ജനപ്രിയതയേറുന്ന മുനമ്പം ബീച്ച്
മുനമ്പം ബീച്ച്
എറണാകുളം ജില്ലയിൽ മനോഹരങ്ങളായ നിരവധി ബീച്ചുകൾ ഉണ്ട്, എന്നിട്ടും എന്തുകൊണ്ടോ നിരവധി ആളുകൾ വന്നുകൂടുന്നതും, താമസിക്കുന്നതും, പണം ചിലവഴിക്കുന്നതുമെല്ലാം ചെറായി ബീച്ചിലാണ്.എന്തായാലും ഇപ്പോൾ പറഞ്ഞുവന്നത് എറണാകുളം ജില്ലയിലെ മറ്റൊരു മനോഹരമായ ബീച്ചായ മുനമ്പം ബീച്ചിനെക്കുറിച്ചാണ്.
![]() |
| മുനമ്പം ബീച്ച് |
എന്താണ് മുനമ്പം ബീച്ചിൻറെ പ്രത്യേകത ?
അതിൻറെ ഏറ്റവും വലിയ ആകർഷണം, വിശാലമായ കടൽത്തീരം തന്നെ.! കൂടാതെ വളരെയേറെ ദൂരത്തോളം കടലിലേയ്ക്കിറങ്ങിച്ചെല്ലുന്ന വിശാലമായ നടപ്പാതയും, കുട്ടികളുടെ കളിസ്ഥലങ്ങളും, കൂടാതെ അതിനിടയിലൂടെ കടന്നുപോകുന്ന ചെറിയ മൺപാതകളും.!
![]() |
| മുനമ്പം ബീച്ചിലേയ്ക്കുള്ള വിശാലമായ നടപ്പാത. |
അഞ്ചു മണിയ്ക്കുശേഷമാണ് അവിടെ സഞ്ചാരികൾ അധികമായി എത്തിച്ചേരുന്നത്. കാരണം ബീച്ചിലും അതിൻറെ നടപ്പാതകളിലുമെല്ലാം വെയിലും, ചൂടും അത്രയേറെ ശക്തമായാണ് പതിക്കുന്നത്. എന്നാൽ അഞ്ചുമണിയ്ക്കുശേഷം സൂര്യൻ കടലിലേയ്ക്കുതാഴ്ന്നിറങ്ങുന്ന കാഴ്ച്ചയുടെ ദൃശ്യ സൗന്ദര്യം പകർത്തുവാനും, ആസ്വദിക്കുവാനും ഇതിനേക്കാൾ മനോഹരമായ ബീച്ച് ആപരിസരങ്ങളിൽ വേറെയുണ്ടോ? എന്നുചോദിച്ചാൽ ഒരുപക്ഷേ ഇല്ലന്നുതന്നെ പറയേണ്ടിവരും.!
അസ്തമയസൗന്ദര്യം
മറ്റ് കടൽത്തീരങ്ങളിൽ അസ്തമയത്തിൻറെ സൗന്ദര്യം ഒരുപക്ഷേ ഏതെങ്കിലും ഒരു കോണിൽ നിന്നുമാത്രമാണ് ആസ്വദിക്കുവാൻ കഴിയുന്നതെങ്കിൽ, ഇവിടെ പരന്നുകിടക്കുന്ന കടൽത്തീരത്തിൻറെ ഏതുവശങ്ങളിലും നിന്ന് നോക്കിയാലും മനോഹരമായ അസ്തമയ ദൃശ്യങ്ങളാണ് നമുക്ക് കാണാനാവുക. ഒരുപക്ഷേ ഒരു മികച്ച ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അസ്തമയത്തിൻ്റെ മികച്ച ചിത്രങ്ങൾ പകർത്തുവാനുള്ള ഒരിടം കൂടിയാണ് മുനമ്പം ബീച്ച്
അഞ്ചുമണിക്കുശേഷമാണ് ബീച്ചിലെ ഭക്ഷണശാലകളെല്ലാം തുറന്ന് പ്രവർത്തിക്കുന്നതും കടൽത്തീരത്തിന് ഒരു സജീവതകൈവരുന്നതും, കൂടാതെ നിരന്നു കിടക്കുന്ന നിരവധി ചീനവലകളുമെല്ലാം ഈ കടൽക്കാഴ്ച്ചകളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നവ തന്നെയാണ്.
രാത്രിയാകുന്നതോടെ നടപ്പാതയിലെ നിയോൺ വിളക്കുകൾ പതിയെ തെളിഞ്ഞുതുടങ്ങും. കൂടാതെ ദൂരെ ആഴക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന അനേകം വലുതും ചെറുതുമായ കപ്പലുകളിൽ നിന്ന് പ്രസരിക്കുന്ന വർണ്ണ രശ്മികൾ കടലിൻെറ ഓളപ്പരപ്പുകളിൽ അനേകം ചിത്രങ്ങൾ രചിക്കും
| മുനമ്പം ബീച്ചിലെ വിശാലമായ കടൽത്തീരം. |
കുട്ടികളെ സംബന്ധിച്ചും എന്തുകൊണ്ടും ഇഷ്ടപ്പെടാവുന്ന ഒന്നു തന്നെയാണ് ഈ ബീച്ച്. അവർക്ക് കളിക്കാൻ ആവശ്യമായ ചെറിയ പ്ലെയ്‌ഗ്രൗണ്ടുകളും മിനി പാർക്കുമെല്ലാം ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
കൂടാതെ വാഹനങ്ങൾക്കുപാർക്കുചെയ്യുവാൻ ആവശ്യമായ സ്ഥലവും, മണൽപ്പരപ്പിലൂടെ കുട്ടികൾക്ക് ഓടിച്ചുകളിയ്ക്കുവാൻ പാകത്തിലുള്ള ചെറിയ മോട്ടോർ കാറുകളുമെല്ലാം നമുക്കിവിടെ കാണാം.
തൊട്ടടുത്തായുള്ള മുനമ്പം ഹാർബറിലേയ്ക്കു നിരനിരയായി കടന്നുപോകുന്ന നിരവധി ഫിഷിംഗ് ബോട്ടുകളും കടലിൻറെ വശങ്ങളിലായി പരന്നുകിടക്കുന്ന വലിയ കരിങ്കല്ലുകളിൽ പതിയിരിക്കുന്ന ഞണ്ടുകളും, വലിയ ചൂണ്ടകളുമായി മത്സ്യം പിടിക്കാൻ വരുന്നവരുമെല്ലാം ഇവിടുത്തെ കൗതുകക്കാഴ്ച്ചകൾ തന്നെ.
![]() |
| മുനമ്പം ബീച്ച് സഞ്ചാരികളെ കാത്ത്. |
കൂടാതെ ആധുനിക രീതിയിലുള്ള സ്പീഡ് ബോട്ടുകളും, ഓരോ ഗ്രൂപ്പുകൾക്കുമായി കടൽ സഞ്ചാരം നടത്താവുന്ന മറ്റനേകം ബോട്ടുകളുമെല്ലാം ഈ ബീച്ചിൽ ലഭ്യമാണ്.
കടൽത്തീരത്തിനും നടപ്പാതകൾക്കും ഇടയിലായി വെച്ചുപിടിപ്പിച്ച അനേകം മരങ്ങളും, മുളങ്കാടുകളുമെല്ലാം, കാഴ്ചകളിൽ കുളിരണിയിക്കും.
കടൽത്തീരത്തെ വെയിലിനേയും, ചൂടിനേയും പ്രതിരോധിക്കുവാൻ കഴിയുന്നതരത്തിലും, അൽപ്പസമയം കടലോരക്കാഴ്ച്ചകൾ കണ്ട് ഏകാന്തമായി ഇരിക്കുവാൻ താത്പ്പര്യപ്പെടുന്നവർക്കും അനുയോജ്യമായ വിധത്തിൽ തന്നെയാണ് മുളങ്കാടുകൾ നട്ടുപിടിപ്പിച്ച് നിലനിർത്തിയിരിക്കുന്നത്.
എന്തായാലും പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിക്കുവാൻ കഴിയും വിധത്തിലാണ് ഈ കടൽത്തീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.!
ഇത് മുസിരിസ്സ് പൈതൃകപദ്ധതിയുടെ ഭാഗമായി ഇപ്പോൾ കേരള ടൂറിസം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതിനോട് ചേർന്ന് ഏകദേശം രണ്ടോ, മൂന്നോകിലോകൾ മാത്രം മാറിയാണ് മനോഹരമായ ചെറായി, കുഴുപ്പിള്ളി, മുനയ്ക്കൽ ബീച്ചുകൾ.
![]() |
| മുനമ്പം ബീച്ചിലെ കുട്ടികളുടെ പാർക്ക് |
കടൽത്തീരത്തിൻറേയും, മറ്റു സ്ഥലങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ ഏകദേശം അഴീക്കോട് മുനയ്ക്കൽ ബീച്ചും, മുനമ്പം ബീച്ചും ഒരുമിച്ചു നിൽക്കുമെങ്കിലും, വൈപ്പിൻ കുഴുപ്പിള്ളിബീച്ചും, ചെറായിബീച്ചും വ്യത്യസ്തമായ മറ്റൊരു കടലോരക്കാഴ്ചകളാണ് നമുക്ക് മുന്നിൽ തെളിയുന്നത്.
മുനമ്പം ബീച്ച് സന്ദർശിക്കുവാൻ വരുന്നവർക്ക്, തൊട്ടടുത്തായി ഇൻഡ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും, പുരാവസ്തു സംരക്ഷണവകുപ്പിൻറെ കീഴിലുള്ളതുമായ 1503- ൽ പോർച്ചുഗീസുകാർ നിർമ്മിച്ച പ്രശസ്തമായ പള്ളിപ്പുറം കോട്ടയും കാണാം.
കൊച്ചി, എറണാകുളം പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വൈപ്പിൻ വഴിയും, തൃശ്ശൂർ, ആലുവഭാഗത്തുനിന്ന് വരുന്നവർക്ക് വടക്കൻ പറവൂർ വഴി ചെറായിയിൽ എത്തിച്ചേർന്ന് അവിടെ നിന്നും വലതുഭാഗം തിരിഞ്ഞ് മുനമ്പം ബീച്ചിലേയ്ക്കും, മുനമ്പത്തെ ബോട്ടുനിർമ്മാണശാലകളും, ഹാർബറുമെല്ലാം കാണാവുന്നതുമാണ്.




അഭിപ്രായങ്ങള്‍