ്പുറം കോട്ടയും തങ്ങളുടെ അധികാരചിഹ്നമായി കെട്ടിയുയർത്തിയത്.! എന്നാൽ നാട്ടുരാജ്യങ്ങൾ തമ്മിൽ കലഹങ്ങളും, യുദ്ധങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ കാലയളവുകളിൽ പല വിദേശ ശക്തികളും തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കുവാൻ ഇവിടെ ശക്തമായി ശ്രമങ്ങൾ ആരംഭിച്ചു.
 |
മുസിരിസ് ഉദ്ഘാടനത്തിൽ കണ്ടെത്തിയ കോട്ടപ്പുറം കോട്ടയുടെ ശിഷ്ടഭാഗങ്ങൾ. |
അങ്ങിനെയിരിക്കെ കൊല്ലം കേന്ദ്രമാക്കി കച്ചവടത്തിനായ് എത്തിച്ചേർന്ന ഡച്ചുകാർ, കൊച്ചിയും, തിരുവിതാംകൂറുമൊക്കെ തങ്ങളുടെ കാൽക്കീഴിലാക്കണമെന്ന ആഗ്രഹത്താൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ, ആജ്ഞാനുസരണം കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ സഹായത്തോടെ കോട്ടപ്പുറം കോട്ട പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂരിലെത്തിച്ചേർന്നു,
തുടർന്ന്, കര, നാവിക മാർഗ്ഗങ്ങളുപയോഗിച്ച് ഡച്ചുകാർ ശക്തമായ ആക്രമണം കോട്ടയ്ക്കുനേരെ അഴിച്ചുവിട്ടു. പക്ഷെ, വിവരം മുൻകൂട്ടി മനസ്സിലാക്കിയിരുന്ന, കൊച്ചിരാജാവ്, പാലിയത്തച്ഛൻ്റെ സഹായത്തോടെ നിരവധി സൈനികരെയും കൂട്ടി കനത്തപ്രതിരോധം സൃഷ്ടിച്ചുകൊണ്ട് ശക്തമായ പീരങ്കി ആക്രമണം നടത്തി ഡച്ചുകാരെ പ്രതിരോധത്തിലാക്കി.
എന്നാൽ അപ്രതീക്ഷിതമായ കനത്ത ആക്രമണങ്ങളിൽ പതറിപ്പോയ ഡച്ചുസൈന്യം പോർച്ചുഗീസുകാരോട്, സമാധാന സന്ധിക്കുവേണ്ടി അപേക്ഷിച്ചു.,പക്ഷെ, തന്ത്രങ്ങളും, കുതന്ത്രങ്ങളുമെല്ലാം, നന്നായി വശമാക്കിയിരുന്ന, പാലിയത്തച്ഛൻ ഇതിനിടയിൽ കോട്ടയ്ക്കകത്തുനിന്നും തന്ത്രപൂർവ്വം പുറത്തുകടന്ന് ഡച്ചുസൈന്യവുമായി സന്ധിചെയ്യുകയും, കോട്ടപ്പുറം കോട്ടയിലേയ്ക്ക് കടന്നുവരാനുള്ള രഹസ്യമാർഗ്ഗം പറഞ്ഞുകൊടുത്ത്, കൊച്ചിയുടെ സേനാനായകൻ കൂടിയായ പാലിയത്തച്ഛൻ പോർച്ചുഗീസുകാരെ ഒറ്റുകൊടുത്ത വലിയൊരു ചതിയുടെ ചരിത്രം കൂടിയാണ് കോട്ടപ്പുറം കോട്ടയുടേത്!
ഇങ്ങിനെ, അതീവരഹസ്യമായി കോട്ടയ്ക്കകത്തേക്കുള്ള, പ്രവേശനവഴി മനസ്സിലാക്കിയെടുത്ത ഡച്ചുസൈന്യം, പിന്നീട് പാലിയത്തച്ഛൻ്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് കോട്ടയിലേയ്ക്ക്, ഇരമ്പിക്കയറി, 1662 ജനുവരിയിൽ പോർച്ചുഗീസ് സൈന്യത്തേയും, പാലിയത്തച്ഛൻ്റെ തന്നെ നൂറുകണക്കിന് നായർഭടൻമാരെയും, കൊന്നൊടുക്കിക്കൊണ്ട്, ഡച്ചുകാർ കോട്ട തങ്ങളുടെ അധീനതയിലാക്കി.
പിന്നീട് ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത്, , മലബാർ ടിപ്പു പിടിച്ചടക്കുകയും, സൈന്യം അടുത്തലക്ഷ്യമായ തിരുവിതാംകൂറിലേയ്ക്ക് തിരിക്കുകയും ചെയ്തതോടെ, ഡച്ചുകാർ കോട്ടപ്പുറംകോട്ട മുൻകൂട്ടി പറഞ്ഞുറപ്പിച്ച വലിയൊരു തുകയ്ക്ക് കൊച്ചിരാജാവിന് കച്ചവടം ചെയ്തു, !
എന്നാൽ ഈ വിവരമറിഞ്ഞ് രോഷാകുലനായ ടിപ്പു 1787 മേയ് മാസത്തിൽ, അനേകം പടയാളികളും, പടക്കോപ്പുകളുമായി, തിരുവിതാംകൂർ ലക്ഷ്യമാക്കി തിരിക്കുകയും, പിന്നീട് തിരുവിതാംകൂറിലെത്തിച്ചേർന്ന് മുഖ്യ ലക്ഷ്യമായ കോട്ടപ്പുറം കോട്ട തകർത്ത് കളയുകയും ചെയ്തു. അതിനു ശേഷം, തൻ്റെ അവസാന ലക്ഷ്യമായ പള്ളിപ്പുറം കോട്ടതകർക്കുവാൻ, ലക്ഷ്യമിട്ട് നീങ്ങിയ ടിപ്പുവിൻ്റെ സൈന്യത്തിന്, പക്ഷേ മറ്റ് ചില കാരണങ്ങളാൽ പിന്നീട് പിൻതിരിഞ്ഞ് പോകേണ്ടതായും വന്നു. !
ചരിത്രം ഇങ്ങിനെയായിരിക്കേ, ചരിത്രസ്മാരക സംരക്ഷണത്തിൻ്റെ ഭാഗമായി കോട്ടപ്പുറത്ത് ഇപ്പോൾ നിലനിൽക്കുന്നത് പൂർണ്ണമായും തകർന്ന ചെങ്കല്ലിൽ കെട്ടിഉയർത്തിയ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമാണ്.!
എങ്കിലും, വളരെ സ്വാഭാവികമെന്നു തോന്നിപ്പിക്കും വിധമുള്ള കോട്ടയുടെയും, പരിസരപ്രദേശങ്ങളുടേയും, ലാൻഡ്സ്കേപ്പിങ്ങും, പച്ചപിടിച്ച പുൽത്തകിടിയും, വൻമരങ്ങളും, കായലുമെല്ലാം തീർച്ചയായും മനോഹരവും, ഏതൊരു സഞ്ചാരിയേയും മണിക്കൂറുകളോളം അവിടെ, പിടിച്ചിരുത്തുകയും ചെയ്യുന്നതും തന്നെ!
അഭിപ്രായങ്ങള്‍