Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
മതം കറുപ്പുതന്നെ.
മോട്ടിവേഷൻ എന്നാൽ വിഷമാണത്രേ...! ഈ നൂറ്റാണ്ടിലെ സർവ്വജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മത പ്രഭാഷകൻറെ വാക്കുകളാണിത്. അല്ലങ്കിൽ തന്നെ മതത്തിനും, മതപണ്ഡിതർക്കും പൊതുവേ ഒരുഗുണമുള്ളത് അതിനെ സ്വന്തം ആവശ്യങ്ങൾക്കും, സാഹചര്യങ്ങൾക്കും അനുസരിച്ച് എപ്പോൾ വേണമെങ്കിലും എങ്ങിനേയും വ്യാഖ്യാനിക്കാമെന്നുള്ളതാണ്. മറ്റൊരു ഗുണം. തൊട്ടാൽ ചിലപ്പോൾ കൈപൊള്ളിയാലോ എന്നു ഭയന്ന് ആരും പെട്ടെന്ന് ചോദ്യം ചെയ്യുവാനോ , വിശദീകരണമാവശ്യപ്പെട്ടോ വരികയുമില്ല.
![]() |
മതം കറുപ്പുതന്നെ. |
എന്നാൽ ഇവിടെ മതപണ്ഡിതൻ്റെ മുഖ്യ പ്രശ്നം , പ്രായപൂർത്തിയായ കുട്ടികൾ കല്യാണം കഴിക്കുവാൻ മടിക്കുന്നു എന്നതാണ്.! അതിൽ മതത്തിന് എന്താണ് കാര്യമെന്നൊക്കെ, ചോദിക്കുവാൻ വരട്ടെ.! സ്വന്തമായി ഒരു ജോലികിട്ടിയിട്ട് മാത്രം മതിയത്രെ , യുവതികൾക്ക് കല്യാണം!
- അത് എന്ത് തരം ന്യായമാണത്...? സ്വന്തമായി വരുമാനമുണ്ടങ്കിലേ സ്ത്രീകൾ കല്യാണം കഴിക്കൂ പോലും.! ആ പറയുന്നത് ഒരു പുരുഷനാണങ്കിൽ ന്യായം.! കാരണം അവന് ജോലിയുണ്ടങ്കിലേ ഭാര്യയെ പോറ്റാൻ കഴിയൂ. പക്ഷെ ഇവിടെ അങ്ങിനെയല്ല സ്ഥിതി. പിന്നെയോ..? സ്ത്രീകൾക്കും ജോലിവേണമത്രെ...?! എന്തിന് ഭർത്താവിനെ വരച്ചവരയിൽ നിർത്താൻ.!
അതെങ്ങിനെയാണ് ശരിയാവുക...? ഭർത്താവിനെ വരച്ചവരയിൽ നിർത്തുന്നതുമാത്രമാണോ...? പെണ്ണുങ്ങൾക്ക് അഹങ്കാരവും കൂടില്ലേ...?! മാത്രമല്ല പെണ്ണുങ്ങൾക്ക് എന്തിനാണ് പണം...? പണം കൈയിൽ കിട്ടിയാൽ സ്ത്രീകൾ വഴിതെറ്റിപ്പോകില്ലേ...! എന്തെങ്കിലും ആവശ്യങ്ങളുണ്ടങ്കിൽ ഭർത്താവിനോട് കരഞ്ഞുപിഴിഞ്ഞ് യാചിച്ചുവാങ്ങലല്ലേ ഭാര്യയുടെ ധർമ്മം..! ഇങ്ങിനെ അണമുറിയാത്ത പ്രസംഗത്തിനിടയിൽ അത് ആസ്വദിച്ചും, ശ്രദ്ധിച്ചും, കൈയ്യടിച്ചും പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം മദ്ധ്യവയസ്കരെയും, ഏതാനും ചെറുപ്പക്കാരെയും കണ്ടപ്പോൾ മാത്രമാണ് ഇപ്പോൾ, ഈ നാട്ടിൽ പ്രത്യേകിച്ച് സ്വന്തം മതത്തിൽ നിന്നുതന്നെ, സ്ത്രീകൾ എന്തുകൊണ്ടാണ് വിവാഹത്തിന് വിമുഖത കാണിക്കുന്നതെന്ന് കൃത്യമായി മനസ്സിലായത്.!
എന്നാൽ മറ്റൊരു വസ്‌തുത, നിയമം മൂലം നിരോധിക്കേണ്ടിവന്ന സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചോ, ഭർതൃ ഗൃഹത്തിൽ പീഢനങ്ങൾക്കു വിധേയരാവുകയോ, കൊല്ലപ്പെടുകയോ, എന്തിന് ദിനം തോറും പെരുകിവരുന്ന സ്ത്രീവിരുദ്ധതക്കെതിരെയോ ഒരക്ഷരം പോലും, ഈ മത പണ്ഡിത സമൂഹങ്ങളൊന്നും, ഉരിയാടാൻ തയ്യാറാകുന്നില്ലന്നുമാത്രമല്ല. പല മതപ്രബോധകരും, ആൾ ദൈവങ്ങളും വരെ ഇത്തരം സ്ത്രീ പീഢനകേസുകളിൽ മുഖ്യ പ്രതികളായി മാറുന്ന കാഴ്ച്ചകളുമാണ് കാലങ്ങളായി ഇപ്പോൾ കണ്ടുവരുന്നത് എന്നതാണ് അതിലേറെ രസകരം.!
സ്ത്രീകൾ എന്തുകൊണ്ടും ശക്തമായ സമൂഹമായ ഇക്കാലത്ത്, പലപ്പോഴും പലവേദികളിലും, നിരന്തരം ഉയർന്നുവരുന്നത്, " എന്തിനാണ് എല്ലാമതങ്ങളും സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് കനത്ത കാൽചങ്ങലകളുമായി പുറകേ നടക്കുന്നതെന്നാണ്". പഴയകാല "സതി" എന്ന ദുരാചാരം മുതൽ ഇന്നും അബലയായ സ്ത്രീ എന്ന വിശേഷണത്തിൽ വരെ അത് തുടർന്നുപോരുന്നു. എപ്പോഴും, ഒരുപുരുഷാധിപത്യ സമൂഹത്തിന് വേണ്ടി ശക്തമായി തയ്യാറാക്കപ്പെട്ട കുറേയധികം കാലഹരണപ്പെട്ട, ആചാരാനുഷ്ഠാനങ്ങളെന്നപേരിൽ , കൊണ്ടു നടക്കുന്ന ഈ മതാചാര നിയമങ്ങൾ സ്ത്രീകളെ സ്വന്തം കുടുംബങ്ങൾക്കകത്ത് ഒരു ജീവിതകാലം മുഴുവൻ തളച്ചിടുവാനുള്ള ചങ്ങലക്കെട്ടുകളല്ലാതെ മറ്റെന്ത് സമൂഹനൻമയാണ് ലക്ഷ്യം വെയ്ക്കുന്നത്...? എന്നിട്ട് ഇതിനകത്തുനിന്നാണ്, സ്തീ സംവരണം, സ്ത്രീ ശാക്തീകരണമെന്നൊക്കെ പ്രസംഗിച്ചു നടക്കുന്നതും.!
ലോകം അനുനിമിഷം വളരുകയും, ഒരു കമ്പോളമായി മാറിത്തീരുകയും, ഇന്ന് ബഹിരാകാശ പര്യവേക്ഷണങ്ങൾ ഉൾപ്പടെ എന്തിന് ലോകത്തെ തന്നെ മികച്ച സൈനിക ശക്തികളുടെ നിർണ്ണായക സ്ഥാനങ്ങൾവരെ അലങ്കരിക്കുകയും ചെയ്യുന്ന വലിയൊരു സ്ത്രീ സമൂഹത്തിന് നേരെയാണ്, പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ഈ മത പണ്ഡിതർ അലറുന്നതെന്നു കാണുമ്പോൾ , സംസ്ക്കാര സമ്പന്നമായ ഒരു ജനതയ്ക്ക് പൊട്ടിച്ചിരിക്കുവാനല്ലാതെ മറ്റെന്തിനാണ് കഴിയുക..?
എന്തായാലും, ഒരുകാര്യം പറയാതിരിക്കുവാനാവില്ല. എവിടെയായാലും, ഏതിൻറെ പേരിലായാലും, മതങ്ങൾ പലപ്പോഴും കടന്നുചെല്ലുന്നത്, ആൺ പെൺ വ്യത്യാസങ്ങളില്ലാത്ത മനുഷ്യൻറെ പരമപ്രധാനമായ വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കു തന്നെയാണ്. ഒരു മനുഷ്യൻ ജനിച്ചുവീഴുന്നതുമുതൽ, മരിക്കുന്നതുവരെ എന്തു ഭക്ഷിക്കണം, എന്തുതൊഴിൽ ചെയ്യണം, എന്തുവസ്ത്രം ധരിക്കണം, എങ്ങിനെ ജീവിക്കണം എന്നെല്ലാം സ്വയം തീരുമാനിക്കുവാനും, പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ടായിരിക്കേ, അനാവശ്യമായി മതങ്ങൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് എന്തിനെന്നും, ആർക്കുവേണ്ടിയെന്നുമാണ് ഈ കാലഘട്ടത്തിലെ, കാതലായ ചോദ്യം.!
മനുഷ്യജീവിതത്തെ പുതുക്കിപ്പണിയുകയും, അവരിൽ നന്മയുടെ പ്രകാശം ചൊരിയുകയും, സർവ്വോപരി മനുഷ്യനെ മനുഷ്യനായിക്കണ്ട് സ്നേഹത്തിൻറേയും, സമാധാനത്തിൻറേയും, സന്ദേശം പരത്തുകയുമാണ്, എല്ലാമതഗ്രന്ഥങ്ങളുടേയും അടിസ്ഥാന ലക്ഷ്യമെന്നിരിക്കേ, അത്ജീവനോപാധിയായി മാറ്റിയെടുത്ത് അസഹിഷ്ണുതയുടേയും, വെറുപ്പിൻറേയും, അസ്വസ്ഥതയുടെയും, കലാപത്തിൻറേയും, സന്ദേശങ്ങൾ പൊതുസമൂഹത്തിൽ പരത്തിവിട്ട് വിറ്റ് ഉപജീവനം നടത്തുന്നവരെ പൊതു മണ്ഡലങ്ങളിൽ നിന്നും, വ്യക്തി ജീവിതങ്ങളിൽ നിന്നുമെല്ലാം അകറ്റി നിർത്തേണ്ട കാലം അതിക്രമിച്ചുവെന്നുതന്നെയാണ് പല സംഭവങ്ങളും അടിവരയിടുന്നത്..!
- Get link
- X
- Other Apps
Comments