Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
സ്ത്രീകൾ എന്തിന് സ്വതന്ത്രരാകണം?
കഴിഞ്ഞ ലക്കം , പറഞ്ഞു വന്നത് മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും , അതിനെ എങ്ങിനെമറികടക്കാം എന്നതിനെ കുറിച്ചുമായിരുന്നു.
![]() |
വേണം ശക്തമായ കുടുംബ ബന്ധങ്ങൾ |
എന്നാൽ അതേക്കുറിച്ച് പറയുമ്പോൾ, തീർത്തും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിനിടയിലും, പുരുഷൻമാർ, അനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ചും, ഒറ്റപ്പെടലുകളെക്കുറിച്ചും , അതിന് ഒരു പരിഹാരം കണ്ടെത്തുകയുമെല്ലാം സാധാരണ രീതിയിൽ ചർച്ച ചെയ്യുകയുമെല്ലാം എളുപ്പവുമായിരുന്നു.
എങ്കിലും, പറഞ്ഞുവരുമ്പോൾ.... ഒറ്റപ്പെടൽ എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത് സ്ത്രീ സമൂഹത്തെക്കുറിച്ചാണ് .പക്ഷെ കഴിഞ്ഞ ലേഖനത്തിൽ അതിനെ കുറിച്ച് എന്തെങ്കിലും പറയുവാനോ, സൂചിപ്പിക്കുവാനോ സ്ഥല പരിമിതിമൂലം കഴിഞ്ഞതുമില്ല .
അതിൽ, പ്രധാന കാരണം, ഇന്ന് സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അത്രയേറെ സങ്കീർണ്ണവും ഗൗരവതരവുമാണ് എന്നതുകൊണ്ടാണ്. അത് ഒന്നോ, രണ്ടോ വാക്കുകളിൽ തീരുന്നതുമല്ല. വൃദ്ധ സദനങ്ങൾ കഴിഞ്ഞാൽ, വിവിധ കാരണങ്ങളാൽ വീട്ടിലും, സമൂഹത്തിലും പലവിധ മാനസിക, പ്രശ്നങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകൾക്കായി ഒരു പുനരധിവാസകേന്ദ്രം എന്ന ആവശ്യം തന്നെ, പുതുതായി, ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുവാനും തുടങ്ങിയിരിക്കുന്നു.
വസ്തു നിഷ്ഠമായി പരിശോധിച്ചാൽ എന്താണിതിൻറെ അടിസ്ഥാനം..? ഇതെല്ലാം കുറച്ചധികം സ്ത്രീകളെ പുനഃരധിവസിപ്പിച്ചതുകൊണ്ടോ, അവർക്ക് കൗൺസിലിംഗ് നൽകിയോ, സൈക്കോ തെറാപ്പികൾ വഴി ആശ്വാസം നൽകി പറഞ്ഞയക്കേണ്ടതുമായ ഒരു പ്രശ്നമാണോ...?
ഒരു പ്രമുഖ സൈക്കോളജിസ്റ്റിൻറെ ഭാഷയിൽ, "ഒരു സ്ത്രീ ജന്മമെന്നാൽ അവൾ ഓരോ നിമിഷത്തിലും സ്വന്തം സുരക്ഷിതത്വത്തിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കേണ്ടതുണ്ടന്നാണ്". എന്താണ് ആ വാക്കുകളുടെ അർഥം...? അതായത് അവൾ എപ്പോൾ വേണമെങ്കിലും, എവിടെവെച്ചും വേട്ടയാടപ്പെടാമെന്നതല്ലെ...? അല്ലങ്കിൽ അരക്ഷിതാവസ്ഥയിലാണന്നതാണ്.! അപ്പോൾ പ്രധാന ചോദ്യം, ഈ സമൂഹത്തിൽ സ്ത്രീകൾക്കുമാത്രമെന്താണിത്ര പ്രത്യേകത.. എന്തുകൊണ്ടാണ് അങ്ങിനെ ഒരു അരക്ഷിതാവസ്ഥ..? അതല്ലങ്കിൽ ആരാണതിനെ സൃഷ്ടിക്കുന്നത്...? വ്യക്തിയോ, സമൂഹമോ, അതല്ല ഭരണകൂടമോ..?
ആലോചിച്ചാൽ എത്രയേറെ ഭീകരമാണത്.! പിറന്നുവീഴുന്ന ബാല്യം മുതൽ വീട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, ഭർതൃ ഗൃഹങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിങ്ങനെ എല്ലായിടത്തും സ്ത്രീ എന്നതുകൊണ്ട് മാത്രം ഒരു സ്വയം സംരക്ഷണ കവചം അണിയേണ്ടി വരിക.! സ്ത്രീ എന്നത് അവൾ ഒരു വ്യക്തി എന്നതിനപ്പുറത്തേക്ക്, പുരുഷൻമാരുടെ ലൈംഗിക താൽപ്പര്യങ്ങളെ ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു ഉപകരണമായി സ്വയം മാറിത്തീരുക...! ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ മോശപ്പെട്ടവരായി ചിത്രീകരിക്കുക...! ഇതിനെതിരെ പരാതിപ്പെടാൻ ചെല്ലുന്ന ഇടങ്ങളിൽ പോലും അപമാനഭാരം കൊണ്ട് തലതാഴ്തി ഇറങ്ങിപ്പോരേണ്ടിവരിക.
അത്തരം ഒരു സമൂഹത്തിൻ്റെ പുരപ്പുറത്തു കയറി നിന്നു കൊണ്ടാണ് നമ്മൾ പുരോഗമനത്തെക്കുറിച്ചും , ജനാധിപത്യത്തെക്കുറിച്ചും , ആധുനിക ലോകത്തെക്കുറിച്ചും , യന്ത്രവത്കൃത റോബോട്ടുകളുടെ അധിനിവേശത്തെക്കുറിച്ചുമെല്ലാം ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്നതാണ് ഏറെ രസകരം!
അപ്പോൾപ്പിന്നെ , എവിടെ നിന്നാണ് സ്ത്രീകൾക്ക് ഒരു മോചനം ലഭിക്കുക ? അതല്ലങ്കിൽ നീതി ലഭിക്കുക.? സ്ത്രീ സ്വാതന്ത്ര്യമെന്നത് ഒരു ഭരണഘടന വഴിയോ അതല്ലങ്കിൽ ഒരു നിയമം വഴിയോ നടപ്പാക്കേണ്ട ഒന്നാണോ? അല്ലങ്കിൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടോ, പ്ലക്കാർഡുകൾ ഉയർത്തി സമരം ചെയ്തുകൊണ്ടോ നേടാൻ കഴിയുന്ന ഒന്നാണോ സ്ത്രീകൾക്ക് ലഭിക്കേണ്ട വ്യക്തി സ്വാതന്ത്ര്യം? ഒരിക്കലും അങ്ങിനെയൊന്നും ആകില്ല മാറേണ്ടത് നമ്മുടെ സംസ്ക്കാരവും , കാഴ്ചപ്പാടുകളും തന്നെ...
അതിന് സ്ത്രീകൾ സ്വയം ശക്തിയാർജ്ജിക്കുക എന്നതു മാത്രമാണ് പരിഹാരം. അതിനായി വിദ്യാഭ്യാസ പരമായും, സാംസ്ക്കാരികവുമായി സ്ത്രീ സമൂഹം മാറി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുവാനും, സ്വന്തം കാലിൽ തനിച്ചു നിൽക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യവും കൂടി ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ അവൾക്ക് ഈ സമൂഹത്തിൽ തൻ്റേതായ ഒരു ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുവാൻ കഴിയൂ
എന്നാൽ, ഇത്തരത്തിലുള്ള വലിയൊരു ഗതികേടിലേക്ക് നമ്മുടെ സ്ത്രീ സമൂഹം എങ്ങനെയാണ് എത്തിച്ചേർന്നത്?
കരയുക എന്നത് സ്ത്രീകൾക്കുമാത്രം വിധിക്കപ്പെട്ട ഒരു കാര്യമാണന്നും, സ്ത്രീകൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതും, നാലുപേർ ഒന്നിച്ചിരിക്കുന്നിടത്തേയ്ക്ക് കയറി വരരുതെന്നും, നാണം കുണുങ്ങിയായിരിക്കണമെന്നെല്ലാമുള്ള അലിഖിത നിയമങ്ങൾ ചെറുപ്പം മുതലേ പരിശീലിപ്പിച്ചെടുത്ത കുടുബത്തിലെ അടിമവ്യവസ്ഥയിൽ നിന്നുതുടങ്ങുന്നതാണ് ഒരു സ്ത്രീ ജീവിതത്തിൻറ ആ ദുരന്തകഥകൾ.
സ് ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടുന്നതും, ജോലികൾ നേടുന്നതിനും വിലക്കുകൾ കൽപ്പിക്കുന്ന മതശാസനകൾ ആർക്കുവേണ്ടിയാണ് രൂപപ്പെടുത്തിയത്..? സ്ത്രീശരീരം യൗവനയുക്തമായെന്ന് വിളിച്ചുപറയുന്ന തീർത്തും ബയോളജിക്കലായ ഒരു ശാരീരിക പ്രക്രിയയെ അശുദ്ധവും, ആർത്തവ ലഹളകളുമായി രൂപാന്തരപ്പെടുത്തന്നതാരാണ്...?
സ്ത്രീകൾ നൃത്തം, വെയ്ക്കുന്നതും, പാട്ടുപാടുന്നതുമാണ് രാജ്യത്തെ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് ലോകത്തോട് ബഹളം വെയ്ക്കുന്നവർ ആരാണ്..?
ഏതു കാലത്തും സ്വന്തം മേൽക്കൂരക്കുള്ളിൽ ഭർത്താവിൻ്റെയോ, ബന്ധുക്കളായ പുരുഷൻമാരുടേയോ ശാസനകളും, താണ്ഡവങ്ങളും ഏറ്റുവാങ്ങി കഴിയാൻ വിധിക്കപ്പെട്ടവളാണ്, ഉത്തമസ്ത്രീയെന്ന് പല വിശ്വാസസംഹിതകൾ കാട്ടി പലരും ഒരു സമൂഹത്തെ മുഴുവൻ പലപ്പോഴായി വിശ്വസിപ്പിച്ചുപോന്നു. എന്തിന്, ഉത്തമയായ ഭാര്യയെന്നാൽ, മരിച്ച ഭർത്താവിൻറെ ചിതയിൽ ചാടി ആത്മാഹൂതിചെയ്യണമെന്ന് വരെ എഴുതിവെച്ച ആചാരങ്ങളുടെ നാടാണ് ഇൻഡ്യ.
ഇങ്ങിനെ, ഒരു സമൂഹത്തെ മുഴുവൻ, യാതൊരു യുക്തിക്കും നീതിക്കും നിരക്കാത്തവിധത്തിൽ മലീമസമായ ഒരുപാട് ആചാര, അനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി, സ്ത്രീകളെ പുരുഷശാസനകൾക്ക് വഴങ്ങുന്ന ബലിമൃഗമാക്കിതീർക്കുന്നതിൽ ഏതൊരു മതവും, മതപുരോഹിതരും വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഈ പറഞ്ഞതിൻറെയൊക്കെ നേർചിത്രങ്ങളെന്ന പോലെയാണ് ഇപ്പോൾ ചില സന്യാസിനി മഠങ്ങളെക്കുറിച്ചുപോലും പലരും, ഉച്ചത്തിൽ വിളിച്ചുപറയുന്ന അനുഭവക്കുറിപ്പുകൾപോലും.!
എന്നാൽ വാസ്ഥവമെന്താണ്...? ഒരു സ്ത്രീ അവളുടെ സർവ്വ സ്വാതന്ത്ര്യവും, കരുത്തുമുപയോഗിച്ച് സമൂഹത്തിൽ മുന്നേറുവാൻ തുടങ്ങിയാൽ അവളുടെ കരുത്തിന് മുന്നിൽ ഒരു ശക്തിക്കും പിടിച്ചുനിൽക്കുവാൻ സാദ്ധ്യമല്ലന്നുള്ള അനുഭവജ്ഞാനത്തിലൂടെ പുരോഹിത വർഗ്ഗം ബുദ്ധിപരമായി ഉത്പാദിപ്പിച്ചെടുത്ത പലതന്ത്രങ്ങളിൽ ഒന്നുമാത്രമാണ് ഇത്തരം സ്ത്രീവിരുദ്ധമായ ആചാരാനുഷ്ഠാനങ്ങൾ.
" സ്ത്രീ അബലയാണത്രേ...! " - മതസമൂഹം രൂപപ്പെടുത്തിയെടുത്ത, ഒരുപാട് കെട്ടുകഥകൾക്ക് ശേഷമുള്ള നിത്യഹരിതവും, കേൾക്കാൻ സുഖമുള്ളതുമായ മനോഹരമായ മുദ്രാവാക്യം...!
പുലർച്ചെ സൂര്യോദയം മുതൽ, വൈകീട്ട് അസ്തമയം വരെ ഇടതടവില്ലാതെ വെയിലുകൊണ്ട്,വിയർപ്പൊലിപ്പിച്ച് പാറമടകളിലും, മണ്ണിലും, പുഴയിലുമായി ജീവിതംതള്ളിനീക്കാൻ പെടാപ്പാടുപെടുന്ന സ്ത്രീ സമൂഹത്തിനുനേരെ കണ്ണടച്ചുകൊണ്ടാണ്, സമകാലിക ആചാര്യൻമാർ, ആചാരങ്ങളുടേയും, ആചാരലംഘനങ്ങളുടേയും ലക്ഷ്മണ രേഖകൾ ഈ ആധുനിക കേരളത്തിൽ കോറിയിടാൻ പണിപ്പെടുന്നെന്നുള്ളതാണ് ഏറ്റവും,വിചിത്രവും, രസകരവും.
എന്നാൽ ഇൻഡ്യൻ സ്ത്രീ സമൂഹത്തിൻറെ ചരിത്രം പരിശോധിച്ചാൽ, അത് ഇൻഡ്യൻ സ്വാതന്ത്ര്യ സമരം മുതൽ സമാരാദ്ധ്യയായിരുന്ന ഇന്ദിരാഗാന്ധിയിലൂടെയും കടന്ന് യുദ്ധമുന്നണിയിലെ സേനാനായകത്വത്തിലൂടെ, ബഹിരാകാശ യാത്രകളും, പർവ്വതാരോഹണവും കഴിഞ്ഞ് നിത്യജീവിതത്തിൻറെ സർവ്വ മേഖലകളിലും വ്യാപിച്ച് ഇപ്പോൾ ഒളിമ്പിക്സ് സ്വർണ്ണ നേട്ടത്തിനുടമയായി രാജ്യത്തിൻറെ അഭിമാനമായി മാറേണ്ടിയിരുന്ന വിനേഷ് ഫോഗട്ടിൽ വരെ എത്തിനിൽക്കുന്നു. എന്നാൽ സ്ത്രീ ഗുസ്തിതാരമെന്ന നിലയിൽ അവർക്കുണ്ടായ ദുരന്താനുഭവങ്ങൾ എന്തൊക്കെയായിരുന്നു...? ഇതെഴുതുമ്പോഴാണ് ബംഗാളിൽ ഒരു യുവതിയായ ഡോക്ടറെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ശേഷം സംഭവിക്കുന്നതെന്താണ്...?പോലീസ് നോക്കിനിൽക്കേ, ജനക്കൂട്ടം ആശുപത്രിയിൽ കയറി തെളിവുകൾ നശിപ്പിക്കുന്നു. പ്രതികളെ അറസ്റ്റുചെയ്യാൻ മടിക്കുന്നു. കുറേ ദിവസങ്ങൾക്കുശേഷം മറ്റേതൊരു സംഭവവും പോലെ ഇതും വാർത്തകളിൽ നിന്നും മറഞ്ഞുപോകുന്നു.
പറഞ്ഞുവന്നത് സ്തീകൾ ഇന്ന് അനുഭവിക്കുന്ന എല്ലാപ്രശ്നങ്ങളുടേയും മുഖ്യഹേതു തീർത്തും വ്യക്തിപരമായ ഒരു വിഷയമല്ല. അത് കാലാകാലങ്ങായി അനുവർത്തിച്ചുവരുന്ന കുറേയേറെ അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും, കൂട്ടായ്മയുടേതുമായ ഒരു രാഷ്ടീയമാണ്. ( രാഷ്ട്രീയമെന്നാൽ, രാഷ്ട്രത്തെ സംബന്ധിക്കുന്നത്.) ഇതിൽ കൊല്ലുന്നതും തിന്നുന്നതും ഒരേവർഗ്ഗം തന്നെയാണന്നതും അതിലേറെ വിചിത്രം.!
ഒരർഥത്തിൽ ഇതിനെ മറികടക്കുക എന്നുപറയുന്നതിലേറെ എളുപ്പം, സ്വന്തം കുട്ടികളേയോ, അതല്ലങ്കിൽ വരും തലമുറയേയോ ആരോഗ്യകരവും, അതോടൊപ്പം ആത്മ വിശ്വാസത്തോടെയും വളർത്തിക്കൊണ്ടുവരിക എന്നതാണ്.
ഈ ലോകമെന്തെന്നും, ഈ രാജ്യത്തിൽ ഓരോരുത്തർക്കുമുള്ള സ്പേയ്സ് എന്തെന്നും, എല്ലാവരും ലിംഗഭേദങ്ങളുടെ അതിർവരമ്പുകളില്ലാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരൻമാരാണന്നും ബോദ്ധ്യപ്പെടുത്തി ഉറച്ച പൗരബോധവും, സാമൂഹ്യബോധവുമുള്ള ഒരു ശക്തമായ തലമുറയെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ കാലഹരണപ്പെട്ട പഴഞ്ചൻ ആശയങ്ങളുടെ സാംസ്ക്കാരിക തടവറയിൽനിന്ന് ആധുനിക സമൂഹത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്താനാകൂ.!
എങ്കിലും, ഒരു വ്യക്തി എന്നനിലയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ സ്വന്തം കാലിൽ നിൽക്കുവാൻ കഴിയുമെന്ന ഉറച്ചവിശ്വാസവും, അതോടൊപ്പം സ്ഥിരമായ ഒരു വരുമാനമാർഗ്ഗവും കൂടി തീർച്ചയായും സ്ത്രീ സമുഹം നേടിയെടുക്കേണ്ടതായുണ്ട്. ഒപ്പം തൻറേതായ വ്യക്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്, അവരവർ ഇഷ്ടപ്പെടുന്ന ഏതുമേഖലകളിലേയ്ക്ക് ധൈര്യപൂർവ്വം കയറിച്ചെല്ലുവാനും, അവിടെ തൻറേതായ കൈയ്യൊപ്പുകൾ ചാർത്തി ജീവിതം മനോഹരമായി മുന്നോട്ടു ചലിപ്പിക്കുവാനുമായാൽ ഒരു സ്ത്രീ അവളുടെ പരമമായ സ്വാതന്ത്ര്യത്തിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നുവെന്ന് നമുക്ക് ധൈര്യപൂർവ്വം ഈ ലോകത്തോട് വിളിച്ചുപറയാം.!
അത്തരം ഒരു സമൂഹത്തിൻ്റെ പുരപ്പുറത്തു കയറി നിന്നു കൊണ്ടാണ് നമ്മൾ പുരോഗമനത്തെക്കുറിച്ചും , ജനാധിപത്യത്തെക്കുറിച്ചും , ആധുനിക ലോകത്തെക്കുറിച്ചും , യന്ത്രവത്കൃത റോബോട്ടുകളുടെ അധിനിവേശത്തെക്കുറിച്ചുമെല്ലാം ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്നതാണ് ഏറെ രസകരം!
അപ്പോൾപ്പിന്നെ , എവിടെ നിന്നാണ് സ്ത്രീകൾക്ക് ഒരു മോചനം ലഭിക്കുക ? അതല്ലങ്കിൽ നീതി ലഭിക്കുക.? സ്ത്രീ സ്വാതന്ത്ര്യമെന്നത് ഒരു ഭരണഘടന വഴിയോ അതല്ലങ്കിൽ ഒരു നിയമം വഴിയോ നടപ്പാക്കേണ്ട ഒന്നാണോ? അല്ലങ്കിൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടോ, പ്ലക്കാർഡുകൾ ഉയർത്തി സമരം ചെയ്തുകൊണ്ടോ നേടാൻ കഴിയുന്ന ഒന്നാണോ സ്ത്രീകൾക്ക് ലഭിക്കേണ്ട വ്യക്തി സ്വാതന്ത്ര്യം? ഒരിക്കലും അങ്ങിനെയൊന്നും ആകില്ല മാറേണ്ടത് നമ്മുടെ സംസ്ക്കാരവും , കാഴ്ചപ്പാടുകളും തന്നെ...?
അതിന് സ്ത്രീകൾ സ്വയം ശക്തിയാർജ്ജിക്കുക എന്നതു മാത്രമാണ് പരിഹാരം. അത് വിദ്യാഭ്യാസ പരമായും, സാംസ്ക്കാരികവുമായി സ്ത്രീ സമൂഹം മാറി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുവാനും, സ്വന്തം കാലിൽ തനിച്ചു നിൽക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യവും കൂടി ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ അവൾക്ക് ഈ സമൂഹത്തിൽ തൻ്റേതായ ഒരു ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുവാൻ കഴിയൂ
.
- Get link
- X
- Other Apps
Comments