Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
പൊളിയല്ലേ മലയാളി...!
ലോകത്തുതന്നെ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്. വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികളുടെ പ്രത്യേക കഴിവാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ, മലയാളി എന്ന പേരിൽ വലിയരീതിയിൽ കളങ്കം ചാർത്തിക്കൊടുക്കുന്നവരും, കൂടാതെ, കേരളത്തിൽ ജനിച്ചു ജീവിച്ചുകൊണ്ടുതന്നെ അതിനെ ലോകത്തിനുമുന്നിൽ വല്ലാതെ താഴ്ത്തിക്കെട്ടാൻ പണിപ്പെടുന്നവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.!
സ്വാതന്ത്ര്യവും, മനുഷ്യത്വപരവുമായ കാര്യങ്ങളിലുള്ള മലയാളികളുടെ ഇടപെടലുകളെ, ലോകം എന്നും, അത്യത്ഭുതത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ചിലതുമാത്രമായിരുന്നു. കേരളത്തെ തകർത്ത രണ്ട് വലിയ പ്രളയവും, സുനാമിയും, നിപ്പയും, കോവിഡുമെല്ലാം.
കോവിഡ് ഭീകര താണ്ഡവമാടിയ സമയങ്ങളിൽ നിരവധി വിദേശികളാണ് അന്ന് ഇവിടെ പെട്ടുപോയത്. ലോകത്തെവിടെയും പ്രതിദിനം പതിനായിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും, ഭാവിയെക്കുറിച്ച്, വലിയ തോതിലുള്ള ഉത്കണ്ഠകളും പെരുകിയ സാഹചര്യം കൂടിയായിരുന്നു അത്. എങ്കിലും ഇവിടെ താമസിച്ച്, ഇവിടുത്തെ ചികിത്സാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്, രോഗവിമുക്തരായി സന്തോഷത്തോടെ തിരിച്ചുപോയ എല്ലാവിദേശീയരും അക്കാലത്ത്,കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെ, വളരെയധികം പ്രശംസിച്ചുകൊണ്ടു തന്നെയാണ് മടങ്ങിപ്പോയതും. എന്തായാലും, ആ കഥകളെല്ലാം, അവിടെ നിൽക്കട്ടെ...
![]() |
പൊളിയല്ലേ മലയാളി |
പറഞ്ഞുവന്നത്, റംസാനും, വിഷുവും ചേർന്നുവരുന്ന മലയാളത്തിൻ്റെ ഈ പുണ്യമാസത്തിൽ, ജാതിമതഭേദമന്യേ മലയാളമനസ്സുകളുടെ നന്മ കൈകോർത്ത ഒരു മഹത്തായ ഒരു വലിയ സംഭവത്തെക്കുറിച്ചാണ്.. എത്ര നിസ്സാരവും, മഹാമനസ്ക്കതയോടും കൂടിയാണ് മണിക്കൂറുകൾക്കുള്ളിൽ 34 കോടി രൂപ യെന്ന വളരെ വലിയൊരു ലക്ഷ്യത്തിലേയ്ക്ക് ലോക മലയാളികളുൾപ്പടെ, കൂടിച്ചേർന്ന്, വെറുമൊരു സാധാരണ മനുഷ്യൻറെ ജീവൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളായിത്തീർന്നത്..!
സൗദിയിൽ ജോലി ചെയ്യവേ, മനപൂർവ്വമല്ലാതെ സംഭവിച്ച ഒരുകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, റഹിം എന്ന ഒരുയുവാവിൻറെ മോചനത്തിനായി വാദിഭാഗം, ദയാധനമെന്ന ഉപാധിയായി ആവശ്യപ്പെട്ടത് 34 കോടി രൂപയായിരുന്നു.!
സാധാരണ രീതിയിൽ ഒരിക്കലും സാദ്ധ്യമല്ലന്നുറപ്പിച്ച ഒരു കാര്യം.! ദയാഹർജ്ജികൾ ഒന്നിനുപുറകെ ഒന്നായി മേൽക്കോടതികൾ കയറിയിറങ്ങി. ഉന്നതതല ഇടപെടലുകൾ നടത്തി. പക്ഷെ ഇതെല്ലാം തള്ളിപ്പോവുകയും, വധശിക്ഷയ്ക്ക് രണ്ടുനാൾ മാത്രം ബാക്കിയിരിക്കേ... ലോകത്തിനുമുന്നിൽ ഹൃദയംപൊട്ടി തകർന്നുവീണ അയാളുടെ വൃദ്ധയായ ഉമ്മയുടെയും, കുടുംബത്തിൻ്റെയും, രോദനങ്ങളിൽ പങ്കുചേർന്ന് ഉണർന്നെഴുന്നേറ്റ കേരളം എത്ര കുറഞ്ഞ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാ കൈകളും ചേർത്തുവെച്ച് മാനവികതയെ ഉയർത്തിപ്പിടിച്ചത്.
അതിൽ ലോകമലയാളി സംഘടനകളും, ബഹുജനങ്ങളും, കേരളത്തിലെ വിവിധ സംഘടനകളുമെല്ലാം അണിനിരന്നപ്പോൾ അത് ഒരു ആവേശം അലതല്ലുന്ന വലിയൊരു, അലകടലായി ഒഴുകി. അതിൽ എല്ലാം മറന്ന് ഒന്നിച്ചവരുടെ കൂട്ടത്തിൽ കേരളത്തിലെ പ്രമുഖ ബിസിനസ്സുകാരനായ ശ്രീ. ബോബി ചെമ്മണ്ണൂരും, മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹം നൽകിയതാകട്ടെ, ഒരുകോടിരൂപയും.! കൂടാതെ അതിനുവേണ്ടി ദിവസങ്ങൾക്കുള്ളിൽ ഏതാനും ചെറുപ്പക്കരുടെ നിതാന്ത അദ്ധ്വാനം കൊണ്ട് ആപ്ലിക്കേഷൻ നർമ്മിക്കുകയും, സോഷ്യൽ മീഡിയവഴി നൽകിയ വലിയ തോതിലുള്ള, പ്രചാരണങ്ങളും എല്ലാം ഒത്തുചേർന്നപ്പോൾ സംഭവിച്ചത് വലിയൊരു അത്ഭുതം തന്നെയായിരുന്നു. അത് ഇന്ത്യയിലെ കേരളമെന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിലല്ലാതെ മറ്റെവിടെ സംഭവിയ്ക്കാൻ?
എന്നാൽ അതിനിടയിലും, ഇപ്പോൾ എന്തിനും, ഏതിനും കുത്തിത്തിരുപ്പും, മതവർഗ്ഗീയവാദവുമായി കടന്നുവന്നവർ ഇതിനും മുന്നിൽ തന്നെയുണ്ടായിരുന്നു. പക്ഷേ, അറിഞ്ഞോ, അറിയാതെയോ, ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെയുള്ള ഒരു താക്കീതും, മുദ്രാവാക്യവും കൂടി ആയിമാറുകയായിരുന്നു ഈ ക്യാമ്പെയിൻ എന്നതായിരുന്നു വസ്തുത. !
സത്യത്തിൽ അത്രയും വലിയ തുക സംഘടിപ്പിക്കുക, എന്ന വിഷമകരമായ ഒരു ലക്ഷ്യപൂർത്തീകരണത്തിനുശേഷം മാത്രമാണ്, പലരും യഥാർഥത്തിൽ, അയാൾ ചെയ്ത കുറ്റമെന്തെന്നുപോലും, അന്വേഷിച്ചിറങ്ങിയത്.!
വർഷങ്ങൾക്കു മുൻപ്, ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹിം. തൻറെ സ്പോൺസറുടെ മകനായ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. കഴുത്തിന് താഴേയ്ക് ചലനശേഷി നഷ്‌ടപ്പെട്ടിരുന്ന ഫായിസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഒരുപ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവും നൽകിയിരുന്നത്.കൂടാതെ മലമൂത്ര വിസർജ്ജനം ചെയ്യിക്കേണ്ടതുമുതൽ, , ഇടയ്ക്കിടെ പുറത്തുകൊണ്ടുപോകുന്നജോലിയും, ചുമതലയുമെല്ലാം റഹീമിനുതന്നെയായിരുന്നു.
എന്നാൽ 2006 ഡിസംബറിൽ ഒരുദിവസം ഫായിസിനെ കാറിൽ കൊണ്ടുപോകുന്നവഴി റഹിമിൻറെ കൈകൾ അബദ്ധവശാൽ ഫായിസിൻറെ കഴുത്തിൽ ഘടിപ്പിച്ച യന്ത്രത്തിൽ തട്ടുകയും തുടർന്ന് ബോധരഹിതനായ ഫായിസ് മരിക്കുകയും ചെയ്തു.
എന്നാൽ കൊലപാതക കുറ്റം ചുമത്തി സൗദി പോലീസ് അറസ്റ്റ് ചെയ്ത റഹീമിനെ. റിയാദിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയാണ് ഉണ്ടായത്.. ഇപ്പോൾ 16 വർഷത്തെ കഠിനമായ, തടവുശിക്ഷയ്ക്ക് ശേഷം വധശിക്ഷ നടപ്പിലാക്കുവാൻ കേവലം രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ്, ഇത്രയും വലിയൊരു തുക പിരിച്ചുനൽകി മാനവികതയുടെയും, പരസ്പരസ്നേഹത്തിൻ്റെയും, ഒരുമയുടെയും ഈ വലിയൊരത്ഭുതം ലോകത്തിന് മുന്നിൽ മലയാളികൾ ഒന്നിച്ചു ചേർന്ന് കാണിച്ചുകൊടുത്തത്..!
ഇതിൽ ഇപ്പോൾ ഇതിനെക്കുറിച്ച് കേരള മുഖ്യമന്ത്രി ഫെയ് സ് ബുക്കിൽ കുറിച്ച വാചകങ്ങളാണ് അതിലേറെ ശ്രദ്ധേയമായത്. "വെറുപ്പിൻറെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ, മാനവികതയുടെയും, മനുഷ്യസ്നേഹത്തിൻ്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ ചെയ്തത്" എന്നാൽ, മലയാളികൾ, ഇതാണ് ഞങ്ങളുടെ യഥാർത്ഥ 'കേരളസ്റ്റോറി' എന്ന തലക്കെട്ടിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വാർത്തയെ ദിവസങ്ങളോളം ആഘോഷിച്ചത്.!
എന്തായാലും കേരളത്തിലെയെന്നല്ല, ലോകത്തുള്ള എല്ലാമലയാളികൾക്കും, പ്രത്യേകിച്ചും, പെരുന്നാൾ, വിഷു എന്നിവയുടെ മാനവികതയിലും, മനുഷ്യ സ്നേഹത്തിലും ഉറച്ച മഹത്തായ ആശയങ്ങളും, മൂല്യവും ലോകത്തിനു തന്നെ പകർന്നു നൽകിയ വലിയൊരു ദൗത്യം തന്നെയാണ് കേരളം നിറവേറ്റിയതെന്നതിൽ ഏതൊരു മലയാളിയ്ക്കും തീർച്ചയായും എക്കാലവും അഭിമാനിക്കാവുന്നതു തന്നെയാണ്.!
- Get link
- X
- Other Apps
Comments