Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
പ്രണയം ചുവക്കുമ്പോൾ ...
ഹായ്... എത്ര മധുരവും, കാവ്യാത്മകവുമായ പദം.!
![]() |
കെട്ടകാലത്തെ, പ്രണയദിനത്തെക്കുറിച്ച് രണ്ട് വാക്ക്.! |
ഹൃദയാകൃതിയിൽ രൂപം കൊള്ളുകയും, ഹൃദയത്തോട് മാത്രം ചേർന്നുനിൽക്കുകയും ചെയ്യുന്ന ഒരു വാക്കില്ലായിരുന്നുവെങ്കിൽ, ഈ ലോകത്തിൻറെ തന്നെ നിലനിൽപ്പുതന്നെ എന്തായിത്തീരുമായിരുന്നു എന്നതാണ് സംശയം...!
കാരണം പരസ്പരാശ്രിതത്വത്തിൻ കീഴിൽ ഒന്നായി ചേർന്ന് നിൽക്കുകയും, വളരുകയും, പടരുകയും, തളിരിടുകയും, പൂക്കുകയും, കായ്ക്കുകയും ചെയ്യുന്ന വസന്തത്തിൻ്റെ ആ വർണ്ണക്കാഴ്ചകൾ അത്രയേറെ മനോഹരങ്ങളാണ്.!
അതുകൊണ്ട് ആ വസന്തത്തിൻറെ പേരുതന്നെയാകണം പ്രണയം !
കാലങ്ങളായി, പ്രണയമെന്ന വാക്കിനെ വിവാഹത്തോടും, കണ്ടുമുട്ടുന്ന ഇണയോടുള്ള മധുരതരമായ വികാരവായ്പ്പായും, ഒരിക്കലും വേർപെടുവാനോ, അതല്ലങ്കിൽ വേർപെടുത്തുവാനോ ഒന്നും സാദ്ധ്യമല്ലാത്തവിധം സ്ത്രീയും, പുരുഷനുമായുള്ള ഒരു ഹൃദയബന്ധം മാത്രമായാണ് പലരും ചുരുക്കിക്കാണുന്നത്.. വാസ്ഥവത്തിൽ അതാണോ പ്രണയം?
അത് നിർവചനം അസാദ്ധ്യമായ ഒരു വാക്കാകണം...! കാരണം പ്രണയമെന്നത് ഒരു അനുഭവമാണ്. ഒരിക്കലും വാക്കുകളിൽമാത്രം ഒതുങ്ങുവാൻ, കഴിയാത്തത്ര ആർദ്രവും, മധുരവുമാണത്.! അതിൽ കണ്ണുനീരിൻറെ ഉപ്പുണ്ട്, സന്തോഷത്തിൻറെ മധുരമുണ്ട്, വിരഹത്തിൻറെ കയ്പ്പുണ്ട്.... ഇങ്ങിനെ എല്ലാം കൂടിക്കലർന്ന്... എല്ലാ അതിരുകളും ഭേദിച്ച് ഹൃദയം വലിയൊരു ധ്യാനാത്മകതയിലേക്കലിഞ്ഞുചേർന്ന് ഒന്നായിതീരുന്ന അനിർവചനീയമായ ഒരത്ഭുതം.!
പലപ്പോഴും ഇത്തരം വികാരങ്ങളെ പലതിനോടും, ചേർക്കുമ്പോഴാകാം , അതിൻ്റെ യഥാർത്ഥ സൗന്ദര്യം ഹൃദയത്തിലേയ്‌ക്കാവാഹിക്കപ്പെടുന്നത്.! ചിലപ്പോൾ, അത് ഏതെങ്കിലും പാട്ടിനോടാകാം, കവിതകളോടാകാം, നിലാവിനോടോ, മഞ്ഞിനോടോ, പുഴയോടോ, വ്യക്തിയോടോ.അങ്ങിനെയെന്തിനോടുമാകാം.! ഇവിടെയെല്ലാം നമുക്ക് എവിടെയെക്കെയോ നഷ്ട്ടപ്പെട്ടതോ, അതല്ലങ്കിൽ ചേർത്തുപിടിക്കുവാൻ ആഗ്രഹിക്കുന്നതോ ആയ എന്തിനൊക്കെയോ, ആവാഹിക്കുവാൻ ശ്രമിക്കുമ്പോഴാണ്, ഏതെങ്കിലും ഒരു വ്യക്തിയോടോ, വസ്തുവിനോടോ, സാഹചര്യങ്ങളോടോ എല്ലാം പ്രണയം സംഭവിക്കുന്നത്..!
സ്നേഹമെന്നവാക്കുകളിലൂടെ മാത്രം പരുവപ്പെടുത്തിയെടുത്തതാണ് പ്രണയത്തിൻറെഭാഷ. അതിൽ പുരുഷനോ, സ്ത്രീയോ, ജാതിഭേദങ്ങളോ ലിംഗവ്യത്യാസങ്ങളോ, പ്രായമോ, ഭാഷയോ, അതിരുകളോ... ദേശകാലങ്ങളോ ഒന്നും അതിന് ബാധകമവുമല്ല.! അതിൻറെ മൗനം പോലും അങ്ങേയറ്റം, കാവ്യാത്മകവും, സംവേദനക്ഷമവുമാണ്.!
യഥാർത്ഥത്തിൽ എന്തിനോടുമുള്ള പ്രണയം, അതിരുകളില്ലാത്തതും, തീർത്തും സ്വതന്ത്രവുമാണ്.. രണ്ടുവ്യക്തികൾ തമ്മിലാണങ്കിൽ അവിടെ അവരുടെ, വ്യക്തിത്വവും, ഉയർന്ന താഴ്ച്ചകളുമെല്ലാം തീർത്തും അപ്രസക്തം.! പരസ്പരം ഹൃദയത്തെ കൊത്തിവലിക്കുന്ന ഒരു നേർരേഖപോലെ ലോകത്തിൻറെ ഏതുകോണിലിരുന്നും അവർ ആലിംഗനം ചെയ്യുകയും സഞ്ചരിക്കുകയും ചെയ്യും. അത്രയേറെ ശക്തമാണ് അതിൻറെ ഭാഷ.!
അവിടെ താത്പര്യമെന്നത് ഒരുകുടക്കീഴിൽ പരസ്പരം ചേരുന്ന വലിയൊരു ആശ്വാസത്തിൻറെ തണലാണ്.ഒരുപാട് സമാനതകളുടേയും, നേരനുഭവങ്ങളുടേയും വലിയൊരു സംഗമസ്ഥാനവും,! പലപ്പോഴും, അതിജീവനത്തിൻറേയും, പ്രത്യാശകളുടെ കേന്ദ്രവും, അഭയസ്ഥാനംകൂടി ആയി മാറിത്തീരുമത്.
ഒരുപക്ഷേ അതുകൊണ്ടാകണം, ഒട്ടനവധി സാമൂഹ്യ മാദ്ധ്യമങ്ങളും, ഡേറ്റിംഗ് ആപ്പുകളും, നിലവിലുളള ഇക്കാലത്തും ഒരിക്കലും നേരിൽ കാണുകയോ, ഒരു വീഡിയോകോളിൻറെ പോലും പിൻബലമില്ലാതെപോലും, അനേകം സൗഹൃദങ്ങൾ തീഷ്ണമായ പ്രണയബന്ധങ്ങളായി ഇപ്പോഴും നിലനിൽക്കുന്നത്.!
ഏതു സൗഹൃദങ്ങളിലും, പരസ്പരം അംഗീകരിക്കുകയും, കേൾക്കുകയും ചെയ്യുകയെന്നത്, പ്രധാനമാണ്. ഏതൊരു മനുഷ്യനും ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നവും, അവനെ കേൾക്കുവാനോ, അവൻ്റെ ഭാരം ഇറക്കിവെയ്ക്കുവാനോ ഒരിടമില്ല എന്നതു കൂടിയാണ്.
വല്ലപ്പോഴും വന്ന് പെയ്തൊഴിഞ്ഞുപോകുന്ന ചില സ്നേഹത്തണലുകളാണങ്കിൽ പോലും അത് ഒരു വ്യക്തി ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പോലും വളരെ വലുതാണ്.
ഒരു ചേർത്തുപിടിക്കൽ കൊണ്ടോ, ആശ്വാസം പകരുന്ന ഒരു വാക്കുകൊണ്ടോ ആത്മഹത്യയുടെ വൻ കുരുക്കൾക്കുള്ളിൽ നിന്നും, രക്ഷപ്പെട്ട എത്രയേറെ മനുഷ്യ ജന്മങ്ങൾ.!
ഇവിടെയെല്ലാമാണ് സ്നേഹവും, ബന്ധവും, പ്രണയവുമെല്ലാം മൂല്യവത്താകുന്നതും.!
ആദ്യം സൂചിപ്പിച്ചപോലെതന്നെ അത് കേവലം ശാരീരികാവശ്യങ്ങൾ നിറവേറ്റാനുള്ള കുറുക്കുവഴികളോ, തൻ്റേത് മാത്രമെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാനുള്ള വെറും, ഭംഗിവാക്കുകളോ, കീഴ്പ്പെടുത്തലുകളോ അല്ല പ്രണയം.
അത് കാലത്തേയും, ജീവിതത്തേയും വിസ്മയിപ്പിക്കുന്ന അമൂല്യവും, അദൃശ്യവുമായ ഒരു ശക്തി സ്രോതസ്സുകൂടിയാണ്.
ഒരു പക്ഷേ, ചില പുരാണേതിഹാസങ്ങളിൽ വർണ്ണിക്കപ്പെടുന്നപോലെ, ഒടുങ്ങാത്ത ഭക്തിയുടേയും, സ്നേഹത്തിൻറേയും, കറകളഞ്ഞ മനുഷ്യവാത്സല്യത്തിൻറേയുമെല്ലാം...ആഴങ്ങളിലേയ്ക്കുള്ള ഒരു വലിയ ആത്മീയ യാത്രകൂടിയാണ് പ്രണയം.!
- Get link
- X
- Other Apps
Comments