മദ്യപാനം നിർത്തുവാൻ കഴിയില്ലേ?
കഴിഞ്ഞ കോവിഡുകാലത്തിന് ശേഷം മദ്യപാനത്തെക്കുറിച്ച് പറയുമ്പോൾ പല വീട്ടമ്മമാരും ഇപ്പോൾ പൊട്ടിച്ചിരിയാണ്. കാരണം ഒരിക്കലും മദ്യപാനം നിർത്തുവാൻ, കഴിയില്ലെന്ന് ഉറപ്പിച്ചവരും, ഇനിയൊരിക്കലും മദ്യപനായ തൻ്റെ ഭർത്താവിനോടൊപ്പം ഒരു, ദാമ്പത്യജീവിതമില്ലന്നുമെല്ലാം പ്രതിജ്ഞയെടുത്തവരും, ഇന്ന് തങ്ങളുടെ സ്നേഹസമ്പന്നരായ ഭർത്താക്കൻമാരെ പഴയപോലെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.
![]() |
മദ്യപാനം നിർത്താൻ. |
എന്താണവിടെ സംഭവിച്ചത്..? "
ജോലിക്കെന്നും പറഞ്ഞ് രാവിലെ ഇറങ്ങും, തിരിച്ചുവരുന്നത് നാലു കാലിലും, ചിലപ്പോൾ ആരെങ്കിലും തിരിച്ചുകൊണ്ടുവന്നാക്കും, അതല്ലങ്കിൽ ഏതെങ്കിലും ഓട്ടോറിക്ഷ പിടിച്ചങ്ങ് പോരും. അന്വേഷിക്കുമ്പോൾ ആ ദിവസങ്ങളിലൊന്നും ജോലിക്ക് പോയിട്ട് പോലുമുണ്ടാവില്ല. വല്ലതും ചോദിച്ചാലോ...? പിന്നെ ഭയങ്കര വഴക്കും ബഹളവും.! ഇങ്ങിനെ എത്രയോ വർഷങ്ങളാണ് ഈ മദ്യപാനത്തിൻ്റെ കെടുതികളെല്ലാം സഹിച്ചത്". !
- ഇത് അനേകം സ്ത്രീകൾ ഒരേ സ്വരത്തിൽ ആവർത്തിക്കുന്ന അനുഭവങ്ങളുടെ, തുറന്നുപറച്ചിലുകളാണ്. എന്നാൽ ഇതിലുമെത്രയോ ഭീകരമായിരിക്കും അവർപറയാതെ മറച്ചുവെച്ച പലകാര്യങ്ങളും.അതിൽ കൊടിയ മർദ്ദനങ്ങളുടേയും, പീഢനങ്ങളുടേയും,സംശയരോഗങ്ങളുടേയും നിരവധി ഞെട്ടിപ്പിക്കുന്ന സംഭവപരമ്പരകൾ തന്നെയുണ്ടാകാം-
ഇതിൽ കാലങ്ങളായി തുടർന്നുവരുന്ന മദ്യപാനം നിർത്തുവാൻ ശ്രമിച്ച് പരാജയപ്പെട്ടവരുണ്ട്. പുതുതായി മദ്യപാനത്തിൻറെ വഴികളിൽ കുടുങ്ങിപ്പോയവരുണ്ട്, മദ്യപാനം സ്ഥിരം തൊഴിലാക്കിയവരുമുണ്ട്. എന്നാൽ ഒരാളുടെ മദ്യപാനശീലത്തിൻ്റെ സ്ഥിരം വഴികളിൽ അയാൾക്ക് ഇത് ഒരിക്കലെങ്കിലും നിർത്തണമെന്നോ അതല്ലങ്കിൽ ഇത്തരം ജീവിതരീതിയിൽ അൽപ്പമെങ്കിലും കുറ്റബോധം തോന്നുകയോ, ചെയ്തിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം!. ഇല്ല എന്നാണ് ഉത്തരമെങ്കിൽ , അവരെ അവരുടെ വഴിക്കു തന്നെ മദ്യപാനിയായി തന്നെ തുടരുവാൻ വിടുന്നതാകും ഉചിതവും.!
പറഞ്ഞുവന്നത്, യാതൊരുവിധ ചികിത്സയുമില്ലാതെ തന്നെ, മദ്യപാനം നിർത്തുവാൻ കഴിയുമോ എന്ന പലരുടേയും ചോദ്യങ്ങളിലേയ്ക്കുള്ള അന്വേഷണമാണ്. തീർച്ചയായും നൂറുശതമാനവും മദ്യപാനം നിർത്തുവാൻ കഴിയുമെന്ന് സംശയലേശമന്യേ തന്നെ ഉറപ്പിച്ചു പറയാം. കാരണം അത്തരം നിരവധിമനുഷ്യരുടെ സ്വയം സാക്ഷ്യം തന്നെയാണ് ഈ എഴുത്തിനാധാരം. കൂടാതെ ഒന്നു മനസ്സുവെച്ചാൽ അത്തരം ഒരുപാടുമനുഷ്യരെ ഇപ്പോൾ നമുക്കുചുറ്റും കണ്ടെത്തുവാനും കഴിഞ്ഞേക്കും. എന്തായാലും അതിനു വേണ്ടത് ശക്തമായ തീരുമാനമെടുക്കാൻ ആവശ്യമായ ഒരു സാഹചര്യവും മനസ്സുമാണ്.
അത്തരം ഒരു സാഹചര്യവും, മനസ്സും എങ്ങിനെ രൂപപ്പെടും.? അത് ഒട്ടും നിനച്ചിരിക്കാത്ത പലകാര്യങ്ങൾകൊണ്ടാകാം. ഒരു ഉദാഹരണം പറഞ്ഞാൽ, ഏതെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ച് ദിവസങ്ങളോളം കിടക്കേണ്ടി വരിക. അതല്ലെങ്കിൽ താത്ക്കാലികമായെങ്കിലും എന്തു കാര്യങ്ങൾക്കും ഒരു പരസഹായം തേടേണ്ടി വരിക. കടുത്ത സാമ്പത്തിക ദാരിദ്യം, അതല്ലെങ്കിൽ മറ്റാരുടേയെങ്കിലും തണലിൽ ജീവിതം തള്ളിനീക്കേണ്ടി വരിക. പൂർണ്ണമായും മറ്റൊരാളുടെ പരിചരണത്തിലും സ്നേഹ സ്വാന്തനങ്ങൾക്കുമിടയിൽ കഴിയുക. ഇതൊന്നുമല്ലങ്കിൽ ഏറ്റവും വലിയ ആൾക്കൂട്ടത്തിനിടയിലും ആരാലും ശ്രദ്ധിക്കപ്പെടാതെ തീർത്തും ഒറ്റപ്പെട്ടു പോകുക. ഇങ്ങിനെ നിരവധി സാഹചര്യങ്ങളിൽ ഏതൊരു മനുഷ്യനും ഒരു പുനർ:ചിന്തനത്തിന് വിധേയമാകാം..! അതുകൊണ്ട് അതുവരെയുള്ള ചില ജീവിത രീതികളിൽ നിന്ന് ഒരുപക്ഷേ ആരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സ്വയം നവീകരണത്തിന് പലരും ശ്രമിക്കുന്നതും കണ്ടിട്ടുണ്ട്.
എന്നാൽ ചില വ്യക്തികളുടെ കാര്യങ്ങളിൽ , അവരുടെ മദ്യപാന ശീലങ്ങൾ കൊണ്ട് സമൂഹത്തിലും, വീടിനുള്ളിലും, ബന്ധുജനങ്ങൾക്കിടയിലും കൂടുതൽ ഒറ്റപ്പെട്ടു പോകുമ്പോഴും. വേറെ ചിലർ, തൊഴിൽ നഷ്ടവും, സാമ്പത്തികവരുമാനവും നിലച്ചു എന്നതുകൊണ്ടും. മറ്റ് ചിലർ അനാരോഗ്യവും കുടുംബത്തോടുള്ള ഉത്തരവാദിത്വവും കൂടി വരികയും, അതല്ലങ്കിൽ കഠിനമായ ഈ മദ്യപാനത്തിൽ നിന്ന് , രോഗവും ദുരിതവും മാത്രമാണ് ബാക്കി പത്രമെന്ന് സ്വയം എപ്പോഴോ തിരിച്ചറിയാൻ ഇടവരുമ്പോഴെല്ലാം ഇത്തരം ദുശ്ശീലങ്ങളോട് വിടപറയാൻ സ്വയം സന്നദ്ധരാകാറുണ്ട്.
![]() |
മദ്യപാനം നിർത്താൻ |
ഏതെങ്കിലും, കാരണവശാൽ ഒരാൾ മദ്യപാനം നിർത്തുവാൻ തയ്യാറായാൽ, അയാളിൽ കുറച്ചു ദിവസങ്ങളിലേയ്‌ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം ചെലുത്തുകയോ,ഉപദേശിക്കുകയോ, കളിയാക്കുകയോ അല്ലെങ്കിൽ അത്തരം പ്രവൃത്തികൾ ആരിൽ നിന്നും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിനാൽ തന്നെ മദ്യപാനം നിർത്തുവാൻ ആഗ്രഹിക്കുന്നവർ, തങ്ങൾക്കിണങ്ങിയ ചുറ്റുപാടുകളിലേയ്ക്ക് കുറച്ചുദിവസങ്ങൾ മാറി നിൽക്കുന്നതും നല്ലതാണ്. അത്തരം സമയങ്ങളിൽ തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളെന്താണോ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യാവുന്നതാണ്.
മദ്യപാനം നിർത്തിക്കഴിയുമ്പോൾ ആദ്യ കുറച്ചു ദിവസങ്ങളിൽ അതിൻറേതായ ചില ശാരീരിക മാനസികപ്രശ്നങ്ങൾ ചിലരിലുണ്ടാകാം. മുഖ്യ പ്രശ്നം രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല എന്നതുതന്നെയാണ്. കിടക്കുന്നതിനുമുൻപ് ഒരു ടീ സ്പ്പൂൺ നെയ്യ് കഴിക്കുന്നതും, നല്ലവണ്ണം തണുത്ത വെള്ളത്തിൽ കാൽ കഴുകിയ ശേഷം കാലിനടിയിൽ അൽപ്പം എണ്ണ തേച്ചുപിടിപ്പിക്കുന്നതും താത്കാലികമായി പരീക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ ആദ്യ കുറേ ദിവസങ്ങളിൽ ഒരു കാരണവശാലും അൽപ്പം പോലും വിശന്നിരിക്കാൻ ഇടവരാത്തവിധം വയർ നിറച്ച് ഭക്ഷണം കഴിക്കുന്നതും ആ സമയത്ത് തോന്നാവുന്ന മദ്യപാനാസക്തിയെ പ്രതിരോധിക്കാൻ നല്ലതാണ്. മദ്യപാനത്തിൽനിന്നും രക്ഷപ്പെട്ടവരുടേയും, അതുണ്ടാക്കുന്ന ഭവിഷ്യത്തുകളേയും കുറിച്ചുള്ള ഒരു സ്വയം പഠനത്തിനാവശ്യമായ ചില കുറിപ്പുകളെല്ലാം വായിക്കുന്നതും ഈ സമയങ്ങളിൽ മനസ്സിന് പുതിയൊരു കരുത്തും, ഉത്തേജനവുമെല്ലാം നൽകുവാനും വളരെയധികം സഹായിക്കുന്നു.
ഇതിൽ പ്രധാനമായും തോന്നിയത്, യാതൊരു കാരണവശാലും ഏതെങ്കിലും മരുന്ന് കഴിച്ചാൽ മദ്യപാന ശീലത്തെ അവസാനിപ്പിക്കാം എന്ന മിഥ്യാധാരണയാണ്. കാരണം ഏതെല്ലാം മരുന്ന് കഴിച്ചാലും സ്വയം നിയന്ത്രിക്കുവാൻ കഴിയാത്ത കാലത്തോളം അത് വലിയരീതിയിലുള്ള വിപരീത ഫലങ്ങൾ ഉളവാക്കുവാൻ മാത്രമേ സഹായിക്കുകയൊള്ളൂ. ചിലർ പിന്നീട് വീണ്ടും മദ്യപിച്ചാൽ കൂടുതൽ അക്രമകാരികളാകുന്ന സ്വഭാവ സവിശേഷതയും കണ്ടു വരാറുണ്ട്.
അതുകൊണ്ടാണ് തുടക്കത്തിൽ കഴിഞ്ഞകോവിഡുകാലത്തെ ഓർമ്മിപ്പിക്കേണ്ടിവന്നത്. യാതൊരു കാരണവശാലും മദ്യപിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാസങ്ങളോളം യാതൊരു മരുന്നിൻ്റെയും സഹായമില്ലാതെ തന്നെ മദ്യപിക്കാതിരുന്നവരാണ് ഓരോ മനുഷ്യരും. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് സ്വയം നിയന്ത്രിക്കുവാനോ, നിർത്തുവാനോ കഴിയില്ലന്ന് പറയുന്നത്...? അപ്പോൾ യഥാർഥ പ്രശ്നം , അതിനുള്ള കഠിനമായ താത്പര്യവും, ഇച്ഛാശക്തിയും അത് ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നവർക്ക് ഉണ്ടാകണമെന്നതുതന്നെ.!
Comments