മറവി ഒരു രോഗം തന്നെയാണോ...?

 മറവി രോഗമാണോ...?

വേണമെങ്കിൽ അതെയെന്നും, അല്ലന്നും പറയാം. കാരണം അത് നമ്മുടെ നിത്യജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാൻ സാദ്ധ്യതയില്ലാത്തിടത്തോളം, ചിലമറവികളെല്ലാം നല്ലതിനുമാണ്.

 പെട്ടെന്ന് ഓർമ്മവന്നത്, സ്വന്തം കുഞ്ഞിനേയും കൂട്ടി സൈക്കിളിൽ സാധനങ്ങൾ വാങ്ങുവാൻ പോയ ഒരു അച്ഛനെയാണ്. സാധനങ്ങൾ വാങ്ങി മറ്റെന്തെക്കെയോ ചില കാര്യങ്ങളെക്കുറിച്ചോർത്ത് സൈക്കിളിൽ വീട്ടിലേയ്ക്കു തിരിച്ച


അയാൾ, വീട്ടിലെത്തിയ ശേഷം ഭാര്യ തിരക്കിയപ്പോൾ മാത്രമാണ് സ്വന്തം കുഞ്ഞിനെ കടയിൽ വെച്ച് മറന്നുപോയ കാര്യം ഓർത്തെടുത്തത്.!


https://www.vlcommunications.in/2024/04/blog-post.html

മറവി ഒരു രോഗം ?



 ഇങ്ങിനെ രസകരവും, അല്ലാത്തതുമായ പല കാര്യങ്ങളുമുണ്ടങ്കിലും, നിത്യ ജീവിതത്തിൽ ചിലപ്പോഴൊക്കെ മറവി ഒരു വില്ലനുമായിത്തീരാറുണ്ട്. ചില മനുഷ്യർക്കിടയിൽ ഇത് വിവാഹമോചനത്തിനുവരെ കാരണമായിട്ടുമുണ്ട്.

എപ്പോഴാണ് ചികിത്സ തേടേണ്ടത്?

 എന്തായാലും ഒരു പരിധിവിട്ട് മറവി എന്നത് ഒരു പ്രശ്നമായിത്തീരുമ്പോൾ ചികിത്സ ആവശ്യമുള്ള ഒരു അസുഖം തന്നെ. 

ഇതിന് നിരവധിയായ കാരണങ്ങളുണ്ട്. ശരീരത്തിൽ അവശ്യമായ തോതിലുള്ളവൈറ്റമിനുകളുടെ അഭാവം കൊണ്ടാകാം. ജീവിതശൈലീ രോഗങ്ങളുടെ ഭാഗമാകാം, തലച്ചോറുമായി ബന്ധപ്പെട്ടതാകാം, ഇങ്ങിനെ പലതും ചൂണ്ടിക്കാണിക്കാമെങ്കിലും, കൂടുതൽ പേരിലും, മനസ്സിൽ നിറയുന്ന അകാരണമായ ഉത്കണ്ഠയും, അതിനോടനുബന്ധിച്ചുള്ള ഭയാശങ്കകളുമാണ്.

 അതല്ലങ്കിൽ വളരെ തിരക്കുപിടിച്ചതെന്ന് നാം സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്ന ജീവിത ഘട്ടങ്ങളിൽ, ഒരേ സമയം പലകാര്യങ്ങളിലും വ്യാപിക്കുകയോ , ചിന്തിക്കുന്നവരിലോ മറവി രോഗം കൂടുതലായി കണ്ടുവരാറുണ്ട്.

എന്തായാലും, മേൽപ്പറഞ്ഞ കഠിനമായ ജീവിത ശൈലീരോഗങ്ങളോ, ശാരീരിക പ്രശ്നങ്ങളോ ഒന്നും ഇല്ലാത്തവരാണങ്കിൽ നമുക്ക് വളരെ ചെറിയ കാര്യങ്ങൾകൊണ്ട് നമുക്കിതിനെ മറികടക്കുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാം.

എങ്ങിനെ മറികടക്കാം?

അതിൽ ആദ്യം, നമ്മൾ ഏതുതരം കാര്യങ്ങളെക്കുറിച്ചാണ് മറക്കുന്നതെന്നതാണ് പ്രധാനം.. 

അത് പ്രധാനപ്പെട്ടതോ, അതല്ലങ്കിൽ അപ്രധാനമായതോ..? പ്രധാനകാര്യങ്ങളെക്കുറിച്ചാണങ്കിൽ, ചെറിയ ചില കാര്യങ്ങളെക്കൊണ്ട് അതിനെ ഭംഗിയായി മറികടക്കുവാൻ സാധിക്കും. അതിന് ആദ്യം വേണ്ടത് പഴയ കാലത്ത് ഏവരും ചെയ്തിരുന്നതുപോലെ ഒരു ഡയറിയെഴുത്ത് ശീലമാക്കുക എന്നതാണ്.

 അതിൽ എപ്പോഴെങ്കിലും, വളരെ ഫ്രീയായി ഇരിക്കുന്ന ഒരു സമയം നോക്കി, വരുന്ന ഒരാഴ്ച്ച ചെയ്യേണ്ട പ്രധാനകാര്യങ്ങൾ മുൻകൂറായി, ഓരോ ദിവസവും ചാർട്ട് ചെയ്ത് വ്യത്യസ്ത പേജുകളിലായി കുറിച്ചുവെയ്ക്കുകയും, പിന്നീട് അത്, ആ ദിവസങ്ങളിൽ പരിശോധിക്കുകയും ചെയ്യുക. അത് പണമിടപാട് സംബന്ധിയായ കാര്യങ്ങളോ, തീർത്തും സ്വകാര്യമായവയോ, കുട്ടികളുടെ കാര്യങ്ങളോ, വീട് സംബന്ധമായവയോ അങ്ങിനെയെന്തുമാകാം.

 അതല്ലങ്കിൽ ഓരോ ദിവസത്തെ പ്രധാനകാര്യങ്ങളും,പിറ്റേന്ന്, ചെയ്യേണ്ടതുമായ കാര്യങ്ങൾ, അത് ഓർമ്മിച്ചെടുത്ത് എപ്പോൾ എങ്ങിനെയെന്ന് മുൻകൂർ പ്ലാൻ ചെയ്ത്, അതിനനുസൃതമായി ഓരോരുത്തരും ദിവസങ്ങളിലും, വളരെ അടുക്കും, ചിട്ടയോടും, ഭംഗിയായും ചെയ്തുതീർക്കുവാനും ശ്രമിക്കുക.

 ഇതൊന്നിനും കഴിഞ്ഞില്ലങ്കിൽ രാവിലെ ഉണരുമ്പോൾ തന്നെ, മറ്റുകാര്യങ്ങളിലേയ്ക്ക് കടക്കുന്നതിനും മുൻപേ, അന്നന്ന് ചെയ്യേണ്ടതായ കാര്യങ്ങൾ കൃത്യമായി ഓർമ്മിച്ചെടുത്ത് മനസ്സിൽ ഉറപ്പിക്കുക.

മറ്റൊന്ന്, ഒരേസമയം ഒന്നിലധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും, പ്രവർത്തിക്കുകയും, ചെയ്യുക. 

ഒരു ഉദാഹരണത്തിന് ചില വീട്ടമ്മമാർ ഭക്ഷണം അടുപ്പിൽ വേവിയ്ക്കുവാനായി, വെച്ചശേഷം, പുറത്തേയ്ക്കിറങ്ങിവന്ന് ടി. വി. ഓൺചെയ്ത് ടി.വി. പരിപാടികളിൽ ശ്രദ്ധിച്ചു കൊണ്ട്, ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, ഇതിനിടയിൽ ആദ്യം ചെയ്ത പ്രവൃത്തിയായ അടുപ്പിൽ വേവിക്കുവാൻ വെച്ചിരിക്കുന്ന ഭക്ഷണ സാധനത്തെക്കുറിച്ച് തീർച്ചയായും സ്വാഭാവികമായും മറന്നുപോവുകയും ചെയ്യും.

മറ്റുചിലരുടെ വിഷയം, ഓഫീസിലേയോ, വീടുമായോ ബന്ധപ്പെട്ട് അലട്ടുന്ന നൂറുകൂട്ടംപ്രശ്നങ്ങളാകും, 

അത്തരക്കാർ നേരത്തെ പറഞ്ഞതുപോലെ ഡയറി എഴുത്ത് ശീലമാക്കുകയും, ഒപ്പം എന്തെല്ലാം തിരക്കുകളുണ്ടങ്കിലും അതെല്ലാം തത്ക്കാലത്തേയ്ക്ക് മാറ്റിവെച്ച്, ആഴ്ച്ചയിൽ ഒരുദിവസമെങ്കിലും, മനസ്സിനെ സ്വതന്ത്രമാക്കി, വിനോദങ്ങളിലേയ്‌ക്കോ, കുടുംബം ഒന്നിച്ചുള്ള ചെറിയ യാത്രകളുമൊക്കെ പ്ലാൻ ചെയ്യുന്നതുമെല്ലാം, മനസ്സിനെ വളരെ സ്വതന്ത്രമാക്കുവാനും, അതുവഴി പുതിയ ഒരു ഊർജ്ജം നൽകുവാനുമെല്ലാം സഹായിക്കും.

മറ്റൊന്ന് ധ്യാനം, യോഗ, വ്യായാമം എന്നിവ പരിശീലിക്കുക എന്നതാണ്. 

ഏതായാലും ഇതിനൊന്നിനും കഴിയാത്തവർക്ക് ഇഷ്ടമുള്ള ദൈവരൂപത്തേയോ, സ്ഥലങ്ങളേയോ, ക്ഷേത്രങ്ങളേയോ, മനസ്സിൽ ഏകാഗ്രതയോടെ ദർശിക്കുകയും, അതിനെ ഒരു ധ്യാനരൂപമാക്കി മാറ്റി മനസ്സിനെ സ്വയം നിയന്ത്രിക്കുകയും  ചെയ്യാം, 

എല്ലാത്തിലുമുപരി, മദ്യം, മയക്കുമരുന്ന്, പുകവലി ഇതെല്ലാം പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.

 ഇങ്ങിനെ വളരെ ചിട്ടയോടെയും, സാവധാനത്തിലും , ആദ്യം ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് മുഖ്യപരിഗണന നൽകുകയും, അത് കൃത്യമായി ചെയ്ത് തീർത്തതിനു ശേഷം അടുത്തതിനുള്ള പ്രയോറിറ്റിയെക്കുറിച്ചാലോചിക്കുകയും ചെയ്തു കൊണ്ടും, ചെയ്യുന്ന കാര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട്  പൂർണ്ണ ബോദ്ധ്യത്തോടെ അത് ചെയ്തു തീർക്കുകയും ചെയ്താൽ വളരെപ്പതിയെ ഓർമ്മക്കുറവ് എന്ന നിസ്സാര കാര്യങ്ങളിൽ നിന്നും പുറത്തുകടക്കാനാകും!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌