വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത. 

https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ മൊട്ടക്കുന്നുകൾവാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.


https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും


വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകളും, തടാകവും, അതിലൂടെയുള്ള ബോട്ടു സവാരിയുമെല്ലാം മികച്ച അനുഭവങ്ങൾ തന്നെ. കുട്ടികൾക്കും, യാത്ര ആസ്വാദ്യകരമാക്കുവാൻ പാകത്തിൽ, ചെറിയ ഒരു പാർക്കും കളിസ്ഥലങ്ങളുമൊക്കെ കാണാം.. 

 പാരാഗളൈഡിംഗ്

 സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഒരു മനോഹരമായ ഇടം തന്നെയാണ് വാഗമൺ. ഉയർന്ന കുന്നിൻ മുകളിൽ നിന്ന് അഗാധമായ പച്ചപ്പിലൂടെ ഉയർന്നുപറക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക..? നിരവധി യുവതീ യുവാക്കളുടെ നീണ്ട നിര തന്നെ നമുക്കവിടെ കാണാം. പ്രത്യേകിച്ച് വൈകുന്നേരം സമയങ്ങളിൽ.


https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ പാരാഗ്ളൈഡിംഗ്
 അഗാധമായ കൊക്കയും, അതിനോട് ചേർന്ന പുൽമേടുകളും, ദൂരെയ്ക്ക്, വളഞ്ഞുപുളഞ്ഞുപോകുന്ന മനോഹരമായ റോഡുകളുമെല്ലാം കണ്ട് കൂട്ടം കൂടി ചേർന്ന് നടക്കുന്ന നിരവധി യാത്രാ ഗ്രൂപ്പുകളേയും ഇടവിട്ട്, കാണാം. ഇപ്പോൾ പലസ്ഥലത്തുനിന്നും കെ. എസ്. ആർ.ടി. സി ബസ്സുകൾതന്നെ, കുറഞ്ഞ ചിലവിൽ വാഗമണിലേയ്ക്ക് വൺ ഡേ, ട്രിപ്പ് പ്ലാൻ ചെയ്ത് സഞ്ചാരികളുമായി വരുന്നുണ്ട്..

 പാരാഗ്ലൈഡിംഗ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഓൺലൈൻവഴിയോ, വിവിധ ടൂർ ഓപ്പറേറ്റർമാർവഴിയോ എല്ലാം ഇതു ചെയ്യാവുന്നതാണ്. 20 മിനിറ്റ് സമയത്തോളം കാഴ്ചകളുമായി പറന്നുനടക്കുവാൻ ഏകദേശം 2000 മുതൽ 6000 രൂപ വരെ വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാരാഗളൈഡിംഗ് നടക്കുന്ന ഈ കുന്നുകൾക്ക് അടുത്തുതന്നെ വലിയൊരു വാച്ച് ടവറും കാണാം. അതിൻറെ സ്റ്റെപ്പുകൾ കയറി മുകളിലെത്തിയാൽ അനന്തമായ ആകാശത്തിലേയ്ക്ക് മലനിരകൾ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായിപ്പോകുന്ന വിദൂരദൃശ്യങ്ങളാണ് കാണുവാൻ സാധിക്കുക.

 വാഗമൺ ഗ്ലാസ്സ് ബ്രിഡ്ജ്

ഈ അടുത്ത സമയത്താണ് കാൻറിലിവർ മാതൃകയിൽ പൂർത്തീകരിച്ച ഇൻഡ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ മനോഹരമായ ചില്ലുപാലം വാഗമണിൽ ഉദ്ഘാടനം ചെയ്തത്. 40 മീറ്റർ നീളത്തിലാണ്,ഈ പാലം നിർമ്മിച്ചിരിക്കുന്നത്. . ഇതിനും മുകളിൽ നിന്നാൽ തൊട്ടടുത്ത ജില്ലയുടെ വിദൂരദൃശ്യങ്ങൾ പോലും കാണാം. 

ചില്ലുപാലത്തിനോട് ചേർന്ന്, പുതിയ ഒരു അഡ്വഞ്ചർ പാർക്കും ആരംഭിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രായഭേദമന്യേ ആർക്കും എന്തുകൊണ്ടും രസമായി സമയം ചിലവഴിക്കാനാകുന്ന ഒരിടമാണ് വാഗമണും, അതിൻറെ പരിസരപ്രദേശങ്ങളും.

 പൈൻമരക്കാടുകൾ

ആദ്യമായി കാണുന്നവർക്ക് വിസ്മയകരമായ ഒരു അനുഭവമാണ് വാഗമണിലെ പൈൻമരത്തോട്ടം. എക്കറുകണക്കിന്, മലഞ്ചരിവുകളിലായി പരന്ന് ആകാശം മുട്ടെ, ഉയർന്നു നിൽക്കുന്ന പൈൻ മരത്തോട്ടം ബ്രിട്ടീഷുകാരുടെ കാലത്ത് നട്ട് വളർത്തിയതാണ്. ഇരുപത് വർഷം പ്രായമാകുമ്പോൾ വെട്ടിയെടുക്കുന്ന ഈ പൈൻ മരത്തിൻറെ പൾപ്പിൽ നിന്നുമാണ് കറൻസി അച്ചടിക്കുവാനാവശ്യമായ പൾപ്പ് ഉണ്ടാക്കിയെടുക്കുന്നത്. നിരവധി സിനിമകളും, അതിപ്രശസ്തമായ പല പ്രണയ ഗാനരംഗങ്ങളും മനോഹരമായി ചിത്രീകരിച്ച ഈ പ്രദേശം സഞ്ചാരികളെപ്പോലെതന്നെ ഫോട്ടോഗ്രാഫർമാരുടേയും ഇഷ്ട ലൊക്കേഷൻ തന്നെ.https://www.vlcommunications.in/2024/04/blog-post_22.html
വാഗമൺ പൈൻ മരക്കാടുകൾ


ഇത്രയും പറഞ്ഞത് ആദ്യമായി ഒരു വൺ ഡേ, ട്രിപ്പ് പ്ലാൻ ചെയ്ത് പെട്ടെന്ന് തിരിച്ചുപോരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള കാഴ്ച്ചകളാണ്. എന്നാൽ ഇതിലുമേറെ മനോഹരമായ സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങളുള്ള മല നിര കളുമെല്ലാം വാഗമണ്ണിൽ പലയിടങ്ങളിലായി പരന്നുകിടപ്പുണ്ട്. പക്ഷെ ആ കാഴ്ച്ചകളെല്ലാം, മനോഹരമായി ആസ്വദിക്കണമെങ്കിൽ, ഏതെങ്കിലും, നല്ല ഹോം സ്റ്റേകളോ, റിസോർട്ടുകളോ മുൻ കൂട്ടി ബുക്ക് ചെയ്ത്, അവരുടെ വിവിധ രീതിയിലുള്ള, ടൂർപാക്കേജുകളും, തിരഞ്ഞെടുത്താൽ  ട്രക്കിംഗും, പാരാഗ്ലൈഡിംഗുമെല്ലാം ആസ്വദിച്ച് വാഗമണിനെ കൂടുതൽ അടുത്തറിയാവുന്നതാണ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌