<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

എന്തിനാണ് അപകർഷത?

  "ഒറ്റ വാക്കിൽ പറയട്ടെ. - നിങ്ങൾ എന്താണോ എന്നിൽ കാണുന്ന കുറ്റങ്ങളും കുറവുകളും .... അതു തന്നെയാണ് ഈ ഞാൻ " " ഇനി ഒരു പക്ഷേ എനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും എന്നിൽ കാണാം കഴിയുന്നില്ലങ്കിൽ, നിങ്ങൾ പറയുന്ന ആ തെറ്റുകൂടി ഉൾപ്പെട്ടതാകും എൻറെ വ്യക്തിത്വം,

 മാത്രവുമല്ല അത് എൻറെ അവകാശമായും, അതിൽ ഞാൻ ഏറെ സന്തോഷിക്കുകയും, സംതൃപ്തനുമാണന്നും മാത്രമല്ല തുടർന്നും... അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും" 

ഇത് ഇപ്പോൾ സമൂഹത്തിൽ വളരെപ്പെട്ടെന്ന് മുളച്ചുപൊന്തിയിരിക്കുന്ന കുറേയേറെ വിദ്വേഷ പ്രചാരകർക്കായുള്ള, കേരളത്തിലെ ഒരു പ്രമുഖ കലാകാരൻ്റെ മറുപടിയായിരുന്നു.

പറഞ്ഞു വന്നത് ഒരു സമൂഹമോ , ചുറ്റുപാടുകളോ മനുഷ്യ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് അയാളെ എങ്ങിനെ സമൂഹത്തിൻറെ താത്പ്പര്യങ്ങൾക്കനുസൃതമായി മാറ്റിത്തീർക്കുവാൻ ശ്രമിക്കുന്നു എന്നതിൻ്റെ വലിയൊരു ഉദാഹരണമാണ്.

ഒരുപക്ഷേ മനുഷ്യരെ അത്തരത്തിൽ നിർമ്മിച്ചെടുക്കുവാൻ പണിപ്പെടുന്ന ഒരു സാമൂഹ്യ എഞ്ചിനീയറിംഗ് സംവിധാനം തന്നെ ഈ സാംസ്ക്കാരിക കേരളത്തിൽ ,നിലനിൽക്കുന്നു എന്നതും വാസ്ഥവമാണ്.

ഇതിൻറെയൊക്കെ ഒരു പ്രതിഫലനമോ, സമൂഹത്തിൽ കാണുന്ന വിവിധതരം മനുഷ്യരുടെ ഇടപെടലുകളോ,, ജീവിതചുറ്റുപാടുകളോ, സംസർഗ്ഗമോ ഒക്കെയാകാം പൊതുവിൽ ഒരുമനുഷ്യനിൽ വളരെ പതിയെ വ്യാപിച്ച് അവസാനം ജീവിതത്തിൻറെ തന്നെ എല്ലാനിറങ്ങളും കെടുത്തിക്കളയുന്ന അപകർഷത എന്ന വില്ലൻ.

എന്തായാലും, സമൂഹവും,അത്നിർമ്മിച്ചെടുക്കുന്ന ഒരു രാഷ്ട്രീയ ജീവിതവുമെല്ലാം തുറ ന്നുകാണാതെ ഒരിക്കലും ഒരുവ്യക്തിജീവിതത്തിൻറെ സ്വഭാവ സവിശേഷതകളിലേക്കുമാത്രം ഇറങ്ങിച്ചെന്ന് ആരെയും മനസ്സിലാക്കുവാനോ, അപഗ്രഥിക്കുവാനോ, കഴിയുമെന്നും തോന്നുന്നില്ല. 

ഒരു പ്രമുഖ ചിന്തകൻ്റെ വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാണന്ന് തോന്നുന്നു.      " രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലങ്കിൽ,.... ആ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും. " എന്നതിൻ്റെയെല്ലാം വ്യക്തമായ സൂചനയാണ് നാം ഇപ്പോൾ വ്യക്തികളിലും, സമൂഹത്തിലും കാണുന്ന പല മാറ്റങ്ങളുടേയും നിദാനവും..  

പറഞ്ഞുവന്നത് ഓരോമനുഷ്യനിലും, പലവിധത്തിൽ അടിഞ്ഞുകൂടുന്ന അപകർഷതയെക്കുറിച്ചാണങ്കിലും, ഇത്തരം ഒരുമുഖവുരയില്ലാതെ അത് പൂർണ്ണമാവുകയുമില്ല.

   


https://www.vlcommunications.in/2024/03/blog-post_18.html
 എന്തിനാണ് അപകർഷത ?


കൗമാരത്തിലേയ്ക്ക് അടുക്കുന്ന പ്രായത്തിൽ, കുട്ടികളിലാണ് സാധാരണയായി അപകർഷതാബോധം കൂടുതലായി കാണുന്നത്. അതുവരെ ആരോടും ചിരിച്ച് കളിച്ച് രസകരമായി പെരുമാറിയിരുന്ന പലരും വളരെ പെട്ടെന്നാകും ആർക്കും മുഖം കൊടുക്കുവാൻ പോലും, താത്പര്യമില്ലാത്തവിധം മുറിയുടെ ചുവരുകൾക്കിടയിൽ ചുരുണ്ടുകൂടുന്നത്. ഇതിൽ  ആൺ- പെൺ വ്യത്യാസങ്ങളുടെ ശരാശരി കണക്കെടുപ്പുകൾ ഒന്നും തന്നെയില്ലാതെ സാധാരണയായി അത് ഒരു പ്രായത്തിൻ്റെ പ്രത്യേകത കൂടിയാണന്ന് പറയാം.

വളരെ പെട്ടെന്ന് ശരീരഘടനയിലും, മാനസികാവസ്ഥയിലും വരുന്ന മാറ്റങ്ങൾ, പുതിയ കലാലയം, സൗഹൃദങ്ങൾ, ചിന്തകൾ, തിരിച്ചറിവുകൾ, ഇതെല്ലാം ഒരു നിമിഷം കൊണ്ട് പുറം ലോകത്തു നിന്ന് അനുഭവവേദ്യമാകുന്ന ഒരു സമയം കൂടിയാണിത്.

 അതുകൊണ്ട് കൗമാരക്കാരായ പല കുട്ടികളും എവിടേയും കൂട്ടംകൂടിക്കഴിയുമ്പോൾ, മറ്റുള്ളവരുമായി തങ്ങളെ സ്വയം തുലനം ചെയ്യുക എന്നതും, സ്വാഭാവികമാണ്.

എന്നാൽ  ആ പ്രക്രിയ ആവശ്യമില്ലാത്തവിധം, കുറച്ചേറെ  നീണ്ടുപോയിക്കഴിയുമ്പോൾ താൻ എന്താണന്ന ഒരു സ്വയം ചോദ്യത്തിലാകും, മനസ്സിനെ കൊണ്ടുവന്നെത്തിക്കുന്നത്. .! അതിൽ ധരിക്കുന്നവസ്ത്രം മുതൽ നിറം വരെ ഘടകമായേക്കാം.

അതിനായി ഒരുപാട് കാര്യങ്ങൾ,അനാവശ്യമായി സ്വയം കണ്ടെത്തുകയും, അതിലെല്ലാം സ്വയം പരിതപിക്കുകയും, ചെയ്യും.

 പിന്നീടാകട്ടെ, ഇത്തരം ഒരുപാട് ഘടകങ്ങളെ  ഒന്നിച്ചുചേർത്ത്,.  തനിക്ക് യാതൊരുവിധ കഴിവുകളോ, തന്നെക്കൊണ്ട് എന്തെങ്കിലുമൊന്ന് ചെയ്യുവാൻ കഴിയില്ലന്നും, ചിലപ്പോഴെല്ലാം താൻ എങ്ങിനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നുവരെയുള്ള,  വിഭ്രാന്തികൾക്കെല്ലാം അടിമപ്പെടുന്നതോടെ,...   ജീവിതം തന്നെ വലിയൊരു പ്രതിസന്ധിയിലകപ്പെടുകതന്നെയാകും ഫലം.

 എന്നാൽ അൽപ്പം കൂടി സ്വതന്ത്രമായി ചിന്തിച്ചാൽ യഥാർഥത്തിൽ   എന്താണ് അത്തരം ചിന്തകളുടെ പ്രസക്തി...? ഏതൊരു മനുഷ്യനും, അവൻറെ കഴിവിനും, സാമ്പത്തിക ചുറ്റുപാടുകൾക്കുമനുസൃതമായി ഒരു ചെറിയ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നതിനപ്പുറം മറ്റെന്താണ്...?

അതിൽ , പ്രസക്തമായ കാര്യം, പലരും വിചാരിക്കുന്നതുപോലെ, നാംആരെങ്കിലും നമ്മുടെ സ്വന്തം താത്പ്പര്യങ്ങൾക്കനുസരിച്ച് ഈ ഭൂമിയിലേക്ക് പിറന്നുവീണവരാണോ...? 

അതല്ലങ്കിൽ സ്വന്തം ജാതി, മതം, കുലം.!? 

ഇപ്പോൾ ഇത്തരം ഘടകങ്ങൾ സമൂഹത്തിലെ ഒരുമനുഷ്യൻറെ അന്തസ്സിൻറെ അളവുകോലായി മാറ്റപ്പെടുന്ന കാലത്ത് സ്വാഭാവികമായും ന്യായമായ  കുറേ ചോദ്യങ്ങളും, ഇതോടൊപ്പം ഉയർന്നുവരും.

മതവും, ജാതിയും, കുലവുമൊക്കെ പോലെതന്നെയാണ്,... ജൻമനാ അംഗവൈകല്യം ബാധിച്ചമനുഷ്യരും, അതിൽ വിരൂപരായവർ, കറുത്തവർ, വെളുത്തവർ, സുന്ദരീ സുന്ദരന്മാർ.... ഇങ്ങിനെ എന്തെല്ലാം വ്യത്യസ്ഥതകളോടെയാണ് ഈ ഭൂമുഖത്ത് ഓരോമനുഷ്യരും, പിറന്നുവീഴുന്നത്..!

ഇതെല്ലാം ആരെങ്കിലുമൊക്കെ കൃത്യമായി നിർണ്ണയിക്കുന്നതോ, മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കുന്നതോആണന്ന യാതൊരടിസ്ഥാനവുമില്ലാത്ത കുറേയേറെ കെട്ടുകഥകൾ ചമച്ച് സുഖിച്ചുവാഴുന്ന,   ഒരു ന്യൂനപക്ഷത്തിൻറെ    മിഥ്യാധാരണകൾക്കൊന്നും ആധുനികലോകം ചെവിയോർക്കാത്തിടത്തോളം...ഈ വൈരുദ്ധ്യങ്ങളെല്ലാം കൂടിച്ചേരുന്നതുതന്നെയാണ് ഈ സുന്ദരമായ ഭൂമി.

ഇവിടെ അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും ചാരംകൊണ്ട് മൂടുവാൻ ശ്രമിക്കുന്ന ഇൻഡ്യയിൽ ആരാണ് സ്വന്തം ഇഷ്ടപ്രകാരം ഒരു ഉയർന്നകുലത്തിലോ, താഴ്ന്നകുലത്തിലോ, മറ്റേതെങ്കിലും, ജാതിമത വ്യവസ്ഥയിലോ  ജനിച്ചതെന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തവുമാണ്.

നേരത്തേ സൂചിപ്പിച്ചതുപോലെ, യഥാർത്ഥത്തിൽ നമ്മൾ, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോടെ  നമ്മളായിരിക്കുക എന്നത് മാത്രമാണ് പരമ പ്രധാനം.

 അതോടൊപ്പം ചുറ്റുപാടുകളിൽ നിന്ന് ഉയിർക്കുന്ന നൻമതിൻമകളെ വേർതിരിച്ചുകാണുവാനും, സ്വയമോ, മനുഷ്യകുലത്തിനോ പോലും യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങളെ തിരസ്ക്കരിക്കുവാനും   കഴിയേണ്ടതുണ്ട്.

 ഒരുവ്യക്തിയുടെ ആകെത്തുക എന്നത്, അയാളുടെ കഴിവുകളും, സ്വഭാവവും, ഇടപെടലുകളും മാത്രമാണന്നിരിക്കേ....അതിനായി ആദ്യം ചെയ്യേണ്ടത് നമുക്കുചുറ്റുമുള്ളവരെ മനുഷ്യനായിതന്നെ കാണുവാനും, അവരോട് മാന്യമായി ഇടപഴകുവാനും, സംസാരിക്കുവാനും, പെരുമാറുവാനും പഠിക്കുക എന്നതാണ് .

അങ്ങിനെയെങ്കിൽ നിങ്ങൾ അർഹിക്കുന്നതിൽ കൂടുതലായിത്തന്നെയുള്ള ബഹുമാനവും സ്നേഹവും നിങ്ങൾക്ക് എവിടെനിന്നും കിട്ടിയിരിക്കും.  അങ്ങിനെ വരുമ്പോൾ ചുറ്റും വളരെ പോസിറ്റീവായ ഒരന്തരീക്ഷത്തിൽ നിന്നും നമ്മൾ നമ്മളിലേയ്ക്കുതന്നെ ചുരുങ്ങി സ്വയം ഇല്ലാതാകുന്ന    അപകർഷതക്കുള്ള സ്ഥാനം...?

 മറ്റൊന്ന് നമ്മുടെ ലക്ഷ്യം എന്തെന്നുള്ളതാണ്...! 

 അതിൽ സ്വയമേവ നമ്മുടെ കഴിവുകൾ എന്താണെന്ന് കണ്ടെത്തുക തന്നെയാണ് പ്രധാനം. അതിനെ വളരെബോധപൂർവ്വം കണ്ടെത്തി പരിപോഴിപ്പിക്കുകയും, അതിൻറെ സാദ്ധ്യതകളിലൂടെ വളർന്ന് അത് ഒരു ജീവിതമാർഗ്ഗം തന്നെ ആകുവാൻ കഴിഞ്ഞാൽ ഒരു പക്ഷേ ഏതുരംഗത്തായാലും, ലോകത്തെത്തന്നെ. അത്ഭുതപ്പെടുത്തുമാറത്ര ഉയരത്തിൽ ഒരാൾക്ക് എത്തിച്ചേരുവാൻ കഴിഞ്ഞു എന്നും വരാം.

എങ്കിലും ലക്ഷ്യം ഒന്നുകൊണ്ടുമാത്രം നമുക്ക് മുന്നേറുവാൻ കഴിയുമോ...? ഒരിക്കലുമില്ല. ഒപ്പം നല്ല ആത്മ ധൈര്യവും കൂടിവേണം.അതിനായിവേണ്ടത് നമുക്ക് ചുറ്റും, ആര് ?  എന്ത്..?എന്ന യാതൊരുപരിഗണനയ്ക്കും അർഹമല്ലാത്തവിധം സ്വന്തം കഴിവിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ച് അത് വൃത്തിയായി ചെയ്യുക എന്നതുമാത്രമാണ്.

ചുറ്റും കണ്ണോടിച്ചാൽ കാണാം. അംഗപരിമിതരായ മനുഷ്യർ കൊടുമുടികൾ കീഴടക്കിയതും, മഹാസമുദ്രങ്ങൾ താണ്ടിയതുമായ, അനേകം വാർത്തകളും ചിത്രങ്ങളും.. എന്നിട്ടും എല്ലാം തികഞ്ഞ നമ്മൾ  വെറും  നിസ്സഹായരെന്ന ഭാവത്തിൽ നമ്മിലേക്കുതന്നെ ചടഞ്ഞുകൂടി ഉള്ളിലേയ്ക്കു നോക്കിയിരിക്കുന്നതെന്നതാണ് രസകരം. 

എപ്പോഴും ജീവിതത്തെ വിശാലമായും, തുറന്നമനസ്സോടെയും കാണുന്നതാണ് ജീവിതം മനോഹരമാക്കുന്നതിനുള്ള എളുപ്പവഴി.

മാത്രമല്ല ചുരുങ്ങിയതും, ഇടതിങ്ങിയതുമായ സഞ്ചാര പാതകൾ വിട്ട് വിശാലവും നൂതനവുമായ വഴിത്താരകളിലേയ്ക്ക് മനുഷ്യർ പ്രവേശിക്കുവാനും,, സംവാദിക്കുവാനും തയ്യാറാകുമ്പോൾ മാത്രമേ ഈ വലിയ ഭൂഗോളത്തിൽ നമ്മളെന്തെന്നും, നമ്മുടെ സ്ഥാനമെവിടെയെന്നും തിരിച്ചറിയുകപ്പെടുകയുമൊള്ളൂ.

അല്ലാത്തിടത്തോളം, ആരുടെയൊക്കെയോ താത്പ്പര്യപ്രകാരം, ഏതെല്ലാമോ കുറേഭാണ്ഡങ്ങളും പേറി കുറേയേറെ വഴി സഞ്ചരിച്ചു എന്നതുമാത്രമാകും സമ്പാദ്യം.

 പലർക്കും അറിയുന്നത് പോലെ, ഇന്ന് സിനിമയിൽവളരെയേറെ വിഖ്യാതനായ ഒരു നടൻ തന്നെ, പലതിനും വലിയ ഉദാഹരണമാണ്. . അവൻ്റെത്തിൻറെ, ബാല്യകാലങ്ങളിൽപോലും സിനിമ ഒരു വലിയ സ്വപ്നമായിരിക്കേ, കൂട്ടുകാരും, നാട്ടുകാരുമെല്ലാം 'കശുവണ്ടിമോറൻ' എന്നുവിളിച്ച് കളിയാക്കിയിരുന്ന ഒരു കാലത്തെക്കുറിച്ച് അദ്ദഹം പറഞ്ഞുവെയ്ക്കുന്നുണ്ട്.

  എന്നാൽ പിൽക്കാലത്ത്   സംഭവിച്ചതെന്താണ്...?   അദ്ദേഹത്തിൻ്റെ സ്വന്തം കഴിവിലൂടെ വളർന്നുയർന്ന് ഇൻഡ്യയിലെ എന്നല്ല ലോകം തന്നെ വലിയ നടനായിവളരുകയും, പുരുഷ സൗന്ദര്യമെന്നത് പൊതുവിൽ അയാളുടെ രൂപഭാവമായി മാറുകയും ചെയ്യുന്നു. കാഴ്ച്ചയാണ് മലയാളി സമൂഹം കണ്ടത്.

അപ്പോൾ പൊതുവിൽ നമ്മുടെ കുറ്റങ്ങളും, കുറവുകളുമല്ല. ഒരുവ്യക്തി എന്ന നിലയിൽ വളരുകയും, സമൂഹത്തെക്കാണുകയും, പരമാവധി നമ്മുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അത് ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ,   മാത്രമേ നമ്മൾ നമ്മളായിത്തീരുകയും  ജീവിത. സന്തോഷങ്ങൾ ആസ്വദിച്ചും, പങ്കുവെച്ചും മുന്നോട്ടുപോകുവാൻ കഴിയുകയൊള്ളൂ എന്നതാണ് ഓരോ അനുഭവങ്ങളും നമുക്കുമുന്നിൽ  ആവർത്തിച്ച് അടിവരയിടുന്നതും

    

Comments