Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
നിങ്ങൾ സന്തോഷം തിരയുകയാണോ?
ഏതൊരു മാനസിക പ്രശ്നത്തിനും പരിഹാരമായും, ആരോഗ്യ പൂർണമായ ജീവിതത്തിനും, എപ്പോഴും, സന്തോഷകരമായി ഇരിക്കുക എന്ന് പലപ്പോഴും പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഈ പറഞ്ഞ സംഗതി അത്ര പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണോ, പ്രത്യേകിച്ച് ഇന്നത്തെ കാലുഷ്യം നിറഞ്ഞ ഒരുകാലഘട്ടത്തിൽ...?
![]() |
നിങ്ങൾ സന്തോഷം തിരയുകയാണോ...? |
അതല്ലങ്കിൽ ചിലർ പറയും, മനസ്സിൽ സന്തോഷം നിറയ്ക്കുവാൻ ധ്യാനം ഒരു നല്ല ശീലമാണത്രേ. അതെങ്ങിനെയാണ് സാദ്ധ്യമാവുക.? ഏതൊരു മനുഷ്യൻറേയും, മാനസികമായ അസ്വസ്ഥതകളുടേയും, താളം തെറ്റലുകളുടേയും അടിസ്ഥാന വിഷയം, ജീവിത ചുറ്റുപാടുകളോ, സാഹചര്യങ്ങളോ ആണെന്നിരിക്കേ അത്തരം ഒരു അവസ്ഥാവിശേഷത്തിൽ നിന്നുകൊണ്ട്, അതിനെ എങ്ങിനെയാണ് ധ്യാനം കൊണ്ട് മാറ്റിത്തീർക്കുവാൻ കഴിയുക...? അതല്ലങ്കിൽ അസ്വസ്ഥമായ ഒരുമനസ്സുമായി ജീവിത സഞ്ചാരം നടത്തുന്നവന് എങ്ങിനെയാണ് ധ്യാന നിമഗ്നനായി ഇരിക്കുവാൻ കഴിയുക...? അപ്പോൾ ഇതെല്ലാം പറഞ്ഞുപോകുവാൻ എളുപ്പമാണെങ്കിലും സാധാരണ രീതിയിൽ ജീവിതക്ലേശങ്ങളുമായി മുന്നോട്ടുപോകുവാൻ പണിപ്പെടുന്ന ഒരു ജനതയെ സംബന്ധിച്ചോ, മനുഷ്യരെ സംബന്ധിച്ചോ ഇതൊന്നും പ്രായോഗികമല്ല.! അപ്പോൾപ്പിന്നെ എന്താണ് സന്തോഷമെന്നതും, എങ്ങിനെയത് ലഭിക്കുമെന്നതാണ് പ്രശ്നം.!
യഥാർത്ഥത്തിൽ സന്തോഷം കൊണ്ട് മനസ്സിനെ ആനന്ദിപ്പിക്കുക എന്നാണ് അർത്ഥം വെയ്ക്കുന്നതെങ്കിലും, അതെല്ലാം പലപ്പോഴും താത്ക്കാലികമായ ഏതെങ്കിലും കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പറയാൻ തുടങ്ങുക. ഒന്നുകിൽ ഒരു യാത്ര, ഇഷ്ടഭക്ഷണം, നല്ല സുഹൃദ് വലയങ്ങൾ...ആഘോഷങ്ങൾ ഇങ്ങിനെയൊക്കെയാണ് പറഞ്ഞു പോകുന്നതെങ്കിലും, അതെല്ലാം മനസ്സിന് താത്ക്കാലികമായ ഒരു സന്തോഷം പകരുമെന്നല്ലാതെ, തിരിച്ചെത്തുമ്പോൾ പഴയതിനേക്കാൾ മോശപ്പെട്ട ഒരവസ്ഥയിലേയ്ക്കുതന്നെയാകും, മനസ്സ് വീണ്ടും ചെന്നെത്തുക. കാരണം യാഥാർത്ഥ്യങ്ങൾ എപ്പോഴും, യാഥാർത്ഥ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു എന്നതുതന്നെ. അപ്പോൾ ശരിയായ അർത്ഥത്തിൽ സന്തോഷമല്ല പകരം സമാധാനം എന്നാണ് തിരുത്തപ്പെടേണ്ടത്. സ്വസ്ഥതയും, സമാധാനവുമുള്ള ഒരുമനസ്സിനുമാത്രമേ, സ്വയം ആനന്ദിക്കുവാനും, മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും കഴിയൂ.
അങ്ങിനെ വരുമ്പോൾ സമാധാനമെന്നതു തന്നെയാണ്, ഭക്ഷണത്തേക്കാളും, ധനത്തേക്കാളും, ഏതൊരുജനതയുടെയും ,മനുഷ്യൻ്റെയും, കാതലായ പ്രശ്നം,! അത് വ്യക്തിജീവിതത്തിലായാലും, സമൂഹത്തിലായാലും, കുടുംബജീവിതത്തിലായാലും. ! ഇപ്പോൾ ലോകത്ത്, ഒരു വികസിത രാഷ്ട്ര സങ്കൽപ്പം എന്നതുപോലും എത്തിനിൽക്കുന്നത് ആ രാജ്യത്തെ മനുഷ്യരുടെ സന്തോഷ സൂചികയേയും കൂടി അടിസ്ഥാനപ്പെടുത്തിയാണ്, അതിനാൽ സന്തോഷമെന്ന വാക്കിന് ലോകം തന്നെ എത്രയധികം മൂല്യമാണ് കൽപ്പിച്ചിട്ടുള്ളത്.!
എന്നാൽ ഏറ്റവും രസകരമായ വസ്തുത, ഈ രാജ്യത്തേയോ, സമൂഹത്തേയോ മൊത്തത്തിൽ എടുത്തുപരിശോധിച്ചാൽ കുറേക്കാലങ്ങളായി രാവിലെ എഴുന്നേൽക്കുന്നതുമുതൽ, രാത്രി ഉറങ്ങുന്നതുവരെ, സാധാരണ മനുഷ്യർക്കു സന്തോഷിക്കാനാവും വിധം യാതൊരു വാർത്തകളോ, സാഹചര്യങ്ങളോ സംഭവിക്കുന്നില്ലെന്നുമാത്രമല്ല, കൂടുതൽ കലാപങ്ങളും, അസ്വസ്ഥതകളും മാത്രം വിതയ്ക്കുന്ന അത്യന്തം ഭീതിജനകമായ ഒരു സാമൂഹ്യസാഹചര്യമാണ് രാജ്യത്തെ കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നത്. ഇതെഴുതുമ്പോൾ, ഈ രാജ്യത്തിൻ്റെ പലഭാഗങ്ങളിലുമായി ഏകദേശം 95 ലക്ഷം സ്ക്വയർഫീറ്റിലധികം വരുന്ന തടങ്കൽ പാളയങ്ങൾ പലയിടങ്ങളിലായി നിർമ്മിച്ചുകഴിഞ്ഞുവെന്ന ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്. കൂടാതെ കനത്ത സാമ്പത്തിക അസമത്വങ്ങളും, തൊഴിലില്ലായ്മയും, ദാരിദ്രൃവും വർദ്ധിച്ചുവരുന്ന ജാതി മത സ്പർദ്ധകളും. മറ്റൊരു വശത്തും.!
പറഞ്ഞുവന്നത് ഒരു സമൂഹം ഇങ്ങിനെയായിരിക്കെ, ഇതിൻറെ ഭാഗമായ വ്യക്തികൾക്ക് ഇതിൽ നിന്നെല്ലാം എങ്ങനെയാണ് ഒഴിഞ്ഞു നിൽക്കുവാൻ കഴിയുക..? അല്ലങ്കിൽ സമൂഹത്തിലുണ്ടാകുന്ന ചലനങ്ങൾ തന്നെയല്ലേ ഒരു വ്യക്തിയുടെ ജീവിതത്തേയും, ഭാവിയെത്തന്നെയും മാറ്റിത്തീർക്കുന്നത്. കൂടാതെ, ഇത്തരം വലിയൊരു അലയൊലികൾ, കക്ഷി രാഷ്ട്രീയ ജാതി, മത ഭേദമന്യേ, വരാനിരിക്കുന്ന ഒരു പുതു തലമുറയെപ്പോലും എത്രയേറെ ആഴത്തിലുള്ള മുറിവുകൾ കൊണ്ടാകും അസ്വസ്ഥമാക്കുക..?
അപ്പോൾ ഏതൊരു മനുഷ്യനും സ്വസ്ഥത എന്നത് വളരെ ചുരുങ്ങിയ രൂപത്തിലാണങ്കിൽ പോലും, ജീവിതത്തിൽ കണ്ടെത്തണമെങ്കിൽ അതിനനുസൃതമായ രീതിയിൽ സ്വയം, നമ്മുടെ ചുറ്റുവട്ടങ്ങളേയും, ഗൃഹാന്തരീക്ഷത്തേയുമെല്ലാം മാറ്റിയെടുക്കേണ്ടതുണ്ട്.
അതിൽ കാരണങ്ങൾ, പലതുണ്ടങ്കിൽ പോലും, പ്രധാനമായും വിഷയം സാമ്പത്തികം തന്നെ. കാരണം ഒരു കുടുംബത്തിൽ ഇന്ന് എല്ലാവരും ഏതെങ്കിലും തരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണങ്കിൽ പോലും, ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയേറെ പണിപ്പെടുന്ന വലിയൊരു സാഹചര്യത്തിലാണ്. കൂടാതെ ഓരോ ദിവസവും പുതുതായി അടിച്ചേൽപ്പിക്കപ്പെടുന്ന നികുതികളും, വിലക്കയറ്റവും.ഇതെല്ലാം സാധാരണക്കാരായ മനുഷ്യർക്കിടയിൽ വലിയ രീതിയിലുള്ള ഭയവും ആശങ്കകളുമൊക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെ എന്തെല്ലാം പഴയകാല പല്ലവികൾ ഊതി വിട്ടാലും ഇന്നിൻറെ ജീവിതം തടസ്സമില്ലാതെ ഒഴുകിപ്പോകണമെങ്കിൽ പണം തന്നെയാണ് മുഖ്യ ശക്തിയായി വർത്തിക്കുന്നതെന്നതിലും, യാതൊരു തർക്കവുമില്ല..
അതുകൊണ്ട് പലകുടുംബങ്ങളിലായാലും, വ്യക്തികളിലായാലും, ജീവിതാസ്വാസ്ഥ്യങ്ങളുടെ മുഖ്യ ഹേതുവായി വർത്തിക്കുന്നതും സാമ്പത്തിക കാര്യങ്ങൾ തന്നെ. അതിൽ സമ്പത്ത് കൂടിയവനെന്നോ, കുറഞ്ഞവനോ എന്നൊന്നുമില്ല മൂലകാരണം സാമ്പത്തികം തന്നെ. ഇത് പലപ്പോഴും വ്യത്യസ്ത രീതികളിലായിരിക്കുമെന്നു മാത്രം.ഇന്നിപ്പോൾ പല, കുടുബങ്ങൾക്കിടയിൽ പോലും സാമ്പത്തിക ഉയർച്ച താഴ്ച്ചകളുടെ പേരിൽ ഒരുപാട് കലഹങ്ങൾ കാണാം, അത് ചില ഘട്ടങ്ങളിൽ ഭാര്യയ്ക്കും, ഭർത്താവിനും, വരുമാനമുള്ളയിടങ്ങളിലും, അതല്ലങ്കിൽ രണ്ടിൽ ഒരാൾക്കുമാത്രം വരുമാനമുള്ളയിടത്തും, ഇതൊന്നുമല്ലങ്കിൽ മക്കളെ ആശ്രയിച്ചുമാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരിലോ ഒക്കെയായി പരന്നുകിടക്കുന്നു.
ഇതിനൊക്കെ പുറമേ യാതൊരു വരുമാനവുമില്ലാതെ നാൾക്കുനാൾ ജീവിതം തള്ളിനീക്കുവാൻ പണിപ്പെടുന്നവരുടെയും, മക്കൾ ഉപേക്ഷിച്ചവരേയും, വിവാഹം, അസുഖം, വീട് നിർമ്മാണം എന്നിങ്ങിനെ നിനച്ചിരിക്കാത്ത പലകാര്യങ്ങൾക്കും വേണ്ടി വായ്‌പയെടുത്ത് കടക്കെണിയിലകപ്പെട്ടവർ, ഇങ്ങിനെ വ്യത്യസഥമായ വലിയൊരു വിഭാഗത്തെയൊക്കെയാണ് നമുക്കുചുറ്റും പലപ്പോഴും കാണുവാൻ കഴിയുക.
വേണ്ടത് ആത്മധൈര്യത്തിൻറേയും, പ്രത്യാശയുടേയും കിരണങ്ങളാണ്. അവിടെ നിന്നു കൊണ്ട് മാത്രമേ നമുക്ക് സമാധാനത്തിൻറെ കൈവഴികളെ കണ്ടെത്തുവാൻ കഴിയൂ. ആ സമാധാനം തന്നെയാണ് ജീവിതത്തിലേക്കുള്ള വർണ്ണ വെളിച്ചം പരത്തുന്ന സന്തോഷമായി മാറിത്തീരുന്നതും.. ഇതെല്ലാം അവനവനിൽ തന്നെ കുടികൊള്ളുന്നതും, സ്വയം, വേർതിരിച്ചെടുക്കേണ്ടതുമായ കാര്യങ്ങൾ മാത്രമാണ്. അതിനായി മാറ്റിയെടുക്കേണ്ടതോ? ഭൗതിക സ്വന്തം സാഹചര്യങ്ങളും.
എന്താണോ കാലങ്ങളായി നമുക്കുപോലും അസഹനീയമായതരത്തിൽ നിരന്തരം അസ്വസ്ഥത വാരിവിതറിക്കൊണ്ടിരിക്കുന്നത്. അത്കൃത്യമായി കണ്ടെത്തുകയും, നിശ്ചയദാർഢ്യം കൊണ്ടും, ആത്മ ധൈര്യം കൊണ്ടും, പിഴുതെറിയുകയും ചെയ്യുകയെന്നതാണ് ജീവിതത്തിൽ സമാധാനം കണ്ടെത്താനുള്ള ഏകവഴി. കാരണം ഓരോരുത്തുടേയും ജീവിതം അവർക്കു മാത്രം വിലപ്പെട്ടതും, അത്രയേറെ മൂല്യവത്തുമാണ്. അത് മറ്റാർക്കെങ്കിലും പണയം വെയ്ക്കുവാനോ കീഴ്പ്പെടുത്തുവാനോഉള്ളതല്ലന്ന ഉറച്ചബോധ്യം ഓരോ വ്യക്തിക്കുമുണ്ടായിക്കഴിഞ്ഞാൽ സ്വാഭാവികമായും ആത്മ ധൈര്യമെന്നത് താനെ കൈവരും. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് നീന്തൽ അറിയാത്തവനും കനത്ത ഒഴുക്കിൽ നിന്നും അത്ഭുതകരമായ രീതിയിൽ രക്ഷപെട്ടുവരുന്നത്.!
![]() |
നിങ്ങൾ സന്തോഷം തിരയുകയാണോ...? |
എന്നാൽ മറ്റുചിലരെ സംബന്ധിച്ചിടത്തോളം, ഒരിക്കലും ഒഴിവാക്കുവാൻ കഴിയാത്ത കുടുംബസാഹചര്യങ്ങളിൽപ്പെട്ട് അസ്വസ്ഥതപ്പെടുന്നവരുണ്ടാകാം. എന്നാൽ അവരുടെ ജീവിതം ആസ്വാദ്യകരമാക്കുവാൻ തക്ക വലിയ വാതായനങ്ങൾ ഈ ഡിജിറ്റൽ ലോകത്തെവിടെയും തുറന്നുകിടക്കുന്നു എന്നതാണ് ഈ പുതിയ കാലത്തിൻറെ മനോഹാരിത.! ഒറ്റവാക്കിൽ നമുക്ക് ആശ്വാസപ്രദവും, സന്തോഷം നൽകുന്നതുമായ കാര്യങ്ങൾ എന്താണോ അതുകണ്ടെത്തുകയും, അതിൽ പൂർണ്ണമായും മുഴുകുകയോ ചെയ്യുക എന്നതാണ് പ്രധാനം.
ഇവിടെയെല്ലാം നാം, നമ്മളെ തിരിച്ചറിയുക എന്നതുതന്നെയാണ് മുഖ്യപ്രശ്നം. അതിനർത്ഥം സ്വന്തം കഴിവിനേയും, കഴിവുകേടുകളേയും കുറിച്ച് ബോധവാനായിരിക്കുകയും, നമ്മുടെ പരിമിതികളേയും, സാഹചര്യങ്ങളേയും തിരിച്ചറിഞ്ഞുകൊണ്ട് ഏറ്റവും ലളിതമായും, മൂല്യവത്തായും,, ഭംഗിയായും ഈ ഭൂമിയിലെ ജീവിതം, ഏറ്റവും മനോഹരമായി ജീവിച്ചു തീർക്കുക എന്നതും മാത്രമാണ്.
പ്രധാനമായത്, " താൻ എന്തിന് ഇത്രയേറെക്കാലം ഈഭൂമിയിൽ മറ്റാരേയും പോലെ വെറുതെ തിന്നും, കുടിച്ചും, സന്താനങ്ങളെ ഉണ്ടാക്കിയും മാത്രം കഷ്ടപ്പെട്ടുജീവിച്ചു " എന്നുള്ള സ്വയം ചോദ്യങ്ങളാണ്. അവിടെ ആചോദ്യങ്ങൾക്കിടയിൽ, " തീർച്ചയായും, ഞാൻ എനിക്കിഷ്ടപ്പെട്ട ജീവിതം തന്നെയാണ് ജീവിച്ചുതീർത്തതെന്ന " സന്തോഷമാണ് ലഭിക്കുന്നതെങ്കിൽ തീർച്ചയായും ഒരു സംശയവും വേണ്ട നമ്മളെല്ലാവരും വലിയ ഭാഗ്യവാൻമാർ തന്നെ...!! കാരണം ഒരാളുടെ സന്തോഷമെന്നത് അവനവൻറെ സ്വന്തം താത്പര്യങ്ങൾ മാത്രമാണ്.!
- Get link
- X
- Other Apps
Comments