കറുപ്പിൻറെ സമൂഹശാസ്ത്രം
ഏതാനും ദിവസങ്ങൾക്കുമുൻപാണത് . ഏതൊരു മലയാളിയേയും, വളരെയേറെ 'നോവിക്കുകയും, കനത്തഅപമാനഭാരത്താൽ തലകുനിക്കേണ്ടതായും തോന്നിയ ഒരു നിറം കെട്ട വാർത്തയായിരുന്നു അത്. !
![]() |
| കറുപ്പിൻറെ സമൂഹശാസ്ത്രം |
സാംസ്കാരികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായുമൊക്കെ വളരെ ഉയർന്ന നിലവാരത്തിലാണ് മലയാളിയെന്നും, കേരളമെന്നുമൊക്കെ. വിദേശീയരും, തദ്ദേശീയരും വിദേശമാദ്ധ്യമങ്ങളുമെല്ലാം വാഴ്ത്തിപ്പാടുമ്പോഴും, സത്യത്തിൽ ഇപ്പോഴും നമ്മുടെ കേരളീയസമൂഹം അതിന് അർഹരാണോ എന്ന കാതലായ ഒരു ചോദ്യമാണ് ആ വാർത്ത സമൂഹത്തിന് മുന്നിൽ ഉയർത്തിയത്.!
വളരെയേറെ സന്തോഷത്തോടെ സ്ക്കൂളിൽ നടക്കുന്ന ഒരു കലാമത്സരത്തിൽ ഒപ്പന വിഭാഗത്തിൽ മത്സരം അരങ്ങേറുമ്പോൾ മണവാട്ടിയാകാൻ കയറി ചെന്നതായിരുന്നു അവൾ.
" എന്നാൽ ... നീയങ്ങ് മാറി നിൽക്ക് , നീ കറുത്തതല്ലേയെന്ന " ടീച്ചറുടെ കനത്ത ചോദ്യത്തിനു മുന്നിൽ അവൾ പകച്ചുപോയി. ഉള്ളിൽ ഉയർന്ന നിരാശയും, ദേഷ്യവും , സങ്കടവുമെല്ലാം ഉള്ളിലൊതുക്കി അവൾ തലകുനിച്ച് അവിടെ നിന്നുമിറങ്ങി ഒറ്റക്കൊരു മൂലയിലിരുന്നു കരഞ്ഞു.
അതിന് മുൻപ് അവളുടെ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടി ആശുപത്രിയിൽ പൊള്ളലേറ്റ് കാണുവാൻ ചെല്ലുമ്പോഴും ഇതേ ദുരനുഭവം അന്നുമാവർത്തിച്ചു .
വർത്തമാനങ്ങൾക്കിടയിൽ പൊള്ളലേറ്റുകിടന്ന പെൺകുട്ടിയെ നോക്കി സഹതാപത്തോടെ നിന്ന അവളെ നോക്കി കൂട്ടത്തിലൊരു ബന്ധു പറഞ്ഞു.
" കണ്ടോ പൊള്ളലേറ്റാൽ നീയും നന്നായി വെളുക്കും "
നിർദ്ദോഷമെന്നു തോന്നിയേക്കാവുന്ന ആ ഫലിതവും അത് തൻ്റെ നേർക്കുള്ള ഒരു അപഹാസത്തിൻ്റെ കൂരമ്പായിരുന്നു വെന്ന് തിരിച്ചറിഞ്ഞ അവളുടെ കുഞ്ഞു മനസ്സ് ആ നിമിഷങ്ങളിലും അറിയാതെ വിതുമ്പി . എന്നാൽ അവിടേയും തീരുന്നതായിരുന്നില്ല അവളുടെ നിറത്തെ സംബന്ധിക്കുന്ന അധിക്ഷേപങ്ങൾ.
അത് കേരളത്തിലെ ഒരു ടെലിവിഷൻ ചാനലിൻ്റെ സ്റ്റുഡിയോ ഫ്ലോറിലായിരുന്നു.
നന്നായി ഡാൻസു ചെയ്യുമായിരുന്ന അവളെ കറുപ്പു നിറമെന്ന കാരണത്താൽ ടെലിവിഷൻ ചാനലിൻ്റെ റിയാലിറ്റി ഷോയ്ക്കിടയിൽ നിന്നും ഒഴിച്ചു നിർത്തി.
അങ്ങിനെ ഒപ്പന റിഹേഴ്സലിൻ്റെ മുറിയിൽ നിന്നും കരഞ്ഞു തളർന്ന് ഒറ്റപ്പെട്ട് ഇറങ്ങിപ്പോന്ന അവൾ കഠിനമായ നിരാശയെ അടക്കിവെയ്ക്കുവാനാകാതെ സ്വന്തം വീട്ടിലെ അടുപ്പിൽ തിളച്ചു കിടന്ന വെള്ളമെടുത്തൊഴിച്ച് ശരീരത്തിലേക്കൊഴിക്കാൻ ശ്രമിച്ചെങ്കിലും , ആരുടെയൊക്കെയോ സമയോചിതമായ ഇടപെടൽ മൂലം അവൾ വീണ്ടും ജീവിതത്തിലേക്കു തന്നെതിരിച്ചെത്തി.
എന്നാൽ ആ സംഭവങ്ങൾക്കും മാസങ്ങൾക്കിപ്പുറം അവൾ വലിയൊരു താരമായി . അതും താൻ എന്നും സ്വന്തം ശരീരത്തെപ്പോലും വെറുക്കാൻ നിദാനമായ കറുപ്പിനെ ചേർത്തു പിടിച്ച്.
തമിഴ്നാട്ടിലെ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പ്രശസ്ഥമായ റിയാലിറ്റിഷോവിൽ ഒരു ജിംനാസ്റ്റിക്ക് ഡാൻസിൽ ഒന്നാമതെത്തിയ അവളെ, ഒരു പൊതുപരിപാടിക്കിടെ തമിഴ്നാട് മുഖ്യമന്ത്രി കാണുകയും അവളെ ചേർത്തുപിടിച്ച് വേദിയിലിരുത്തുകയും ചെയ്തതോടെ ചുറ്റുമുയർന്ന കരഘോഷങ്ങൾക്കിടയിലും, വാരി വിതറുന്ന പ്രകാശവർണ്ണങ്ങൾക്കുമിടയിൽ അവൾ തന്നെ തന്നെ മറന്ന് ഈശ്വരനെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു പോയി.
അന്ന് തമിഴ് ജനത നൽകിയ സ്നേഹവായ്പ്പിൽ , ആത്മവിശ്വാസത്തിൻ്റെ കൊടുമുടികൾ ചവിട്ടിക്കയറിയ അവൾ ഇന്ന് ലോകത്തെ തന്നെ വിസ്മയിപ്പിച്ച് ഒരു സിനിമയിലെ നായികയാകുവാൻ തയ്യാറെടുക്കുന്നു.
എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്? അതല്ലങ്കിൽ ഇത്തരം അനുഭവങ്ങളാൽ ജീവിതം പൊള്ളിപിടിച്ച അനേകം സഹജീവികളെ എന്നും നമുക്കുചുറ്റും കാണാനുമാകും പക്ഷേ ...
എന്തുകൊണ്ടാണ്, ഇവിടെ നമ്മൾ മലയാളികൾക്കിടയിൽ കറുപ്പ് എന്നത് മ്ളേച്ഛവും, അപമാനകരവുമായി മാറുന്നത്?
അതല്ലങ്കിൽ എന്തുകൊണ്ടാണ് ഇവിടെ നിന്നും ആ നിറത്തെ, ആട്ടിപ്പായിക്കുവാൻ നമ്മൾ മലയാളികൾ വല്ലാതെ വെമ്പൽ കൊള്ളുന്നത് ?
അതല്ലെങ്കിൽ ,മലയാളി വെറുക്കുന്ന കറുപ്പിൻ്റെ വർണ്ണത്തിന് തമിഴ് നാട്ടിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് ...?
അധികമൊന്നും ആലോചിക്കേണ്ടതില്ല, വൈറ്റ് കോളർ ജോലിയും, ഉപരിവർഗ്ഗജീവിതവും സ്വപ്നം കണ്ട് അത്ഭുതത്തോടെ പടിഞ്ഞാറേയ്ക്ക് മാത്രം നോക്കിയിരിക്കുന്ന ഇപ്പോഴത്തെ മലയാളിക്ക് , കറുത്തവർണ്ണത്തേയും,അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളേയും ഇപ്പോൾ അംഗീകരിക്കുവാൻ ലേശം ബുദ്ധിമുട്ടുണ്ടാകും!
അതല്ലായിരുന്നുവെങ്കിൽ ഒരു പുരോഗമന സമൂഹമെന്ന് അഹങ്കരിച്ചിരുന്ന ഒരു മലയാളി സമൂഹത്തിനിടയിൽ അട്ടപ്പാടിയിലെ മധുവെന്ന ഒരു ദളിത് യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്തയൊന്നും ഇത്രയേറെ ആഘോഷമാവുകയില്ലായിരുന്നു.!
ഈ അടുത്തകാലത്താണ്, വളരെ വിപുലമായ ഒരു സാമൂഹ്യ ശാസ്ത്രീയ പഠനത്തിൽ എല്ലാജാതിമതസ്ഥരുടെയും പാരമ്പര്യ ജീനുകൾ ഒന്നായിരിക്കുകയും, പൂർവ്വികർ എന്നു പറയുന്നത് , കറുത്തതും, കുറിയ വരുമായിരുന്ന ആഫ്രിക്കക്കാരുമായിരുന്നെന്ന ശാസ്ത്രീയ പഠനത്തിൻ്റെ വിശദാംശങ്ങളെല്ലാം ഓരോന്നായി പുറത്തുവരുന്നത്.!
അതിനാൽ തന്നെ കറുപ്പ് വെറുമൊരു നിറം മാത്രമായിരുന്നില്ല.അതിന് ഒരു പാട് മനുഷ്യരാശിയുടെ ചരിത്രവും, സംസ്ക്കാരവും, ജീവിത ഘടനകളുമെല്ലാം പറയുവാനുണ്ട്.
ചരിത്രവും , ജീവശാസ്ത്രവും, മനുഷ്യകുലത്തിൻ്റെ വളർച്ച പോലും എന്തെന്ന് തിരിച്ചറിയാത്ത ഒരു അന്ധമായ വരേണ്യ സംസ്ക്കാരത്തിൻ്റെ തലമുറയും , അതിനെ പിൻപറ്റി ജീവിക്കുന്നവരുടേയും ഒരു സമൂഹം ഉള്ളിടത്തോളം കറുപ്പുനിറത്തോടും , അതിനോട് ചേർന്ന് നിൽക്കുന്നവരോടും വെറുപ്പും , പുച്ഛവും തോന്നുക സ്വാഭാവികം .
എന്നാൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒരു ഫ്യൂഡലിസ്റ്റ് വ്യവസ്ഥയുടെ ഭാഗമായ ഇതേ കറുപ്പിനോടുള്ള വിദ്വേഷവും, പകയും , അവജ്ഞയുമെല്ലാം തകർത്തെറിഞ്ഞു കൊണ്ടുതന്നെയാണ് ഈ വിപ്ളവ കേരളം ഇന്നും ലോകത്തിനു മുന്നിൽ അഭിമാനസ്തംഭമായി തലയുയർത്തി നിൽക്കുന്നതും, അതിൻ്റെ അനുസ്യൂതമായ മുന്നോട്ടുള്ള പ്രയാണത്തിനുള്ള തീജ്വാലയായി മാറിത്തീർന്നതുമെന്നതാണ് ഏറെ അഭിമാനകരവും, അതിലേറെ ലോകം തിരിച്ചറിഞ്ഞ ചരിത്ര സത്യവും!
.jpg)
അഭിപ്രായങ്ങള്‍